പത്തനംതിട്ട കോയിപ്പുറത്ത് യുവാക്കളെ കെട്ടിയിട്ട് മർദ്ദിച്ച സംഭവം ഹണിട്രാപ്പല്ലെന്നും പകവീട്ടലാണെന്നും പൊലീസ്. പ്രധാന പ്രതിയായ ജയേഷ് തന്റെ ഭാര്യയുമായി ബന്ധം സ്ഥാപിച്ചെന്ന് സംശയിച്ച സുഹൃത്തായ വിഷ്ണുവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വിഷ്ണുവിന്റെ ബന്ധുവായ 19 വയസുകാരനും മർദനത്തിന് ഇരയായി.
പ്രധാന പ്രതിയായ ജയേഷ്, വിഷ്ണുവിന്റെ ഫോണിലെ വാട്ട്സാപ്പ് ചാറ്റുകൾ കണ്ടാണ് പ്രകോപിതനായത്. വഴക്കിനും മാപ്പ് പറച്ചിലിനും ശേഷം, ജയേഷ് വിഷ്ണുവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. കെട്ടിയിട്ട ശേഷം അതിക്രൂരമായി മർദ്ദിക്കുകയും, വഴിയിൽ ഉപേക്ഷിക്കുകയും ചെയ്തു.
വഴിയിൽ തളർന്നുകിടന്ന വിഷ്ണുവിനെ ഓട്ടോ ഡ്രൈവർമാരാണ് കണ്ടെത്തി പൊലീസിൽ ഏൽപ്പിച്ചത്. പ്രതി ജയേഷ് മാനസിക വൈകല്യങ്ങളുള്ള ഒരു സൈക്കോപാത്താണെന്ന് പൊലീസ് സംശയിക്കുന്നു. പ്രതികൾ പൊലീസുമായി സഹകരിക്കുന്നില്ലെന്നും സൂചനയുണ്ട്.