ADVERTISEMENT

മരണത്തിനും ജീവിതത്തിനും ഇടയിലൂടെ കടന്നു പോകുന്ന മനുഷ്യർക്ക് കാവൽ മാലാഖമാരായെത്തുന്നവരാണ് ഡോക്ടർമാർ. എല്ലാം അവസാനിച്ചുവെന്ന വിധിയെഴുത്തുകള്‍ താണ്ടി ജീവിതത്തിലേക്ക് തിരികെയെത്തുന്ന എത്രയോ പേർ, എത്രയോ കഥകൾ‌... അവയിലെല്ലാം സ്നേഹ സാന്ത്വനം പകരുന്ന ഡോക്ടർമാരുണ്ടാകും.

മരണം തഴുകിപ്പോയേക്കാവുന്ന ജീവിത ചുറ്റുപാടുകളിൽ നിന്നും പ്രതീക്ഷയുടെ വെള്ളിവെളിച്ചത്തിലേക്ക് നടന്നടുത്തവരുടെ കഥയാണിത്... ബ്രെസ്റ്റ് കാൻസറിന്റെ വേരുകളെ പറിച്ചെറിഞ്ഞ അന്നയുടെയും അന്നയ്ക്ക് തണലായി നിന്ന റീത്തയുടെയും കഥ പറയുകയാണ് ‍ഡോ. ദീപ്തി ടി.ആർ. ശരീരത്തിൽ പടർന്നു കയറിയ സ്തനാർബുദത്തെ അന്ന നേരിട്ട കഥ വികാരനിർഭരമായാണ് ഡോ. ദീപ്തി പങ്കുവയ്ക്കുന്നത്. തന്റെ പുതിയ പുസ്തകമായ ‘ജീവന്റെ മണമുള്ള ജീവിതങ്ങളിലാണ്’ റീത്തയും അന്നയും ഒരുമിച്ചു നടത്തിയ ആ വലിയ പോരാട്ടകഥ ഡോ. ദീപ്തി പറയുന്നത്. അന്നയേയും റീത്തയേയും പോലുള്ള നിരവധി പേരുടെ ജീവിത കഥകളാണ് പുസ്തകത്തിനെ ജീവസുറ്റതാക്കുന്നത്.

ADVERTISEMENT

ജീവന്റെ മണമുള്ള ജീവിതങ്ങളിൽ നിന്നും ഡോ. ദീപ്തി പങ്കുവച്ച അന്നയുടേയും റീത്തയുടേയും കാൻസർ പോരാട്ടകഥയുടെ പ്രസക്ത ഭാഗം ചുവടെ വായിക്കാം...

ഉറച്ച തീരുമാനങ്ങൾ

ADVERTISEMENT

റീത്തയുടെയും അന്നയുടെയും ജീവിതമാണ് ഇനി പറയാനുള്ളത്. കാൻസറിനെതിരെയുള്ള പോരാട്ടത്തിൽ സഹോദരിമാരായ റീത്തയും അന്നയും ഒരുമിച്ചായിരുന്നു. അന്ന് രാവിലെ ആദ്യത്തെ ടോക്കണിൽ വന്നവരായിരുന്നു അവർ. ഏകദേശം ഒരേ പ്രായത്തിലുള്ള രണ്ട് പെൺകുട്ടികൾ ഒരുമിച്ച് കയറി വന്നപ്പോൾ തന്നെ ഞാനവരെ പ്രത്യേകം ശ്രദ്ധിച്ചു.

ഒരാൾ വളരെ ക്ഷീണിതയായിരുന്നു. മുടി കുറച്ച് കൊഴിഞ്ഞതായി കാണാം, പക്ഷേ അവളുടെ കണ്ണുകളിൽ ഒരു യോദ്ധാവിന്റെ ദൃഢനിശ്ചയം ഉണ്ടായിരുന്നു. അതായിരുന്നു നാൽപതുകാരിയായ അന്ന. കൂടെയുള്ളത് മുപ്പത്തിയെട്ടുകാരിയായ അനിയത്തി റീത്ത. രണ്ടു പേരും അവിവാഹിതരാണ്, കണ്ടപ്പോൾ തന്നെ മുഖപരിചയം തോന്നി. കൂടുതൽ അന്വേഷിച്ചപ്പോഴാണ് മനസിലായത്, അവർ എന്റെ തന്നെ പേഷ്യന്റ് ആയിരുന്ന മറിയ ആന്റിയുടെ മക്കളാണെന്ന്‌.

ADVERTISEMENT

മറിയ ആന്റിക്ക് ബ്രെസ്റ്റ് കാൻസർ ആയിരുന്നു. ചികിത്സയ്ക്കു ശേഷമുള്ള ഫോളോ അപ്പിലായിരുന്നു അവർ. ചികിത്സ കഴിഞ്ഞതിനുശേഷം ഞാൻ മറിയ ആന്റിയെ പിന്നെ കണ്ടിട്ടില്ല, അന്ന് കൂടെ വന്നത് അന്നയാണെന്ന് അവർ പറഞ്ഞപ്പോഴാണ് അറിഞ്ഞത്.

അന്നയ്ക്ക് കാൻസർ സ്ഥിരീകരിച്ചിട്ട് അധികമായില്ല. ചേച്ചിയുടെ അസുഖം അറിഞ്ഞ് യുഎസിൽ നിന്ന് വന്നതാണ് റീത്ത. അവിടെ ഫിനാൻഷ്യൽ അനലിസ്റ്റായി ജോലി ചെയ്യുകയാണ്. ലീവ് കാലവധി കഴിഞ്ഞിട്ടും ചേച്ചിയുടെ അവസ്ഥ കണ്ടിട്ട് റീത്തയ്ക്ക് പോകാൻ കഴിഞ്ഞില്ല. അവളുടെ കയ്യിലെ ടെസ്റ്റ് റിപ്പോർട്ട് കാണിക്കാൻ വേണ്ടിയാണ് വന്നത്. BRCA 1 മ്യൂട്ടേഷൻ ഉണ്ട്‌ . BRCA 1 മ്യൂട്ടേഷൻ ഉള്ളവരിൽ സ്തനാർബുദത്തിനുള്ള സാധ്യത അമ്പത്തിയഞ്ചു മുതൽ അറുപതു ശതമാനം വരെയാണ്. അന്നക്ക് കാൻസർ സ്ഥിരീകരിച്ച ശേഷമാണ് റീത്തയ്ക്ക് ജെനറ്റിക് ടെസ്റ്റ് നിർദ്ദേശിച്ചത്.

അന്നയുടെയും റീത്തയുടെയും ജനറ്റിക് ടെസ്റ്റിംഗ് ഒരുമിച്ചാണ് ചെയ്തത്, രണ്ടുപേർക്കും BRCA 1 മ്യൂട്ടേഷൻ തന്നെയാണ്. അന്നക്കിപ്പോൾ കീമോതെറാപ്പി ചെയ്തുകൊണ്ടിരിക്കുകയാണ്. റീത്തയുടെ ആവശ്യം കേട്ടപ്പോൾ സത്യം പറഞ്ഞാൽ എനിക്കൊരു ഞെട്ടലാണ് ആദ്യം തോന്നിയത്. എനിക്ക് പ്രിവന്റീവ് മാസ്റ്റക്ടമി ചെയ്യണം അതായിരുന്നു റീത്തയുടെ ആവശ്യം. ബ്രെസ്റ്റ് കാൻസർ ചരിത്രമുള്ള കുടുംബത്തിലുള്ളവർ പ്രിവന്റ്റീവ് മാസ്റ്റക്ടമി... അതായത് രോഗ സാധ്യത മുൻനിർത്തി മാറിടം സർജറിയിലൂടെ റിമൂവ് ചെയ്യുന്നത് അപൂർവമല്ല. പക്ഷേ, ഇങ്ങോട്ട് വന്ന് ഇതാവശ്യപ്പെടുന്നത് അപൂർവമാണ്. ശസ്ത്രക്രിയയിലൂടെ ബ്രെസ്റ്റ് എടുത്ത് കളയുന്ന പ്രിവന്റ്റീവ് മാസ്റ്റക്ടമി നല്ല മെഡിക്കൽ കെയർ വേണ്ട ഒരു ചികിത്സ രീതിയാണ്. അതേസമയം വിജയകരമായ ഒരു പ്രിവന്റീവ് ചികിത്സാരീതി കൂടിയാണ്.

അതിനെപ്പറ്റി അറിയാനാണ് പ്രധാനമായും അവരന്നു വന്നത്. അവളുടെ ശബ്ദം ശാന്തവും എന്നാൽ ഉറച്ചതും ആയിരുന്നു, റീത്തയുടെ വികാരം മനസിലായി. അതിൽ അത്ഭുദമൊന്നും തോന്നിയില്ല. ജനിതക കോഡിൽ ഒളിഞ്ഞിരിക്കുന്ന അദൃശ്യ ശത്രുവിനെ കുറിച്ചുള്ള ഭയം റീത്തയെ ആ തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചിരുന്നു . തന്റെ തീരുമാനത്തിന്റെ ഗൗരവം റീത്തക്ക് വളരെ വ്യക്തവുമാണ്. പ്രിവന്റിവ് മാസ്റ്റക്ടമിയുടെ ഗുണങ്ങളും ദോഷങ്ങളുമൊക്കെ റീത്തയെ പറഞ്ഞു മനസ്സിലാക്കി. റീത്ത തലയാട്ടി അന്നയുടെ കൈ കൂട്ടിപ്പിടിച്ചു.

എന്റെ തീരുമാനം ഉറച്ചതാണ് ഡോക്ടർ. ഞാൻ വർഷങ്ങളായി വിദേശത്ത് ജോലി ചെയ്യുന്നു. അമ്മയ്ക്ക് അസുഖം വന്നപ്പോൾ ഞാനിവിടെ ഉണ്ടായിരുന്നില്ല. പക്ഷേ എന്റെ ചേച്ചിക്ക് വേണ്ടി ഞാൻ പരമാവധി നിൽക്കാൻ ശ്രമിച്ചിട്ടുണ്ട്. ചേച്ചിയുടെ കാൻസറുമായുള്ള പോരാട്ടം ഞാൻ നേരിട്ട് കണ്ടതാണ്. കാൻസർ വരുന്നതുവരെ കാത്തിരിക്കാൻ ഞാനാഗ്രഹിക്കുന്നില്ല, അന്ന റീത്തയുടെ കൈ ഞെക്കി പിടിച്ചു. അവളുടെ തൊണ്ടയിടറുന്നുണ്ടായിരുന്നു.

എനിക്കിവിടെ ജീവിക്കണം, വെറുതെ ജീവിച്ചാൽ പോരാ ആരോഗ്യവതിയായി സമാധാനത്തോടുകൂടി ചേച്ചിയുടെ കൂടെ എനിക്ക് ജീവിക്കണം. "നമുക്ക് ഒരുമിച്ചു പ്രായമാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവൾ അതു പറഞ്ഞുകൊണ്ട് അന്നയെ ഒന്നു നോക്കി. ഞാൻ അവരുടെ കുട്ടിക്കാലം എങ്ങനെയായിരിക്കും എന്ന് വെറുതെ ആലോചിച്ചു. രണ്ടു വയസ്സ് മാത്രം പ്രായവ്യത്യാസമുള്ള അവരുടെ അടുപ്പം എത്ര ദൃഢമാണെന്ന് തിരിച്ചറിഞ്ഞു. ബാല്യത്തിലെ സന്തോഷത്തിൽ മാത്രമല്ല പ്രായപൂർത്തിയായപ്പോൾ നേരിടേണ്ടിവന്ന പരീക്ഷണങ്ങളിലും അവരൊന്നിച്ചാണ്‌.

deepthi-9

റീത്ത ജീവിക്കാൻ ആഗ്രഹിക്കുന്ന ജീവിതത്തിനു വേണ്ടിയുള്ള ദൃഢമായ തീരുമാനമായിരുന്നു അത്. അവർ തിരഞ്ഞെടുക്കുന്ന ഏതു തീരുമാനത്തിലും കൂടെ കൂടെ നിൽക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. അറിയുന്ന സർജനെ തന്നെ ഞാൻ റഫർ ചെയ്യുകയും ചെയ്തു. അന്നയുടെ ചികിത്സ നടക്കുമ്പോൾ തന്നെ റീത്തയുടെ സർജറിയും വിജയകരമായി കഴിഞ്ഞു.

മാസങ്ങൾക്ക് ശേഷം അവരെന്നെ കാണാൻ വന്നു, അന്നയുടെ ശരീരം അവളുടെ ചികിത്സയ്ക്ക് നന്നായിതന്നെ പ്രതികരിച്ചു. നഷ്ടപ്പെട്ട മുടിയൊക്കെ തിരിച്ചുവന്നു, രണ്ടുപേരും ജീവിതത്തിൽ പുതിയ ലക്ഷ്യബോധം കണ്ടെത്തി. ഒപ്പം അമ്മ അസുഖത്തിൽ നിന്ന് പൂർണമായി രക്ഷപെട്ടു, പൂർണ ആരോഗ്യവതിയായിരിക്കുന്നു,

'ഇപ്പോൾ ജീവിതം വളരെ വ്യത്യസ്തമാണ് ഡോക്ടർ, ഫുൾ പോസിറ്റീവ് ആണ്': അവർ പറഞ്ഞു. റീത്ത രണ്ടാമതും ജോലിക്ക് കയറി, പക്ഷേ, ജോലി നാട്ടിൽ തന്നെ മതിയെന്ന് അവൾക്ക് നിർബന്ധമായിരുന്നു. മൂന്നുപേരും ഇടയ്ക്കിടെ എന്തെങ്കിലും ആവശ്യവുമായി കാണാൻ വരാറുണ്ട്. അമ്മയുടെയും ചേച്ചിയുടെയും ഫോളോ അപ്പുകൾ റീത്ത മുടക്കാറില്ല , റീത്തയുടെ സ്‌ക്രീനിങ്ങും നടക്കും. കൂടെ കുറച്ച് കഥകളൊക്കെ പറഞ്ഞു തിരിച്ചുപോകും.

dr-deepthi-9

പ്രശസ്ത ഹോളിവു‍ഡ് താരം ആഞ്ജലീന ജോളിയെപ്പോലുള്ളവർ പ്രിവന്റീവ് മാസ്റ്റക്ടമി ചെയ്തതോടെയാണ് ഭൂരിഭാഗംപേരും ഈ ചികിത്സാരീതിയേക്കുറിച്ച് അറിയുന്നത്. സുരക്ഷിതമായ ജീവിതത്തിന് വേണ്ടി ഇങ്ങനെ സ്വന്തമായി തീരുമാനമെടുത്ത കുറച്ചെങ്കിലും റീത്തമാർ നമുക്ക് ചുറ്റിലുമുണ്ട് എന്നത് ഏറെ സന്തോഷം തരുന്ന കാര്യമാണ്!

ADVERTISEMENT