Monday 22 June 2020 02:54 PM IST

ഫ്ലഷ് ചെയ്യുമ്പോൾ കൊറോണ കൂടെ പോരും: പബ്ലിക് ടോയ്‌ലറ്റ് ഉപയോഗത്തിൽ അതീവ ജാഗ്രത വേണം

Asha Thomas

Senior Sub Editor, Manorama Arogyam

Flush-Toilet2

അത്യാവശ്യ സാഹചര്യങ്ങളിൽ ഒഴിച്ചു കൂടാനാവാത്തത് ആണെങ്കിലും കോവിഡ് പോലുള്ള മഹാവ്യാധികളുടെ ഈ കാലത്ത് പൊതു ശൗചാലയങ്ങളുടെ ഉപയോഗം അങ്ങേയറ്റം ശ്രദ്ധയോടെ മാത്രമേ ആകാവൂ എന്നാണ് പുതിയ പഠനഫലങ്ങൾ സൂചിപ്പിക്കുന്നത്.

ചൈനയിലെ യാങ്ഷൗ യൂണിവേഴ്സിറ്റി ഗവേഷകർ പ്രസിദ്ധീകരിച്ച പഠനമാണ് ആശങ്കയ്ക്ക് കാരണം. ടോയ്ലറ്റ് ഫ്ളഷിങ് കോവിഡ് പകരാൻ കാരണമാകുമെന്നാണ് പഠനം പറയുന്നത്. കൊറോണ ബാധിതനായ ആളുടെ വിസർജ്യത്തിലും കോറോണ വൈറസ് ഉണ്ടാകാമെന്നും ഫ്ലഷ് ചെയ്യുന്നതിന്റെ ശക്തിയിൽ വെള്ളവും വിസർജ്യം ചേർന്ന് ചുഴിപോലെ ശക്തിയിൽ കലങ്ങിമറിയുന്നതിന്റെ ഭാഗമായി വൈറസ് അടങ്ങിയ കണികകൾ (aerosols) വായുവിൽ ഉയർന്ന്‌ ചുറ്റിനും പരക്കാൻ സാധ്യതയുണ്ട്. അതവിടെ തങ്ങിനിന്ന് പിന്നീട് ടോയ്ലറ്റ് ഉപയോഗിക്കുന്നവരുടെ ശ്വാസനാളത്തിൽ കടന്നു കോവിഡ് പിടിപെടാന്‍ സാധ്യതയുണ്ടെന്നാണ് പഠനം പറയുന്നത്.

ടോയ്ലറ്റ് തുറന്നു വച്ച് ഫ്ലഷ് ചെയ്യുമ്പോൾ മൊത്തം വൈറസ് കണങ്ങളുടെ 40 ശതമാനം മുതൽ 60 ശതമാനം വരെ ടോയ്‌ലറ്റ് സീറ്റിനു മുകളിൽ ഉയർന്ന് വലിയ വിസ്തൃതിയില്‍ വ്യാപിക്കാൻ കാരണമാകും, ഈ കണങ്ങളുടെ ഉയരം ഭൂമിയിൽ നിന്ന് ഏകദേശം മൂന്നടി വരെ ഉയരത്തിലെത്താമെന്നും ഗവേഷകര്‍ പറയുന്നു.

കംപ്യൂട്ടർ മോഡലിംഗ് ഉപയോഗിച്ചാണ് ഫ്ലഷ് ചെയ്ത ടോയ്‌ലറ്റിൽ നിന്നുള്ള വെള്ളം എത്ര ഉയരത്തിൽ, എങ്ങനെ വായുവിലേക്ക് തെറിക്കും എന്നൊക്കെ ഗവേഷകര്‍ മനസ്സിലാക്കിയത്. ഫിസിക്സ് ഒാഫ് ഫ്ളൂയിഡ്സ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

തുടരെ തുടരെ ഫ്ളഷിങ് നടക്കുന്ന പൊതുശൗചാലയങ്ങളിലും വീടുകളിൽ തന്നെ ഒന്നിലധികം ആളുകൾ ഉപയോഗിക്കുന്ന ടോയ്‌ലെറ്റുകളിലും വൈറസ് സാന്ദ്രത ഉയർന്നു നിൽക്കാം.

എന്നാൽ, ടോയ്‌ലറ്റിൽ നിന്നും ഉയർന്നുപൊങ്ങുന്ന ജലകണങ്ങളിൽ കൊറോണ പടർത്താനുള്ളത്ര വൈറസ് ഉണ്ടാകുമോ എന്ന കാര്യത്തിൽ ചില തർക്കങ്ങളുണ്ട്.

എന്താണ് പരിഹാരം?

ടോയ്‌ലറ്റ് ഉപയോഗം സംബന്ധിച്ച് പണ്ടുമുതലേ നമുക്ക് ചില ആശങ്കകളുണ്ട്. പക്ഷേ, അതൊക്കെ ടോയ്‌ലറ്റ് തറയുടെയും സീറ്റിന്റെയുമൊക്കെ വൃത്തി സംബന്ധിച്ചുള്ളതായിരുന്നു. ഫ്ലഷിങ്ങിലെ അപകടത്തെക്കുറിച്ച് നാം ഇതുവരെ ചിന്തിച്ചിട്ടുപോലുമുണ്ടാകില്ല. എന്നാൽ, കോവിഡ് മാത്രമല്ല മറ്റു പല രോഗങ്ങളും ഇങ്ങനെ തുറന്നുവച്ചുള്ള ഫ്ലഷിങ് വഴി വരാമെന്നാണ് ഇപ്പോൾ ഗവേഷകർ പറയുന്നത്.

ഈ പഠനത്തിന്റെ അടിസ്ഥാനത്തിൽ ടോയ്‌ലറ്റ് ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ കൂടി ഗവേഷകർ മുൻപോട്ടു വയ്ക്കുന്നുണ്ട്.

* ക്ലോസറ്റിന്റെ ലിഡ് അടച്ചശേഷം മാത്രമേ ഫ്ലഷ് ചെയ്യാവൂ.

* ഫ്ലഷ് ബട്ടണിലും വാതിൽ ഹാൻഡിലിലും വൈറസ് കണികകൾ ഉണ്ടാകാനിടയുള്ളതിനാൽ ഫ്ലഷ് ചെയ്ത ശേഷം കൈകൾ ശ്രദ്ധാപൂർവ്വം കഴുകണം.

* അന്തരീക്ഷത്തിലു ള്ള വൈറസ് കണങ്ങള്‍ ടോയ്‌ലറ്റ് സീറ്റില്‍ വന്ന് അടിയാന്‍ സാധ്യതയുണ്ട്. അതിനാൽ ഓരോ തവണ ഉപയോഗത്തിനു മുന്‍പും ശേഷവും ടോയ്‌ലറ്റ് സീറ്റും സമീപ പ്രതലങ്ങളും അണുവിമുക്തമാക്കാന്‍ മറക്കരുത്.

ഈ പഠനം വരുന്നതിനു വളരെ മുൻപേ, മുംബൈയിലെ ധാരാവി പോലുള്ള ചേരിപ്രദേശങ്ങളിൽ കോവിഡ് പടർന്നു പിടിച്ചതിനു കാരണം പൊതു ശൗചാ ലയങ്ങളുടെ ഉപയോഗമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ സംശയം പ്രകടിപ്പിച്ചിരുന്നു. അവിടെ നടന്ന ഒരു പഠനത്തിൽ അഴുക്കു ചാലുകളിലും മറ്റും വലിയ അളവിൽ കോവിഡ് 19 വൈറസ് പാർട്ടിക്കിളുകൾ കണ്ടിരുന്നു. അതിനെ തുടർന്നാണ് അപകട സാധ്യത ഉള്ളവരെയും രോഗം സംശയിക്കുന്നവരെയും ഐസൊലേഷൻ വാർഡുകളിലേയ്ക്ക് മാറ്റാൻ നടപടി എടുത്തത്.

എന്തായാലും കോവിഡിനെ പിടിച്ചു കെട്ടണമെങ്കിൽ നമ്മുടെ ടോയ്ലറ്റ് ഉപയോഗം കൂടുതൽ ശ്രദ്ധയോടെയും വൃത്തിയോടെയും വേണമെന്നു സാരം.

Tags:
  • Manorama Arogyam
  • Health Tips