ADVERTISEMENT

പകൽ വെയിൽ ചാഞ്ഞതോടെ ആമിനുമ്മയും കൊച്ചുമക്കളും ഉമ്മറത്തു കൂടി. കണ്ണിൽ കൗതുകം നിറച്ചു, കാതുകൂർപ്പിച്ച് ഇരിപ്പാണു കുട്ടിപ്പട്ടാളം. കഥ പറ  യുന്ന തിരക്കിലാണ് ആമിനുമ്മ. കോഴിക്കോട് മുക്കത്തെ ‘നമ്മളാടെ’ വീട്ടിലെ പതിവു കാഴ്ചയാണ് ഈ കഥക്കൂട്ടം. എത്തിച്ചേരുന്നവരുടെയെല്ലാം ഇടം എന്നാണു നമ്മളാടെ എന്ന വാക്കിന്റെ അർഥം.

ആമിന പാറയ്ക്കൽ എന്ന 72കാരി മലയാളികൾക്കു സുപരിചിതയാകുന്നത് ‘കോന്തലക്കിസ്സകളു’ടെ എഴുത്തുകാരി എന്ന നിലയിലാണ്. ഉള്ളിൽ തളിരിട്ട അക്ഷരങ്ങൾ ഡയറിയിലേക്കുപകർത്തുമ്പോൾ എഴുത്തുകാരിയായി മാറുകയാണെന്ന് ആമിന അറിഞ്ഞിരുന്നില്ല. മനസ്സിൽകൊണ്ടുനടന്ന ഓർമകളും ഗ്രാമീണക്കാഴ്ചകളുമാണ് ‘കോന്തലക്കിസ്സകളി’ ലുള്ളത്.

ADVERTISEMENT

‘‘ആമിനുമ്മാന്റെ കോന്തലമ്മേൽ നിറയെകഥകളുണ്ട്. നല്ല രസമുള്ള കഥകൾ.’’ കൊച്ചുമകൻ കെന്നു പറഞ്ഞു. കെന്നുവിന്റെ വാക്കുകൾ ആമിനയെ എത്തിച്ചത് വേദനകൾ മറക്കാനായി എഴുതിത്തുടങ്ങിയ ദിവസങ്ങളുടെ ഓർമയിലേക്കാണ്.
 ‘‘20 കൊല്ലം മുൻപ് എനിക്കൊരു രോഗം പിടിപെട്ടു. മക്കൾ നിർബന്ധിച്ച് ആശുപത്രിയി ൽ കൊണ്ടുപോയി. പരിശോധിച്ചപ്പോഴോ, കിഡ്നിയിൽ കാൻസർ! എന്ത് പറയാനാന്ന്. മേലാകെ നൊമ്പരം തോന്നും. രാത്രിയെല്ലാരും ഉറങ്ങിക്കഴിയുമ്പോൾ ഒച്ചയുണ്ടാക്കാതെ എഴുന്നേറ്റു മുറിയിലൂടെ നടക്കും, ചിലപ്പോൾ നേരം വെളുക്കുവോളം.’’

കോന്തലക്കിസ്സകൾ വന്ന വഴി

ADVERTISEMENT

‘‘ഒരു ദിവസം പഴയൊരു ഡയറി പൊടിതട്ടിയെടുത്ത് എഴുതിത്തുടങ്ങി. പേപ്പറിൽ പേന മുട്ടി യപ്പോൾ എവിടെ നിന്നെന്നില്ലാതെ ഒാർമകൾ കുത്തൊലിച്ചുവന്നു.
 പിന്നീടുള്ള പകലുകളൊക്കെയും രാത്രിയാകാനുള്ള കാത്തിരിപ്പായിരുന്നു. പതിയെ  എഴുത്തു വേദനസംഹാരിയായി. ഒരു ദിവസം ഭർത്താവു ചോദിച്ചു, നീ എന്താ ഈ കുത്തിക്കുറിക്കണേന്ന്. ‘പഴംപുരാണം’ എന്നു ഞാൻ മറുപടി പറഞ്ഞു. രണ്ടു വർഷം നീണ്ട ചികിത്സയ്ക്കൊടുവിൽ രോഗം ഭേദപ്പെട്ടെങ്കിലും എഴുത്തു പിന്നെയും തുടർന്നു. ഡയറികളുടെ എണ്ണം കൂടി.

എന്റെ കയ്യക്ഷരം നന്നല്ല. ആരും കാണാണ്ടിരിക്കാൻ അലമാരയുെട ഏറ്റവും അടിയിലെ തട്ടിലാണ് ഡയറികൾ സൂക്ഷിച്ചിരുന്നത്. വർഷങ്ങൾ കടന്നുപോയി. ഒരിക്കൽ മകൻ തൗഫീഖ് ഡയറികൾ കണ്ടു. പലതും ചിതൽ തിന്നു പോയിരുന്നു. എന്നിട്ടും  മക്കളെല്ലാവരും ചേർന്ന് എന്തോ നിധി കിട്ടിയപോലെ ഡയറികളുമായി പോയി. എന്റെ കുത്തിക്കുറിക്കലുകൾ പുസ്തകമാകാൻ ഭർത്താവ് സി.ടി. അബ്ദുല്ലത്തീഫിന് വലിയ ഉത്സാഹമായിരുന്നു.

amina-4
ഫോട്ടോ: അരുൺ പയ്യടിമീത്തൽ
ADVERTISEMENT

മക്കളായ തൗഫീഖ്, അമാനുള്ള, നജ്മുനീസ, അജ്മൽ ഹാദി, ഫാരിസ് എന്നിവരും അനിയന്മാരായ ഹുസൈൻ കക്കാടും സാദിഖും ഒപ്പം കൂടി. പറഞ്ഞു തീരും മുന്നേ എന്റെ എഴുത്തു പുസ്തകമായി. ഒരുപാടു പേർ വായിച്ചിട്ടു സന്തോഷം അറിയിച്ചു.’’ കൊച്ചുമക്കളെ ചേർത്തു പിടിച്ച് ആമിനുമ്മ പറഞ്ഞു.

ഉമ്മ, ഒരു വിദ്യാലയം

‘‘പ്രശസ്തമായൊരു അറബിക്കവിത തുടങ്ങുന്നത് ‘അൽ ഉമ്മു മദ്രസത്തുൻ’ എന്ന വാചകത്തിലാണ്. ‘ഉമ്മ ഒരു വിദ്യാലയമാണ്’ എന്നാണതിന്റെ അർഥം. സ്കൂൾ വിദ്യാഭ്യാസം പാതിവഴിയിൽ മുടങ്ങിയ എനിക്ക് അറിവുകൾ പകർന്നു തന്നത് ഉമ്മ ഫാത്തിമയാണ്. മുസ്‌ലിം സ്ത്രീകൾ അ ക്ഷരം പഠിക്കരുത് എന്നു പ്രചരിച്ച കാലത്ത് ഉമ്മയുടെ ഉപ്പ ഉമ്മയെ സ്കൂളിൽ നിന്ന് ഇറക്കിക്കൊണ്ടു വന്നു. പിന്നീട്, ജീവിതമായിരുന്നു ഉമ്മയുടെ പാഠശാല. ഉമ്മ ആരാണെന്നു ചോദിച്ചാൽ എന്താ പറയ്യാ...’’

തെല്ലൊന്ന് ആലോചിച്ചശേഷം ആമിന തുടർന്നു, ‘‘ഉമ്മ ഒരു ടീച്ചറായിരുന്നു, വൈദ്യരായിരുന്നു, കർഷകയായിരുന്നു, അങ്ങനെ പലതും ആയിരുന്നു. ഒരു സംഭവം പറയാം. ഒരിക്കൽ വീട്ടിൽ എല്ലാവർക്കും പനിയും ജലദോഷവും പിടിപെട്ടപ്പോൾ ഞാനൊരു നാടൻ മരുന്ന് ഉണ്ടാക്കിക്കൊടുത്തു. അതു കഴിച്ച് അസുഖം മാറിയപ്പോൾ ആയുർവേദ ഡോക്ടറായ മരുമകൾ നാജി ചോദിച്ചു. ഉമ്മാന്റെ ഉമ്മ ഡോക്ടറായിരുന്നോ എന്ന്.

കാര്യം തിരക്കിയപ്പോൾ നാജി പറഞ്ഞു, ഇത് ആയുർവേദ വിധിപ്രകാരമാണു തയാറാക്കിയിരിക്കുന്നതെന്ന്. എനിക്ക് ഉമ്മയെ ഓർത്ത് അഭിമാനം തോന്നി. കർഷക എന്ന നിലയിൽ എനിക്കു ലഭിച്ച പുരസ്കാരങ്ങളുടെ യഥാർഥ അവകാശി ഉമ്മയാണ്. ഉമ്മ പകർന്നു തന്ന അറിവുകൾ എന്റെ തോട്ടങ്ങളെ എന്നും പച്ചയണിയിച്ചു നിർത്തി. രോഗാവസ്ഥയിലും ഉത്സാഹത്തോടെ പിടിച്ചുനിൽക്കാൻ ജൈവകൃഷി സഹായിച്ചു. സ്നേഹത്തിനൊട്ടും പിശുക്കു കാട്ടാതെയാണു വാപ്പ ആലിക്കുട്ടി ഞങ്ങളെ വളർത്തിയതും.  

കോന്തലക്കിസ്സകൾ എന്ന പേരു വന്നതും ഉമ്മ വഴിതന്നെ. കാരശ്ശേരിയിലെ കക്കാടിൽ പാറക്കൽ വീടിന്റെ അടുക്കളപ്പുറത്തേക്കു നോക്കിയാൽ ഇന്നും കാണാം ‘കഥ പറഞ്ഞു താ ഉമ്മിയേ’ എന്നു പറഞ്ഞ് ഉമ്മയുടെ പിന്നാലെ നടക്കുന്ന കുഞ്ഞ് ആമിനയെ. അന്നൊക്കെ പെണ്ണുങ്ങളും മുണ്ടാണ് ഉടുക്കുക. മുണ്ടിന്റെ നീളൻ അറ്റമാണു കോന്തല. പുറത്തുപോയി വരുമ്പോൾ കോന്തലയിൽ കെട്ടിയാകും കുട്ടികൾക്കുള്ള പലഹാരങ്ങളും മിഠായികളുമൊക്കെ ഉമ്മമാര് വീട്ടിലേക്കു കൊണ്ടുവരുക. 

വീടിന്റെ ചാവി, പണം എന്നുവേണ്ട മുറുക്കാൻപൊതി വരെയുണ്ടാകും കോന്തലയിൽ. ഉമ്മാന്റെ കോന്തലയിൽ നിന്നു പകർന്നു കിട്ടിയ വിശേഷങ്ങൾ എന്ന അർഥത്തിലാണ് അനിയൻ ഹുസൈൻ ഈ പേരു നിർദേശിച്ചത്.’’

ചെറിയ മനസ്സും വലിയ മുറിവും

‘‘ഓരോ മനുഷ്യർക്കും ഓരോ വിധിയല്ലേ... ആറാം ക്ലാസ്സിൽ പഠനം നിർത്തണം എന്നതായിരുന്നു ഈ ആമിനേടെ വിധി. പക്ഷേ ആ വിധി പടച്ചോന്റേതായിരുന്നില്ല. മദ്യപാനിയായൊരു അധ്യാപകന്റേതായിരുന്നു. കണക്കു തെറ്റിയതിന്റെ പേരിൽ മാഷ് എന്നെ പൊതിരെ തല്ലി, ചീത്ത പറഞ്ഞു.  നീ ഇനി ജീവിച്ചിരിക്കാൻ പാടില്ലെന്നു പറ‍ഞ്ഞ് അയാൾ എനിക്ക് മരിക്കാനുള്ള വഴികൾ ഉപദേശിച്ചു.

ആ വാക്കുകൾ എന്റെ കുഞ്ഞു മനസ്സിൽ ആഴത്തിൽ മുറിവുകളുണ്ടാക്കി. ‘നീ ഇനി ജീവിക്കാൻ പാടില്ല’, എന്ന അയാളുടെ അലർച്ച ഉറക്കം കെടുത്തി. പിന്നീട് ഞാൻ സ്കൂളിൽ പോയില്ല. കൊല്ലപ്പരീക്ഷയിൽ തോറ്റതോടെ സ്കൂൾ ജീവിതവും അവസാനിച്ചു. ക്ലാസ് മുറിയിൽ അത്രയും കുട്ടികൾക്കു മുന്നിൽ ഒറ്റപ്പെട്ട്, പേടിച്ചു വിറച്ചുനിന്ന ആ നിമിഷമോർക്കുമ്പോൾ ഇപ്പോഴും കരച്ചിൽ വരും.’’ തൂവാലകൊണ്ട് ആമിനുമ്മ കണ്ണിലെ നനവൊപ്പി.

amina-7
ആമിന ഭർത്താവ് സി.ടി.അബ്ദുല്ലത്തീഫിനും കുടുംബാംഗങ്ങൾക്കുമൊപ്പം

‘‘ജീവിതം അപ്പോഴും എന്നോടു കനിവു കാട്ടി. പടച്ചോൻ എനിക്കു സമ്മാനിച്ച പങ്കാളി അബ്ദുല്ലത്തീഫ് എന്ന അധ്യാപകനായായിരുന്നു. ഒരു അധ്യാപകൻ എങ്ങനെയാകണം എന്ന് അദ്ദേഹത്തിലൂടെ ഞാൻ അടുത്തറിഞ്ഞു. ഇല്ലായ്മയിൽ നിന്നു മിച്ചം പിടിച്ചും കഷ്ടപ്പെട്ടും അഞ്ചു മക്കൾക്കും നല്ല വിദ്യാഭ്യാസം നൽകി.  നന്മ പകര്‍ന്നു കൊടുത്തു’’ ആമിനയുമ്മ മക്കളായ അമാനുള്ളയുടേയും നജ്മുവിന്റെയും കയ്യിൽ തൊട്ടു.

സംസാരം നീണ്ടതോടെ കുട്ടിക്കൂട്ടത്തിന്റെ ക്ഷമ കെട്ടു. ‘‘കഥ പറയ് വല്ലിമ്മാ...’’ ആമിമോൾ തിടുക്കം കൂട്ടി. ആമിനുമ്മ കഥ തുടർന്നു. അസൈനാർ എന്ന നാട്ടുകാരന്റെയും അയാളുടെ ആനയുടെയും കഥയാണ്. വെള്ളം കിട്ടാതെ പാറപ്പുറപ്പുറത്ത് പെട്ടു പോയ ആന പാറ കുഴിച്ച് വെള്ളം കണ്ടെത്തിയത്രേ. ആന കുഴിച്ച കുഴി കാണാൻ പാഞ്ഞ പാച്ചിലിനെക്കുറിച്ചു പറയുമ്പോൾ ആമിനുമ്മ കുഞ്ഞ് ആമിനയായി. ഒന്നിനു പുറകേ ഒന്നായി കഥകളിങ്ങനെ വന്നുകൊണ്ടേയിരുന്നു. കാണെക്കാണെ നമ്മളാടെ വീട് കഥകളുടെ പറുദീസയായി.   

English Summary:

Amina Parakkal, and her beautiful tales, shares bitter life experiance

ADVERTISEMENT