ADVERTISEMENT

‘സമാധാനത്തിന്റെ നാട്ടിലേക്ക് യാത്ര പോയതാണ്. ഒടുവിൽ അവിടെ നിന്നു ജീവൻ കയ്യിൽ പിടിച്ചു കൊണ്ടുള്ള മടക്കയാത്ര. ഈ യാത്ര ജീവിതത്തിൽ മറക്കില്ല!’- ഏറെ പ്രിയപ്പെട്ട നേപ്പാളിലേക്ക് കുടുംബവുമൊത്തുള്ള യാത്രയെപ്പറ്റി തിരുവനന്തപുരം പോത്തൻകോട് കോലിയക്കോട് ‘പെറ്റൽസ് കമ്യൂണിറ്റി’ വില്ലയിലെ ഡോ. ആർ.എസ്. പ്രവീണും കുടുംബവും പറയുന്നതിങ്ങനെ. ഭാര്യ ശ്രീജാ പ്രവീണും മക്കളായ മാളവികയ്ക്കും മയൂഖയ്ക്കുമൊപ്പം ഇക്കഴിഞ്ഞ 8ന് ആണ് ഇവർ കാഠ്മണ്ഡുവിൽ എത്തിയത്. തുടർന്ന് എവറസ്റ്റ് കൊടുമുടിക്ക് അഭിമുഖമായുള്ള ഹിൽസ്റ്റേഷൻ നാഗർകോട്ടിലെത്തി.

കലാപം രൂക്ഷമായതോടെ അവിടെ ഹോട്ടലിൽ 4 ദിവസം കുടുങ്ങി. നാഗർകോട്ടിലെ ഒരു നേപ്പാളി ടാക്സി ഡ്രൈവർ ഇവരെ സാഹസികമായി വിമാനത്താവളത്തിൽ എത്തിച്ചതോടെയാണ് മടക്കയാത്ര സാധ്യമായത്. ‘കലാപ പ്രദേശത്തെത്തിയ ഞങ്ങൾക്ക് കലാപത്തെക്കുറിച്ച് ആദ്യമൊന്നും അറിയാൻ സാധിച്ചില്ല. വാർത്തകളൊന്നും അറിയാൻ വയ്യാത്ത സ്ഥിതി. ഹോട്ടലിൽ വൈഫൈ ഇല്ല. ഫോണിൽ സമൂഹമാധ്യമങ്ങളില്ല.’ – ശ്രീജ പ്രവീൺ പറയുന്നു. ‘ഞങ്ങൾ താമസിച്ച ഹോട്ടലിൽ സഞ്ചാരികളെ സ്വീകരിച്ചത് പേടിയോടെയും  താൽപര്യക്കുറവോടെയും ആയിരുന്നു.

അതെന്തുകൊണ്ടാണെന്ന് മനസ്സിലായില്ല. ‘യോദ്ധ’ സിനിമയിൽ അവിടത്തെ കുമാരീപൂജ കണ്ടിട്ടുണ്ട്. വലിയ ആഘോഷമാണ്. കുമാരീപൂജയുടെ സമയമായിട്ടുപോലും ഒരിടത്തും പാട്ടോ ആഘോഷമോ ഇല്ല. മിക്കവാറും ഇടങ്ങൾ ആളൊഴിഞ്ഞു കിടക്കുന്നു. നാട്ടിൽ നിന്നു വിളിച്ചപ്പോഴാണ് 19 പേർ കൊല്ലപ്പെട്ടെന്ന വിവരം അറിഞ്ഞത്. ‘വൈബർ’ എന്ന ചൈനീസ് ആപ് വഴിയാണ് ഹോട്ടലിലെ ജീവനക്കാർ ആശയവിനിമയം നടത്തിയിരുന്നത്.’ അവിടെയെത്തി രണ്ടാം ദിവസം ഉച്ചയോടെ സമൂഹമാധ്യമ നിയന്ത്രണം പിൻവലിച്ചു. പക്ഷേ അന്നത്തെ ദിവസം സ്ഥിതി ഏറ്റവും രൂക്ഷമായിരുന്നു.

ഹോട്ടലിന് ഏറ്റവും  അടുത്തുള്ള പൊലീസ് സ്റ്റേഷൻ തീവച്ചു നശിപ്പിച്ചു. ഹോട്ടലുകൾ തിരഞ്ഞു പിടിച്ചായിരുന്നു ആക്രമണം. ജീവനക്കാർ ഏതു നിമിഷവും ആക്രമണം ഉണ്ടായേക്കാമെന്ന് ഭയന്നു. ഭാഗ്യത്തിന് ഭക്ഷണവിതരണം തടസ്സപ്പെട്ടില്ല.  അവിടെ ഭക്ഷ്യവസ്തുക്കൾ കാഠ്മണ്ഡുവിൽ നിന്നാണ് എത്തിക്കുന്നത്. സംഘർഷം തുടർന്നിരുന്നുവെങ്കിൽ ഭക്ഷണം കിട്ടാത്ത സ്ഥിതി വരുമായിരുന്നു. കടകൾ, സ്ഥാപനങ്ങൾ, പത്രം ഓഫിസുകൾ എന്നിവയൊക്കെ നശിപ്പിച്ചു. 

പ്രവീണിനും കുടുംബത്തിനും തങ്ങൾ കുടുങ്ങിക്കിടക്കുന്ന വിവരം ഇന്ത്യൻ എംബസിയെയും നോർക്കയെയും അറിയിക്കാൻ പറ്റിയത് ഭാഗ്യമായി. ഇവർ കുടുങ്ങിയ സ്ഥലത്ത് മറ്റ് ഇന്ത്യാക്കാർ അധികമില്ലായിരുന്നു. 11ന് രാത്രി പട്ടാളം നിയന്ത്രണം ഏറ്റെടുത്തുവെന്ന വാർത്തയെത്തി. വിമാനസർവീസ് ആരംഭിക്കുമെന്ന് അറിഞ്ഞു. എയർ ഇന്ത്യയുടെ 6 വിമാനങ്ങൾ സർവീസിന് തയാറായതോടെയാണ് മടക്കയാത്ര സാധ്യമായത്. 

ADVERTISEMENT
ADVERTISEMENT