Tuesday 15 October 2019 12:49 PM IST : By സ്വന്തം ലേഖകൻ

മാറിടങ്ങളിൽ കാണുന്ന 90 ശതമാനം മുഴകളും കാൻസറല്ല! അർബുദം എങ്ങനെ ഉറപ്പിക്കാം; ചികിത്സ

bc

ഒരു വർഷം ലോകത്ത് ഒരു കോടി കാൻസർ രോഗികൾ ഉണ്ടാകുന്നുവെന്നാണു കണക്ക്. അതിൽ 10 ശതമാനം ഇന്ത്യയിലാണ്. കേരളത്തിൽ 50,000-60,000 പുതിയ കേസുകൾ വർഷംതോറും ഉണ്ടാകുന്നുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. കാൻസർ ചികിത്സ പ്രധാനമായും മൂന്നു തരത്തിലാണ്. ശസ്ത്രക്രിയ, റേഡിയേഷൻ, കീമോതെറപ്പി. അർബുദത്തിന്റെ ഘട്ടവും തരവും അനുസരിച്ച് ഏതെങ്കിലും ഒന്നുമാത്രമോ അല്ലെങ്കിൽ ഒരുമിച്ചോ പ്രയോഗിക്കുന്നു. ഒാരോ ചികിത്സയും തീരുമാനിക്കും മുൻപ് അറിയേണ്ട ചില കാര്യങ്ങളുണ്ട്. ചികിത്സ എവിടെ നടത്തണം? ഏതു ഡോക്ടറെ കാണണം? ചികിത്സയ്ക്കുള്ള പാർശ്വഫലങ്ങൾ എന്തൊക്കെ? ഇവ അറിയുന്നത് ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും ചികിത്സ നടത്താൻ സഹായകമാകും.

സർജറി

മുതിർന്നവരിൽ പ്രധാനമായും കാണുന്നത് അർബുദമുഴകളാണ് (Solid tumour). ഏതാണ്ട് 85– 88 ശതമാനം. 12–15 ശതമാനം മൈലോമ പോലുള്ള രക്താർബുദങ്ങളാണ്. ഈ 10 ശതമാനത്തിന് മരുന്നുചികിത്സയാണ് പ്രധാനം. അർബുദമുഴകളുടെ കാര്യത്തിൽ 90 ശതമാനത്തിലും പ്രധാന ചികിത്സ ശസ്ത്രക്രിയ തന്നെ. ശസ്ത്രക്രിയ ആരു ചെയ്യുന്നു എങ്ങനെ ചെയ്യുന്നു എന്നത് ചികിത്സാവിജയത്തിൽ നിർണായകമാണ്. അർബുദമുഴകൾ നീക്കുന്നതിൽ പരിചയസമ്പത്തുള്ള ഒരു സർജനെ തന്നെ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

ആദ്യ ശസ്ത്രക്രിയ പ്രധാനം

ആദ്യത്തെ ശസ്ത്രക്രിയ കൃത്യമായും പൂർണമായും ചെയ്താൽ മാത്രമേ ദീർഘകാലം മികച്ച ഗുണനിലവാരമുള്ള ജീവിതം നയിക്കാനാകൂ. സർജറി ചെയ്താൽ കാൻസർ പടരുമെന്ന ഒരു അബദ്ധധാരണയുണ്ട് പലർക്കും. എന്നാൽ ശരിയായിട്ടാണ് ചെയ്യുന്നതെങ്കിൽ അങ്ങനെ ഒരു സാധ്യതയേയും ഭയക്കേണ്ട.

നാലുതരം അർബുദങ്ങളാണ് കൂടുതൽ കാണുന്നത്. സ്തനാർബുദം, വായിലെ അർബുദം, ഗർഭാശയഗള കാൻസർ, വൻകുടൽ കാൻസർ (Colo-rectal ) എന്നിവയാണവ. ഈ നാലു കാൻസറുകളും ചേർന്നാൽ ആകെ അർബുദങ്ങളുടെ അമ്പതുശതമാനം വരും. വായിലെ അർബുദത്തിന് പ്രധാനചികിത്സ സർജറിയാണ്. റേഡിയോതെറപ്പിക്കും ഗണ്യമായ പങ്കുണ്ട്. മാറിടങ്ങളിൽ കാണുന്ന 90 ശതമാനം മുഴകളും അർബുദമായിരിക്കില്ല. 10 ശതമാനം മാത്രമാണ് അർബുദമായിട്ടുള്ളത്. അതുകൊണ്ട് ഏതുതരം മുഴയാണെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. അതല്ലാതെ, സ്തനത്തിൽ ഒരു മുഴ കണ്ടാൽ ഉടനെ തന്നെ ശസ്ത്രക്രിയ ചെയ്യുന്നത് ഗുണകരമല്ല. ഇനി മുഴ പ്രശ്നക്കാരനാണെങ്കിൽ തന്നെ അതിനെ പേടിച്ച് സ്തനം മുഴുവനായി നീക്കേണ്ടതുമില്ല. മുഴുവനായി എടുക്കുക എന്നതല്ല അസുഖമുള്ള കോശങ്ങൾ ബാക്കിവയ്ക്കാതെ എടുക്കുക എന്നതാണ് ഏറെ പ്രധാനം.

ഗർഭാശയഗള കാൻസർ ആദ്യഘട്ടത്തിൽ ആണെങ്കിൽ ഗർഭാശയഗളത്തിൽ നിന്നും കോൺ ആകൃതിയിലുള്ള ഭാഗം നീക്കിയാൽ മതിയാകും. ഇതിന് കോണൈസേഷൻ എന്നു പറയുന്നു. അല്ലെങ്കിൽ ഹിസ്റ്ററക്ടമി ചെയ്ത് ഗർഭാശയഗളവും ഗർഭാശയവും നീക്കം ചെയ്യേണ്ടിവരും. റേഡിയേഷ ൻ കൊണ്ടും ഗർഭാശയഗള കാൻസർ ചികിത്സിക്കാം.

വൻകുടൽ കാൻസറുകൾ

ഇത്തരം കാൻസറുകളുടെ ആദ്യഘട്ടത്തിൽ സർജറി തന്നെയാണ് പ്രധാനചികിത്സ. റെക്ടൽ കാൻസറുകളിൽ സാധാരണഗതിയിൽ ആദ്യം കീമോറേഡിയേഷനാകും നൽകുക. അതിനുശേഷമേ സർജറി ചെയ്യാറുള്ളു. കാൻസറിന്റെ ഘട്ടമനുസരിച്ച് കുടലും കഴലകളും മുഴുവനായോ കുടലിന്റെ ഒരു ഭാഗം മാത്രമായോ നീക്കം ചെയ്യാറുണ്ട്. ചില രോഗികളിൽ കാൻസർ പടർന്നിട്ടുണ്ടാകും, കുടലിൽ തടസ്സവുമുണ്ടാകും.ഈ ഘട്ടത്തിൽ കുടലിലെ മുഴ മൂലമുള്ള തടസ്സം മാറ്റാനായി സർജറി ചെയ്യാറുണ്ട്.

ശസ്ത്രക്രിയകൾക്ക് സാധാരണഗുരുതര പാർശ്വഫലങ്ങൾ കാണാറില്ല. മുറിവിൽ അണുബാധയുണ്ടാകാതെ സൂക്ഷിച്ചാൽ മതിയാകും. ഡോക്ടർ നിർദേശിക്കുന്ന കാര്യങ്ങൾ അ നുസരിക്കുക, നിർദേശിക്കുന്ന കാലയളവ് വിശ്രമം എടുക്കുക.

ശസ്ത്രക്രിയകളുടെ കാര്യത്തിൽ പ്രായോഗികമായി ഉപയോഗിക്കാവുന്ന നവീനരീതികളൊന്നും ഈയടുത്ത് വന്നിട്ടില്ല. കഴിഞ്ഞ 5–10 വർഷമായി നിലവിലുള്ള മാർഗങ്ങളാണ് താ ഴെ പറയുന്നത്. സ്തനാർബുദ ശസ്ത്രക്രിയയുടെ കൂടെ ഇപ്പോൾ സെന്റിനൽ നോഡ് ബയോപ്സി ചെയ്യാറുണ്ട്. അനാവശ്യമായി കഴലകൾ നീക്കുന്നത് തടയാൻ ഇതു സഹായിക്കും. പണ്ട് സ്തനാർബുദമെന്നു കണ്ടാൽ മുഴകൾക്കൊപ്പം കഴലകളും നീക്കുമായിരുന്നു. പുതിയ രീതി വന്നതോടെ ഡൈ കുത്തിവച്ച് കഴലകളിൽ അർബുദമുണ്ടോ എന്നു പരിശോധിക്കുന്നു. ഇല്ലെങ്കിൽ കഴലകൾ നീക്കേണ്ടിവരില്ല.

കീഹോൾ ശസ്ത്രക്രിയ

താക്കോൽദ്വാര രീതി എന്നറിയപ്പെടുന്ന ഈ രീതി വർഷങ്ങളായി മറ്റ് രോഗങ്ങളുടെ ശസ്ത്രക്രിയകളിൽ ഉപയോഗിച്ചുവരുന്നു. അർബുദചികിത്സയിലും ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. താരതമ്യേന ചെറിയ മുറിവു മതിയായതിനാൽ ആശുപത്രിവാസം കുറച്ചുമതി. വേദന കുറവായിരിക്കും. വേഗം മുറിവുണങ്ങുകയുംചെയ്യും. അന്നനാളം, ആമാശയം, വൻകുടൽ –മലദ്വാരം എന്നിവിടങ്ങളിലെ കാൻസറുകൾക്ക് ഇപ്പോൾ കീഹോൾ സർജറി ചെയ്യാറുണ്ട്. പരമ്പരാഗത രീതിയിലും താക്കോൽദ്വാര രീതിയിലും വിജയശതമാനം തമ്മിൽ വലിയ വ്യത്യാസമില്ല.

ലേസർ സർജറി

ലേസർ രശ്മി ഉപയോഗിച്ച് കൂടുതൽ സൂക്‌ഷ്മമായും വൃത്തിയായും മുറിവുണ്ടാക്കാൻ പറ്റും. എളുപ്പം സുഖമാവുകയും ചെയ്യും. ഹെഡ് ആൻഡ് നെക്ക് കാൻസറുകളിൽ (കവിൾ, ലാരിങ്സ് , നാവ്) പ്രധാനമായും ഉപയോഗിക്കുന്നു. തടസ്സമായി നിൽക്കുന്ന കാൻസർ മുഴകളെ തുരന്നെടുക്കാൻ ലേസർ ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന് അന്നനാളത്തിലെ തടസ്സങ്ങൾ നീക്കാൻ.

റോബട്ടിക് സർജറി

കംപ്യൂട്ടർ സഹായത്തോടെ റോബോട്ടിക് കൈകളിൽ സൂക്‌ഷ്മ ഉപകരണങ്ങൾ ഘടിപ്പിച്ച് നടത്തുന്ന സർജറിയാണിത്. സർജന് രോഗിയുടെ തൊട്ടടുത്തുനിൽക്കേണ്ട കാര്യമില്ല. ശസ്ത്രക്രിയാ മുറിയുടെ ഒരു ഭാഗത്തിരുന്ന് മോണിട്ടറിൽ നോക്കി ഉപകരണങ്ങൾ നിയന്ത്രിക്കാം. മൂത്രാശയ കാൻസറുകൾ, പ്രോസ്റ്റേറ്റ് കാൻസർ പോലുള്ള സങ്കീർണമായ കാൻസർ ശസ്ത്രക്രിയകളിൽ പ്രധാനമായും ഉപയോഗിക്കുന്നു. ചെറിയ മുറി വായിരിക്കും. വേദന കുറവായിരിക്കും. വേഗം സുഖപ്പെടും. പെട്ടെന്നു തന്നെ പതിവു ജോലികൾ തുടരാം.

മാറിടം നീക്കേണ്ട

അർബുദം ബാധിച്ച സ്തനം നീക്കേണ്ടിവരുന്നത് സ്ത്രീകൾക്ക് വൈകാരികമായ ആഘാതമുണ്ടാക്കാറുണ്ട്. ഇതുതടയാൻ സ്തനം മുഴുവൻ നീക്കാതെ രോഗമുള്ള ഭാഗം മാത്രമായി നീക്കുന്ന ശസ്ത്രക്രിയകളാണ് കൂടുതലും ചെയ്യുന്നത്. ബ്രെസ്റ്റ് കൺസർവേഷൻ ട്രീറ്റ്മെന്റ് എന്നാണ് ഇതറിയപ്പെടുന്നത്. സ്തനങ്ങൾ പുനർനിർമിക്കുന്നതിന് മൈക്രോസർജിക്കൽ ഫ്രീ ഫ്ളാപ് ബ്രെസ്റ്റ് റീ കൺസ്ട്രക്ഷൻ എന്ന രീതി വ ന്നിട്ടുണ്ട്. വയറിന്റെ ഭാഗത്തെ കോശങ്ങളെടുത്ത് സ്തനങ്ങളിൽ നിക്ഷേപിക്കുന്ന രീതിയാണിത്.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. പോൾഅഗസ്റ്റിൻ

അഡീ. പ്രഫസർ,

സർജിക്കൽ

ഒാങ്കോളജി

ആർ സി സി

തിരുവനന്തപുരം

augustpaul@ gmail.com

Tags:
  • Health Tips