‘വീട്ടമ്മ തന്നെ ഡോക്ടറമ്മ' എന്ന പേരിൽ വനിതയും മെയ്ത്ര ഹോസ്പിറ്റലും ചേർന്ന് സംഘടിപ്പിച്ച സെമിനാർ പ്രഥമ ശുശ്രൂഷാ രംഗത്തെ അതികായൻ ഡോ പി. പി. വേണുഗോപാലൻ നയിച്ചു. എമർജൻസി മെഡിസിൻ രംഗത്തു വർഷങ്ങളുടെ പരിചയസമ്പത്തുള്ള അദ്ദേഹം നൂറു കണക്കിന് അവബോധ ക്ലാസുകൾക്ക് കേരളത്തിൽ അങ്ങോളമിങ്ങോളം നേതൃത്വം നൽകിയിട്ടുണ്ട് വീട്ടമ്മമാരെ പ്രഥമ ശുശ്രൂഷയെക്കുറിച്ച് ബോധവത്കരിക്കുന്നതിലൂടെ വീട്ടിലെ അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ അവരെ പ്രാപ്തരാക്കാനും അതുവഴി അപകടത്തിൽ പെടുന്നവരെ ഏറ്റവും സുരക്ഷിതമായി ആശുപത്രിയിൽ എത്തിക്കാനുമാണ് സെമിനാർ ലക്ഷ്യമിട്ടത്
ഓഗസ്റ്റ് 21ാം തീയതി രാവിലെ വടകര മുനിസിപ്പൽ ടൗൺ ഹാളിൽ രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 1:00 മണി വരെ നടന്ന സെമിനാറിന്റെ ഉദ്ഘാടനം പ്രഥമ ശു ശ്രൂ ഷാ വോളന്റിയർ സംഘടന ഏഞ്ചൽസ് (ആക്റ്റീവ് നെറ്റ്‌വർക്ക് ഗ്രൂപ്പ് ഓഫ് എമർജൻസി ലൈഫ്) ഇന്റർനാഷണൽ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ. പി.പി. രാജൻ നിർവഹിച്ചു. മുഖ്യപ്രഭാഷണം മെയ്ത്ര ആശുപത്രി
ചെയർ & സീനിയർ കൺസൾട്ടന്റ് - എമർജൻസി മെഡിസിൻ ഡോ.വേണു ഗോപാലൻ പി.പി നടത്തി. പ്രഥമ ശു ശ്രൂ ഷയുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള ക്ലാസുകൾ ഡോ ഷരീഫ്, ഡോ മുഹമ്മദ് താരീഖ്, ഡോ ലവേന മുഹമ്മദ്, ഡോ ഐറിൻ, ഡോ കാവ്യ, ഡോ യുമ്ന എന്നിവർ നയിച്ചു.
ഡോ. മുഹമ്മദ് എ. എ, കൺസൾട്ടന്റ് - എമർജൻസി മെഡിസിൻ, മെയ്ത്ര ഹോസ്പിറ്റൽ, രഞ്ജിവ് കുറുപ്പ്. റെഡ് ക്രോസ് ഫസ്റ്റ് എയ്ഡ് മാസ്റ്റർ ട്രെയിനർ & ജില്ലാ ട്രഷറർ, ബിഫിൻ വർഗീസ് ഹെഡ് കോർപ്പറേറ്റ് & കമ്മ്യൂണിറ്റി കണക്ട് മെയ്ത്ര ഹോസ്പിറ്റൽ, മലയാള മനോരമ പ്രതിനിധി ഗോപൻ എന്നിവർ പങ്കെടുത്തു. സെമിനാറിൽ ചർച്ച ചെയ്ത പ്രഥമ ശുശ്രൂഷാ പാഠങ്ങൾ ലേഖനത്തിൽ വായിക്കാം.
പഠിക്കണം പ്രഥമ ശുശ്രൂഷ
അപകടം നടന്നാലുടൻ ആദ്യമായി സംഭവസ്ഥലത്ത് എത്തുന്നയാൾ ചെയ്യേണ്ട പ്രാഥമിക കർത്തവ്യങ്ങളെയാണ് പ്രഥമ ശുശ്രൂഷ (first aid) എന്ന് പറയുന്നത്. അപകടത്തിൽ പെട്ടയാളെ ആശുപത്രിയിലോ, ഡോക്ടറുടെ അടുക്കലോ എത്തിക്കുന്നതിനിടയിലുള്ള സമയത്താണ് പ്രഥമ ശുശ്രൂഷ നൽകേണ്ടത്. പ്രഥമ ശുശ്രൂഷ ചെയ്യാൻ പ്രത്യേക ബിരുദം ആവശ്യമില്ല. പ്രായ ലിംഗ ഭേദങ്ങളും തടസമല്ല. എന്നാൽ ശരിയായ രീതിയിൽ അല്ല പ്രഥമ ശുശ്രൂഷ നൽകുന്നതെങ്കിൽ ജീവൻ രക്ഷപ്പെട്ടാലും അപകടത്തിൽ പെട്ട വ്യക്തിയുടെ ജീവിതം എന്നെന്നേക്കുമായി ദുരിതത്തിൽ ആകുവാൻ ഇടവന്നേക്കാം.
അപകടം നടന്നാൽ തൊട്ടടുത്തുള്ള ആളുകളാണ് പ്രഥമശുശ്രൂഷ നൽകേണ്ടത്ത്. പലപ്പോഴും അത് സ്ത്രീകൾ ആയിരിക്കും. സഹായത്തിനു മറ്റൊരാളെ നോക്കി നിൽക്കാതെ പ്രഥമ ശുശ്രൂഷ തുടങ്ങാൻ സ്ത്രീകളെ പരിശീലിപ്പിച്ചാൽ അതു വലിയ സാമൂഹിക മാറ്റമാകും. വീട്ടമ്മമാർ, വിദ്യാർഥികൾ, കുട്ടികൾ തുടങ്ങി ഓരോരുത്തരെയും പ്രഥമ ശുശ്രൂഷാ പാഠങ്ങൾ പരിശീലിപ്പികേണ്ടതാണ്. പ്രഥമ ശുശ്രൂഷയെക്കുറിച്ച് വനിതയും മെയ്ത്ര ഹോസ്പിറ്റലും ചേർന്നു നടത്തിയ സെമിനാർ നൽകിയ പാഠങ്ങൾ ഇതാ...
സിപിആർ
പ്രഥമ ശുശ്രൂഷയിൽ ഏറ്റവും ശക്തവും ഫലപ്രദവുമായ മാർഗങ്ങളിലൊന്നാണ് സിപിആർ നൽകുക എന്നത്.സിപിആർ എന്നാൽ കാർഡിയോ പൾമനറി റസസി സ്റ്റേഷൻ. അവശ്യ അവസരങ്ങളിൽ പലരും സിപിആർ നൽകാറുണ്ടെങ്കിലും ശരിയായ സ്ഥലത്ത് അല്ല നൽകുന്നത് എന്നതിനാൽ ഫലം ലഭിക്കാതെ വരാം. ഹൃദയത്തിന്റെ പ്രവർത്തനം തിരിച്ചെടുക്കുക എന്നതാണ് സിപിആറിന്റെ ലക്ഷ്യം എന്നതിനാൽ പലരും ഹൃദയം സ്ഥിതി ചെയ്യുന്ന ഭാഗത്താണ് സിപിആർ നൽകുക പതിവ് എന്നാൽ സിപിആർ നൽകേണ്ടത് ഹൃദയത്തിന്റെ സ്ഥാനത്ത് അല്ല, മറിച്ച് ഒരാളുടെ മാറിടത്തിൽ നിപ്പിളുകൾ കാണുന്നതിന് ഇടയിൽ ആയിട്ടാണ്.

ബോധം കെട്ട് കിടക്കുന്നയാളിന്റെ ഇരു തോളുകളിലും ആദ്യം തട്ടി വിളിക്കുക പ്രതികരിക്കുന്നില്ല എങ്കിൽ ശ്വാസമുണ്ടോ എന്ന് പരിശോധിക്കുക. നെഞ്ചിലേക്ക് നോക്കി രോഗിയുടെ ശ്വാസമെടുക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. മിടിപ്പും ശ്വസനവുമില്ലെങ്കിൽ ഉടൻ സി.പി.ആർ തുടങ്ങുക. മാറിടത്തിൽ നിപ്പിളുകളുടെ നടുക്കായി അഞ്ച് സെന്റീമീറ്റർ താഴ്ച്ചയിൽ ആൾക്ക് ബോധം വരുന്നതുവരെയോ ചികിത്സ ലഭ്യമാകുന്നത് വരെയോ സിപിആർ നൽകേണ്ടതാണ്.
സിപിആർ നൽകുമ്പോൾ കംപ്രെഷൻ കൊടുക്കുന്ന വേഗത പ്രധാനമാണ്. മിനിറ്റിൽ 100-120 എന്ന കണക്കിൽ കംപ്രെഷൻ കൊടുക്കണം.
സിപിആർ നൽകുമ്പോൾ മുട്ടുകൾ നിവർന്നിരിക്കണം നിവർന്ന കൈ രോഗിയുടെ മൂക്കിന് നേരെയായിരിക്കണം .
ശക്തമായി കംപ്രെഷൻ നൽകുന്നത് വാരിയെല്ലുകൾ പൊട്ടാൻ കാരണമാകുമോ, എന്ന ഭയം പലർക്കും ഉണ്ട്. വാരിയെല്ലുകൾക്ക് പൊട്ടൽ സംഭവിച്ചാൽ തന്നെ അത് ശരിയാക്കാനാകും. അതിനേക്കാൾ ജീവൻ നില നിർത്തുകയാണ് പ്രധാനം. ആൻജിയോഗ്രാം ചെയ്ത വ്യക്തികൾക്ക് സി പി ആർ നൽകാമോ എന്നതാണ് മറ്റൊരു സംശയം. ആൻജിയോഗ്രാം ചെയ്ത വ്യക്തികൾക്കും സിപിആർ നൽകാവുന്നതാണ്.
ആഹാരമോ മറ്റു വസ്തുക്കളോ തൊണ്ടയിൽ കുടുങ്ങിയാൽ
ആഹാരമോ മറ്റു വസ്തുക്കളോ തൊണ്ടയിൽ കുടുങ്ങിയാൽ നാലു മുതൽ 8 മിനിറ്റ് വരെ മാത്രമേ ജീവനു പിടിച്ചുനിൽക്കാനാകൂ.
ഈ കുറഞ്ഞ സമയത്തിനുള്ളിൽ പ്രഥമ ശുശ്രൂഷ നൽകാനായാൽ അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ ആകും.
ശ്വാസതടസം അനുഭവപ്പെടുന്നയാളുടെ പിന്നിൽ ശുശ്രൂഷകൻ നിൽക്കുക ഇരുകൈകളും എടുത്ത് അയാളെ ചുറ്റി പിടിക്കുക.രോഗി ഇരുവശത്തേക്കും ചരിഞ്ഞുവീഴാതിരിക്കാനായി വലതുകാൽ രോഗിയുടെ ഇരുകാലുകൾക്കും ഇടയിൽ വച്ച് അവരുടെ ശരീരം സ്വന്തം ശരീരത്തിൽ താങ്ങിക്കൊണ്ട് വേണം ഈ പ്രക്രിയ ചെയ്യാൻ.
വാരിയെല്ലിൽ തൊടാതെ വയറിലേക്ക് മർദ്ദം വരുന്ന വിധത്തിൽ താഴെ നിന്ന് മുകളിലേക്ക് എന്ന ക്രമത്തിൽ അമർത്തുക.വയറ്റിൽ നിന്ന് വായു പുറത്തേക്ക് വരത്തക്ക വിധം വേണം അമർത്താൻ. ഇങ്ങനെ തുടരെ ചെയ്യുമ്പോൾ ശ്വാസനാളത്തിൽ കുടുങ്ങിയ വസ്തു പുറത്തേക്ക് വരും. കുടുങ്ങിയ വസ്തു പുറത്തേക്ക് വരുന്നതുവരെ ഈ പ്രക്രിയ തുടരുക. അതിനു ശേഷം ആശുപത്രിയിൽ എത്തിക്കുക.
വീഴ്ച സംഭവിച്ചാൽ
വീഴ്ച വാഹന അപകടങ്ങൾ എന്നിവ സംഭവിക്കുമ്പോൾ ഒരു വ്യക്തിയെ ആശുപത്രിയിലേക്ക് സുരക്ഷിതമായി എ ങ്ങനെ മാറ്റണം എന്നത് പ്രധാനമാണ് ശരിയായ രീതിയിൽ അല്ല അപകടപ്പെട്ട വ്യക്തിയെ ആശുപത്രിയിലേക്ക് നീക്കുന്നതെങ്കിൽ ആ പ്രക്രിയയിൽ തന്നെ വ്യക്തിക്ക് കൂടുതൽ പരിക്കുകൾ സംഭവിക്കാം.
തല ഭാഗത്തുനിന്ന് ഒരാൾ വീണുകിടക്കുന്ന വ്യക്തിയുടെ ഇരു ചെവികളോടും ചേർത്തു വശങ്ങളിലൂടെ തന്റെ കൈകൾ നീട്ടി കൈപ്പത്തി കൊണ്ട് പുറം ഭാഗം താങ്ങുക. വീണു കിടക്കുന്നയാൾ ഹെൽമെറ്റ് ധരിച്ചിട്ടുണ്ടെങ്കിൽ തലഭാഗം ചെറുതായി പൊക്കിയ ശേഷം മറ്റൊരാൾ ഹെൽമെറ്റ് സിഗ് സാഗ് വിധത്തിൽ അനക്കി സാവധാനം ഊരിയെടുക്കേണ്ടതാണ്.
തല ഭാഗത്ത് ഒരാൾ സപ്പോർട്ട് ചെയ്ത് പിടിച്ചിട്ടുള്ളതിനൊപ്പം മറ്റു രണ്ടുപേർ വീണു കിടക്കുന്ന വ്യക്തിയുടെ ഒരു വശത്തു നിന്നും മറുഭാഗത്ത് കൈകൾ കൊണ്ട് പിടിക്കുക. പിടിക്കുന്ന വ്യക്തികളുടെ ഇടത് വലത് കൈകൾ ക്രോസ് ആയി നിൽക്കത്തക്കവിധം വേണം രോഗിയെ പിടിക്കാൻ. അതിനുശേഷം 123 എന്ന് എണ്ണിയ ശേഷം മൂവരും ഒരുമിച്ച് രോഗിയെ വശത്തേക്കു തിരിക്കുക. ചരിഞ്ഞു കിടക്കുന്ന രോഗിയുടെ പിൻഭാഗത്ത് മറ്റു രണ്ടു പേർ കൈകൾ നിവർത്തി വയ്ക്കുക. അതിനുശേഷം രോഗിയെ കൈകളിലേക്ക് എണ്ണിക്കൊണ്ട് കിടത്തുക. വശങ്ങളിൽ പിടിച്ച രണ്ടുപേർ അവരുടെ കൈകൾ സാവധാനം വീണു കിടക്കുന്ന ആളുടെ അടിഭാഗത്തേക്ക് കടത്തി മറുവശത്തുള്ള രണ്ടുപേരുടെ കൈകളുമായി ചേർത്തു പിടിക്കുക അതിനുശേഷം അഞ്ചുപേരും ചേർന്ന് എണ്ണിക്കൊണ്ട് വീണുകിടക്കുന്ന വ്യക്തിയെ ഒരേ സമയം പൊക്കി സുരക്ഷിതമായി പ്ലാങ്കിലലോ സമമായ പ്രതലത്തിലോ കടത്തി ആശുപത്രിയിൽ എത്തിക്കണം.
ഹൃദയഘാതം സംശയിക്കുമ്പോൾ
ഹൃദയത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ രക്തം എത്തിക്കുന്നതിനു പ്രത്യേകമായ രക്തക്കുഴലുകൾ ഉണ്ട് അവയ്ക്ക് തടസ്സം നേരിടുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്.
ഒരു വ്യക്തിക്കു ഹൃദയാഘാതം ഉണ്ടായിട്ടുണ്ടോ എന്ന് തിരിച്ചറിയാൻ ആവാതെ വരുന്നതും എത്രയും പെട്ടെന്ന് ചികിത്സ ലഭിക്കാത്തതും ജീവന് ഭീഷണി ആകാറുണ്ട്. താടിയെല്ല് മുതൽ പൊക്കിൾ വരെയുള്ള ഭാഗത്ത് അനുഭവപ്പെടുന്ന വേദനകൾ ഹൃദയാഘാതത്തിന്റേതല്ല എന്ന് ഉറപ്പുവരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്.
എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുകയാണ് ഇത് ഉറപ്പു വരുത്താനുള്ള മാർഗം.
വേദന അനുഭവപ്പെടുന്ന വ്യക്തി തനിയെ ഡ്രൈവ് ചെയ്തോ പടികൾ കയറിയോ മറ്റേതെങ്കിലും വിധത്തിൽ ആയാസപ്പെട്ടോ ആശുപത്രിയിൽ എത്താൻ ശ്രമിക്കരുത്. കാരണം ഹൃദയാഘാതം ആണെങ്കിൽ ആയാസം എടുക്കുന്നത് സ്ഥിതി ഗുരുതരമാക്കും.
മറ്റൊരാളുടെ സഹായത്തോടെ വേണം ഒട്ടും ആയാസമില്ലാതെ ആശുപത്രിയിലെത്തുക.
ഹൃദയാഘാതം നേരിട്ട വ്യക്തി ബോധരഹിതനായാൽ സിപിആർ നൽകിക്കൊണ്ട് ആശുപത്രിയിൽ എത്തിക്കുക.
പക്ഷാഘാതം - എന്തു ചെയ്യണം
രക്തം കട്ടപിടിക്കുകയോ രക്തസ്രാവം ഉണ്ടാകുകയോ ചെയ്യുന്നതിനാൽ തലച്ചോറിലേക്കുള്ള രക്ത വിതരണം പെട്ടെന്നു കുറയുമ്പോഴാണ് പക്ഷാഘാതം സംഭവിക്കുന്നത്. പക്ഷാഘാതത്തിന്റെ ഏറ്റവും സാധാരണമായ മൂന്ന് ലക്ഷണങ്ങളെ വേഗത്തിൽ തിരിച്ചറിയുന്നതിനുള്ള പരിശോധനയാണ് FAST (Face, Arms, Speech, Time).
Face- മുഖത്തു ബലഹീനത ആകൃതി വ്യതിയാനം ഉ ണ്ടോ, വ്യക്തിക്ക് പുഞ്ചിരിക്കാൻ കഴിയുമോ, അവരുടെ വായയോ കണ്ണോ താഴേക്ക് തൂങ്ങിക്കിടക്കുന്നുണ്ടോ മുഖം ചലിപ്പിക്കാൻ പ്രയാസമുണ്ടോ എന്നിവ നിരീക്ഷിക്കുക
Arm- കൈ ബലഹീനത: വ്യക്തിക്കു രണ്ടു കൈകളും പൂർണമായി ഉയർത്തി അവിടെ തന്നെ നിർത്താൻ കഴിയുമോ?
Speech- സംസാരം കുഴയുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.
ഇവ മൂന്നും പക്ഷാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങ ൾ ആണ്.
Time- അടുത്ത ഘടകം സമയം ആണ്. ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, ഉടൻ തന്നെ ആംബുലൻസ് വിളിച്ച് സ്ട്രോക്ക് കെയർ സൗകര്യം ഉള്ള ഏറ്റവും അടുത്ത ആശുപത്രിയിൽ എത്തിക്കുക., കാരണം കാലതാമസം തലച്ചോറിന് സ്ഥിരമായ ക്ഷതം ഏല്പിക്കുകയോ മരണത്തിലേക്ക് നയിക്കുകയോ ചെയ്യാം. വ്യക്തി അബോധാവസ്ഥയിലാണെങ്കിൽ, ശ്വാസോച്ഛ്വാസം പരിശോധിച്ച്, ഇല്ലെങ്കിൽ ഉടൻ CPR ആരംഭിക്കുക.
പട്ടി കടിച്ചാൽ
പട്ടി, പൂച്ച, കുരങ്ങ്, അണ്ണാൻ തുടങ്ങിയ മൃഗങ്ങളുടെ കടിയേൽക്കാൻ ഇടയായാൽ കടിയേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് അരമണിക്കൂർ നേരം നന്നായി കഴുകുക. പേവിഷബാധാ വൈറസിനെ ഏറെക്കുറെ നിഷ്പ്രഭമാക്കാനും, അകത്തേക്ക് പ്രവേശിക്കാതിരിക്കാനും സഹായിക്കാൻ സോപ്പിന് സാധിക്കും. മുറിവു കഴുകിയ ശേഷം പേ വിഷബാധാ കുത്തിവയ്പ്പ് ലഭ്യമായ ആശുപത്രിയിലേക്ക് കടിയേറ്റ ആളെ കൊണ്ടുപോകണം. പേവിഷബാധ 90 ശതമാനവും കുത്തിവയ്പുകൊണ്ട് നിയന്ത്രിക്കാനാകും.