ഇഷ്‌ടപ്പെട്ട കളിയുടെ നിയമാവലി തയാറാക്കുക എന്ന ചോദ്യത്തിനുള്ള ഉത്തരത്തിൽ വ്യത്യസ്തമായ നിയമം എഴുതി ചേർത്ത മൂന്നാം ക്ലാസുകാരനെ നേരിട്ട് കണ്ട് മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും. തലശ്ശേരി ഒ. ചന്തുമേനോൻ സ്മാരക വലിയമാടാവിൽ ഗവ. യു.പി. സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി അഹാൻ അനൂപ് ആണ് സ്പീക്കറുടെ ക്ഷണപ്രകാരം നിയമസഭയിലെത്തിയത്.
"ജയിച്ചവർ തോറ്റവരെ കളിയാക്കരുത്" - ഇഷ്ടപ്പെട്ട കളിയുടെ നിയമാവലി ഇങ്ങനെ സ്വന്തം വാക്കുകളിൽ എഴുതിയാണ് അഹാൻ അനൂപ് സമൂഹത്തിന്റെ ശ്രദ്ധ ആകർഷിച്ചത്. തലശ്ശേരി ഒ. ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവ. യുപി സ്കൂളിലെ വിദ്യാർഥിയായ അഹാന്റെ ഈ ഉത്തരം ഉൾക്കൊള്ളുന്ന സന്ദേശം വളരെ വലുതാണ്.’- മുഖ്യമന്ത്രി പിണറായി വിജയൻ സമൂഹമാധ്യമത്തിൽ കുറിച്ചു.
മന്ത്രി വി. ശിവൻകുട്ടി പങ്കുവച്ച കുറിപ്പ്
‘ജയിച്ചവർ തോറ്റവരെ കളിയാക്കരുത്’... പരീക്ഷാ പേപ്പറിൽ ഈ വലിയ സന്ദേശം കുറിച്ചു വച്ച മിടുക്കനെ നിയമസഭയിൽ വച്ച് കണ്ടുമുട്ടി. തലശ്ശേരി ഒ. ചന്തുമേനോൻ സ്മാരക വലിയമാടാവിൽ ഗവ. യു.പി. സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി അഹാൻ അനൂപ് ആണ് ആ താരം. സഭയിലെത്തിയ അഹാനെ നേരിൽ കാണാനും സംസാരിക്കാനും സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ചെറിയ പ്രായത്തിൽ തന്നെ ഇത്രയും പക്വതയാർന്നതും മൂല്യവത്തായതുമായ ഒരു ചിന്ത പങ്കുവച്ച അഹാൻ ഏവർക്കും മാതൃകയാണ്.
അറിവിനൊപ്പം തിരിച്ചറിവും നേടുന്ന ഒരു തലമുറ ഇവിടെ വളർന്നുവരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവുകളിലൊന്നാണിത്. ഇതുപോലുള്ള കുഞ്ഞുങ്ങളാണ് നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ കരുത്തും ഭാവിയും. നമ്മുടെ പൊതുവിദ്യാലയങ്ങൾ ഇങ്ങനെയാണ് മുന്നേറുന്നത്. അഹാനും അവനെ ഈ നിലയിൽ ചിന്തിക്കാൻ പ്രേരിപ്പിച്ച അധ്യാപകർക്കും രക്ഷിതാക്കൾക്കും എന്റെ അഭിനന്ദനങ്ങൾ. പ്രിയപ്പെട്ട അഹാന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
മൂന്നാം ക്ലാസുകാരൻ അഹാൻ കേരള നിയമസഭയുടെ അതിഥി
'സ്പൂണും നാരങ്ങയും' കളിക്ക് ഏറ്റവും മികച്ച നിയമം കൂട്ടിച്ചേർത്ത മൂന്നാം ക്ലാസ്സുകാരൻ അഹാൻ സ്പീക്കറുടെ ക്ഷണം സ്വീകരിച്ച് നിയമസഭയിലെത്തി. മൂന്നാം ക്ലാസ് പരീക്ഷയിൽ ഇഷ്ടകളിക്ക് നിയമാവലി തയാറാക്കാനുള്ള ചോദ്യത്തിനാണ് 'സ്പൂണും നാരങ്ങയും' കളിയുടെ നിയമാവലിയിൽ "ജയിച്ചവർ തോറ്റവരെ കളിയാക്കരുത്" എന്ന് അഹാൻ തന്റെ വലിയ നിയമം എഴുതിച്ചേർത്തത്.
രാവിലെ സ്പീക്കറുടെ വസതിയായ നീതിയിലെത്തിയ അഹാൻ സ്പീക്കറോടൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു. തുടർന്ന് നിയമസഭയിലെത്തി സഭാ നടപടികൾ കാണുകയും സ്പീക്കറുടെ ചേംബറിലെത്തി കുറച്ചു സമയം ചിലവിടുകയും ചെയ്തു. സ്നേഹസമ്മാനങ്ങൾ നൽകിയാണ് അഹാനെ സ്പീക്കർ യാത്രയാക്കിയത്.
പരീക്ഷയ്ക്കു വന്ന ‘സ്‌പൂണും നാരങ്ങയും’ എന്ന കളിയുടെ നിയമാവലിയിൽ ഒടുവിലത്തെ നിയമമായി ‘ജയിച്ചവർ തോറ്റവരെ കളിയാക്കരുത്’ എന്ന് അഹാൻ അനൂപ് എഴുതിയതാണ് ഏറെ ശ്രദ്ധേയമായത്. അഹാന്റെ ഉത്തരക്കടലാസിന്റെ ചിത്രം ഉൾപ്പെടെ മന്ത്രി ശിവൻകുട്ടി നേരത്തെ കുറിപ്പിൽ പങ്കുവച്ചിരുന്നു.
ജീവിതത്തിലെ മികച്ച സന്ദേശമാണ് അഹാൻ അനൂപ് എന്ന വിദ്യാർഥി ഉത്തരക്കടലാസിൽ എഴുതിവച്ചതെന്നും അഹാന്റെ വാക്കുകൾ ചിന്തയും കൗതുകവും ഉണർത്തുന്നതാണെന്നും മന്ത്രിയുടെ പോസ്റ്റിൽ പറയുന്നു. കേരളത്തിലെ പൊതുവിദ്യാലയങ്ങൾ മുന്നേറുന്നത് ഇങ്ങനെയാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.