ADVERTISEMENT

നടി ആര്യയുടെ ഉടമസ്ഥതയിലുള്ള കാഞ്ചീവരം ബുട്ടീക്കിന്റെ പേരില്‍ വന്‍തട്ടിപ്പ് നടത്തി ബിഹാറിൽ നിന്നുള്ള സംഘം. ഇൻസ്റ്റഗ്രാം പേജിന്റെ വ്യാജപതിപ്പുകൾ നിർമിച്ചാണ് തട്ടിപ്പ്. 15,000 രൂപയുടെ സാരി 1900 രൂപയ്ക്ക് നൽകാമെന്നാണ് ഇവരുടെ വാഗ്ദാനം. നടി പൊലീസിൽ പരാതി നൽകി. 

ഒട്ടേറെപ്പേർ തട്ടിപ്പിന് ഇവരുടെ ഇരയായിട്ടുണ്ട്. പണം നഷ്ടപ്പെട്ടയാൾ പറഞ്ഞപ്പോഴാണ് ആര്യ സംഭവം അറിഞ്ഞത്. ഉടന്‍തന്നെ താരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കാഞ്ചീവരം റീട്ടൈൽ ഷോപ്പിന്റെ ഇൻസ്റ്റഗ്രാം പേജിന്റെ വ്യാജപേജുകൾ നിർമിച്ചാണ് തട്ടിപ്പ്. പേജിലെ വിഡിയോകളും ചിത്രങ്ങളും എഡിറ്റ് ചെയ്താണ് വ്യാജ പേജുകൾ നിർമിക്കുന്നത്. 

ബന്ധപ്പെടാനായി ഫോൺ നമ്പറുണ്ടാകും. വസ്ത്രം വാങ്ങാനായി പേജിലെ ഫോൺ നമ്പറിൽ ബന്ധപ്പെടുമ്പോൾ പണം അടയ്‌ക്കേണ്ട ക്യുആർ കോഡ് അയച്ചു കൊടുക്കും. പണം കിട്ടിയതിന് പിന്നാലെ നമ്പർ ബ്ലോക്ക് ചെയ്യും. പണം നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും വസ്ത്രം ലഭിക്കാതെ വരുമ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലാകുന്നത്.

പതിനഞ്ചോളം പേജുകൾ റിപ്പോർട്ട് ചെയ്തു പൂട്ടിച്ചു. എന്നാൽ പത്തോളം പേജുകൾ തട്ടിപ്പുകാർ വീണ്ടും തുടങ്ങി. സൈബർ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് പറയുന്നു. തട്ടിപ്പിനു ഇരയായവര്‍ ദേശീയ സൈബർ ക്രൈം പോർട്ടലായ 1930ൽ വിളിച്ച് പരാതികൾ അറിയിക്കാം.

ADVERTISEMENT
ADVERTISEMENT