പത്തനംതിട്ടയില്‍ ഹണിട്രാപ് എന്ന പേരില്‍ യുവാക്കളെ കെണിയിലാക്കി ചോര മരവിക്കുംവിധമുള്ള ക്രൂരതകള്‍ നടത്തിയ ദമ്പതികള്‍ അറസ്റ്റിലായി. കോയിപ്രം കുറവൻകുഴി മലയിൽ വീട്ടിൽ ജയേഷ് (30), ഭാര്യ രശ്മി (25) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. മനുഷ്യമനസാക്ഷി മരവിക്കും വിധത്തിലുള്ള ക്രൂരതയ്ക്കാണ് യുവാക്കള്‍ ഇരയായത്.
യുവാക്കളെ വീട്ടിലേക്ക് വിളിച്ചുവരുത്തി നഗ്നരാക്കി കട്ടിലില്‍ കിടത്തിയ ശേഷം ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ പിന്‍ അടിച്ചത് രശ്മിയാണെന്ന് യുവാക്കള്‍ മൊഴി നല്‍കി. വേദനകൊണ്ടു പുളഞ്ഞപ്പോള്‍ കാൽവിരലിലെ നഖം പ്ലെയർ ഉപയോഗിച്ച് പറിച്ചെടുക്കാൻ ശ്രമിച്ചു. കുതറി മാറിയപ്പോള്‍ ഒരു കാല്‍ പിടിച്ചുവച്ച് നഖത്തിനിടയില്‍ രശ്മി മൊട്ടുസൂചി അടിച്ചുകയറ്റി.
കമ്പിവടി കൊണ്ട് കാലിലും ശരീരത്തും ജയേഷ് അടിച്ചുകൊണ്ടിരുന്നു. കാൽമുട്ട് പൊട്ടി ചോരയൊലിച്ചു. മുറിവിൽ പെപ്പർസ്പ്രേ അടിച്ചു. കാലിൽനിന്ന് ചോര ഒലിക്കുമ്പോൾ ആഭിചാരക്രിയപോലെ എന്തൊക്കെയോ ഇരുവരും സംസാരിക്കുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ പൊട്ടിച്ചിരിച്ചു.
രക്തമൊഴുകിയപ്പോള്‍ ആഭിചാര കർമ്മങ്ങളിലേതുപോലെ ജയേഷും രശ്മിയും ‘അമ്മയെ കണ്ടു’ എന്ന് ആർത്തുവിളിച്ചുവെന്നും യുവാക്കള്‍ പറയുന്നു. മരിച്ചുപോയ ആരോ ദേഹത്തു കയറിയതുപോലെയാണ് ഇരുവരും സംസാരിച്ചതെന്നും രശ്മിയാണ് കൂടുതൽ മർദ്ദിച്ചതെന്നും യുവാക്കള്‍ മൊഴി നല്‍കി. ജയേഷ് മര്‍ദനം മൊബൈലിൽ പകർത്തുകയായിരുന്നു.
മർദ്ദിക്കുന്നതിന്റെ പത്ത് ദൃശ്യങ്ങൾ രശ്മിയുടെ ഫോണിൽ കണ്ടെത്തി. മറ്റ് ദൃശ്യങ്ങൾ ജയേഷിന്റെ ഫോണിലാണ്. ഇത് കണ്ടെടുക്കാൻ സൈബർ സെല്ലിന്റെ സഹായം തേടും. മർദ്ദനത്തിനുശേഷം യുവാക്കളെ സ്കൂട്ടറിൽ കൊണ്ടുവന്ന് പുതമൺ പാലത്തിൽ തള്ളുകയായിരുന്നു. അതുവഴിപോയ ഓട്ടോറിക്ഷക്കാരനാണ് ആദ്യം റാന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചത്.
വാരിയെല്ലുകള്‍ക്കും നട്ടെല്ലിനും പൊട്ടലുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. റാന്നി, ആലപ്പുഴ സ്വദേശികളായ യുവാക്കളാണ് കൊടുംക്രൂരതയ്ക്ക് ഇരയായത്. 2018 മുതല്‍ യുവാക്കള്‍ക്ക് ജയേഷുമായി പരിചയമുണ്ട്. ബംഗളൂരുവിലെ ക്രഷർ കമ്പനിയിൽ ഒരുമിച്ചായിരുന്നു ജോലി. അവിടെവച്ചാണ് പരിചയപ്പെടുന്നത്.
ജയേഷിനെ വിളിച്ചിട്ട് കിട്ടാതാകുമ്പോള്‍ രശ്മി യുവാക്കളുടെ നമ്പറിലേക്കു വിളിക്കുമായിരുന്നു. അങ്ങനെയാണ് രശ്മിയുമായി ബന്ധം തുടങ്ങുന്നത്. തുടര്‍ന്ന് പല ദിവസങ്ങളിലും സെക്സ് ചാറ്റ് നടത്തുകയും ബന്ധം തുടരുകയും ചെയ്തു. ആദ്യഘട്ടത്തില്‍ കൃത്യമായ വിവരം ലഭ്യമായില്ലെങ്കിലും അവിഹിത സൗഹൃദത്തിന്റെ പകവീട്ടലാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസിനു പിന്നീട് ബോധ്യപ്പെട്ടു.
പത്തനംതിട്ട ഡിവൈ.എസ്.പി ന്യൂമാന്റെയും ആറൻമുള എസ്.എച്ച്.ഒ പ്രവീണിന്റെയും നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കൂടുതൽപേർ ഇത്തരത്തിൽ പീഡനത്തിന് ഇരയായെന്ന് സംശയിക്കുന്നതിനാൽ തിരുവല്ല ഡിവൈ.എസ്.പി നന്ദകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.