Thursday 14 November 2019 05:07 PM IST : By സ്വന്തം ലേഖകൻ

കൊതിതീരെ വരയ്ക്കാൻ ഒരു ചുമർ അവർക്കായി മാറ്റി വയ്ക്കൂ; കണ്ണുരുട്ടലും ശാസനകളുമുള്ള ‘വീട്’ വീടല്ല

veedu

മരം വളരുന്നത് ശ്രദ്ധിച്ചിട്ടില്ലേ? സൂര്യപ്രകാശവും വളക്കൂറുള്ള മണ്ണും ഉണ്ടെങ്കിൽ തഴച്ചു വളരും. ഇല്ലെങ്കിൽ ഞെരുങ്ങിയമർന്ന് മുരടിച്ചു പോകും. അതുപോലെയാണ് കുട്ടികളും. അനുകൂല സാഹചര്യങ്ങൾ അവരുടെ വളർച്ചയ്ക്കു കരുത്തും വേഗവും പകരും. കുട്ടികളുടെ മാനസിക വളർച്ചയുടെയും ബുദ്ധിവികാസത്തിന്റെയും കാര്യത്തിൽ ഗണ്യമായ സ്വാധീനം ചെലുത്താൻ അവർ താമസിക്കുന്ന വീടിനാകും.

ബുദ്ധിവികാസത്തിന്റെ 80 ശതമാനവും ഏഴ് വയസിനുള്ളിൽ നടക്കുന്നു എന്നാണ് പഠനങ്ങൾ. എപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കാനായിരിക്കും ഈ പ്രായത്തിൽ ഇഷ്ടം. ചിലർ എവിടെയും കുത്തിവരയ്ക്കും. ചിലർ കയ്യിൽ കിട്ടുന്നതെല്ലാം അഴിച്ചുപണിയാൻ നോക്കും. വീട് വൃത്തികേടാകും എന്നു കരുതി കുട്ടികളെ വിലക്കാതിരിക്കുക. കൊതിതീരെ വരയ്ക്കാൻ ഏതെങ്കിലും ഒരു ചുമരിൽ ബ്ലാക്ക് ബോർഡ് പിടിപ്പിക്കുന്നതും ചെസ് പോലെയുള്ള കളികളുടെ കളം വരും വിധം തറയൊരുക്കുന്നതുമൊക്കെ കുട്ടികളുടെ സർഗശേഷി കൂട്ടും. അവർ വീടിനെയും ജീവിതത്തെയും കൂടുതൽ സ്നേഹിക്കും.

v2

സുരക്ഷിതത്വബോധം ലഭിക്കുന്ന ഇടമാകണം വീട്. അപ്പോൾ മാത്രമേ കുട്ടികൾ ആത്മവിശ്വാസത്തോടെ വളരൂ. അതിൽ തൊടരുത്, അവിടെ ഇരിക്കരുത് എന്നിങ്ങനെ വിലക്കേർപ്പെടുത്തുന്നത് കുട്ടികളിൽ ഭയം ജനിപ്പിക്കും. മുതിർന്നാൽപോലും പല രീതിയിൽ അത് അവരെ പിന്തുടരുകയും ചെയ്യും.

പ്രകൃതിയിൽ നിന്ന് ഊർജം സ്വീകരിക്കുമ്പോഴാണ് കുട്ടികൾ സ്വാഭാവികമായ ഉന്മേഷവും ചുറുചുറുക്കും പ്രകടിപ്പിക്കുക. എയർ കണ്ടീഷൻ ചെയ്ത മുറിയിൽ കൃത്രിമ വെളിച്ചത്തിനു കീഴെ വസിക്കുമ്പോൾ ഈ നന്മകൾ നഷ്ടമാകും. ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്നു മാത്രമല്ല, മാനസികവും ശാരീരികവുമായ വളർച്ചയെ അത് ബാധിക്കുകയും ചെയ്യും. സ്കൂളിൽ പോയിത്തുടങ്ങുന്നതിനു മുൻപ് 80– 90 ശതമാനം സമയവും കുട്ടികൾ വീടിനുളളിൽ തന്നെയാണ് ചെലവഴിക്കുന്നത് എന്ന് ഓർക്കണം. ആവശ്യത്തിനു വെളിച്ചവും ക്രോസ് വെന്റിലേഷനും ഉറപ്പാക്കി മുറികൾ ഒരുക്കുകയെന്നതാണ് ഇക്കാര്യത്തിൽ പ്രധാനം.

എപ്പോഴും പരീക്ഷണങ്ങൾക്കു മുതിരുന്നത് കുട്ടികളുടെ പ്രത്യേകതയാണ്. അതിലൂടെയാണ് അവർ പുതിയ കാര്യങ്ങൾ ഗ്രഹിക്കുന്നതും. മരത്തിലോ ജനൽക്കമ്പിയിലോ ഒെക്ക തൂങ്ങിയാടുമ്പോൾ ചിലപ്പോൾ ചെറുതായി വീണെന്നിരിക്കും. അപകടത്തിന്റെ സാധ്യതയും മുൻകരുതലും സംബന്ധിച്ച വിലയേറിയ പാഠങ്ങളാണ് കുട്ടി ഇതിലൂടെ പഠിക്കുന്നത്.

v3

വീടിനെ ഒരിക്കലും പ്രദർശന വസ്തുവായി മാറ്റരുത്. കുട്ടികൾക്ക് സ്വാതന്ത്ര്യബോധത്തോടെ ജീവിക്കാനാകണം. തൊട്ടാൽ പൊട്ടുന്നതും പെട്ടെന്ന് ചെളി പിടിക്കുന്നതുമായ പ്രതലങ്ങൾക്കും വസ്തുക്കൾക്കും പകരം പെട്ടെന്ന് വൃത്തിയാക്കാൻ കഴിയുന്ന രീതിയിലുള്ളവയാണ് കുട്ടികളുള്ള വീട്ടിൽ വേണ്ടത്.

മണ്ണിൽ ചവിട്ടി നടക്കണം, മഴ നനയണം, സൂര്യനെ മാത്രമല്ല, നക്ഷത്രങ്ങളും നിലാവും കാണണം. അപ്പോഴേ അറിവ് പൂർണമാകൂ. ഊണുമുറിയിൽ അമ്മ മുറിച്ചു നൽകുന്ന പേരയ്ക്ക കഷണം കഴിക്കുന്നതും തൊടിയിലെ പേരയിൽ നിന്ന് പേരയ്ക്ക പറിച്ച് കഴിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. മനസ്സുണ്ടെങ്കിൽ കുറഞ്ഞ സ്ഥലത്തും ഫ്ലാറ്റിലുമെല്ലാം മരങ്ങളും പൂന്തോട്ടവുമൊക്കെ പിടിപ്പിക്കാം. പഠിക്കാനുള്ളതു പോലെ കളിക്കാനും ഇത്തിരി സ്ഥലം വേണം. അത് വീടിനുള്ളിലോ പുറത്തോ ആകാം. പഴയ ടയറിൽ കയർ കെട്ടി മരത്തിന്റെ കൊമ്പിൽ തൂക്കിയാൽ പോലും കുട്ടികൾക്ക് ഇഷ്ടപ്പെടും.