തല്ലിച്ചതച്ച മകനെയും മരുമകളെയും ജാമ്യത്തിൽ ഇറക്കി പിതാവ്. അടൂർ സ്വദേശി തങ്കപ്പനാണ് മകനെയും മരുമകളെയും ജയിലിൽ പോകാതെ രക്ഷിച്ചത്. തങ്കപ്പന്റെ ഉപദ്രവം സഹിക്കാതെ വന്നപ്പോഴാണ് മർദ്ദിച്ചതെന്നും ഇപ്പോൾ പുറത്തിറങ്ങാൻ കഴിയുന്നില്ലെന്നും മരുമകൾ പറയുന്നു. മർദ്ദിച്ച മകനെ താൽക്കാലിക ജോലിയിൽ നിന്ന് കെഎസ്ഇബി ഒഴിവാക്കി.
അടൂർ സ്വദേശി തങ്കപ്പനെ കഴിഞ്ഞ ഇരുപതാം തീയതിയാണ് മകൻ സിജുവും മരുമകൾ സൗമ്യയും മർദ്ദിച്ചത്. മകൻ പൈപ്പ് കൊണ്ടും മകന്‍റെ ഭാര്യ വടികൊണ്ടും അടിച്ചുവീഴ്ത്തി. അടികൊണ്ടു വീണ തങ്കപ്പനെ നിലത്തിട്ടും മരുമകൾ സൗമ്യ മർദ്ദിച്ചു. അയൽക്കാർ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു. ഇതോടെ അടൂർ പോലീസ് കേസെടുത്തു. മകനെയും മരുമകളെയും അറസ്റ്റ് ചെയ്തു. പക്ഷേ, തങ്കപ്പൻ കോടതിയിൽ ചെന്ന് പരാതി ഇല്ലെന്ന് പറഞ്ഞതോടെ ജാമ്യം കിട്ടി. വീട്ടിൽ ചെല്ലുന്നത് ഇഷ്ടമല്ലാത്തതു കൊണ്ട് മർദിച്ചു എന്നാണ് എഫ്ഐആർ.
മദ്യപിച്ചുള്ള ശല്യം സഹിക്കാൻ കഴിയാതെയാണ് തങ്കപ്പനെ മർദ്ദിച്ചതെന്നാണ് മരുമകൾ സൗമ്യ പറയുന്നത്. കല്യാണം കഴിഞ്ഞ കാലം മുതൽ ഉപദ്രവമാണ്.. തെറ്റെന്ന് അറിയാം പക്ഷേ, പറ്റിപ്പോയി. വിഡിയോ പ്രചരിച്ചതോടെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും മകള്‍.
കെഎസ്ഇബി കൈപ്പട്ടൂർ ഓഫിസിലെ താൽക്കാലിക ജീവനക്കാരനായിരുന്നു സിജു. വിഡിയോ പുറത്തുവന്നതോടെ ജോലിയിൽ നിന്ന് ഒഴിവാക്കി. തെറ്റുപറ്റിയെന്നും, ജോലി തിരിച്ചു തരണമെന്ന് സിജുവും ഒപ്പം പിതാവ് തങ്കപ്പനും അപേക്ഷിക്കുന്നുണ്ട്.