Friday 23 October 2020 12:20 PM IST

ഹൃദ്രാഗം ഇല്ലാത്തവർക്ക് പോലും ഹൃദയ തകരാറുകൾ; കോവിഡ് വെറുതെ വന്നുപോകുന്ന നിസ്സാരക്കാരനല്ല! ഡോക്ടർമാർ പറയുന്നു

Asha Thomas

Senior Sub Editor, Manorama Arogyam

heartcovid-scaled

കോവിഡ്  വെറുമൊരു വൈറൽ പനി പോലെ വന്ന് പോവുകയല്ല ചെയ്യുന്നതെന്നും ഹൃദയത്തിന് ഉൾപ്പെടെ മാരകമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നുണ്ട്  എന്നും നാം കണ്ടു കഴിഞ്ഞതാണ്. ഇപ്പോൾ  ഏറ്റവും പുതിയ പഠനങ്ങൾ പറയുന്നത് കോവിഡിനെ അതിജീവിച്ചവരിൽ,  മുൻപ് ഹൃദയ സംബന്ധിയായ പ്രശ്നങ്ങൾ ഇല്ലാതിരുന്നവരായിട്ടും, വ്യാപകമായി ഹൃദയത്തിൻറെ പ്രവർത്തന തകരാറുകൾ ഉണ്ടാകുന്നുവെന്നാണ്.

"മുൻപ് ഹൃദ്രോഗം ഇല്ലാതിരുന്നവരിൽ പോലും കോവിഡിനെ തുടർന്ന് ഹൃദയ തകരാറുകൾ വരുന്നതായി  നേരത്തെ തന്നെ തെളിഞ്ഞതാണ്."-  പ്രമുഖ  കാർഡിയോളജിസ്റ്റ് ഡോക്ടർ ജോർജ് തയ്യിൽ പറയുന്നു.  "വുഹാനിലെ  രോഗികളിൽ, നടത്തിയ പരിശോധനയിൽ  ഇത് വ്യക്തമായതാണ്. അതായത് കോവിഡ്  ശ്വാസകോശത്തിന് തിക്തഫലങ്ങൾ ഉണ്ടാക്കുന്നതിന് ഉപരിയായി ഹൃദയപേശികൾക്ക് വീക്കം ഉണ്ടാകുന്നതായും  ഹൃദയത്തിന്റെ സങ്കോചനക്ഷമത കുറയാനിടയാകുന്നതായും രോഗം  നിയന്ത്രണാതീതമായി പലർക്കും മരണംവരെ സംഭവിച്ചതായും പഠനങ്ങളിൽ കണ്ടു. ഇറ്റലിയിലും വുഹാനിലും  കോവിഡ് മൂലം മരണമടഞ്ഞവരിൽ 59% ആൾക്കാർക്ക് മയോകാർഡൈറ്റിസ് അഥവാ ഹൃദയ പേശികൾക്ക് നീർവീക്കം  ഉണ്ടായിരുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്." ഡോക്ടർ പറയുന്നു.

ഹൃദയ പ്രശ്നങ്ങൾ വ്യാപകം 

ഇപ്പോൾ, കോവിഡിനെ തുടർന്ന് ഹൃദയ പ്രവർത്തന തകരാറുകൾ  കാണുന്നത് വ്യാപകമാകുന്നുവെന്നാണ് പുതിയ ചില  വിദേശ പഠനങ്ങൾ സൂചിപ്പിക്കുന്നത്. അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ കാർഡിയോളജി ജേണലിൽ,  39 കോവിഡ് രോഗികളിൽ നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയുടെ വിശകലനത്തിൽ,  മുൻപ്  ഹൃദയ സംബന്ധിയായ  രോഗങ്ങൾ ഒന്നും ഇല്ലാതിരുന്നവരിൽ  പോലും ഹൃദയ തകരാറുകൾ  വന്നതായി  കണ്ടു.

ജാമ ജേണലിൽ തന്നെ പ്രസിദ്ധീകരിച്ച  മറ്റൊരു പഠനത്തിൽ, കോവിഡ് ഭേദമായ 100 പേരിൽ 78 ശതമാനം പേരിലും ഹൃദയ പ്രവർത്തനങ്ങൾക്ക് തകരാർ ഉള്ളതായി കണ്ടു.  ഹൃദയപേശികൾക്ക് തകരാറുള്ളതിന്റെ  സൂചനയായ ട്രോപോണിൻ എൻസൈം അളവ് കൂടുന്നത് 76 ശതമാനം പേരിലും കണ്ടു. 69% പേരിൽ മയോകാർഡിയൽ ഇൻഫ്ളമേഷൻ അഥവാ ഹൃദയ പേശികൾക്ക് നീർവീക്കം കണ്ടു.  ഇതൊക്കെ തന്നെയും ആശുപത്രിവാസം വേണ്ടി വന്നിട്ടില്ലാത്ത കോവിഡ് രോഗികളിൽ  ആയിരുന്നു എന്നതാണ് ശ്രദ്ധേയം.

ചിലരിൽ നീണ്ടു നിൽക്കാം 

"ലക്ഷണങ്ങൾ ഇല്ലാത്തവരിലും  ഹൃദയ പ്രശ്നങ്ങൾ വരുമെങ്കിലും സാധാരണഗതിയിൽ രോഗലക്ഷണമുള്ള,  ആശുപത്രിവാസം ആവശ്യമായിട്ടുള്ളവരിലാണ് ഈ ഹൃദയതകരാറുകൾ ഉള്ളതായി കാണുന്നത്." പ്രമുഖ കാർഡിയോളജിസ്റ്റ് ഡോക്ടർ ജി വിജയരാഘവൻ പറയുന്നു.

"ശരീരത്തിലെ എല്ലാ പേശികളെയും  ബാധി ക്കുന്നത് പോലെ ഹൃദയപേശികളെയും കോവിഡ്  ബാധിക്കുന്നുണ്ട്.  ഹൃദയ  പ്രവർത്തന തകരാറുകളും ഹൃദയ നാശത്തിന്റെ സൂചനയായ ട്രോപോണിൻ  നിരക്ക് ഉയർന്നതായും ഹൃദയമിടിപ്പിൽ  വ്യതിയാനങ്ങളും ആണ്  പ്രധാനമായും കാണുന്നത്.  മയോകാർഡൈറ്റിസ് വരുന്നു  എന്ന് പറയാനാവില്ല. കാരണം ബയോപ്സി പരിശോധനയിൽ പ്രത്യക്ഷത്തിൽ നീർവീക്കവും മറ്റും കാണാറില്ല.  

ശുഭകരമായ കാര്യം എന്താണെന്നു വച്ചാൽ സാധാരണ ഗതിയിൽ 100 ശതമാനം പേരിലും അത് മാറിക്കിട്ടാറുണ്ട്. എന്നാൽ  ചുരുക്കം ചിലരിൽ ഹൃദയത്തിൻറെ ഈ  പ്രവർത്തനത്തകരാറുകൾ നീണ്ടുനിൽക്കാം. ആരിലാണ് അത് സംഭവിക്കുക എന്ന് പറയാനാവില്ല.  " 

ഹൃദ്രോഗികളിലും പ്രശ്നം 

ഹൃദ്രോഗസാധ്യത ഉള്ളവരിലും ഹൃദ്രോഗം നിര്ണയിക്കപ്പെട്ടവരിലും   കോവിഡിനെ  തുടർന്ന്  രോഗം വഷളാകുന്നുന്നുവെന്ന് ഡോ.  ജോർജ് തയ്യിൽ പറയുന്നു . "രണ്ടു തരത്തിലാണ് ഇത് സംഭവിക്കുക.  ഇവരിൽ രോഗാണുബാധ വന്നുകഴിയുമ്പോൾ രക്തത്തിലെ ഓക്സിജൻ സാന്ദ്രത കുറയുകയും അങ്ങനെ  രോഗതീവ്രത കൂടുകയും ചെയ്യാം.  രണ്ടാമത് കൊറോണറി ധമനികളിലെ ബ്ലോക്കുകൾ അഥവാ കൊഴുപ്പ് നിക്ഷേപങ്ങൾ അസ്ഥിരമായി പൊട്ടി ഹൃദയാഘാതം വരാനുള്ള സാധ്യതയുമുണ്ട്.  ഇത് മരണത്തിലേക്ക് വരെ നയിക്കാം സാധാരണക്കാരിൽ കോവിഡ്  മൂലമുള്ള മരണ ശതമാനം രണ്ടിൽ  താഴെയാണെങ്കിൽ രോഗമുള്ളവരിൽ മരണസാധ്യത 12 ശതമാനം വരെ വർധിക്കുന്നതായി കണ്ടിട്ടുണ്ട്. " 

പരിശോധന വേണോ? 

കോവിഡ് രോഗികളിൽ ഹൃദയ പരിശോധനകൾ ആവശ്യമോ എന്ന് സംബന്ധിച്ച്  ചെറിയൊരു അവ്യക്തതയുണ്ട്, എന്നിരുന്നാലും സാധാരണഗതിയിൽ കോവിഡ് ആയി ആശുപത്രിവാസം വേണ്ടി വരുന്നവരിൽ മൂന്നു തവണയെങ്കിലും ട്രോപോണിൻ, ഇസിജി പരിശോധനകൾ  നടത്തുന്നതാണ് ഉത്തമം." ഡോ. വിജയരാഘവൻ പറയുന്നു.

"കോവിഡ്  ഭേദമായവരിൽ  ഉണ്ടാകുന്ന നെഞ്ചിടിപ്പ്, നെഞ്ചുവേദന, ശ്വാസംമുട്ടൽ എന്നിവ ഒരിക്കലും നിസ്സാരമായി കളയരുത് അത്തരം എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കാണുകയും വേണ്ട പരിശോധനകൾ നടത്തുകയും ചെയ്യേണ്ടതാണ് " ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു. കോവിഡ് ഭേദമായവരിൽ കൃത്യമായ ഫോളോ അപ്പ്‌ ആവശ്യമാണ് എന്നും അതിനു ഒരു ഏകീകൃത സ്വഭാവം ഉണ്ടാകണമെന്നും ഡോ.  ജോർജ് തയ്യിലും അഭിപ്രായപ്പെടുന്നു.  

Tags:
  • Manorama Arogyam