അമേരിക്കക്കാരൻ അമേരിക്കയ്ക്കു പോകട്ടെ ലവ്‌ലി നമുക്കു ഗോവയ്ക്കു പോകാം ...’’
യുവത്വത്തിന്റെ ആഘോഷമായി മാറിയ ‘ആനന്ദം’ എന്ന സിനിമയിലെ ഈ ഡയലോഗ് അത്ര പെട്ടെന്നു മറക്കാനാകില്ല. വിദ്യാർഥികളോടു കർക്കശക്കാരനായ ചാക്കോസാർ എന്ന എൻജിനീയറിങ് അധ്യാപകൻ തന്റെ സഹപ്രവർത്തകയോടുള്ള പ്രണയം വെളിപ്പെടുത്തിയപ്പോൾ തിയറ്ററിൽ ചിരിയുടെ അലകളുയർന്നു.
ഒരുപാടു സിനിമകളിലൂടെ കയറിയിറങ്ങിപ്പോയ മുഖമാണെങ്കിലും ഈ ‘ചാക്കോ സാറി’ന്റെ പേര് റോണി ഡേവിഡ് രാജ് എന്നാണെന്ന് പലർക്കുമറിയില്ല. അദ്ദേഹം അസ്സലൊരു ഡോക്ടറാണെന്ന് അറിയുന്നവരും ചുരുക്കം.
Passion
1996 കാലം. തിരുവനന്തപുരം എംജി കോളജിലെ പ്രീഡിഗ്രി പഠനകാലത്ത് അമച്വർ നാടകങ്ങളിൽ അഭിനയിച്ചിരുന്നു റോണി എന്ന കൗമാരക്കാരൻ. ജി. ശങ്കരപ്പിള്ളയുടെ ‘ഉമ്മാക്കി’ എന്ന നാടകത്തിൽ ഉമ്മാക്കി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് 17–ാം വയസ്സിൽ കേരള സർവകലാശാലയിലെ രണ്ടാമത്തെ മികച്ച നടനായി റോണി. അന്ന് കോളജിലും റോണി തന്നെയായിരുന്നു മികച്ച നടൻ.
‘‘ആൾക്കാരുടെ മാനറിസങ്ങൾ അനുകരിക്കാൻ ഇഷ്ടമായിരുന്നു. അതിനെ ആളുകൾ അഭിനന്ദിക്കുകയും ചെയ്തിരുന്നു– റോണി പറയുന്നു. പദ്യപാരായണം, മോണോ ആക്ട് ഇവയിലും റോണിയുടെ പ്രതിഭ തിളങ്ങി. കാലം മുൻപോട്ടു പോകവേ അഭിനയിക്കണം എന്ന ആഗ്രഹം ശക്തമായി.
മെഡിസിൻ പഠനശേഷം ചെന്നൈയിൽ ഡോക്ടറായി ജോലി ചെയ്യുന്ന കാലത്താണ് ആദ്യ സിനിമ റോണിയെ തേടിയെത്തുന്നത്– ചോക്‌ലെറ്റ്. ചെറിയൊരു വേഷം. പിന്നീട് മേജർ രവിയുടെ കുരുക്ഷേത്രയിലാണ് ഒരു ക്യാരക്റ്റർ എന്നു പറയാവുന്ന വേഷം ചെയ്യുന്നത്.
പിന്നെ ഡാഡികൂൾ, ആഗതൻ, ട്രാഫിക് , അയാളും ഞാനും തമ്മിൽ...ഷോർട് ഫിലിം ഉൾപ്പെടെ അൻപതോളം സിനിമകൾ. ചെറുതെങ്കിലും ഒാരോ കഥാപാത്രത്തിലും ഡോ. റോണിയുടെ കയ്യൊപ്പു പതിഞ്ഞിരുന്നു. ഒരു ക്യാരക്റ്റർ കിട്ടിയാൽ അത് എങ്ങനെ നല്ലതാക്കാം എന്നൊരു ചിന്ത എപ്പോഴും അദ്ദേഹത്തിന്റെ മനസ്സിലുണ്ട്. ഡോ.റോണിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ മമ്മൂട്ടിയോടൊപ്പമുള്ള ‘ഉണ്ട’യാണ്. അതിൽ അജി പീറ്റർ എന്ന ക്യാരക്റ്ററാണ്. സിനിമയിൽ ആദ്യാവസാനം പ്രാധാന്യമുള്ളൊരു വേഷം.
Profession
പ്രീഡിഗ്രികാലത്ത് സെക്കൻഡ് ഗ്രൂപ്പായിരുന്നു റോണി തിരഞ്ഞെടുത്തത്. സയൻസ് വിഷയങ്ങൾക്കു നല്ല മാർക്ക് കിട്ടിയത് മെഡിസിൻ പഠനത്തിലേക്കു നയിച്ചു. സേലത്ത് വിനായക മിഷൻ മെഡിക്കൽ കോളജിലായിരുന്നു മെഡിസിൻ പഠനം. ചെന്നൈയിൽ വടപളനിയിലെ വിജയ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡി. സയൻസസിലായിരുന്നു ആദ്യം ജോലി ചെയ്തത്. ആദ്യകാലത്ത് അഭിനയം എന്ന പാഷനുവേണ്ടി, പ്രഫഷൻ അതിനൊപ്പം നിർത്താൻ വേണ്ടി ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നു റോണി പറയുന്നു. സിനിമയിൽ തിരക്കേറിയാലും പ്രഫഷൻ വിട്ടുകളയിെല്ലന്നു ഡോ. റോണിക്കുറപ്പുണ്ട്.
സിനിമ സെറ്റിലും രോഗലക്ഷണങ്ങൾ, ടെസ്റ്റുകൾ.. ഇതേക്കുറിച്ചു സംശയവുമായി വരുന്നവരോടു സംസാരിക്കാൻ ഡോക്ടർ ശ്രദ്ധിക്കാറുണ്ട്. കൊച്ചി മഞ്ഞുമ്മലിലെ സെന്റ് ജോസഫ് ഹോസ്പിറ്റലിലാണ് ജോലി ചെയ്യുന്നത്. പുതിയ സിനിമയുടെ തിരക്കു മൂലം ചെറിയൊരു ഇടവേളയിലാണ്. ഇടപ്പള്ളിയിലാണ് വീട്. ഭാര്യ അഞ്ജു ഡെന്റിസ്റ്റാണ്. രണ്ടു മക്കൾ ജൊവാൻ, നോഹ.