സോഷ്യല്‍മീഡിയയിലെ ശ്രദ്ധേയ താരങ്ങളാണ് സയാമീസ് ഇരട്ടകളായ കാർമെന്‍ ആൻഡ്രേഡും ലുപിറ്റ ആൻഡ്രേഡും. അടുത്തിടെ അവരിലൊരാളായ കാർമെൻ ആൻഡ്രേഡ് വിവാഹിതയായി. കാമുകനായ ഡാനിയേൽ മക്കോര്‍മാക്കിനെയാണ് കാർമെന്‍ വിവാഹം കഴിച്ചത്. നീണ്ടകാലത്തെ പ്രണയമാണ് വിവാഹത്തില്‍ എത്തിയത്.

2020ൽ ഡേറ്റിങ് ആപ്പ് വഴിയാണ് കാർമെൻ ഡാനിയേലിനെ പരിചയപ്പെടുന്നത്. തുടർന്ന് 2024 ഒക്ടോബറിൽ വിവാഹിതരായെന്ന് കാർമെൻ യൂട്യൂബ് വിഡിയോയിലൂടെ അറിയിച്ചു. ‘പ്രാധാന്യമുള്ള ഒരു കാര്യം അറിയിക്കുകയാണ്. ഞാൻ വിവാഹം കഴിച്ചു’ എന്നാണ് കാർമെൻ പറഞ്ഞത്. ഒപ്പം വിവാഹ മോതിരവും വിഡിയോയിൽ കാണിച്ചു. അതേസമയം താൻ വിവാഹം കഴിച്ചിട്ടില്ലെന്ന് ലുപിറ്റ പറഞ്ഞു.
സയാമീസ് ഇരട്ടകളായ കാര്‍മെനും ലുപിറ്റയും മെക്‌സിക്കോയിലാണ് ജനിച്ചത്. രണ്ടുപേര്‍ക്കും ഒരു ഹൃദയവും ഒരു ജോടി ശ്വാസകോശവും വയറുമുണ്ട്. കുഞ്ഞായിരിക്കുമ്പോള്‍ യുഎസിലേക്ക് താമസം മാറിയ ഇവരുടെ ഉടലുകള്‍ കൂടിച്ചേര്‍ന്ന നിലയിലാണ്. ഇരുവരും ഒരേ ഇടുപ്പെല്ലും പ്രത്യുത്പാദന വ്യവസ്ഥയും പങ്കിടുന്നു. രണ്ടുപേര്‍ക്കും രണ്ട് കൈകള്‍ വീതമുണ്ടെങ്കിലും ഒരു കാല്‍ മാത്രമാണുള്ളത്.