കേരളത്തില്‍ അമീബിക് മസ്തിഷ്കജ്വര ബാധിതർ വർധിക്കുമ്പോഴും രോഗകാരണമാകുന്ന അമീബ ശരീരത്തിൽ പ്രവേശിക്കുന്നതിനെക്കുറിച്ച് ആരോഗ്യവിദഗ്ധർ ആശയക്കുഴപ്പത്തിൽ. വെള്ളത്തിലുള്ള അമീബ മൂക്കിലൂടെയാണു തലച്ചോറിൽ പ്രവേശിക്കുന്നതെന്നാണു പൊതുധാരണ. നൈഗ്ലേരിയയാണ് ഇങ്ങനെ തലച്ചോറിൽ എത്തുന്നത്. എന്നാൽ, അകാന്തമീബ, ബാലമുത്തിയ എന്നീ അമീബകൾ ശ്വാസകോശം, മുറിവ് എന്നിവയിലൂടെ തലച്ചോറിൽ പ്രവേശിക്കാമെന്നു വിവിധ രാജ്യങ്ങളിലെ ഗവേഷണസ്ഥാപനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഈയിടെ പ്രവേശിപ്പിച്ച 14 പേരിൽ 7 പേരിലും അകാന്തമീബയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. സാഹചര്യം ഇതായിരിക്കെ മൂക്കിലൂടെ മാത്രമാണു രോഗം ബാധിക്കുന്നതെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു വിദഗ്ധർ പറയുന്നു.
വെള്ളത്തിൽ ഇറങ്ങുന്നവരുടെ ശരീരത്തിലെ തിരിച്ചറിയാൻ പോലുമാകാത്ത മുറിവിലൂടെ അമീബ തലച്ചോറിൽ എത്താൻ സാധ്യതയുണ്ട്. നിർമാണപ്രവർത്തനം നടക്കുന്ന സ്ഥലങ്ങളിലടക്കം പൊടിയിലും അമീബയുണ്ടാകാം. ഇതു ശ്വാസകോശത്തിലെത്തി സജീവമല്ലാതെ തുടരുകയും പിന്നീടു രക്തത്തിലൂടെ തലച്ചോറിൽ എത്തുകയും ചെയ്യും. മുങ്ങിക്കുളിച്ച് ഏതാനും ദിവസങ്ങൾക്കകം രോഗം ബാധിച്ചാൽ കാരണം നൈഗ്ലേരിയയാണെന്നു തീർത്തു പറയാനാകില്ല. മാസങ്ങൾക്കു മുൻപു രോഗിയുടെ ശരീരത്തിൽ അകാന്തമീബയോ ബാലമുത്തിയയോ പ്രവേശിച്ചിട്ടുണ്ടെങ്കിലോയെന്നാണ് ഡോക്ടർമാർ ചോദിക്കുന്നത്.
കിണറും ശുചിമുറി ടാങ്കും അടുത്താൽ അപകടം
കിണറും ശുചിമുറിയുടെ ടാങ്കും അടുത്തടുത്ത് ഉണ്ടാകുന്നതും വിവിധ മാലിന്യങ്ങൾ തുറന്നുവിടുന്നതുമാണ് അമീബയുടെ വളർച്ചയ്ക്ക് അനുകൂല സാഹചര്യം ഒരുക്കുന്നതെന്ന് ഡോക്ടർമാർ പറയുന്നു. വലിയ അകലമില്ലെങ്കിൽ ശുചിമുറി ടാങ്കിലെ മാലിന്യത്തിലുള്ള ബാക്ടീരിയകൾ കിണറ്റിലേക്ക് എത്തും.
അമീബയുടെ ഇഷ്ടഭക്ഷണമാണു ബാക്ടീരിയ. വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യം ജലാശയങ്ങളിൽ തള്ളുന്നതും അമീബയുടെ വളർച്ച അതിവേഗത്തിലാക്കും. നീന്തൽക്കുളങ്ങൾ ക്ലോറിനേറ്റ് ചെയ്യണമെന്നാണു നിയമമെങ്കിലും മുടികൊഴിച്ചിൽ, ചർമം കറുക്കൽ തുടങ്ങിയ പ്രശ്നങ്ങൾ കാരണം പലയിടത്തും ക്ലോറിനു പകരം ഉപ്പാണ് ഉപയോഗിക്കുന്നത്. ഈ വെള്ളത്തിൽ അമീബ നിലനിൽക്കും. കടൽവെള്ളത്തിൽ നൈഗ്ലേരിയ നിലനിൽക്കില്ലെങ്കിലും ചെറിയതോതിൽ അകാന്തമീബ വളരുമെന്നു പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ കൂടി പശ്ചാത്തലത്തിൽ അമീബവ്യാപനത്തെപ്പറ്റി കൂടുതൽ പഠനങ്ങൾ വേണം. ഓരോ ഇനം അമീബയുടെയും പ്രത്യേകതകൾ മനസ്സിലാക്കാൻ ഗവേഷണം വേണം. എല്ലാ ജലാശയങ്ങളും ശുദ്ധമായിരിക്കണമെന്ന് ഓരോരുത്തരും തീരുമാനിച്ചാൽ രോഗത്തെ അകറ്റാം.