ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്ന് ഒരു ജീവന്‍ കൂടി പൊലിഞ്ഞു. പാലക്കാട് കണ്ണമ്പ്ര സ്വദേശി നേഖയുടെ മരണത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. തോണിപ്പാടം കല്ലിങ്കല്‍ വീട്ടില്‍ പ്രദീപിന്റെ ഭാര്യയാണ് നേഖ(24). കുടുംബത്തിന്റെ പരാതിയിലാണ് സ്ത്രീധനപീഡനക്കുറ്റം ചുമത്തി പ്രദീപിനെ അറസ്റ്റ് ചെയ്തത്. സ്വര്‍ണത്തിന്റേയും പണത്തിന്റേയും പേരില്‍ നേഖയുമായി പ്രദീപ് നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു.
കഴിഞ്ഞ ബുധനാഴ്ച രാത്രി പത്തരയോടെ പ്രദീപിനും മൂന്നര വയസുള്ള മകള്‍ അലൈനയ്ക്കുമൊപ്പം ഉറങ്ങാന്‍ കിടന്നതാണ് നേഖ. പന്ത്രണ്ടരയോടെ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് പ്രദീപ് ഉണര്‍ന്നപ്പോള്‍ നേഖ കുഞ്ഞിന്റെ തൊട്ടിലിനു സമീപത്ത് നിലത്തു കിടക്കുന്നതാണ് കണ്ടത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. തൊട്ടിലിന്റെ കയറില്‍ തൂങ്ങിമരിച്ചതാണെന്ന് പൊലീസ് പറഞ്ഞു. കയര്‍ കുരുക്കുകളോടെ അടുത്ത് കണ്ടെത്തി.
ബുധനാഴ്ച രാത്രി 12.20 ഓടെയാണ് നേഘയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് അറിയിച്ചു പ്രദീപിന്റെ കുടുംബം നേഘയുടെ അമ്മയെ വിളിക്കുന്നത്. കുഴഞ്ഞു വീണെന്നായിരുന്നു പറഞ്ഞത്. പിന്നാലെ മരണപ്പെട്ടു എന്നും പറഞ്ഞു. കഴുത്തിൽ പാട് കണ്ട് അസ്വാഭാവികത തോന്നിയ ആശുപത്രി അധികൃതർ പൊലിസിനെ വിവരമറിയിച്ചു. നേഖയെ പ്രദീപ് കൊലപ്പെടുത്തിയതാണെന്നായിരുന്നു ആരോപണം
തൊട്ടില്‍ കെട്ടാനുളള കൊളുത്തില്‍ തൂങ്ങുന്നതിനിടെ പൊട്ടി നിലത്തുവീണതാണെന്ന് പൊലീസ് പറഞ്ഞു. തൂങ്ങി മരണമാണെന്ന് പോസ്റ്റ്മോര്‍ട്ടത്തിലും സ്ഥിരീകരിച്ചിട്ടുണ്ട്. ദേഹത്ത് മര്‍ദനത്തിന്റെ പാടുകളോ മുറിവുകളോ കണ്ടെത്തിയിട്ടില്ല. അന്നുരാത്രി പത്തിന് നേഖ വീട്ടിലേക്ക് വിളിച്ച് തന്നെ എത്രയും വേഗം കൊണ്ടുപോകണമെന്നും അവിടെ നില്‍ക്കാന്‍ കഴിയുന്ന സാഹചര്യമല്ലെന്നും അമ്മയോട് പറഞ്ഞതായി വിവരമുണ്ട്. രാവിലെ എത്താമെന്ന് അമ്മ സമാധാനിപ്പിക്കുകയും ചെയ്തു.
നേഖ ഭര്‍ത്താവിന്റെ വീട്ടില്‍ നിരന്തരം പീഡനം നേരിട്ടിരുന്നതായി അമ്മാവന്‍ ജയപ്രകാശ് പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്നാണ് പ്രദീപിനെ കസ്റ്റഡിയിലെടുത്തതെന്ന് ഡിവൈഎസ്പി എന്‍. മുരളീധരന്‍ പറഞ്ഞു. കണ്ണമ്പ്ര കാരപ്പൊറ്റ കുന്നംപള്ളി വീട്ടില്‍ വിമുക്തഭടന്‍ സുബ്രഹ്മണ്യന്റേയും ജയന്തിയുടേയും ഇളയമകളാണ് നേഖ. രേഖ,മേഘ എന്നിവര്‍ സഹോദരിമാരാണ്.
ആറു വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ആദ്യത്തെ ആറുമാസങ്ങളില്‍ വലിയ പ്രശ്നങ്ങളുണ്ടായിരുന്നില്ല. മക്കളില്ലെന്ന പേരിലായിരുന്നു ആദ്യം പീഡനമെന്ന് കുടുംബം പറയുന്നുണ്ട്. കോയമ്പത്തൂരിലെ സ്വകാര്യ ടെക്സ്റ്റൈൽ കമ്പനിയിൽ ജോലി ചെയ്തു വരുന്ന പ്രദീപ് ആഴ്ചയിൽ ഒരു ദിവസം വീട്ടിലെത്തും. ആ ദിവസങ്ങളിലെല്ലാം നേഘയെ മ൪ദിക്കാറുണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.