പാദപൂജ വിവാദത്തിൽ കുറിപ്പുമായി കൊച്ചി മെഡിക്കൽ ട്രസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ മുൻ അസോ. പ്രൊഫസർ ദീപ സെയ്റ. അധ്യാപകരുടെ കാലുകളിൽ, കമഴ്ന്നു കിടന്നു പൂജ ചെയ്യുന്നതാണ് ‘ബഹുമാനം’ എന്ന് ആരെങ്കിലും പറഞ്ഞു തന്നാൽ അതിനെ എതിർക്കാനുള്ള അറിവ് കുട്ടികൾക്ക് ഉണ്ടാവണമെന്ന് ദീപ സെയ്റ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ദീപ സെയ്റ പങ്കുവച്ച കുറിപ്പ് വായിക്കാം;
ഹൗ ന്റെ അധ്യാപഹയരെ.. പാദപൂജ
കഴിഞ്ഞ ദിവസം അമ്മയെയും കൊണ്ട് ഞാൻ ആസ്റ്റർ ആശുപത്രിയിൽ പോയി. അവിടെ വച്ച്, ഞാൻ പഠിപ്പിച്ച ചില കുട്ടികൾ എന്നെകണ്ട് ഓടി വന്നു. ( എനിക്കവർ കുട്ടികളാണ്, പക്ഷെ എല്ലാവരും വളരെ മുതിർന്ന കുടുംബസ്ഥരൊക്കെയാണ് കേട്ടോ ഇപ്പോൾ )
അവരിൽ ചിലരെ ഞാൻ മെഡിക്കൽ ട്രസ്റ്റിന്റെ കോളേജിൽ പഠിപ്പിച്ചതാണ്. ചിലരെ 'യൂണിക് മെന്റർസിൽ' വിദേശത്തേക്കുള്ള ലൈസൻസിംഗ് പരീക്ഷയ്ക്കായി പഠിപ്പിച്ചതും..
" മാഡം ഞങ്ങളെ പഠിപ്പിച്ചതാണ്,........ ബാച്ചിൽ.. ഓർമ്മയുണ്ടോ? " എന്ന് ചോദിച്ച് അവരെന്റെ കൈയിൽ പിടിച്ചു, ചേർത്ത് നിർത്തി,ചിരിച്ചു, സ്നേഹം പങ്കിട്ടു...
പരീക്ഷ പാസായി, അടുത്ത ദിവസങ്ങളിൽ വിദേശത്തേക്ക് ജോലിയ്ക്കായി പോവുകയാണ് എന്നവർ പറഞ്ഞപ്പോൾ ഉള്ളു നിറഞ്ഞു. ഇതാണ് എന്റെ വിദ്യാർത്ഥികളുടെ അടുത്തുനിന്ന് ആകെ ഞാൻ പ്രതീക്ഷിക്കുന്നത്.. നല്ല റിസൾട്ട്, അവരുടെ സുരക്ഷിതമായ ഭാവി, വല്ലപ്പോഴും കാണുമ്പോൾ ദേ ഇങ്ങനെ ഓടി വന്നൊന്ന് കെട്ടിപിടിക്കുക...
ഞാനും കഴിഞ്ഞ 16 വർഷമായി അധ്യാപനം എന്ന മഹത്തായ ജോലിയിലാണ്. എന്നെ അവർക്ക് തുല്യരായി കാണണമെന്നും, അവരെക്കാൾ കൂടുതലായി എനിക്കറിയാവുന്ന ചിലത് അവർക്ക് പകർന്നു നല്കാനും, അവരിൽ നിന്ന് ചിലത് പഠിക്കാനും കൂടെ കൂടുന്ന ഒരു കൂട്ടുകാരിയായി എന്നെ കണ്ടാൽ മതിയെന്നാണ് ആദ്യത്തെ ക്ലാസ്സിൽതന്നെ ഞാൻ അവരോടൊക്കെ പറയുന്നത്.
പറഞ്ഞുവന്നത് അധ്യാപകരെ എങ്ങനെയൊക്കെ ബഹുമാനിക്കണം എന്ന് കുട്ടികൾ അറിഞ്ഞിരിക്കണം. ദേ ഇത് പോലെ അവരുടെ കാലുകളിൽ, നിങ്ങൾ കമഴ്ന്നു കിടന്നു പൂജ ചെയ്യുന്നതാണ് 'ബഹുമാനം' എന്ന് ആരെങ്കിലും പറഞ്ഞു തന്നാൽ അതിനെ എതിർക്കാനുള്ള അറിവ് കുട്ടികൾക്ക് ഉണ്ടാവണം.
വിദ്യാഭ്യാസത്തിലും ജീവിതത്തിലും നിങ്ങൾ കൈവരിക്കുന്ന വിജയമുഹൂർത്തങ്ങൾ, അധ്യാപകരിൽ നിന്ന് ജീവിതത്തിലേക്ക് നിങ്ങൾ പകർത്തുന്ന മൂല്യങ്ങളും അറിവും കഴിവും കൊണ്ട് ലോകത്തിന്റെ നെറുകയിൽ മുന്നിൽ നിങ്ങൾ തലയുയർത്തി നിൽക്കുന്ന മനോഹരമായ നിമിഷങ്ങൾ - ഇതൊക്കെ അധ്യാപകരുമായി പങ്കുവച്ചുകൊണ്ട് നിങ്ങൾ നിങ്ങളുടെ അധ്യാപകരെ ബഹുമാനിക്കുക. ആരുടേയും മുന്നിൽ നിങ്ങൾ തലകുനിക്കുന്നതും കമഴ്ന്നു കിടന്നു കാലിൽ വീഴുന്നതും ഒരു നല്ല അധ്യാപകനും പ്രോത്സാഹിപ്പിക്കില്ല.
അധ്യാപകരോടാണ്... കൊച്ചുപിള്ളേർക്ക് മുന്നിൽ ഈ വക പ്രഹസനങ്ങൾക്ക് ഇങ്ങനെ ഇരുന്നുകൊടുത്തു മഹത്തായ ഒരു പദവിയെ ഈ വിധം അപഹാസ്യമാക്കരുത്. ലോകം മുന്നോട്ട് സഞ്ചരിക്കുമ്പോൾ, കുഞ്ഞുങ്ങളെ അതിനൊപ്പം മുന്നോട്ട് നീക്കാനുമാണ് അധ്യാപകരെ വേണ്ടത്. അല്ലാതെ നൂറ്റാണ്ടുകൾ പിന്നോട്ട് നടത്താനല്ല...!!