സോഷ്യല്‍ മീഡിയയില്‍ വൈറലായ സദാചാര വിഡിയോക്ക് പിന്നാലെ വിശദീകരണവുമായി പെണ്‍കുട്ടി. വീടിന് മുന്നിൽ അപരിചിതർ കാർ പാർക്ക് ചെയ്തെന്നും ആ കാറിനുള്ളിൽ കാണാൻ പാടില്ലാത്തത് നടക്കുന്നത് കണ്ടുവെന്നും ആരോപിച്ച് യുവതി ബഹളം ഉണ്ടാക്കുന്ന ദൃശ്യമാണ് നിരവധിപേര്‍ കണ്ടത്.
നിമിഷനേരം കൊണ്ട് വിഡിയോ വൈറലായതോടെ യുവതിക്ക് നേരെ സൈബറാക്രമണമുണ്ടായി. യുവതി സദാചാര പൊലീസിങ് നടത്തുകയാണെന്നും അനാവശ്യമായി മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുകയാണെന്നുമാണ് ആരോപണം. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് യുവതി രംഗത്ത് വന്നിരിക്കുകയാണ്.
ഉത്തര എന്നാണ് യുവതിയുടെ പേര്. കാറിനകത്ത് നോക്കിയ സമയത്ത് താൻ കാണാൻ പാടില്ലാത്ത രംഗം കണ്ടുവെന്നും അമ്മയോട് ഓടിച്ചെന്ന് ഇക്കാര്യം പറയുകയും, ഞങ്ങള്‍ അത് ചോദ്യം ചെയ്തപ്പോൾ യുവാവ് വിഡിയോ എടുത്ത് പ്രചരിപ്പിച്ചുവെന്നും ഉത്തര പറയുന്നു. വീടിന്റെ മുന്നിൽ എന്തിനാണ് കാർ പാർക്ക് ചെയ്തതെന്ന് മാത്രമാണ് താൻ ചോദിച്ചതെന്നും ഉത്തര പറയുന്നു.
ഇപ്പോള്‍ തനിക്ക് നേരെ നടക്കുന്ന സൈബറാക്രമണത്തിൽ കുഴപ്പമില്ലെന്നും, നാട്ടുകാർ തനിക്കൊപ്പമുണ്ടെന്നും ഉത്തര പറയുന്നു. ഈ വിഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടിട്ടുള്ളത്. അതേസമയം തങ്ങൾ ദമ്പതിമാരാണെന്നും തലവേദനയെടുത്തപ്പോൾ വാഹനം വഴിയരികിൽ ഒതുക്കിയിട്ടതാണെന്നും അനാവശ്യമായി സദാചാര പൊലീസിങ് നടത്തി യുവതി രംഗത്ത് വരുകയായിരുന്നുവെന്നുമാണ് കാറിനുള്ളിൽ ഉണ്ടായിരുന്ന ദമ്പതിമാരുടെ ആരോപണം.