ADVERTISEMENT

അബുദാബി മുസഫയിലെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയ കണ്ണൂർ തളാപ്പ് അരയക്കണ്ടി സ്വദേശിനി ഡോ. ധനലക്ഷ്മിയുടെ (54) ഫെയ്സ്ബുക് കുറിപ്പുകള്‍ വേദനയാകുന്നു. സ്വന്തം ജീവിതാനുഭവങ്ങൾ കാവ്യാത്മകമായും സമകാലിക വിഷയങ്ങൾ ശക്തമായ ഭാഷയിലും എഴുതിയ ഒട്ടേറെ പോസ്റ്റുകൾ ഡോക്ടറുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ കാണാം. 

ജീവിതം വളരെ മനോഹരമായി ആസ്വദിച്ചിരുന്ന ഡോക്ടറുടെ വിയോഗം യുഎഇ മലയാളി സമൂഹത്തിന് വിശ്വസിക്കാനാകുന്നില്ല. അടുത്തിടെ ഷാർജയിൽ കൊല്ലം സ്വദേശികളായ വിപഞ്ചിക, ഇവരുടെ മകൾ ഒന്നര വയസുകാരി വൈഭവി, തുടർന്ന് അതുല്യ എന്നിവരുടെ മരണത്തിന്റെ നടുക്കം മാറും മുൻപേയാണ് മലയാളി ഡോക്ടർ കൂടി വിട പറഞ്ഞിരിക്കുന്നത്.

എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയും അബുദാബി ലൈഫ് കെയർ ആശുപത്രിയിലെ ദന്ത ഡോക്ടറുമായ ധനലക്ഷ്മി അബുദാബിയിലെ കലാ സാമൂഹിക സാംസ്കാരിക, കായികരംഗത്ത് സജീവമായിരുന്നു. എപ്പോഴും ചിരിച്ച മുഖത്തോടെയല്ലാതെ ഡോക്ടറെ ആരും കണ്ടിട്ടില്ല. ഒരിക്കൽ പരിചയപ്പെട്ടവരാരും അവരെ മറക്കുകയുമില്ല. അത്രയ്ക്കും സൗഹൃദപരമായാണ് ഡോക്ടര്‍ എല്ലാവരോടും പെരുമാറിയിരുന്നത്.

അബുദാബി മലയാളി സമാജത്തെ കൂടാതെ ഇവിടുത്തെ മിക്ക മലയാളി സംഘടനകളുമായും വളരെ അടുപ്പം പുലർത്തിയിരുന്നു. സാഹിത്യത്തോടും എഴുത്തിനോടും അഭിനിവേശമായിരുന്നു. അൺഫിറ്റഡ് എന്ന ഇംഗ്ലിഷ് പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ്. 

10 വർഷത്തിലേറെയായി യുഎഇയിൽ പ്രവാസിയായ ഡോ. ധനലക്ഷ്മിയെ മുസഫയിലെ താമസയിടത്തിൽ ഇന്നലെ (തിങ്കൾ) രാത്രിയായിരുന്നു മരിച്ചനിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസമായി ഫോണിൽ വിളിച്ചുകിട്ടാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ് വിവരമറിഞ്ഞത്.

ജോലിസ്ഥലത്തും അവർ ഇന്നലെ പോയിരുന്നില്ല. മുൻപ് കണ്ണൂർ ധനലക്ഷ്‌മി ആശുപത്രിയിലും സേവനമനുഷ്ഠിച്ചിരുന്നു. കണ്ണൂരിലെ ആനന്ദകൃഷ്ണ ബസ് സർവീസ് ഉടമസ്ഥനായിരുന്ന പരേതനായ നാരായണന്റെയും ചന്ദ്രമതിയുടെയും മകളാണ്. മൃതദേഹം ബിനിയാസ് മോർച്ചറിയിലേക്ക് മാറ്റി. നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

ADVERTISEMENT