ഈ ലോക് ഡൗൺ കാലത്ത് കുട്ടികളെ വീടിനുള്ളിൽ തന്നെ എങ്ങനെ മാനേജ് ചെയ്യാം എന്നതായിരുന്നു അച്ഛനമ്മമാരുടെ ഏറ്റവും വലിയ ടെൻഷൻ. പക്ഷേ, ഇപ്പോഴിതാ ചില മാതാപിതാക്കൾ ലോക് ഡൗൺ കാലത്തിനു നന്ദി പറയുകയാണ്. തങ്ങളുടെ മക്കളുടെ തിരിച്ചറിയാതെ പോകുമായിരുന്ന കഴിവുകൾ കണ്ടെത്താൻ അവസരമൊരുക്കിയത്. ഒാട്ടിസം കുട്ടികളുടെ മാതാപിതാക്കളാണ് ക്രിയേറ്റീവായ ചില ചെപ്പടിവിദ്യകളിലൂടെയും വീട്ടുജോലികളിൽ കുട്ടികളെ പങ്കെടുപ്പിച്ചും ഈ ലോക് ഡൗൺ കാലത്ത് വിജയകരമായി കുട്ടികളെ മാനേജ് ചെയ്യുന്നത്.
‘‘ ഒാട്ടിസമുള്ള കുട്ടികളെ സ്വതവേ തന്നെ അടക്കിയിരുത്താൻ പ്രയാസമാണ്. ദൈനംദിന ചിട്ടകളിൽ വരുന്ന ചെറിയൊരു മാറ്റം പോലും ഇവർക്ക് അംഗീകരിക്കാൻ പറ്റില്ല. ഏതൊരു കാര്യം ചെയ്യാനും മറ്റു കുട്ടികളേക്കാൾ അധ്വാനവും ശ്രദ്ധയും സമയവും വേണ്ടിവരും. ഒരുപാട് കഷ്ടപ്പെട്ട് ട്രെയിനിങ് കൊടുത്താണ് ഇത്തരം കുട്ടികളിൽ ചില പെരുമാറ്റശീലങ്ങൾ നേടിയെടുക്കുന്നത്. ക്ലാസ്സിൽ പോകാതെ ആയാൽ ഇതുവരെ ചെയ്തതൊക്കെ വെറുതെ ആയേക്കും എന്നൊരു പേടിയും പല മാതാപിതാക്കൾക്കും ഉണ്ടായിരുന്നു’’ കൊച്ചിയിലെ ഒാട്ടിസം സ്കിൽ ഡവലപ്മെന്റ് സർവീസ് കോ–ഒാഡിനേറ്റർ ദീപ്തി പറയുന്നു.
ലോക് ഡൗൺ തുടങ്ങിയതോടെ കുട്ടികൾക്കു മാത്രമായി ഇവർ ഒരു വാട്സ് ആപ് ഗ്രൂപ്പ് തുടങ്ങി. ഒാരോ ദിവസവും അവരവർ ചെയ്യുന്ന കാര്യങ്ങൾ ചിത്രങ്ങളായും വിഡിയോയായുംഅപ്‌ലോഡ് ചെയ്യണം. കവിത എഴുതലും പടം വരയ്ക്കലും ക്രാഫ്റ്റ് മേക്കിങും പോലെ അടുക്കളയിൽ സഹായിക്കുന്നതും കറിക്ക് അരിയുന്നതും വിറകു കീറുന്നതിനും കയ്യടി കിട്ടിയതോടെ കുട്ടികൾക്കും ആവേശമായി. അവർ ദിവസവും പുതിയ കാര്യങ്ങൾ ചെയ്യാൻ പരസ്പരം മത്സരിച്ചുശ്രമിച്ചു തുടങ്ങി. മാതാപിതാക്കളെ പോലും അദ്ഭുതപ്പെടുത്തി കുട്ടികൾ മിടുമിടുക്കരായി.
ഒരു നാരങ്ങാവെള്ളം ഉണ്ടാക്കാനുള്ള സ്െറ്റപ്പുകൾ ഒാർത്തുവച്ച് അത് പുനസൃഷ്ടിക്കാൻ പോലും ചില കുട്ടികൾക്ക് എത്രമാത്രം കഷ്ടപ്പടേണ്ടതുണ്ടെന്നോ. തങ്ങളുടെ കാലശേഷം ഈ കുട്ടികൾ എന്തു ചെയ്യുമെന്നു ചിന്തിച്ചു വിഷമിച്ചിരുന്ന മാതാപിതാക്കളെ കുട്ടികളുടെ ചെറിയൊരു നേട്ടം പോലും ആഹ്ളാദിപ്പിച്ചു. പലരും ഇത് ഫേസ്ബുക്കിൽ ഉൾപ്പെടെ പങ്കുവയ്ക്കുകയും ചെയ്തു.
‘‘എന്റെ മകൻ എപ്പോഴും പുറത്തുപോകാൻ ഇഷ്ടപ്പെടുന്ന ആളാണ്. സാധാരണ, ശനിയാഴ്ച ഞാൻ വീടെത്തുമ്പോഴേ അവൻ പുറത്തുപോകാൻ റെഡിയായി നിൽപുണ്ടാവും. അതുകൊണ്ട് വീട്ടിലിരിന്നു രണ്ടു ദിവസം കഴിയുമ്പോഴേക്കും അവൻ വയലന്റ് ആകുമെന്നാണ് ഞാൻ കരുതിയിരുന്നത്. ’’ കളമശ്ശേരിയിൽ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായ പ്രീത പറയുന്നു. പ്രീതയുടെ മകൻ ജിബിന് 19 വയസ്സാണ്.
‘‘ഈ കുട്ടികളുടെ ഒരു പ്രത്യേകത അവർക്ക് ആവശ്യമുള്ളതേ അവർ ചെയ്യൂ എന്നാണ്. നിർബന്ധിച്ച് എന്തെങ്കിലും ഒരു കാര്യം ചെയ്യിപ്പിക്കാൻ പറ്റില്ല. പക്ഷേ, എന്നെ അമ്പരപ്പിച്ചു കൊണ്ട് അവൻ ഈ ദിവസങ്ങളിൽ വീട്ടുജോലികളിലെല്ലാം സഹായിച്ചു. കൈ കഴുകലും മാസ്ക് ധരിക്കലുമൊക്കെ എങ്ങനെ പറഞ്ഞു ചെയ്യിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. പക്ഷേ, വീട്ടിലെ കൊറോണ ചർച്ചയും വാർത്ത കാണലും വഴി കുറേ കാര്യങ്ങളൊക്കെ അവൻ ഗ്രഹിച്ചെടുത്തു. പിന്നെ, ആശുപത്രി ഡ്യൂട്ടി കഴിഞ്ഞ് വന്നാലുടൻ ഞാൻ കുളിക്കും, തുണി കഴുകിയിടും. ഇതും കുട്ടി കണ്ടു പഠിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് അക്കാര്യത്തിലും ഒരു ടെൻഷനും വേണ്ടിവന്നില്ല.
കുട്ടികൾക്കായി ചെറിയ ചില ചലഞ്ചുകളും നൽകി. പാസ്സ് ദ ട്രയാംഗിൾ –ടുഗതർ എഗെയിൻസ്റ്റ് കൊറോണ എന്ന പേരിൽ ഒാരോ കുട്ടിയും നാലു ത്രികോണങ്ങൾ വരച്ച് നിറം കൊടുത്ത് കൈമാറുന്ന ഒരു ഗെയിം അതിലൊന്നാണ്. അകലെയാണെങ്കിലും കൊറോണയെ നേരിടുന്ന കാര്യത്തിൽ ഹൃദയം കൊണ്ട് നമ്മളൊന്നാണെന്ന് സൂചിപ്പിക്കാനാണ് അവർക്ക് ഈ ചലഞ്ച് നൽകിയതെന്നു ദീപ്തി പറയുന്നു.
കുട്ടികളുടെ ലോക്ഡൗൺ ആക്ടിവിറ്റി ചിത്രങ്ങൾ ഉൾപ്പെടുത്തി ‘സ്കിൽസ് അൺലോക്ക്ഡ് ഡുറിങ് ലോക്ഡൗൺ’ എന്ന പേരിൽ ഗൂഗിളിൽ ഒരു ഫോട്ടോ ആൽബം തയാറാക്കിയിട്ടുണ്ട് ഇവർ. അതുനോക്കിയാൽ അറിയാം, സാധാരണ കുട്ടികളേക്കാൾ എത്രയോ മടങ്ങ് സന്തോഷമായും ക്രിയാത്മകമായുമാണ് ഈ സ്പെഷൽ കുഞ്ഞുങ്ങൾ ലോക്ഡൗൺ ചെലവിട്ടതെന്ന്.