ADVERTISEMENT

ചൂയിങ് ഗം തൊണ്ടയിൽ കുടുങ്ങിയ കുട്ടിയെ ഒരുകൂട്ടം യുവാക്കൾ സമയോചിതമായ ഇടപെടൽ കൊണ്ട് രക്ഷിച്ച ദൃശ്യങ്ങൾ സോഷ്യസൽ മീഡിയയിൽ വൈറലാണ്. ജീവൻ തന്നെ അപകടത്തിലായേക്കാവുന്ന ഘട്ടത്തിലായിരുന്നു യുവക്കളുടെ കൃത്യമയ ഇടപെടൽ. കണ്ണൂർ പഴയങ്ങാടി പള്ളിക്കരയിൽ നടന്ന സംഭവം സോഷ്യൽ മീഡിയയിലും ഞൊടിയിടയിൽ വലിയ ചർച്ചയാകുകയും ചെയ്തു.

ആശങ്കയുടെ നിമിഷങ്ങൾക്കൊടുവിൽ നിറചിരികളോടെ എത്തുകയാണ് വൈറൽ കഥയിലെ കുഞ്ഞുമിടുക്കി ഫാത്തിമ. ചൂയിങ് ഗം തൊണ്ടയിൽ കുടുങ്ങിയപ്പോൾ പേടിച്ചു പോയെന്നും ഇനി ഒരിക്കലും ചൂയിങ് ഗം കഴിക്കുകയില്ലെന്നും പറയുകയാണ് ഫാത്തിമ. മനോരമ ന്യൂസിനോട് സംസാരിക്കവെയാണ് ഫാത്തിമ ഇങ്ങനെ പറഞ്ഞത്.

'ചൂയിങ് ഗം വായിലിട്ട് ചവച്ചു തുടങ്ങുമ്പോഴേക്കും തൊണ്ടയിൽ കുടുങ്ങി. ശ്വാസം കിട്ടിയില്ല. അപ്പോൾ ഒരു ഇക്കാക്കേനെ വിളിച്ചു. ഇക്കാക്കയ്ക്ക് മനസ്സിലായിട്ടില്ല. അപ്പോൾ ഞാൻ മേലോട്ട് നോക്കി. അപ്പോൾ ഇക്കാക്കയ്ക്ക് മനസ്സിലായി. ഇക്കാക്ക വയറ്റിലും നടുവിലും പിടിച്ച് കുലുക്കി. അപ്പോൾ ചൂയിങ് ഗം പോയി.' - ഭയപ്പെട്ടു പോയ നിമിഷങ്ങളെക്കുറിച്ച് ഫാത്തിമ ഓർത്തെടുത്തു.

വീട്ടുകാരോട് പറയാതെയാണ് ചൂയിങ് ഗം കഴിക്കാൻ പോയതെന്നുംപാത്തിമ വെളിപ്പെടുത്തി. ഇനി ചൂയിങ് ഗം കഴിക്കുമോ എന്ന റിപ്പോർട്ടറുടെ ചോദ്യത്തിന് നിഷ്ക്ളങ്മായി 'ഇല്ല' എന്നായിരുന്നു കുഞ്ഞു ഫാത്തിമയുടെ മറുപടി. അതേസമയം, കൃത്യസമയത്ത് സഹായം തേടാൻ കുഞ്ഞ് കാണിച്ച ധൈര്യത്തെ എല്ലാവരും ഒരേ സ്വരത്തിലാണ് പ്രശംസിക്കുന്നത്. കണ്ണൂർ പഴയങ്ങാടി പള്ളിക്കര സ്വദേശികളായ ഇസ്മായിൽ, നിയാസ്, ജാഫർ എന്നിവരാണ് എട്ടു വയസുകാരിയുടെ ജീവൻ രക്ഷിച്ചത്.

പള്ളിക്കര സ്വദേശികളായ ഷൗക്കത്തിന്റേയും ഫരീദയുടെയും മകളാണ് എട്ടു വയസുള്ള ഫാത്തിമ. അടുത്തുള്ള കടയിൽ നിന്ന് ചൂയിങ് ഗം വാങ്ങി വായിലിട്ടിരുന്നു. എന്നാൽ, അസ്വസ്ഥത തോന്നിയതിനെ തുടർന്ന് കുട്ടി സൈക്കിളുമായി അവിടെ സംസാരിച്ചു കൊണ്ടു നിൽക്കുകയായിരുന്ന യുവാക്കളുടെ അരികിലേക്ക് എത്തുകയും സഹായം അഭ്യർത്ഥിക്കുകയുമായിരുന്നു. ചൂയിങ് ഗം തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് കുട്ടിക്ക് ശ്വാസം കിട്ടാത്ത അവസ്ഥയുണ്ടായി. ഈ സമയത്ത് ഇസ്മായിൽ കുട്ടിയെ എടുത്ത് അടിവയറ്റിൽ അമർത്തി പിടിച്ച് പുറത്ത് തട്ടുകയായിരുന്നു.  തുടർന്ന് കുട്ടിയുടെ വായിൽ നിന്ന് രണ്ട് ചൂയിങ് ഗം പുറത്തേക്ക് വരികയായിരുന്നു. സഹായം അഭ്യർഥിക്കാൻ കുട്ടി കാണിച്ച മനസ്സും സമയോചിതമായ യുവാക്കളുടെ ഇടപെടലുമാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്.

ADVERTISEMENT
ADVERTISEMENT