ഹൃദ്രോഗിയായ അമ്മയെ രാത്രി മുഴുവൻ പരിചരിച്ചതിനാൽ ക്ലാസ് മുറിയിൽ വച്ച് ഉറങ്ങിപ്പോയ പ്ലസ് വൺ വിദ്യാർഥിനിക്ക് അധ്യാപികയുടെ മര്‍ദ്ദനം. കുട്ടിയെ തലയ്ക്കടിച്ച് പരുക്കേൽപ്പിച്ചതായി പരാതി. കൊല്ലം കിഴക്കേ കല്ലട സ്വദേശിയായ പെണ്‍കുട്ടിയെയാണ് അധ്യാപിക ഭാരമുള്ള പുസ്തകം കൊണ്ട് തലയ്ക്കടിച്ചത്.
ഉച്ചഭക്ഷണത്തിന് ശേഷം ഡസ്കില്‍ തല വച്ച് കിടന്നുറങ്ങുകയായിരുന്നു പെണ്‍കുട്ടി. സംഭവത്തില്‍ കുട്ടിയുടെ വീട്ടുകാര്‍ കിഴക്കേ കല്ലട പൊലീസില്‍ പരാതി നല്‍കി. ഹൃദ്രോഗ ബാധിതയായ അമ്മയെ രാത്രി മുഴുവന്‍ ഉറക്കമൊഴിച്ചിരുന്ന് ശുശ്രൂഷിച്ചത് പെണ്‍കുട്ടിയായിരുന്നു. പെട്ടെന്നുണ്ടായ അടിയുടെ ആഘാതത്തില്‍ തലയ്ക്ക് മരവിപ്പും അസ്വസ്ഥതയും തോന്നിയെങ്കിലും കുട്ടി ഈ വിവരം വീട്ടുകാരില്‍ നിന്നും മറച്ചുവച്ചിരുന്നു.
ഞായറാഴ്ച വൈകുന്നേരത്തോടെ പനിയും ശരീരവേദനയും അനുഭവപ്പെട്ടതോടെയാണ് കുട്ടി വീട്ടുകാരോട് ഇക്കാര്യം പങ്കുവച്ചത്. തുടർന്ന് കുണ്ടറ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. നാല് ദിവസത്തെ പൂർണ്ണ വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചു.
ഛർദ്ദി ഉണ്ടായാൽ ഉടൻ ആശുപത്രിയിലെത്തി സ്കാൻ ചെയ്യണമെന്നും നിർദ്ദേശമുണ്ട്. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് കിഴക്കേ കല്ലട പൊലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചു.