ADVERTISEMENT

മാതൃത്വം പൂർണതയേകുന്ന എത്രയോ നിമിഷങ്ങൾക്ക് നാം സാക്ഷിയായിട്ടുണ്ട്. അമ്മയും കുഞ്ഞും മാത്രമുള്ള ആ ലോകം അനിർവചനീയമാണ്. സ്വന്തം കുഞ്ഞിനു വേണ്ടി ഏതറ്റം വരെയും പോകുന്ന സ്നേഹനിധികളായ അമ്മമാരെ നാം ഏറെ കണ്ടിട്ടുണ്ട്. പക്ഷേ മാതൃത്വത്തിന്റെ മധുരം മറ്റുള്ളവർക്കു കൂടി നീക്കി വയ്ക്കുന്ന നിസ്വാർഥർ അപൂർവം. ഇവിടെയിതാ അത്തരമൊരു മഹാനന്മയുടെ പേരിൽ വാർത്തകളിൽ നിറയുകയാണ് ബാഡ്മിന്റൺ താരം ജ്വാല ഗുട്ട.

വിവാഹം കഴിഞ്ഞ് നാലുവർഷത്തെ കാത്തിരിപ്പ്. അതിനു ശേഷമാണ് ജ്വാലയുടെയും ഭർത്താവും നടനുമായ വിഷ്ണുവിന്റെയും ജീവിതത്തിലേക്ക് ഒരു കുഞ്ഞു മാലാഖ എത്തുന്നത്. അമ്മയായതിന്റെ സന്തോഷം സോഷ്യല്‍‌ മീഡിയയിലെ സഹൃദയർക്കു മുന്നിൽ പങ്കുവച്ചതിനു പിന്നാലെ വലിയൊരു നന്മയുടെ കഥകൂടി ജ്വാല പങ്കുവയ്ക്കുകയാണ്. കഴിഞ്ഞ നാലു മാസമായി ജ്വാല സ്ഥിരമായി മുലപ്പാൽ ദാനം ചെയ്യുന്നുണ്ടെന്നും ഇതുവരെ മുപ്പതു ലീറ്റർ പാൽ ദാനം ചെയ്തെന്നുമാണ് റിപ്പോർട്ട്. ഒരു സർക്കാർ ആശുപത്രിയിലെ മുലപ്പാൽ ദാന ക്യാംപെയിനിന്റെ ഭാഗമായാണ് ജ്വാലയുടെ മഹാനന്മ. അമ്മമാരില്ലാത്തതോ മാസം തികയാതെ ജനിച്ചതോ ആയ കുഞ്ഞുങ്ങളെ സഹായിക്കുക എന്നതായിരുന്നു ക്യാംപയ്നിലൂടെ രക്ഷപ്പെട്ടിരുന്നത്.

മാതൃകാപരമായൊരു ക്യാംപെയിനിന്റെ ഭാഗമാകാൻ പോവുകയാണെന്ന് ജ്വാല ഗുട്ട നേരത്തെ തന്നെ സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു. ‘മുലപ്പാൽ ദാനം ചെയ്യുന്നത് ജീവദാനമാണ്. മാസം തികയാതെയും അസുഖ ബാധിതരായും ജനിക്കുന്ന കുഞ്ഞുങ്ങൾക്കു ദാനം ലഭിക്കുന്ന മുലപ്പാൽ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. നിങ്ങൾക്കു മുലപ്പാല്‍ ദാനം നൽകാൻ സാധിക്കുമെങ്കിൽ സഹായം ആവശ്യമുള്ള കുടുംബത്തിനു നിങ്ങളൊരു ഹീറോ ആയിരിക്കും. ഈ സന്ദേശം പങ്കുവയ്ക്കുക, മിൽക്ക് ബാങ്കുകളെ പിന്തുണയ്ക്കുക.’– എന്നാണ് ജ്വാല ഗുട്ട സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.

ജ്വാലയുടെ നീക്കത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി കമന്റുകളാണ് എത്തിയത്. 'അവര്‍ ഒരുപാട് കുഞ്ഞുങ്ങളുടെ അമ്മയാണ്' എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്. പലരും ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നില്ലെന്നും ഒട്ടേറെ കുഞ്ഞുങ്ങള്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്നതാണ് ഈ ക്യാമ്പയിനെന്നും ചിലര്‍ പ്രതികരിച്ചു.

'മുലപ്പാൽ ഡിഎച്ച്എ കൊണ്ട് സമ്പന്നമാണ്, ഇത് പൊടിപ്പാലിലോ മറ്റ് മൃഗങ്ങളുടെ പാലിലോ ലഭ്യമല്ല. കുട്ടികളുടെ ശാരീരികവും ബൗദ്ധികവുമായ സമഗ്ര വികാസത്തിന് ഡിഎച്ച്എ അത്യാവശ്യമാണ്. അതിനാല്‍, ഈ മഹത്തായ കാര്യം ചെയ്യുന്നതിന് നന്ദി.’-മറ്റൊരു കമന്റ് ഇങ്ങനെ. നിങ്ങള്‍ കോര്‍ട്ടില്‍ മാത്രമല്ല, അതിന് പുറത്തും ചാമ്പ്യനാണെന്നായിരുന്നു മറ്റൊരു അഭിനന്ദനം.

2021 ഏപ്രില്‍ 22-നാണ് ജ്വാലയും വിഷ്ണുവും വിവാഹിതരായത്. നാല് വര്‍ഷത്തിനുശേഷം വിവാഹവാര്‍ഷിക ദിനത്തില്‍ അവര്‍ മകള്‍ മിറയെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്തു. ഇരുവരുടേയും രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തില്‍ വിഷ്ണുവിന് ഒരു മകനുണ്ട്.

ADVERTISEMENT