Thursday 30 May 2019 03:08 PM IST

ഉണക്കിയും വരട്ടിയും പൊടിച്ചും ഉപ്പിലിട്ടും നാവിൽ രുചിയുടെ മേളം; പഴങ്ങൾ കേടുകൂടാതെ നാളേക്ക് കരുതിവയ്ക്കാം!

Tency Jacob

Sub Editor

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

‘ഇതെല്ലാം പണ്ട് അമ്മമാർ ചെയ്തിരുന്നതല്ലേ’ എന്നു പറഞ്ഞ് മടിപിടിച്ച് ഇരിക്കേണ്ട. മുറ്റത്ത് വിളയുന്ന ചക്കയും മാമ്പഴവും പാഴാക്കി കളയാതെ സൂക്ഷിച്ചുവയ്ക്കാൻ തുടങ്ങിയിട്ടുണ്ട് വിവേകമുള്ള പെൺകുട്ടികൾ. കുറച്ചുസമയം മാറ്റിവച്ചാൽ സൂപ്പർമാർക്കറ്റിൽ നിന്ന് പൊന്നും വില കൊടുത്ത് വാങ്ങാതെ വർഷം മുഴുവൻ ഈ പഴങ്ങളുടെ രുചി അറിയാമെന്നേ....

നന്നായി വരട്ടിയാൽ

ചക്കക്കാലം കഴിഞ്ഞും ചക്കമണം കിട്ടാൻ കൊതി തോന്നിയാൽ എന്തു ചെയ്യും? പണ്ടുപണ്ടായിരുന്നെങ്കിൽ പത്തായത്തിൽ സൂക്ഷിച്ച ചക്കഭരണി തുറന്നാൽ ചക്കവരട്ടിയതിന്റെ മണം മൂക്കിലേക്കടിച്ചു കയറുമായിരുന്നു.‘ചക്ക വരട്ടിയത്’ ഭ രണിയിൽ അടച്ചു സൂക്ഷിച്ചാൽ രണ്ടു വർഷം വരെ കേടുകൂടാതിരിക്കും. തൊടുമ്പോൾ കയ്യിൽ ഒട്ടിപിടിക്കാതിരിക്കുന്നതാണ് വരട്ടലിന്റെ പാകം.  ഓട്ടുരുളിയിൽ  ചക്കപ്പഴവും പാകത്തിന് ശർക്കരയും നെയ്യും ചേർത്ത് കരിഞ്ഞു പിടിക്കാതിരിക്കാൻ തുടരെത്തുടരെയിളക്കുക. ചെറുപഴങ്ങളും ഏത്തപ്പഴവും ഇതുപോലെ വരട്ടി സൂക്ഷിക്കാം. കഴുകി വൃത്തിയാക്കി നല്ല വെയിലത്തു വച്ചുണക്കിയ ഭരണിയിലാകണം സൂക്ഷിക്കേണ്ടത്. ഇതുകൊണ്ട് ഉണ്ണിയപ്പമോ പായസമോ  കുമ്പിളപ്പമോ ഇഷ്ടാനുസരണം എന്തു വേണമെങ്കിലും ഉണ്ടാക്കാം.

പച്ചക്കറികളിൽ കുമ്പളങ്ങയും ഇതുപോലെ വരട്ടി വ യ്ക്കാം കേട്ടോ. ഒന്നു വേവിച്ച് അരച്ചെടുത്തതിനുശേഷം  നെയ്യും മധുരവും ചേർത്ത് വരട്ടിയെടുത്താൽ മതി. പച്ചയ്ക്കു തന്നെ വരട്ടണമെങ്കിൽ നേർമയായി അരിഞ്ഞ് ചേർക്കുക. ഇളവൻ കുമ്പളങ്ങ വരട്ടിയെടുത്താൽ രുചി കൂടും.

ജാം ഉണ്ടാക്കാം  

പഴങ്ങൾ വരട്ടി വയ്ക്കുന്നതിന്റെ പുതിയ രൂപമാണ് ജാം. വീട്ടിലുണ്ടാകുന്ന തക്കാളി കൊണ്ടും ജാമുണ്ടാക്കാം. തക്കാളി അഞ്ചു മിനിറ്റ് ആവിയിൽ വേവിക്കുക. പിന്നീട് തണുത്ത വെള്ളത്തിലിട്ട് തൊലി കളയുക. ഇത് നന്നായുടച്ച് സമം പഞ്ചസാരയും അൽപം സിട്രിക് ആസിഡും ചേർത്ത് വരട്ടിയെടുക്കുക. പപ്പായ, മാമ്പഴം, കൈതച്ചക്ക, ആപ്പിൾ, ലോലോലിക്ക, ഇലുമ്പിപുളി, ചാമ്പക്ക, ജാതിക്കത്തൊണ്ട് സപ്പോട്ട തുടങ്ങിയവകൊണ്ടെല്ലാം ജാമുണ്ടാക്കാം. ചെറുതായി നുറുക്കി പഞ്ചസാര ചേർത്ത് വേവിച്ച് ജാം പരുവമാകുമ്പോൾ ഒരു ചെറിയ സ്പൂൺ സിട്രിക് ആസിഡ് ചേർത്തെടുക്കുക. ഉണങ്ങിയ കുപ്പികളിലാക്കി സൂക്ഷിക്കാം.

മൂത്തവർ ചൊല്ലും മുതുനെല്ലിക്ക....

നെല്ലിക്ക കുരു കളഞ്ഞത് ചതയ്ക്കുക. ഒരു തുണിയി ൽ കെട്ടി പിഴിഞ്ഞെടുക്കാം. നെല്ലിക്ക നീരെടുത്ത് മധുരമിട്ടു ജ്യൂസോ അതല്ലെങ്കിൽ പച്ചമുളകും ഉപ്പും ചേർത്തുനെല്ലിക്ക സംഭാരമോ ആക്കിയെടുക്കാം. ബാക്കി വരു ന്ന പിശട് പഞ്ചസാരയും നെയ്യും ചേർത്ത് വഴറ്റിയെടുക്കുക. ചെറുതീയിൽ വേണം പാകം ചെയ്യാൻ. പാത്രത്തിൽ നിന്ന് വിട്ടു വരുന്ന പരുവമാകുമ്പോൾ എടുത്ത് കുപ്പികളിലാക്കാം. കുട്ടികൾക്ക് കൊടുക്കാൻ നല്ലതാണ്. പച്ചമാങ്ങകൊണ്ടും ഇങ്ങനെ തയാറാക്കാം. അധികം പുളിയില്ലാത്ത മാങ്ങയായിരിക്കണമെന്നുമാത്രം.

കളയാതെ കരുതിവയ്ക്കാം ചക്ക

ചക്കച്ചുള വേവിക്കാതെതന്നെ നീളത്തിലരിഞ്ഞ് പച്ചയ്ക്കു ഉണക്കിയെടുക്കാം. ഒടിച്ചാൽ ഒടിയുന്ന പരുവമാകുമ്പോൾ പൊടിച്ചെടുത്ത് കാറ്റു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിച്ചു വയ്ക്കാം. ദോശയുണ്ടാക്കുമ്പോഴോ പുട്ടോ, കുറുക്കോ തയാറാക്കുമ്പോഴോ മനോധർമമനുസരിച്ച് എന്തു പലഹാ രം ഉണ്ടാക്കുമ്പോഴും ചേർക്കാം. പ്രമേഹരോഗികൾക്ക് ഉത്ത മമാണ് ചക്കപൊടികൊണ്ടുള്ള പലഹാരങ്ങൾ.

ചക്കക്കുരു ഉണക്കി പൊടിച്ചുവച്ചാൽ ചപ്പാത്തി, പുട്ട് എ ന്നിവയുണ്ടാക്കുമ്പോൾ ചേർക്കാം. ഇഡ്ഢലി, ദോശ എന്നി വയിൽ ചേർക്കുന്നുണ്ടെങ്കിൽ ഉഴുന്നിന്റെ അളവ് കുറയ്ക്കണം. ചക്കകുരുവിന്റെ പുറത്തെ ബ്രൗൺ നിറത്തിലെ തൊലി അതിന്റെ തവിടായണ്. അതു കളയാതെതന്നെ പുഴുങ്ങിയുണക്കി പൊടിച്ചെടുക്കാം.

കപ്പയും കായയും

കപ്പ പച്ചയ്ക്ക് കൊത്തി ഉണക്കി പൊടിച്ചു വച്ചാൽ പുട്ടുണ്ടാക്കാൻ നല്ലതാണ്. ഇതുപോലെ തന്നെയാണ് കായ ഉണക്കി പൊടിക്കുന്നതും. കുഞ്ഞുങ്ങൾക്ക് ആദ്യം കൊടുക്കുന്ന ഭക്ഷണം ചെറുകായ ഉണക്കി പൊടിച്ചതാണ്. നല്ല വിളഞ്ഞ ചെറുകായോ അല്ലെങ്കിൽ ഒടിഞ്ഞു വീഴുന്ന കായകളോ ഇത്തരത്തിൽ പൊടിയാക്കി വച്ചാൽ കുട്ടികൾക്കും പ്രായമായവർക്കും രോഗികൾക്കും കൊടുക്കാം. മൈസൂർകായും, കുന്നൻകായും ഏത്തക്കായയും തുടങ്ങി വീട്ടിലുണ്ടാകുന്ന ഏതു കായകളും ഇങ്ങനെ തയാറാക്കാം. കൂവക്കിഴങ്ങിൽ നിന്ന് കൂവപ്പൊടി തയാറാക്കാം. പാത്രം വെയിലത്തുണക്കിയതല്ലെങ്കിൽ ഈർപ്പം കയറി പൂപ്പൽ പിടിക്കും.

കടച്ചക്കയും ഉണക്കി പൊടിച്ചു സൂക്ഷിക്കാം. പറിച്ചെടു    ത്ത അന്നുതന്നെ ചെയ്യുന്നതാണ് ഉത്തമം. പുഴുങ്ങിയുണക്കിയെടുത്ത കപ്പ വറുത്തെടുത്ത് പൊടിച്ച് തേങ്ങയും ശർക്കര  യും ചേർത്ത് തിരുമ്മിയെടുത്താൽ നല്ല പലഹാരമായി.

ഏതു സീസണിലും ഹെൽതി പായസം

ചക്കക്കുരു ഉണക്കി പൊടിച്ചത് ശർക്കര പാവാക്കിയതും നെയ്യുമിട്ട് വരട്ടുക. ചെറുതീയിൽ തുടരെത്തുടരെയിള   ക്കണം. പാത്രത്തിന്റെ ഇരുവശത്തുനിന്നും വിട്ടു വരുന്ന പരുവമാകുമ്പോൾ തേങ്ങാപ്പാലിന്റെ മൂന്നാം പാൽ ചേർക്കുക. കുറുകി  വരുമ്പോൾ  രണ്ടാംപാൽ  ചേർക്കാം. ന ന്നായി തിളച്ചു വരുമ്പോൾ ഏലയ്ക്ക പൊടിച്ചിട്ട ഒന്നാം പാൽ ചേർത്ത് ഇറക്കി വയ്ക്കാം. കശുവണ്ടിപരിപ്പും  ഉണ ക്ക മുന്തിരിയും നെയ്യിൽ വറുത്തു ചേർക്കുക. ഇത് കുട്ടികൾക്കു കൊടുക്കാവുന്ന ഹെൽതി പായസമാണ്.

ഉപ്പിലിട്ടതോളം വരുമോ കണ്ണിമാങ്ങ?

പണ്ടൊക്കെ പൊഴിഞ്ഞു വീഴുന്ന ഉണ്ണിമാങ്ങകൾ വരെ ഉപ്പിലിട്ടു വച്ച് അച്ചാറുണ്ടാക്കും. കേരളത്തിന്റെ സ്വന്തം അച്ചാറാണല്ലോ കടുമാങ്ങ അച്ചാർ.  കാമ്പുറപ്പുള്ള മാങ്ങകൾ അച്ചാറിനും ഉറപ്പില്ലാത്ത നാട്ടുമാങ്ങകൾ പോലുള്ളവ ഉപ്പിലിട്ടും വയ്ക്കുന്നതാണ് പതിവ്.

 ഉപ്പുമാങ്ങകളിട്ടു വച്ച ഭരണി ഒരു കൊല്ലം കഴിയുമ്പോഴേ തുറക്കൂ. ചെനച്ച മൂവാണ്ടൻ മാങ്ങയും പഴുക്കാൻ തുടങ്ങിയ നാട്ടുമാങ്ങകളും അൽപം കാന്താരി മുളകിട്ട് ഉപ്പിലിട്ടു വച്ച് ഒ രു വർഷം കഴിയുമ്പോൾ പിഴിഞ്ഞ് കൂട്ടിയാൽ ഇടങ്ങഴിയരിയുടെ ചോറുണ്ണുമത്രെ!  അമ്പഴങ്ങയും ചതുരപ്പുളിയുമൊക്കെ ഉ പ്പിലിടാൻ നല്ലതാണ്. പച്ചച്ചക്ക കുരു നീക്കിയത് തിളപ്പിച്ചാറി യ വെള്ളത്തിൽ ഉപ്പിട്ട് ഒരുകൊല്ലം വരെ സൂക്ഷിച്ചു വയ്ക്കാം.

വർഷങ്ങളോളം  സൂക്ഷിക്കാൻ മാങ്ങ  പലതരത്തിൽ അച്ചാറിട്ടു വയ്ക്കാം. മാങ്ങ ഉണക്കി തയാറാക്കുന്ന അടമാങ്ങ അ ച്ചാർ വർഷങ്ങളോളം കേടുവരാതെ ഇരിക്കും. ഈ അച്ചാർ മലബന്ധം, ദഹനക്കുറവ് എന്നിവയ്ക്ക് പ്രതിവിധിയാണ്. ഇലുമ്പൻപുളിയുണക്കിയും ഇത്തരത്തിൽ തയാറാക്കാം. നല്ല രുചിയുള്ള അച്ചാറാണ് ഉലുവ മാങ്ങ അച്ചാർ. മാങ്ങ കഴുകി തുടച്ചു കഴിഞ്ഞാൽ മാങ്ങയുടെ രണ്ടുവശത്തെയും പൂളുകൾ പൂളി വേർപെടുത്താതെ വയ്ക്കണം. ഭരണിയിൽ ഉപ്പ്, മുളകുപൊടി, ഉലുവപ്പൊടി എന്നിവ ചേർത്തിളക്കി അടച്ചു കെട്ടി വയ്ക്കുക. രണ്ടു ദിവസം കഴിഞ്ഞ് തുറന്ന് പാകം നോക്കി ആവശ്യമുള്ളവ ചേർക്കാം. നല്ലെണ്ണയിൽ മുക്കിയ തുണി മുകളിലിട്ട് വീണ്ടും അടച്ചു കെട്ടി നാലു മാസം കഴിയുമ്പോൾ ഉപയോഗിക്കാം.

വീട്ടിൽ അധികം വരുന്ന ഏതു  പച്ചക്കറിയും അച്ചാറാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഉപയോഗിക്കുന്നതിനു മുൻപ് ആ വശ്യമുള്ളത്ര ഒരു പാത്രത്തിലെടുത്ത് ചൂടുവെള്ളത്തിൽ അൽപനേരം വച്ചാൽ മതി. ചുവന്ന മുളക് വറുത്തരച്ച് ചേർത്താൽ സ്വാദു കൂടും.

കണ്ണിമാങ്ങയെന്ന കടുമാങ്ങ

കടുമാങ്ങ തയാറാക്കാൻ നല്ല പുളിയുള്ള നാടൻ മാങ്ങ കളുടെ കണ്ണിമാങ്ങപ്പരുവത്തിലുള്ളതെടുത്താൽ സൂപ്പറാണ്. ഞെട്ടു മാറ്റാതെ നന്നായി കഴുകി തുടച്ചെടുക്കു   ക.  ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്തു നന്നായി തിളപ്പിച്ച വെള്ളം തണുത്തു കഴിയുമ്പോൾ അതിലേക്ക് കണ്ണിമാങ്ങകൾ ഇട്ടു വയ്ക്കുക. മൂന്നു ദിവസം കഴിയുമ്പോൾ മാങ്ങ കോരി വെള്ളം വാലാനായി നിരത്തിയിടുക. ബാക്കി ഉപ്പുവെള്ളത്തിൽ ചുവന്നമുളകും കടുകും കുതിർത്ത് കായവും ചേർത്ത് മിനുസമായി അരച്ചെടുക്കുക. അരപ്പിലേക്ക് മാങ്ങ ചേർത്ത് ഭരണിയിലാക്കാം.

മാമ്പഴത്തെരയും ചക്കക്കാച്ചിയും

ഫ്രിഡ്ജും സൗകര്യങ്ങളും മറ്റും ഇല്ലാതിരുന്ന കാലത്ത്, ബാക്കി വരുന്ന മാമ്പഴം സൂക്ഷിച്ചു വയ്ക്കാനുള്ള പഴമക്കാരുടെ മാർഗമായിരുന്നു മാങ്ങാത്തെര അല്ലെങ്കിൽ മാങ്കാച്ച്. രാവിലെ എട്ടുമണിയാകുമ്പോഴേക്കും പനമ്പായയിലേക്ക് മാമ്പഴം പിഴിഞ്ഞൊഴിക്കണം. പിഴിഞ്ഞൊഴിക്കാൻ പറ്റാത്ത മാങ്ങയാണെങ്കിൽ തൊലി ചെത്തി അരച്ചു ചേർത്താലും മതി. പായ ഇല്ലെല്ലെങ്കിൽ പാളയിലോ മുറത്തിലോ ചെയ്താൽ മതി. ഉറുമ്പുക ൾ പുറത്തിറങ്ങുന്ന നാലു മണി സമയമാകുമ്പോഴേക്കും അകത്തേക്കെടുത്തു വച്ച് വലയിട്ടു മൂടാം. പിറ്റേന്നു കിട്ടിയ മാമ്പഴം അതിനു മീതെയാണ് പിഴിഞ്ഞൊഴിക്കേണ്ടത്. ഒരാഴ്ച തുടർച്ചയായി ചെയ്യണം. ഉണങ്ങിക്കിട്ടാൻ രണ്ടാഴ്ചയെടുക്കും. അതിനുശേഷം ചെറിയ കഷണങ്ങളായി മുറിച്ചോ പായ പോലെ ചുരുട്ടിയോ ഭരണിയിൽ സൂക്ഷിക്കാം. ഒരു വർഷത്തോളം കേടുകൂടാതെയിരിക്കും.

പഴുത്ത ചക്ക അരച്ചതോ അല്ലെങ്കിൽ ആവിയിൽ പുഴുങ്ങി വേവിച്ച് അരച്ചതോ ഓലപ്പായയിൽ തേച്ച് വെയിലത്തിട്ടുണക്കി വയ്ക്കാം. ഈ ചക്കകാച്ചി പിന്നീട് അടയോ ചക്ക പ്രഥമനോ തയാറാക്കാൻ ഉപയോഗിക്കാം. വരിക്കച്ചക്കയാണ് നല്ലത്. ഒറ്റയടിക്ക് ഒരു കുല പഴമൊക്കെ പഴുത്താൽ ബാക്കി  വരുന്ന പഴം  ഉണക്കി വയ്ക്കാം. ചെറുപഴവും ഏത്തപഴവും പഴുത്ത ചക്കപ്പഴവും എല്ലാം ഇങ്ങനെ ചെയ്യാം.

മുരിങ്ങയിലച്ചായ കുടിക്കാം

നല്ല വിളഞ്ഞ ചക്ക വൃത്തിയാക്കിയെടുത്ത് കീറി ഉപ്പു പുരട്ടി ആവിയിൽ പുഴുങ്ങി നന്നായുണക്കിയാൽ ചക്കപുഴുക്കുണ്ടാക്കാം. കൊണ്ടാട്ടമായി വറുത്തെടുക്കുകയോ നാലുമണിക്കാപ്പിക്കൊപ്പം ഉപയോഗിക്കുകയോ ചെയ്യാം. ഇടിച്ചക്കയും കടച്ചക്കയും കഷണങ്ങളാക്കി ഉപ്പു പുരട്ടി വേവിച്ച് പുഴുങ്ങി ഉണക്കി വയ്ക്കാം. കപ്പയും ഇങ്ങനെ ഉണക്കി വയ്ക്കാം. കൊത്തിയുണക്കിയാൽ പുഴുക്കാക്കാനും നീളത്തിൽ അരിഞ്ഞെടുത്താൽ വ റുക്കാനും നല്ലതാണ്.

ഇലക്കറികൾ, മത്തങ്ങ, വഴുതനങ്ങ എന്നിവയൊഴിച്ച് ഏ തു പച്ചക്കറികളും കൊണ്ടാട്ടമാക്കാം. കുറച്ചു മോരിൽ കൂടുതൽ ഉപ്പും കഷണങ്ങളും ചേർത്ത് ഒന്നു തിളപ്പിക്കുക. അതിനുശേഷം കോരി ജലാംശം വാർത്ത് വെയിലത്തിട്ട് ഉണക്കുക. പച്ചമുളകും പാവയ്ക്കയും വെണ്ടയ്ക്കയും വൈകുന്നേരമാകുമ്പോൾ തിരിച്ച് മോരിലേക്കു തന്നെയിട്ടു വയ്ക്കാം. ഒന്നു പുഴുങ്ങാതെ വെറുതെ മോരിലിട്ടു വച്ചു ഉണക്കിയെടുത്താൽ രുചിയുണ്ടാകില്ല. പയറും കോവയ്ക്കയും കുമ്പളങ്ങയും തൊലിയും കുരുവും കളയാതെ  ഉപ്പു മാത്രം  ചേർത്ത് പുഴുങ്ങിയാൽ മതി. വെറുതെ ഉപ്പും മുളകും പുരട്ടിയും ഉണക്കി വയ്ക്കാം. മാങ്ങയും ഇലുമ്പൻപുളിയും കുടമ്പുളിയും വാളൻപുളിയുമെല്ലാം ഉണക്കി വച്ചാൽ കറികളിൽ ചേർക്കാം.

മുരിങ്ങയില ധാരാളമുണ്ടാകുന്ന സമയത്ത് ഉരിഞ്ഞെടു ത്ത് നിഴലിലിട്ട് ഉണക്കിയെടുത്ത് പൊടിച്ചു വച്ചാൽ തേയിലക്കു പകരമിട്ട് ചായയുണ്ടാക്കാം. ആരോഗ്യത്തിന് നല്ലതാണ്.

ചക്കക്കുരു പൂഴിമണലിൽ സൂക്ഷിച്ചു വയ്ക്കാം. അൽപം മ ണൽ നിരത്തി മീതെ കുറച്ചു ചക്കക്കുരു ഇടുക. അതിനു മീതെ വീണ്ടും പൂഴി നിരത്തി വീണ്ടും ചക്കക്കുരുവിടുക. പല അട്ടികളായി ചക്കക്കുരു തീരുന്നതുവരെ ഇങ്ങനെ ചെയ്യാം. പുല്ലാനിയുടെ ഇലയിലും അട്ടിയിട്ടു വയ്ക്കാം. കഴുകി വെള്ളം വാർത്തു കളഞ്ഞ് ഒരു പ്ലാസ്റ്റിക് കവറിലിട്ടു വച്ചാലും വർഷം മുഴുവൻ ഇരിക്കും. മാങ്ങയണ്ടിയുടെ കട്ടിയുള്ള പുറന്തോട് കളഞ്ഞ് പരിപ്പെടുത്ത് ഉണക്കി പൊടിച്ചു വയ്ക്കുക. ഉപയോഗിക്കേണ്ട സമയമാകുമ്പോൾ വെള്ളത്തിലിട്ട് ഊറി വരുന്ന തെളി വെള്ളം കളയുക. രണ്ടുമൂന്നു പ്രാവശ്യം ആവർത്തിക്കുക. ബാക്കി വരുന്ന നൂറെടുത്ത് ശർക്കര ചേർത്ത് വഴറ്റി പായസമാക്കുകയോ ദോശയിലോ പുട്ടിലോ ചേർക്കുകയോ ചെയ്യാം. വൈറ്റമിൻ കലവറയാണ് മാങ്ങയണ്ടി പരിപ്പ്.  

ചക്ക പപ്പടം

ചക്ക അരിഞ്ഞ് ഉപ്പും മുളകും മഞ്ഞളും ചേർത്ത് നന്നായി പുഴുങ്ങണം. ആ വെള്ളത്തോടു കൂടി മിക്സിയിൽ അരച്ചെടുക്കണം. അതിനുശേഷം ഇഷ്ടാനുസരണം എള്ളോ ജീരകമോ വിതറി കുഴച്ച് ഓരോ ഉരുളകളാക്കുക.  ഒരു പാൽ കവറെടുത്ത് മൂന്നു ഭാഗം മുറിച്ച് തുറന്ന് എണ്ണ പുരട്ടി  ഓരോ ഉരുളകൾ അതിനുള്ളിൽ വെച്ച് കവർ അടച്ച് കൈകൊണ്ട് തന്നെ പരത്തിയെടുക്കണം. പിന്നീട് കോട്ടൻതുണിയിൽ വിതറിയിട്ട് വെയിലിൽ ഒന്നരയാഴ്ച  ഉണക്കിയെടുക്കാം. ഇതുപോലെ മധുരക്കിഴങ്ങും കപ്പയുമെല്ലാം പപ്പടമാക്കാം.

വിവരങ്ങൾക്കു കടപ്പാട്: പത്മിനി അന്തർജനം, കാസർകോട്.