യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ തത്വത്തിൽ ധാരണ ആയതായി സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ നിയമോപദേശകനും സുപ്രീംകോടതി അഭിഭാഷകനുമായ സുഭാഷ് ചന്ദ്രൻ. യെമൻ പൗരനായ തലാലിന്റെ കുടുംബം നിമിഷപ്രിയക്കു വധശിക്ഷ നൽകേണ്ട എന്ന തീരുമാനത്തിൽ എത്തിച്ചേർന്നതായി അദ്ദേഹം പറഞ്ഞു. ദയാധനത്തെ സംബന്ധിച്ചുള്ള ചർച്ചകൾ തുടരുന്നുവെന്നും സുഭാഷ് ചന്ദ്രൻ.
‘‘വധശിക്ഷ വേണ്ടെന്ന് മാത്രമാണു തത്വത്തിൽ ധാരണയായത്. വധശിക്ഷ എന്ന ആവശ്യത്തിൽ നിന്നും പിന്മാറാൻ തലാലിന്റെ കുടുംബത്തിൽ ധാരണയായിട്ടുണ്ട്. തലാലിന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ട്, അദ്ദേഹത്തിന്റെ മക്കളുമുണ്ട്. യെമനിലെ നിയമപ്രകാരം മരണപ്പെട്ടവരുടെ സ്വത്തിന്റെ അവകാശികളാണ് തീരുമാനമെടുക്കേണ്ടത്. സ്വാഭാവികമായും മക്കളും മാതാപിതാക്കളുമാണ് തീരുമാനമെടുക്കേണ്ടത്. അവർ ജീവിച്ചിരിപ്പില്ലെങ്കിൽ മാത്രമേ സഹോദരനു തീരുമാനമെടുക്കാൻ സാധിക്കുകയുള്ളൂ.
ഞങ്ങൾ ഞങ്ങളുടെ വഴിക്കാണു ചർച്ചകൾ നടത്തുന്നത്. കേന്ദ്ര സർക്കാർ ഈ ചർച്ചകളിലൊന്നും പങ്കാളിയായിട്ടില്ല. രണ്ടാഴ്ച ആയി ഞങ്ങൾ നിരന്തരം ചർച്ചകൾ നടത്തുകയാണ്. ഇന്നലെ നിർണായകമായ ഒരു ഘട്ടത്തിലാണു പറയേണ്ട കാര്യങ്ങൾ ഞങ്ങൾ പുറത്തുവിട്ടത്. ഇന്നലെ രാത്രിയോടെയാണു യെമൻ പണ്ഡിതൻ കാന്തപുരം അബൂബക്കർ മുസ്‌ലിയാരെ ബന്ധപ്പെട്ടത്. മധ്യസ്ഥർ പങ്കുവയ്ക്കുന്ന വിവരങ്ങളിൽ പുറത്തു പറയേണ്ടത് ഞങ്ങൾ അറിയിക്കുന്നുണ്ട്.’’ – സുഭാഷ് ചന്ദ്രൻ പറഞ്ഞു.