മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന അവകാശവാദങ്ങൾക്കിടയിലും വധശിക്ഷ ആവശ്യത്തിൽനിന്ന് പിറകോട്ട് പോകില്ലെന്ന് വ്യക്തമാക്കി കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി. നിമിഷപ്രിയയുടെ കേസിൽ ചില നിർണ്ണായക തീരുമാനങ്ങൾ ഉണ്ടായതായും വധശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങൾ തുടർ ചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാനും ധാരണയായതായി ഇന്നലെ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ ഓഫിസ് അറിയിച്ചിരുന്നു.
"കാന്തപുരത്തെ ആരാണ് ബന്ധപ്പെട്ടത്? അവർക്ക് ഞങ്ങളുടെ കുടുംബത്തിലെ ആരെങ്കിലുമായി ബന്ധമുണ്ടോ? അവർ ആരെയാണ് ബന്ധപ്പെട്ടത് തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കണം. ഇത്തരത്തിലുള്ള കള്ള വാർത്തകൾ പ്രചരിക്കാതിരിക്കാൻ ഇക്കാര്യങ്ങൾ വ്യക്തമാക്കണം. തലാലിന്റെ കുടുംബവുമായുള്ള ചർച്ചകൾ എല്ലാം ലൈവായിരിക്കണം.
മനുഷ്യരഹിതമായ ക്രൂരത ചെയ്ത ഒരു കൊലയാളിയെ കരുണയോടെ സമീപിക്കാൻ ഇസ്‌ലാം അനുവദിക്കുന്നില്ല. ഇത്തരക്കാരോട് മതത്തിന്റെ പേരിൽ ക്ഷമ ചോദിക്കാനും അതിന്റെ മറവിൽ കുത്സിതമായ കുറ്റകൃത്യങ്ങൾ മറച്ചുവയ്ക്കാനും പാടില്ല. യെമൻ ഭരണഘടനയും ന്യായവ്യവസ്ഥയും ഇസ്‌ലാമിക ശരീഅത്തിനെ അടിസ്ഥാനമാക്കിയുള്ളതാണ്.
കൊലയാളിക്കെതിരായ കോടതി വിധികളെ ആദരിക്കുകയും, ആ വിധിയിൽ ഉള്ള നീതിയെ സംരക്ഷിക്കുകയും ചെയ്യുന്നത് ബാധ്യതയാണ്. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ വേദനയും അവകാശവും ആദരിക്കുകയും അവരടയാളപ്പെടുത്തിയ ദൈവീക വിധിയെ കാത്തുസൂക്ഷിക്കുകയും ചെയ്യേണ്ടത് നീതിയുടെ ഏറ്റവും പരിശുദ്ധമായ രൂപമാണ്."- മഹ്ദി ഫെയ്സ്ബുക് കുറിപ്പില്‍ പറയുന്നു.
യമനിലെ മതപണ്ഡിതൻ ശൈഖ് ഉമർ ഹഫീള് തങ്ങൾ നിയോഗിച്ച യമൻ പണ്ഡിത സംഘത്തിനു പുറമെ നോർത്തേൺ യെമനിലെ ഭരണാധികാരികളും രാജ്യാന്തര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചർച്ചകളിലാണ് തീരുമാനം കൈക്കൊണ്ടതെന്നും കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള തുടർ ചർച്ചകൾക്ക് ശേഷമായിരിക്കും മറ്റു കാര്യങ്ങൾ തീരുമാനിക്കുക എന്നുമായിരുന്നു കാന്തപുരത്തിന്റെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവന.
കഴിഞ്ഞ ദിവസവും തലാലിന്റെ സഹോദരൻ സുദീർഘമായ ഫെയ്സ്ബുക് കുറിപ്പ് പങ്കുവച്ചിരുന്നു. സഹോദരന്റെ രക്തത്തിന് പ്രതികാരം ചെയ്യുക എന്ന ന്യായമായ ആവശ്യത്തില്‍ നിന്ന് ഒരിക്കലും പിന്നോട്ട് പോകില്ലെന്നും വധശിക്ഷയിൽ കുറഞ്ഞ ഒന്നും അംഗീകരിക്കില്ലെന്നുമായിരുന്നു ഫെയ്സ്ബുക് പോസ്റ്റ്. തലാലിനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയ വാട്ടർ ടാങ്കിന്റെ ചിത്രം കൂടി പങ്കുവച്ചായിരുന്നു ഫെയ്സ്ബുക് പോസ്റ്റ്. യെമന്‍ കണ്ടതില്‍ വച്ച് ഏറ്റവും ക്രൂരമായ കുറ്റകൃത്യത്തിന്റെ നിശബ്ദ സാക്ഷിയായ ടാങ്ക് എന്നായിരുന്നു ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്.
തലാലിന്റെ സഹോദരൻ പങ്കുവച്ച കുറിപ്പ്;
എല്ലാ ആധുനിക കുറ്റകൃത്യങ്ങളെയും മറികടക്കുന്ന ഇത്തരത്തിലുള്ള ഒരു കുറ്റകൃത്യം കരുണയില്ലാത്തവര്‍ക്ക് മാത്രമേ ചെയ്യാനാകൂ. ആകാശത്തെയും ഭൂമിയെയും ദൈവത്തിന്റെ സിംഹാസനത്തെയും വിറപ്പിച്ച, ജീവിച്ചിരിക്കുന്ന ഓരോ വ്യക്തിയുടെയും ഹൃദയം ഭയത്താല്‍ വിറപ്പിച്ച ഒരു കുറ്റകൃത്യമായിരുന്നു ഇത്. ഇത് വെറും ഒരു കൊലപാതകമല്ല, നിഷ്ഠൂരതയുടെയും ക്രൂരതയുടെയും പരിധികള്‍ മറികടന്ന ക്രൂരവും പൈശാചികവുമായ പ്രവൃത്തി. സുബോധമുള്ള മനസ്സിനോ ജീവനുള്ള ഹൃദയത്തിനോ ഇത്തരമൊരു കുറ്റകൃത്യം സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. ആ ഇന്ത്യന്‍ നഴ്സ് ചെയ്തത് ഒരു നിമിഷത്തെ കോപമോ ക്ഷണികമായ ഭ്രാന്തോ ആയിരുന്നില്ല. മറിച്ച്, അത് മുന്‍കൂട്ടി തയാറാക്കിയ കൊലപാതകമായിരുന്നു.
മയക്കുമരുന്ന് നല്‍കി, കഴുത്തറുത്തു, ശരീരം വികൃതമാക്കി. ഒരു മനുഷ്യനെ കഷണങ്ങളാക്കി മുറിച്ച്, പ്ലാസ്റ്റിക് കീസുകളിലും ബാഗുകളിലും സൂക്ഷിച്ച് പിന്നീട് ഒരു വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിച്ചു. കുറ്റകൃത്യത്തിന്റെ തെളിവുകള്‍ മറക്കാന്‍ ടാങ്ക് ഇരുമ്പ് ഷീറ്റുകളും സിമന്റും കൊണ്ട് മൂടുകയും ചെയ്തു. പ്രതിയുടെ ഹൃദയത്തില്‍ ഒരു തുള്ളി കാരുണ്യമോ മനസ്സാക്ഷിയുടെ ഒരംശമോ ഉണ്ടാകാന്‍ സാധ്യതയില്ല. ഞങ്ങള്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം വധശിക്ഷ എന്ന ആവശ്യത്തിൽനിന്ന് പിറകോട്ട് പോകില്ല.
കേസിന് സൂര്യനെ പോലെ തെളിച്ചം ഉണ്ടായിരുന്നിട്ടും ഇത് ഞങ്ങള്‍ക്ക് നീതി ലഭിച്ചിട്ടില്ല. ഈ വിഷയത്തിൽ കൊലയാളിയുടെ രാജ്യം ഇടപെട്ടു, വിദേശ മന്ത്രാലയത്തെയും എംബസിയെയും ദൈവഭക്തിയില്ലാത്ത അഭിഭാഷകരെയും ഉപയോഗിച്ച് സമ്മര്‍ദം ചെലുത്താനും, നിതീ വൈകിപ്പിക്കാനും, നീതിയെ ബ്ലാക്ക് മെയില്‍ ചെയ്യാനും, മാനസികമായും സാമ്പത്തികമായും ഞങ്ങളെ തളര്‍ത്താനും ശ്രമിച്ചു. ഞങ്ങളുടെ ആവശ്യത്തില്‍ നിന്നോ ന്യായമായ കേസില്‍ നിന്നോ ഞങ്ങള്‍ ഒരു ഇഞ്ച് പോലും പിന്നോട്ട് പോയില്ല. അവര്‍ തെറ്റായിരുന്നു, ഞങ്ങള്‍ ശരിയാണ്.
വൈകിയാലും ജുഡീഷ്യറി ഞങ്ങളെ നിരാശരാക്കിയില്ല. എന്നാല്‍ നീണ്ട നടപടിക്രമങ്ങള്‍ ഞങ്ങളെ തളര്‍ത്തി. ന്യായമായ ഒരു ഔദ്യോഗിക നിലപാടിന്റെ അഭാവത്തില്‍ ഒറ്റക്ക് നില്‍ക്കുന്നത് ഞങ്ങളുടെ വേദന കൂടുതല്‍ വഷളാക്കി. നമ്മുടെ നീതിന്യായ വ്യവസ്ഥ നീതിയുക്തമാണ്; അത് എപ്പോഴും പ്രതീക്ഷകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. എല്ലാ സമ്മര്‍ദങ്ങളും ഇടപെടലുകളും ഉണ്ടായിരുന്നിട്ടും, നമ്മുടെ നീതിന്യായ വ്യവസ്ഥ ഉറച്ചതും, വിവേകപൂര്‍ണവും, ഭീഷണിക്ക് വഴങ്ങാത്തതും വിട്ടുവീഴ്ചയില്ലാത്തതും ആയി നിലനിന്നു.
എല്ലാ തടസ്സങ്ങള്‍ക്കും ഇടപെടലുകള്‍ക്കുമെതിരെ ഒരു വലിയ കോട്ടയും അജയ്യവുമായി നിലനിന്ന നമ്മുടെ നീതിന്യായ വ്യവസ്ഥയോട് ഞങ്ങള്‍ നന്ദിയും കൃതജ്ഞതയും പ്രകടിപ്പിക്കുന്നു. വധശിക്ഷ നടപ്പാക്കുന്ന തിയതി ഉടൻ പ്രഖ്യാപിക്കണം.