Saturday 13 February 2021 11:46 AM IST

‘എനിക്കും വീട്ടുകാരെ വേദനിപ്പിച്ച്, ഓടിപ്പോയി കല്യാണം കഴിച്ചു ജീവിക്കാൻ താൽപര്യമുണ്ടായിരുന്നില്ല’! പ്രണയദിനത്തിൽ പ്രണയകഥ പറഞ്ഞ് യുവ

V.G. Nakul

Sub- Editor

yuva-1

തങ്ങളുടെ വിവാഹം ഉറപ്പിച്ചതിനു ശേഷമുള്ള ആദ്യ പ്രണയദിനത്തിന്റെ സന്തോഷത്തിലാണ് മലയാളത്തിന്റെ പ്രിയ മിനിസ്ക്രീൻ താരങ്ങളായ മൃദുല വിജയും യുവ കൃഷ്ണയും. ഇരുവരും ഇപ്പോൾ ‘ജീവിതത്തിന്റെ ബിഗ് സ്ക്രീനിൽ’ ഒന്നിച്ചുള്ള യാത്രയ്ക്ക് തയാറെടുക്കുകയാണ്. കുടുംബ പ്രേക്ഷകരുടെ പ്രിയ നായികയാണ് മൃദുല വിജയ്. മഞ്ഞിൽ വിരിഞ്ഞ നായകനായെത്തി ആരാധകരുടെ പ്രിയങ്കരനായ താരമാണ് യുവകൃഷ്ണ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ കഴിഞ്ഞ ഡിസംബറിൽ തിരുവനന്തപുരത്ത് വച്ചായിരുന്നു ഇവരുടെ വിവാഹനിശ്ചയം.

ഇപ്പോഴിതാ, വിവാഹ ജീവിതത്തിലേക്കു കടക്കും മുമ്പ്, തന്റെ ‘കുഞ്ഞൂട്ട’നൊപ്പമുള്ള ആദ്യ പ്രണയദിനത്തിന്റെ സന്തോഷം ‘വനിത ഓൺലൈനോട്’ പങ്കുവയ്ക്കുകയാണ് മൃദുലയുടെ ‘ഉണ്ണിയേട്ടന്‍’ ആയ യുവ.

‘‘വീട്ടുകാർ തമ്മില്‍ സംസാരിച്ച്, വിവാഹം ഉറപ്പിച്ചതിനു ശേഷമാണ് ഞങ്ങൾ തമ്മിൽ പ്രണയിച്ച് തുടങ്ങിയതെന്നതാണ് സത്യം. ഒരു വർഷം മുൻപേ പരിചയമുണ്ടെങ്കിലും ജസ്റ്റ് ഒരു ‘ഹായ്... ബൈ...’ ബന്ധമേ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ ഞങ്ങൾ കടുത്ത പ്രണയത്തിലാണ്. എല്ലാ ദിവസവും പ്രണയദിനങ്ങളും...’’. – യുവയുടെ വാക്കുകളിൽ മൃദുലയോടുള്ള പ്രണയം നിറഞ്ഞു.

yuva-3

ഇപ്പോള്‍ പ്രണയകാലം

എന്റെ വീട്ടിൽ എനിക്കു കല്യാണം ആലോചിച്ചു കൊണ്ടിരുന്ന കാലമായിരുന്നു. ഞാൻ ആഗ്രഹിച്ചത് ഒരു ആർട്ടിസ്റ്റിനെ ജീവിത പങ്കാളിയാക്കണം എന്നാണ്. എന്നാൽ മനസ്സിനിണങ്ങിയ ആരെയും കണ്ടില്ല. അതിനിടെയാണ് നടി രേഖച്ചേച്ചി മൃദുലയുടെ കാര്യം പറയുന്നത്. മൃദുലയെക്കുറിച്ച് ചേച്ചിയിൽ നിന്നു കൂടുതൽ അറി‍ഞ്ഞപ്പോൾ ഞാൻ ഇംപ്രസ്ഡ് ആയി. അങ്ങനെയാണ് വീട്ടിൽ പറഞ്ഞത്.

നിശ്ചയത്തിനു ശേഷം കല്യാണത്തിനു മുമ്പ് ചെറിയ ഇടവേള വേണം എന്ന് ഞാനാണ് നിർബന്ധം പിടിച്ചത്. പരസ്പരം മനസ്സിലാക്കാനും അടുക്കാനും കുറച്ച് സമയം വേണം. 6 മാസം കഴിഞ്ഞു മതി കല്യാണം എന്നു പറഞ്ഞു. എല്ലാവർക്കും അതു സമ്മതമായിരുന്നു. ഇപ്പോള്‍ ഞങ്ങളുടെ പ്രണയകാലമാണ്.

പ്രണയങ്ങൾ പ്രണയപരാജയങ്ങൾ

നേരത്തെ എന്റെ ജീവിതത്തിൽ പ്രണയങ്ങളും പരാജയങ്ങളും സങ്കടങ്ങളുമെല്ലാം ഉണ്ടായിട്ടുണ്ട്. അതിലൊന്നും ഒരു കുറവുമില്ല. പല കാലങ്ങളിലായി സീരിയസായ 4 പ്രണയങ്ങളുണ്ടായിരുന്നു. എല്ലാം ബ്രേക്ക് അപ്പ് ആയി. പല കാരണങ്ങളുണ്ടായിരുന്നു. എനിക്കും വീട്ടുകാരെ വേദനിപ്പിച്ച്, ഓടിപ്പോയി കല്യാണം കഴിച്ചു ജീവിക്കാൻ താൽപര്യമുണ്ടായിരുന്നില്ല. അതൊക്കെ മൃദുലയ്ക്ക് അറിയാം. ഈ പ്രണയങ്ങളെക്കുറിച്ച് മാത്രം ഞാൻ സംസാരിക്കുന്ന ഒരു വിഡിയോ യൂ ട്യൂബിൽ ഉണ്ട്. മൃദുലയ്ക്ക് അറിയാത്തതായി, അല്ലെങ്കിൽ മൃദുലയോട് ഒളിപ്പിച്ച് വച്ച് മുന്നോട്ടു കൊണ്ടു പോകേണ്ടതായി എന്റെ ജീവിതത്തില്‍ ഒന്നുമില്ല. കഴിഞ്ഞ ഒന്നര വർഷത്തോളമായി ഒരു സിങ്കിൾ ലൈഫ് ആസ്വദിക്കുകയായിരുന്നു ഞാൻ. അതിനിടെയാണ് വിവാഹം തീരുമാനിച്ചത്.

yuva-2

പ്രണയദിന സമ്മാനം നേരത്തേ

പ്രണയദിനത്തിൽ ഞങ്ങൾ തമ്മിൽ കാണാൻ സാധ്യതയില്ല. രണ്ടു പേരും രണ്ടിടത്തായി ഷൂട്ടിന്റെ തിരക്കിലാകും. അതുകൊണ്ടു ഞങ്ങൾ നേരത്തേ കണ്ട്, പ്രണയദിന സമ്മാനം കൈമാറിക്കഴിഞ്ഞു. തിരക്കൊഴിഞ്ഞ ശേഷം വീണ്ടും കാണും...

നേരിൽ കണ്ട് ഒരു വർഷം തികഞ്ഞ ദിവസം വീട്ടിൽ പറഞ്ഞു

‘‘ഞങ്ങളുടേത് പക്കാ അറേഞ്ച്ഡ് മാര്യേജാണ്. നടി രേഖ രതീഷ് വഴിയാണ് ഈ ആലോചന വന്നത്. രേഖ ചേച്ചി എന്റെയും യുവച്ചേട്ടന്റെയും പൊതു സുഹൃത്താണ്. എന്റെ വീട്ടിലും ചേട്ടന്റെ വീട്ടിലും കല്യാണ ആലോചന സജീവമായപ്പോൾ രേഖച്ചേച്ചിയാണ് എന്റെ കാര്യം യുവൻ ചേട്ടനോട് പറഞ്ഞത്. ‘നിങ്ങൾക്ക് ഒന്നിച്ചൂടേ...?’ എന്നൊരു സംസാരം വന്നപ്പോൾ, നോക്കാം എന്നു ചിന്തിക്കുകയായിരുന്നു. പിന്നീട് വീട്ടുകാർ തമ്മിൽ സംസാരിച്ച്, ജാതകം നോക്കി ഉറപ്പിക്കുകയായിരുന്നു. ഒരു വർഷമായി ഞങ്ങൾക്ക് അറിയാം. കഴിഞ്ഞ വർഷം രേഖച്ചേച്ചിയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ ചെന്നപ്പോഴാണ് ഞങ്ങൾ നേരിട്ട് ആദ്യം കണ്ടത്. ഈ വർഷം രേഖച്ചേച്ചിയുടെ പിറന്നാളിന്റെ അന്ന് അദ്ദേഹം വീട്ടിൽ പറഞ്ഞു. നേരിൽ കണ്ട് ഒരു വർഷം തികഞ്ഞ ദിവസമായിരുന്നു അന്ന്. പിന്നീട് അദ്ദേഹത്തിന്റെ ബന്ധുക്കൾ എന്റെ വീട്ടുകാരുമായി സംസാരിച്ചു. ജാതകം ചേരും വരെ ഞങ്ങൾക്ക് പ്രതീക്ഷയുണ്ടായിരുന്നില്ല. ജാതകം ചേർന്നതോടെ, ഇരു വീട്ടുകാരുടെയും പൂർണമായ സമ്മതത്തോടെ വിവാഹം ഉടൻ തീരുമാനിക്കുകയായിരുന്നു’’. – വിവാഹ വിശേഷങ്ങളെക്കുറിച്ച് മൃദുല ‘വനിത ഓൺലൈനിൽ’ മുന്‍പ് പറഞ്ഞിരുന്നു.

‘മഞ്ഞിൽ വിരിഞ്ഞ പൂവി’ലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ നടനാണ് യുവകൃഷ്ണ.

2015 മുതൽ സീരിയൽ അഭിനയത്തിൽ സജീവമായ മൃദുല വിജയ് തിരുവനന്തപുരം സ്വദേശിയാണ്. വിജയകുമാറും റാണിയുമാണ് അച്ഛനമ്മമാർ. ഏക സഹോദരി പാർവതി. സംഗീത-നൃത്ത അധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ. നന്ദിനിയും നന്ദിതയും ചേച്ചിമാർ.

അഭിനയമല്ലാതെ മാജിക്കും മെന്റലിസവുമാണ് യുവയുടെ ഇഷ്ടമേഖലകൾ. മൃദുലയ്ക്ക് നൃത്തവും. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘കൃഷ്ണതുളസി’ യിലൂടെയാണ് മൃദുല ശ്രദ്ധേയയാകുന്നത്. വിവാഹം അടുത്ത വർഷം നടത്താനാണ് ഇരുവീട്ടുകാരും തീരുമാനിച്ചിരിക്കുന്നത്.