Thursday 08 February 2018 05:01 PM IST

‘ഇതാണ് പടച്ചോന്റെ കിസ്മത്ത്’... അന്തരിച്ച നടൻ അബി വനിതയ്ക്ക് അവസാനമായി നൽകിയ അഭിമുഖം

Sujith P Nair

Sub Editor

aby6 ഫോട്ടോ: ശ്യാം ബാബു

മിക്രിയിൽ സൂപ്പർതാരമായി തിളങ്ങി നിന്നിരുന്ന കാലത്ത് അബി ആഗ്രഹിച്ചു, സിനിമയിലും നല്ല വേഷങ്ങൾ ചെയ്യണം. അറിയപ്പെടുന്ന നടനാകണം. ഇടയ്ക്ക് ചില സിനിമകളിൽ തല കാട്ടിയെങ്കിലും അബി ഒരിക്കലും സിനിമാ താരമായില്ല. എങ്കിലും ചിരിയുടെ പൂരപ്പറമ്പുകളിൽ ഒഴിവാക്കാനാകാത്ത മാലപ്പടക്കം പോലെ അയാൾ നിറഞ്ഞുനിന്നു. വർഷങ്ങൾക്കിപ്പുറം മകൻ ഷേൻ നിഗം തിയറ്ററുകൾ നിറയ്ക്കുന്ന വിജയ സിനിമയിലെ നായകനായി ഒരുപാട് ഖൽബുകൾ കീഴടക്കുമ്പോൾ അബി പറയുന്നു, ‘ഇതാണ് പടച്ചോന്റെ കിസ്മത്ത്’. കൊതിച്ചത് അച്ഛൻ, വിധിച്ചത് മകന്.

പ്രണയത്തിന്റെ കിത്താബിൽ പുതിയ ശീലുകൾ എഴുതിച്ചേർത്തു ഷേനിന്റെ ഇർഫാൻ. മകൻ നായക നിരയിലേക്ക് ചുവടുവച്ചപ്പോൾ ഏറ്റവും സന്തോഷിച്ചത് ബാപ്പയാണ്. അലസമായി പാറിപ്പറന്നു കിടക്കുന്ന മുടിയും അനുസരണയില്ലാതെ വളർന്ന താടിയുമായി ഷേൻ ഫോട്ടോഷൂട്ടിന് എത്തിയപ്പോൾ മകന്റെ മുടി കോതിയൊതുക്കുന്ന അച്ഛനായി അബി മാറി. പൊതുവേ അധികം സംസാരിക്കാത്ത ഒതുങ്ങിയ പ്രകൃതക്കാരനാണ് ഷേൻ. പക്ഷേ, സിനിമയെക്കുറിച്ചു പറയുമ്പോൾ നൂറു നാവ്. വെള്ളിത്തിരയിൽ ഒരുപാട് സ്വപ്നങ്ങൾ കാണുന്ന ഷേനൊപ്പം ബാപ്പ അബിയും ‘വനിത’യ്ക്കു വേണ്ടി ഒരുമിച്ചപ്പോള്‍...

‘ഹാപ്പി വെഡ്ഡിങ്ങി’ലെ പൊലീസുകാരനിലൂടെ അബി വീണ്ടും സിനിമയിൽ, പിന്നാലെ മകന്‍ നായകനായ സിനിമ സൂപ്പർഹിറ്റിലേക്ക്?

അബി: നീണ്ട ഇടവേളയ്ക്കു ശേഷമാണ് ‘ഹാപ്പി വെഡ്ഡിങ്ങി’ൽ അഭിനയിക്കുന്ന ത്. എന്റെ കരിയർ മുഴുവൻ അങ്ങനെയാണ്. വലിയ ഇടവേളകളാണ്. നല്ല ഒരു കഥാപാത്രം ലഭിച്ചതു കൊണ്ട് എനിക്ക് സിനിമയിൽ തിരക്കാകുമെന്ന് കരുതാൻ വയ്യ. മുൻപ് ‘കിരീടം ഇല്ലാത്ത രാജകുമാരൻ’ എന്ന സിനിമയിൽ താത്തയുടെ വേഷം ചെയ്തപ്പോൾ അന്ന് ആ സിനിമയിൽ അസോഷ്യേറ്റായിരുന്ന ലാല്‍ ജോസ് പറഞ്ഞു, ഇനി നിന്നെ പിടിച്ചാൽ കിട്ടില്ല. അപ്പൊ ഞാൻ ചോദിച്ചു, ‘അതെന്നാ ഞാൻ ഇനി ദേഹത്ത് എണ്ണ തേച്ചാണോ നടക്കുക’ എന്ന്. പിന്നെ, മൂന്നു വർഷം കഴിഞ്ഞാണ് എനിക്ക് അടുത്ത സിനിമയിൽ അവസരം ലഭിച്ചത്. ഇക്കുറി ഇതിനു മാറ്റമുണ്ടാകും എന്നു പ്രതീക്ഷിക്കാം. മകൻ കലാകാരനാകണമെന്ന് എനിക്ക് വലിയ ആഗ്രഹമായിരുന്നു. സത്യത്തിൽ സുനിലയെ പെണ്ണു കാണാൻ ചെന്നപ്പോൾത്തന്നെ മക്കളെക്കുറിച്ചുള്ള എന്റെ ഈ സ്വപ്നം പറഞ്ഞിരുന്നു. പടച്ചോന്റെ അനുഗ്രഹം കൊണ്ട് ഇപ്പോൾ അതു സഫലമായി.

aby3

 

‘കിസ്മത്തി’ലേക്ക് ഷേൻ എത്തിയത് എങ്ങനെ, അച്ഛൻ ആണോ സിനിമയിലേക്ക് വഴികാട്ടിയത്?

ഷേൻ: ദേവ് ഡി ഒക്കെ കണ്ട് രാജീവ് രവി സാറിന്റെ വലിയ ഫാനാണ് ഞാൻ. അദ്ദേഹത്തിന്റെ അന്നയും റസൂലിലും ഞാൻ അഭിനയിച്ചിരുന്നു. പറഞ്ഞു തരുന്നത് അതേ പടി ചെയ്യുകയായിരുന്നു എന്നതാണ് സത്യം. ഈ സിനിമയുടെ നിർമാണത്തിൽ അദ്ദേഹവും പങ്കാളിയാണ്. സാർ പറഞ്ഞതു പ്രകാരം സംവിധായകൻ ഷാനവാസ് കെ. ബാവക്കുട്ടിയെ കാണുകയായിരുന്നു. അവരുടെ ടീമിൽ സഹകരിക്കുന്നതു തന്നെ വലിയ കാര്യമാണ്. കഥ കേട്ടപ്പോൾ വലിയ ആവേശം തോന്നി. ബാപ്പച്ചിക്ക് സത്യത്തിൽ ഈ കഥ ഇഷ്ടപ്പെട്ടില്ല. എങ്കിലും എന്റെ തീരുമാനത്തിന് ഒപ്പം നിൽക്കുകയായിരുന്നു. സിനിമ കണ്ടപ്പോൾ ബാപ്പച്ചി എന്നെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു.

അബി: ചാനൂന് (ഷേനെ വീട്ടിൽ വിളിക്കുന്ന പേര്) സിനിമ വലിയ പാഷനാണ്. അവൻ സിനിമയിൽ എത്തിയതിന്റെ ക്രെഡിറ്റ് എനിക്കല്ല. അവന്റെ പ്രയത്നമാണ്. ഒരുപാട് സി നിമ കാണുന്ന ആളാണ് അവൻ. അഞ്ചാം വയസ്സിൽ എന്റെ കോമ‍ഡി സ്കിറ്റിൽ അഭിനയിച്ചു തുടങ്ങിയതാണ്. ടെലിവിഷ ൻ ജൂനിയർ ഡാൻസ് റിയാലിറ്റി ഷോയിൽ സെമി ഫൈനലിസ്റ്റായിരുന്നു. എന്നോടുള്ള ജനങ്ങളുടെ സ്നേഹം അവനും കിട്ടിക്കാണും. അബീടെ മോൻ എന്ന പരിഗണന പ്രേക്ഷകർ നൽകിക്കാണും.

നാലഞ്ചു വർഷം മുൻപ് ഞാൻ ഗൾഫ് പ്രോഗ്രാമിനു പോ യി മടങ്ങിയെത്തിയപ്പോൾ അവനും ഒപ്പമുണ്ടായിരുന്നു. അന്ന് ഒരാൾ ഒരു ക്യാമറ സമ്മാനിച്ചു. അതോടെ അവൻ ഷോർട്ട് ഫിലിം എടുത്തു തുടങ്ങി. അതിനു വേണ്ടി എഡിറ്റിങ് സ്വയം പഠിച്ചു. സൗബിനാണ് രാജീവിനെ പരിചയപ്പെടുത്തിയത്. സൗബിൻ വഴിയാണ് അവൻ ‘അന്നയും റസൂലിലും’ എത്തിയത്. ഞാൻ തന്നെ സിനിമയിൽ ഒന്നുമല്ല. അതുകൊണ്ടുതന്നെ വഴികാട്ടാൻ നമ്മൾ ആരുമല്ല.

 

aby5

സിനിമയ്ക്കായി ക്ലാസുകൾ ഒരുപാട് നഷ്ടപ്പെട്ടോ?

ഷേൻ: കാക്കനാട് രാ‍ജഗിരി കോളജിൽ ബിടെക് വിദ്യാർഥിയാണ്. സെം ബ്രേക്ക് നോക്കിയാണ് സിനിമയുടെ ഷൂട്ട് നിശ്ചയിച്ചത്. അതുകൊണ്ടുതന്നെ ക്ലാസുകൾ ഒരുപാടൊന്നും നഷ്ടപ്പെട്ടില്ല. ഇതു പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ടു ചെയ്ത ചെറിയൊരു സിനിമയാണ്. പൂർത്തിയാക്കാൻ ഒരുപാട് ക ഷ്ടപ്പെട്ടു. തുടക്കം മുതൽ എല്ലാ കാര്യങ്ങളിലും ഞാനും ഉ ൾപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ സാമ്പത്തിക പ്രശ്നം ഒക്കെ എനിക്കും നന്നായി മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. സിനിമ പൂർത്തിയായപ്പോൾ സത്യത്തിൽ ഞാൻ പ്രതിഫലം വാങ്ങാൻ നിൽക്കാതെ ആരോടും പറയാതെ മുങ്ങി. വിവരം അറിഞ്ഞ ഷാനവാസ് ഇക്ക വീട്ടിൽ വിളിച്ച് ഉമ്മയോട് പരാതി പറഞ്ഞു. ഉമ്മ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. സിനിമ എന്നുപറയുന്നത് പൈസയല്ല, അതൊരു ഫീലിങ്ങാണ്. ഒരുപാട് പേരുടെ സ്വപ്നമാണ്.

സിനിമയാണ് വഴിയെന്ന് തീരുമാനിച്ചോ?

ഷേൻ: അങ്ങനെ ഇപ്പോൾ തീരുമാനം എടുത്തിട്ടില്ല. ആദ്യം പഠനം പൂർത്തിയാക്കണം. എന്നിട്ടാകാം ബാക്കി കാര്യങ്ങൾ. വലിച്ചു വാരി സിനിമ ചെയ്യണമെന്നൊന്നും എനിക്കില്ല. നല്ല സിനിമകളുടെ ഭാഗമാകണം. പണം ലക്ഷ്യം വച്ചല്ല ഞാൻ സിനിമയെ സ്നേഹിച്ചത്. രാജീവ് സാറിനെപ്പോലെയുള്ളവരുടെ വർക്കുകൾ കണ്ടാണ് ഞാൻ ഈ കലയെ സ്നേഹിച്ചത്. ‘താന്തോന്നി’യിൽ പൃഥ്വിരാജിന്റെ ചെറുപ്പം അവതരിപ്പിക്കാൻ ചെന്നപ്പോഴാണ് സൗബിനിക്കയെ പരിചയപ്പെടുന്നത്. പിന്നീട് ഷോർട്ട് ഫിലിമുകൾ ചെയ്തിട്ട് ഇക്കയോടാണ് അഭിപ്രായം ചോദിച്ചിരുന്നത്. ആ പരിചയമാണ് ‘അന്നയും റസൂലും’ എന്ന സിനിമയിൽ എത്തിച്ചത്.

അതിനും മുൻപു തന്നെ ടെലിവിഷനിലെ നൃത്ത പരിപാടിയിലൂടെ താരമായി മാറിയിരുന്നല്ലോ?

ഷേൻ: സൂപ്പർ ഡാൻസർ ജൂനിയർ പരിപാടിയുടെ പരസ്യം കണ്ട് ഉമ്മയാണ് അപേക്ഷിച്ചത്. ഞാൻ ഡാൻസ് പഠിച്ചിട്ടൊ ന്നും ഉണ്ടായിരുന്നില്ല. സെലക്ട് ആയതിനു ശേഷമാണ് ഡാൻസ് പഠിക്കാൻ പോയത്. അന്ന് സെമിഫൈനൽ വരെ എത്തി. അതുകണ്ടാണ് സീരിയലിൽ അവസരം ലഭിച്ചത്. സ ത്യത്തിൽ കുട്ടിച്ചാത്തൻ എന്ന സീരിയലിൽ അഭിനയിച്ചതാണ് എന്റെ ജീവിതത്തിലെ വഴിത്തിരിവ്. അതുവഴിയാണ് ‘താന്തോന്നി’യിലേക്ക് വിളിച്ചത്.

മകൻ ന്യൂജനറേഷൻ നായകനായപ്പോൾ അച്ഛൻ നൽകിയ ഉപദേശം?

അബി‌: അങ്ങനെ പ്രത്യേകിച്ച് ഉപദേശം ഒന്നും നൽകിയില്ല. നിനക്ക് ശരിയെന്നു തോന്നുന്നത് ചെയ്യുക എന്നു മാത്രമാണ് പറഞ്ഞത്. പണ്ട് ഞാൻ അഭിനയിക്കാൻ ചെല്ലുമ്പോൾ സംവിധായകർ ഒരു സ്വാതന്ത്ര്യവും നൽകിയിരുന്നില്ല. ‘അബീ, ഇതു മിമിക്രിയല്ല... സിനിമയാണ്’ എന്ന് ഒരു പാടു തവണ കേട്ടിട്ടുണ്ട്. സ്വന്തമായി എന്തെങ്കിലും ചെയ്യാൻ ഒരിക്കലും അനുവദിച്ചിരുന്നില്ല. ഓരോ പ്രാവശ്യവും ടേക്കിനു പോകുമ്പോൾ ചങ്കിടിപ്പോടെയാകും നിൽക്കുക. പിന്നെ, ഇതൊരു വല്ലാത്ത ലോകമാണ്. ഇവിടെ പിടിച്ചു നിൽക്കാൻ കഴിവു മാത്രം പോര. ഞാനാണെങ്കിൽ ആളുകളുമായി ബന്ധം സ്ഥാപിക്കാൻ അറിയാത്ത ആളാണ്. സൗഹൃദ സദസുകളിലൊന്നും പോകാറില്ല. അതുകൊണ്ടുതന്നെ എനിക്കെതിരേ പ്രചരിച്ച നുണക്കഥകൾ പ്രതിരോധിക്കാനും കഴിഞ്ഞില്ല. അതിന്റെ ആവശ്യം ഉണ്ടെന്നും തോന്നിയില്ല. എല്ലാം പടച്ചോൻ നോക്കിക്കൊള്ളും എന്ന ആത്മവിശ്വാസമായിരുന്നു. സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് ഞാൻ സ്വന്തമായി ട്രൂപ്പ് വരെ തുടങ്ങിയത്.

aby2

അബി കരിയർ തുടങ്ങുമ്പോൾ മിമിക്രി അത്ര വലിയ കലാരുപമായിരുന്നില്ല?

അബി‌: മൃഗങ്ങളുടെ ശബ്ദം അനുകരിച്ചാണ് ഞാന്‍ തുടങ്ങി യത്. പെരുമ്പാവൂരിലായിരുന്നു കുട്ടിക്കാലം. ഒരിക്കൽ മാമാ വീട്ടിൽ എത്തിയപ്പോൾ ഇതു കേട്ടു. അമ്മയോടു ചോദിച്ച പ്പോൾ പറഞ്ഞു, ഇവിടുത്തെ ചെക്കനാണ്. എപ്പോഴും ഇ ങ്ങനെ ശബ്ദം വച്ചു നടക്കും. അദ്ദേഹമാണ് പറഞ്ഞു തന്നത് ഇതു മിമിക്രി എന്ന കലാരൂപമാണെന്ന്. നല്ല മാർക്കറ്റുണ്ടെന്നു പറഞ്ഞപ്പോൾ അമ്മയ്ക്ക് അൽപം ആശ്വാസമായി. പഠിക്കാൻ ഒരു വകയായ ചെക്കൻ ഇതുകൊണ്ടെങ്കിലും ജീവിച്ചോളും എന്നാകും പാവം ചിന്തിച്ചത്. പട്ടം സദൻ മാത്രമാണ് അന്ന് അറിയപ്പെടുന്ന മിമിക്രി താരം. ആലപ്പി അഷ്റഫൊക്കെ വ ന്നത് പിന്നീടാണ്.

ആദ്യമായി സിനിമാ താരങ്ങളുടെ ശബ്ദം അനുകരിച്ചു കേൾക്കുന്നത് ആലപ്പി അഷ്റഫിൽ നിന്നാണ്. ആളുകൾ ചിരിക്കുന്നത് കാണുമ്പോൾ നമുക്ക് കൗതുകമാണ്. അങ്ങനെ യാണ് ശബ്ദാനുകരണം തുടങ്ങിയത്. അന്ന് സിനിമ ഭ്രാന്തായിരുന്നു. വീട്ടിൽ അറിയാതെയാണ് സിനിമയ്ക്ക് പോവുക. വീട്ടിൽ അറിയാതിരിക്കാൻ രണ്ടു ദിവസങ്ങളായാകും കാണു ക. ആദ്യ ദിവസം ഇന്റർവെൽ വരെ കാണും. ബാക്കി പിറ്റേ ന്നാണ് കാണുക. പാട്ടിനോടും വരയോടും വളരെ താൽപര്യമായിരുന്നു.

അതിനിടെ ഫൂഡ് ഇൻസ്പെക്ടർ കോഴ്സ് പഠിക്കാൻ എന്നെ മുംബൈയിലേക്ക് പറഞ്ഞു വിട്ടു. മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ് എന്ന മട്ടിലായിരുന്നു അവിടെ എന്റെ അ വസ്ഥ. ധർമേന്ദ്ര, സഞ്ജീവ് കുമാർ, ശശി കപൂർ, അമിതാഭ് ബച്ചൻ, അംജത് ഖാൻ തുടങ്ങിയവരുടെ ശബ്ദമായിരുന്നു അന്ന് അനുകരിച്ചിരുന്നത്. ഇതുകേട്ട് ഒപ്പമുണ്ടായിരുന്ന ബംഗാളിയും ആസാമിയുമൊക്കെ ചിരിക്കും. അതോടെ ഞാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്റ്റാറായി. പഠനത്തിന് ശേഷം ഞാൻ അ വിടെത്തന്നെ കൂടി. അതിനിടയിൽ ചെറിയ പരിപാടികൾ കിട്ടിത്തുടങ്ങി. ഒപ്പം മാറ്റ് വിൽക്കുന്ന കമ്പനിയുടെ സെയിൽസ് റപ്രസെന്റേറ്റീവുമായി. ജീവിതം പഠിച്ചത് അവിടെ വച്ചാണ്. അറിയാവുന്ന ഇംഗ്ലീഷിൽ വച്ചു കാച്ചും. നാലു വർഷത്തോളം അവിടെ നിന്നു. ഒറ്റമുറിയിൽ ഏഴു പേരാണ് താമസിച്ചിരുന്നത്.

മുംബൈ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ എത്തി കലാരംഗത്ത് സജീവമായോ?

അബി‌: മടങ്ങിയെത്തിയതിനു ശേഷം ഞാൻ കോതമംഗലം എംഎ കോളജിൽ ഡിഗ്രിക്ക് ചേർന്നു. അതിനിടെ കലാരംഗ ത്തും സജീവമായി. അപ്പോഴാണ് പേര് അബി എന്നാക്കിയ ത്. വീട്ടിൽ വിളിക്കുന്ന പേരാണത്. ഹബീബ് മുഹമ്മദ് എ ന്നാണ് ശരിക്കുള്ള പേര്. മിമിക്രിയിൽ യൂണിവേഴ്സിറ്റി വിന്ന റായി. പിന്നീടാണ് സാഗർ തുടങ്ങിയത്. ദിലീപും ഹരിശ്രീ അശോകനും സലിം കുമാറും അടക്കമുള്ളവർ സാഗറിലുണ്ടായിരുന്നു. പത്തു പേരെ ഉൾപ്പെടുത്തിയാണ് ട്രൂപ്പ് തുടങ്ങിയത്. അതുകൊണ്ടു തന്നെ വലിയ ലാഭമൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും നമ്മുടെയും ഒപ്പമുള്ളവരുടെയും കാര്യങ്ങൾ നടന്നു പോകും. ഇപ്പോൾ സിനിമാ രംഗത്ത് സജീവമായിട്ടുള്ള മിമിക്രി പാരമ്പര്യമുള്ള പലരും സാഗറിൽ പ്രവർത്തിച്ചിട്ടുണ്ട്. ആദ്യമൊക്കെ സലിംകുമാറിന് അവസരം നൽകാൻ മറ്റുള്ളവർക്ക് മടിയായിരുന്നു. ഞാന്‍ ഇടപെട്ടാണ് അവസരം ഒരുക്കിയത്. ആദ്യ സ്റ്റേജിൽ തന്നെ സലിംകുമാർ കത്തിക്കയറി. മറ്റുള്ളവ രെ നിഷ്പ്രഭമാക്കുന്ന പ്രകടനമായിരുന്നു അന്ന് സലിം പു റത്തെടുത്തത്. സിനിമയിൽ സജീവമാകും വരെ ‍ഞങ്ങൾ ഒ രുമിച്ചുണ്ടായിരുന്നു. ഇന്നത്തെ ഒട്ടുമിക്ക പ്രമുഖ താരങ്ങളുടെയും കളരി ശരിക്കും സാഗറാണ്. പലരും അതു തുറന്നു പറയുന്നില്ല എന്നേയുള്ളൂ. ഇടയ്ക്ക് സാമ്പത്തിക ബാധ്യത മൂലം നിർത്തിയ ട്രൂപ്പ് മുന്നു വർഷം മുൻപ് വീണ്ടും തുടങ്ങി. ഇപ്പോൾ നിറയെ പരിപാടികളുമായി സജീവമാണ്.

 

ഒപ്പമുണ്ടായിരുന്നവർ സിനിമയിൽ ശ്രദ്ധിക്കപ്പെട്ടപ്പോഴും അബി തഴയപ്പെട്ടു?

അബി‌: എനിക്ക് ആരും അർഹിക്കുന്ന പരിഗണന നൽകിയിട്ടില്ല എന്നതാണ് സത്യം. അതിൽ എന്റെ പിഴവും കാണും. ഞാൻ മദ്യപിക്കില്ല. അതുകൊണ്ടുതന്നെ സിനിമയുമായി ബന്ധപ്പെട്ട അത്തരം സദസ്സുകളിൽ ഞാന്‍ പങ്കെടുത്തിരുന്നില്ല. ഇതും തിരിച്ചടിയായി. എനിക്കെതിരേ ഉയർന്ന പാരകൾ തടയാൻ ആരുമില്ലായിരുന്നു. ലാൽ ജോസിനെപ്പോലെ ചുരുക്കം പേർ സഹായിച്ചു. ലാലു ‘രസികനിൽ’ നല്ല റോൾ തന്നു. സിനിമ വിജയിക്കാതെ പോയതുകൊണ്ട് എനിക്കു ഗുണമുണ്ടായില്ല.

മിമിക്രിയിൽ അബി കിരീടം വയ്ക്കാത്ത രാജാവാണ്?

അബി‌: അത് എന്റെ വരയാണ്. ഒരു സ്റ്റേജിൽ കയറിയാൽ ജനങ്ങളെ രസിപ്പിക്കുക മാത്രമാണ് എന്റെ ലക്ഷ്യം. അടിച്ചു പൊളിച്ച് ഇറങ്ങുകയാണ് പതിവ്. സംഗീതത്തിലെപ്പോലെ ചിരിക്ക് കൃത്യമായ ചട്ടക്കൂടില്ല. രാഗവും താളവും ഒന്നും വേ ണ്ട. കേൾക്കുന്നവൻ ചിരിക്കണം. അത്രമാത്രം. ചുറ്റുപാടും നിന്നാണ് ഞാൻ നർമം കണ്ടെത്തുന്നത്. ആമിന താത്ത അ ത്തരം ഒരു കണ്ടെത്തലാണ്. ബാപ്പയുടെ ഉമ്മയാണ് മോഡൽ. എന്തും വെട്ടിത്തുറന്നു പറയും. മറ്റുള്ളവർ പറയാൻ മടിക്കുന്ന കാര്യങ്ങൾ ആമിനത്താത്തയ്ക്ക് പറയാനുള്ള ലൈസൻസുണ്ട്. ജനങ്ങൾ അതു സ്വീകരിക്കും.

സ്റ്റേജിലെ രസികൻ വീട്ടിലും അങ്ങനെയാണോ?

ഷേൻ: വീട്ടിൽ ബാപ്പച്ചി അങ്ങനെ തമാശ പറയാറില്ല. അത്യാവശ്യം വഴക്ക് പറയുന്ന ആളാണ്. ഞങ്ങൾ ആവശ്യപ്പെടുന്നത് എല്ലാം സാധിച്ചു തരും. സിനിമയുടെ കാര്യമൊന്നും വീട്ടിൽ ചർച്ച ചെയ്യാറില്ല. ഉമ്മച്ചിയോടാണ് ആവശ്യങ്ങൾ പറയുക. ഉമ്മച്ചി വഴിയാണ് അച്ഛനെ സോപ്പിടുന്നത്.

aby1

 

ഷേന്റെ അഭിനയത്തിന്റെ വിമർശകർ ആരൊക്കെയാണ്?

ഷേൻ: ഇവരാണ് എന്റെ ഏറ്റവും വലിയ വിമർശകർ (ഒപ്പമുള്ള സഹോദരിമാരായ അഹാനയെയും അലീനയെയും ചൂണ്ടിക്കൊണ്ട്). സത്യസന്ധമായി പറയുന്നത് ഇവർ മാത്രമായിരിക്കും. ബാക്കിയുള്ള പലരും മോശമാണെങ്കിലും നന്നായെന്നേ പറയൂ. ഉമ്മച്ചിയാണ് ഏറ്റവും അധികം പ്രോത്സാഹിപ്പിക്കുന്നത്. ബാപ്പച്ചി കാര്യമായി ഒന്നും പറയില്ല. എന്റെ തീരുമാനത്തിന് ഒപ്പം നിൽക്കും. വലിയൊരു നടനൊന്നും ആയിട്ടില്ല ഞാൻ. ഒരു സമയം ഒരു സിനിമ എന്നതാണ് എന്റെ നയം. എനിക്ക് പാകമുള്ള റോളുകൾ മാത്രമേ ഞാൻ ചെയ്യൂ. ഒരുപാട് പേർ വിളിക്കുന്നുണ്ട്. കുറേ കഥകൾ കേട്ടു. പറ്റിയ റോളുകൾ വരുമ്പോൾ മാത്രമേ ചെയ്യൂ. നല്ല കുറച്ചു കഥാപാത്രങ്ങൾ ചെയ്യ ണം എന്നാണ് ആഗ്രഹം.

 

മിമിക്രി കലാകാരനും നടനുമായ അബി അന്തരിച്ചു