ADVERTISEMENT

ഭാര്യയുടെ കവിളിൽ കുത്തിപ്പിടിച്ചു വിഷം വായിലേക്ക് ഒഴിച്ച് കൊലപ്പെടുത്തിയ തൊടുപുഴ കരിങ്കുന്നം സ്വദേശി ടോണി (43) പതിമൂന്നു വയസ്സുകാരിയായ മകളെയും ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചിരുന്നതായി പൊലീസ്. ഭാര്യ ജോർലിയെ ഉപദ്രവിക്കുന്നതിനു പുറമേ മകളെയും ടോണി സ്ഥിരമായി ഉപദ്രവിച്ചിരുന്നു. 

‘പോയി ചാകാൻ’ മകളോട് സ്ഥിരമായി പറയുമായിരുന്നു. പിന്നീട് ക്രൂരമായി ഉപദ്രവിക്കും. സ്ഥിരമായി മദ്യപിക്കുന്നയാളായിരുന്നു ടോണി. മദ്യലഹരിയിലായിരുന്നു ഉപദ്രവം. ഇക്കാര്യങ്ങളെല്ലാം മകൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പുറപ്പുഴ ആനിമൂട്ടിൽ ജോർലിയെയാണു ഭർത്താവ് ടോണി കൊലപ്പെടുത്തിയത്. 

ADVERTISEMENT

ബലം പ്രയോഗിച്ച് വിഷം വായിലേക്ക് ഒഴിച്ചെന്ന് മരിക്കുന്നതിനു മുൻപ് ജോർലി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ടോണിയെ അറസ്റ്റു ചെയ്തത്. ഇരുവരുടെയും കല്യാണം കഴിഞ്ഞിട്ട് 15 വർഷമായി. ടോണിയുടെ കുടുംബ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ആറുമാസമായി അടുത്തുള്ള വാടകവീട്ടിലായിരുന്നു താമസം.

തടി വ്യവസായിയാണു ടോണി. മിക്കപ്പോഴും മദ്യപിച്ചു ബഹളമുണ്ടാക്കും. ഭാര്യയെ ക്രൂരമായി മർദിക്കും. പിന്നെ മകൾക്കു നേരെ തിരിയും. ജോർലിയെ ഉപദ്രവിക്കുന്ന വിഡിയോ മകൾ ഫോണിൽ പകർത്തിയിരുന്നു. ഉപദ്രവം സഹിക്കാനാകാതെ ജോർലി കരിങ്കുന്നം പൊലീസിൽ പരാതി നൽകിയിരുന്നു. ഉപദ്രവിക്കുന്ന വിഡിയോയും ഹാജരാക്കി. ഇതേതുടർന്ന് പൊലീസ് ടോണിക്ക് താക്കീത് നൽകിയെങ്കിലും ഉപദ്രവം തുടർന്നു. 

ADVERTISEMENT

കുടുംബ പ്രശ്നങ്ങളെക്കുറിച്ച് നാട്ടുകാർക്ക് വലിയ അറിവില്ല. താമസിക്കുന്ന വാടക വീടിനടുത്തുള്ളവർക്കും ഇവരെ വലിയ പരിചയമില്ല. ടോണി മദ്യപിക്കുമെങ്കിലും ഇത്രയും വലിയ പ്രശ്നമുണ്ടെന്ന് അറിയില്ലായിരുന്നു എന്നാണ് അടുപ്പക്കാർ പൊലീസിനോട് പറഞ്ഞത്. വിവാഹം കഴിഞ്ഞ നാൾ മുതൽ ജോർലിക്ക് നേരിടേണ്ടിവന്നത് ക്രൂരപീഡനമാണ്. 

ജോർലിയുടെ പിതാവ് കർഷകനാണ്. സ്വർണവും നാലു ലക്ഷം രൂപയും നൽകിയെങ്കിലും വീണ്ടും പണം ആവശ്യപ്പെട്ട് ടോണി ക്രൂരമായി മർദിച്ചിരുന്നു. മദ്യപിക്കാനാണു പണം ചെലവഴിച്ചത്. ജോർലിയുടെ സ്വർണം പണയംവച്ചും മദ്യപിച്ചു. വീടു മാറുമ്പോൾ മർദനം ഇല്ലാതാകുമെന്ന പ്രതീക്ഷയും പാഴായി. മർദനത്തിൽ മനം മടുത്തു ജോർലി സ്വന്തം വീട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. അപ്പോഴാണ് ടോണി ക്രൂരമായി മർദിച്ചശേഷം വിഷം കുടിപ്പിച്ചത്.

ADVERTISEMENT
ADVERTISEMENT