പുതുപ്പരിയാരത്ത് യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അനൂപിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഈ മാസം പത്തിനാണ് യുവതിയായ മീരയെ അനൂപിന്റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഭർത്താവ് അനൂപുമായി മീരക്ക് നിരന്തരമായി പ്രശ്നങ്ങളുണ്ടായിരുന്നു. മാനസികമായും ശാരീരികമായും മീര പീഡനമനുഭവിച്ചിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. ഇതേ തുടർന്ന് വീട്ടിലേക്ക് പോയ മീരയെ ഭർത്താവ് തിരികെ വിളിച്ചു കൊണ്ടുവരികയായിരുന്നു. ഇതിനു പിന്നാലെയാണ് മീരയുടെ മരണം സംഭവിച്ചത്.
പൊലീസിന് ലഭിച്ച കുറിപ്പിൽ മീരക്ക് നേരെ നടന്ന പീഡനത്തെക്കുറിച്ചുള്ള സൂചനകളുണ്ടായിരുന്നു. നേരത്തെ അനൂപിനെതിരെ നടപടിയെടുക്കാൻ പൊലീസ് വൈകിയതിൽ മീരയുടെ കുടുംബം പ്രതിഷേധിച്ചിരുന്നു. മീരയുടെ രണ്ടാം വിവാഹമാണിത്. 11 വയസ്സുള്ള ഒരു മകളുണ്ട് മീരയ്ക്ക്. പൊലീസ് കേസ് രേഖപ്പെടുത്തി തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്.