ലോക്ക് ഡൗൺ ദിനങ്ങളിൽ ആശുപത്രികളിൽ എത്തിപ്പെടാൻ കഴിയാത്തവരിൽ ഏറ്റവും ആശങ്കയുള്ളവരാണ് കീമോ തെറപ്പിക്കു വിധേയമായി കൊണ്ടിരിക്കുന്ന കാൻസർ രോഗികൾ. ഏതൊക്കെ അവസ്ഥകളിലാണ് കീമോ തെറപ്പി ഒരു കാരണവശാലും ഒഴിവാക്കാൻ പാടില്ലാത്തതെന്നും കുറച്ചു ദിവസം നീട്ടിവയ്ക്കാൻ കഴിയുന്നതെന്നും മനസിലാക്കാം
അക്യൂട്ട് ലൂക്കീമിയ അഥവാ രക്താർബുദം, ഹൈ ഗ്രേഡ് ലിംഫോമ , വളരെ പെട്ടെന്നു വലുതാകുന്ന ട്യൂമറുകൾ, ഹെഡ് ആന്റ് നെക്ക് കാൻസറുകൾ തുടങ്ങിയ അവസ്ഥകളിൽ കീമോതെപ്പിയോ റേഡിയേഷനോ വൈകിപ്പിക്കാൻ പാടില്ല. നല്ല വേദന അനുഭവിക്കുന്ന കാൻസർ രോഗികൾക്കും കീമോ തെറപ്പിയോ റേഡിയേഷനോ ആകാം പരിഹാരം. ഈ അവസ്ഥയിലും കീമോ മുടക്കാൻ പാടില്ല.
കീമോ തെറപ്പി കുറച്ചു ദിവസത്തേയ്ക്ക് വൈകിപ്പിച്ചാലും ജീവനു അപകടം സംഭവിക്കാത്ത തരം അർബുദങ്ങളുണ്ട്. ആദ്യ ഘട്ടത്തിൽ കണ്ടെത്തുന്ന ഹോർമോൺ റിസെപ്റ്റർ പൊസിറ്റീവായ സ്തനാർബുദം, ഭൂരിഭാഗം പ്രോസ്റ്റേറ്റ് കാൻസറുകൾ , ലോ ഗ്രേഡ് ലിംഫോമ , തൈറോയിഡ് കാൻസർ , ഗർഭാശയത്തിനുള്ളിലെ ഭൂരിഭാഗം കാൻസറുകൾ തുടങ്ങിയവ ഉള്ളവർക്ക് കുറച്ചു ദിവസത്തേയ്ക്ക് കീമോ മാറ്റിവയ്ക്കാം. അതുപോലെ രോഗം മാറ്റാൻ അല്ലാതെ ആശ്വാസ ചികിത്സയുടെ ഭാഗമായിട്ടുള്ള രോഗികൾക്കും കീമോതെറപ്പി എടുക്കുന്നതിനായി അൽപം കാത്തിരിക്കാം. രോഗികൾ സ്വയം തീരുമാനം എടുക്കാതെ ചികിത്സിക്കുന്ന ഓങ്കോളജിസ്റ്റിന്റെ നിർദേശപ്രകാരം മാത്രമെ പ്രവർത്തിക്കാവൂ.
വീട്ടിൽ ക്വാറന്റീനിൽ കഴിയുന്ന കാൻസർ രോഗികൾ അവരുടെ ഐസോലേഷൻ കാലാവധി കഴിഞ്ഞതിനു ശേഷം മാത്രം ചികിത്സ തുടരുക. ജീവനു ഭീഷണിയാകുന്ന അടിയന്തരഘട്ടങ്ങളിൽ ചികിത്സ തേടാൻ വൈകരുത്. അക്യൂട്ട് ലൂക്കീമിയ പോലുള്ള ഉണ്ടെങ്കിൽ ചികിത്സ മുടക്കരുത് .
വിവരങ്ങൾക്ക് കടപ്പാട് :
ഡോ. ഉണ്ണി ശിവൻ പിള്ള , മെഡിക്കൽ ഓങ്കോളജിസ്റ്റ്, കാരിത്താസ് ഹോസ്പിറ്റൽ, കോട്ടയം