കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നു വീണു മരിച്ച തലയോലപ്പറമ്പ് സ്വദേശി ഡി. ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മകൻ നവനീതിന് സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനമായി. ജൂലൈ മൂന്നിനാണ് കോട്ടയം മെഡിക്കല്‍ കോളജിലെ പഴക്കം ചെന്ന കെട്ടിടം തകര്‍ന്നു വീണ് തലയോലപ്പറമ്പ് ഉമ്മന്‍കുന്ന് മേപ്പത്ത് കുന്നേല്‍ ബിന്ദു മരിച്ചത്. ചികിത്സയിലുള്ള മകൾക്ക് കൂട്ടിരിക്കാനെത്തിയപ്പോഴായിരുന്നു അപകടം.
‘കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുണ്ടായ ദൗർഭാഗ്യകരമായ അപകടത്തിൽ മരണമടഞ്ഞ ബിന്ദുവിന്റെ മകളുടെ ശസ്ത്രക്രിയ ഇന്നലെ നടന്നു. 8 മണിക്കൂർ നീണ്ട ശസ്ത്രക്രിയയാണ് നടന്നത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം മകന് ജോലി നൽകാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 10 ലക്ഷം രൂപ അനുവദിക്കാനും തീരുമാനിച്ചു. പ്രിയ ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ ചേട്ടനെ ഫോണിൽ വിളിച്ച് സംസാരിച്ചു.’– മന്ത്രിസഭായോഗ തീരുമാനം അറിയിച്ച് ആരോഗ്യ മന്ത്രി വീണ ജോർജ് പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ.
വിഷയത്തില്‍ സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ ബിന്ദുവിന്റെ വീട്ടിലെത്തി കുടുംബത്തിന് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അപകടത്തിൽ അഞ്ച് പേർക്കു പരുക്കേറ്റു. സുരക്ഷിതമല്ലെന്നു 12 വർഷംമുൻപു പൊതുമരാമത്തുവകുപ്പ് റിപ്പോർട്ട് നൽകിയ കെട്ടിടത്തിൽ സർജിക്കൽ ബ്ലോക്ക് അടക്കം പ്രവർത്തിച്ചിരുന്നുവെന്നാണ് കണ്ടെത്തൽ.
ബിന്ദുവിന്റെ കുടുംബത്തിനു വാഗ്ദാനം ചെയ്ത 5 ലക്ഷം രൂപ കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മൻ എംഎൽഎ കൈമാറിയിരുന്നു. ബിന്ദു ജോലി ചെയ്ത ശിവാസ് സിൽക്സും ഒരു ലക്ഷം രൂപയുടെ ചെക്ക് അമ്മ സീതാലക്ഷ്മിക്കു കൈമാറിയിരുന്നു. സീതാലക്ഷ്മിക്ക് ആജീവനാന്തം എല്ലാ മാസവും 5000 രൂപ വീതം നൽകുമെന്നും കടയുടമ ആനന്ദാക്ഷൻ പറഞ്ഞിരുന്നു.