തൃശൂർ മണ്ണുത്തി- ഇടപ്പള്ളി ദേശീയപാത 544ൽ അടിപ്പാത നിർമാണ പ്രദേശങ്ങളിലെ ഗതാഗതക്കുരുക്ക് കാരണം ഭാര്യാപിതാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതെ വന്ന ധനകാര്യ സ്ഥാപന ഉടമ പാലിയേക്കര ടോൾ പ്ലാസയിൽ പ്രതിഷേധവുമായി രംഗത്തെത്തി. എൻടിസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ടി.വർഗീസ് ജോസാണ് (ബിജു) ടോൾ പ്ലാസയിൽ പ്രതിഷേധിച്ചത്.
കൊടകര പേരാമ്പ്രയിൽ ഇന്നലെ ഉച്ചയ്ക്കു 2.30നായിരുന്നു സംസ്കാരം. ഇതിനായി നേരത്തെ പുറപ്പെട്ടെങ്കിലും ഗതാഗതക്കുരുക്ക് കാരണം പങ്കെടുക്കാൻ കഴിഞ്ഞില്ല. ഉച്ചയ്ക്കു രണ്ടോടെ ടോൾ നൽകി പാലിയേക്കര പ്ലാസ കടന്നിരുന്നു. എന്നാൽ ആമ്പല്ലൂരിലെയും പേരാമ്പ്രയിലെയും ഗതാഗതക്കുരുക്കു കാരണം ഒന്നര മണിക്കൂറിലേറെ വൈകിയാണ് ചടങ്ങിനെത്തിയത്.
തുടർന്ന് തിരികെ വരുമ്പോഴാണ് ബിജു ടോൾ പ്ലാസയിൽ വാഹനത്തിൽ നിന്നിറങ്ങി പ്രതിഷേധിച്ചത്. ‘എന്തിനാണ് ഞാൻ ടോൾ നൽകുന്നതെന്നു’ ചോദിച്ചു, സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തതിലുള്ള വിഷമത്തോടെയായിരുന്നു പ്രതിഷേധം. ടോൾ പ്ലാസ ജീവനക്കാരൻ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് അറസ്റ്റ് ചെയ്യട്ടെ എന്ന നിലപാടിലായിരുന്നു ബിജു. 45 മിനിറ്റോളം പ്രതിഷേധിച്ച ശേഷമാണ് ബിജു മടങ്ങിയത്.