സ്നേഹനിധിയായ മകൻ വിഷ്ണു ബാബു (25)തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ ഒരു വർഷമായി കാത്തിരിക്കുകയാണ് അമ്പലപ്പുഴ പുന്നപ്ര പറവൂർ വൃന്ദാവനം വീട്ടിൽ ബാബു തിരുമലയും കുടുംബവും.
കപ്പൽ ജീവനക്കാരനായ വിഷ്ണു 2024 ജൂലൈ 17ന് രാത്രി ജോലിക്കിടയിൽ വീട്ടിലേക്ക് ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ച് കപ്പലിലെ മുറിയിലേക്ക് പോയതാണ്. അടുത്ത ദിവസം കപ്പൽ കമ്പനി അധികൃതരാണ് വിഷ്ണുവിനെ 17ന് രാത്രി മുതൽ കാണാനില്ലെന്ന് അറിയിച്ചത്. ബാബുവിന്റെയും സിന്ധുവിന്റെയും ഇളയ മകനാണ് വിഷ്ണു.
ഡെൻസായി മറൈൻ കമ്പനിയുടെ എസ്എസ്ഐ റെഡ് സല്യൂട്ട് കപ്പലിലെ ട്രെയിനി വൈപ്പർ ആയിരുന്നു വിഷ്ണു. 19 അംഗ സംഘത്തോടൊപ്പം ഒഡീഷയിലെ പാരാ ദ്വീപ് തുറമുഖത്ത് നിന്ന് 2024 ജൂലൈ 13ന് പുറപ്പെട്ട കപ്പൽ ചൈനയിലേക്ക് പോവുകയായിരുന്നു.
ഇന്തോനീഷ്യയ്ക്കും മലേഷ്യയ്ക്കും ഇടയിലെ മലാക്ക കടലിടുക്കിൽ കപ്പൽ എത്തിയ ശേഷം വിഷ്ണുവിനെ കാണാനില്ല എന്നാണ് കപ്പൽ കമ്പനി കുടുംബത്തെ അറിയിച്ചത്. മലേഷ്യൻ തീരദേശ സംഘം 43 കിലോ മീറ്റർ ചുറ്റളവിൽ 96 മണിക്കൂർ കടലിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വിഷ്ണുവിന്റെ ബാഗുകളും ജോലി സംബന്ധമായ രേഖകളും കപ്പൽ കമ്പനി കുടുംബത്തിന് കൈമാറി. മകനെക്കുറിച്ച് വിശദമായി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബാബു പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. എന്നാൽ പറവൂർ വില്ലേജ് ഓഫിസിൽ നിന്ന് പോലും ഒരു അന്വേഷണം ഉണ്ടാകാത്തതിൽ സങ്കടവും നിരാശയും ഉണ്ടെന്ന് ബാബു പറഞ്ഞു. മകന് എന്തു സംഭവിച്ചു എന്നു പോലും അറിയാനാകാതെ നീറി നീറി ജീവിതം തള്ളിനീക്കുകയാണ് ഇദ്ദേഹത്തിന്റെ കുടുംബം.