Saturday 18 April 2020 03:53 PM IST

കോവിഡ് 19: ഏറ്റവും വലിയ അപകടം ബാർബർഷോപ്പുകളിൽ നിന്നോ?

Asha Thomas

Senior Sub Editor, Manorama Arogyam

barberstory

ഈയടുത്ത് വാട്സ് ആപ്പിൽ പരന്ന സന്ദേശമാണ് ബാർബർഷോപ്പുകളേക്കുറിച്ച് ഇത്തരമൊരു ആശങ്ക പരന്നതിന്റെ അടിസ്ഥാനം. അമേരിക്കൻ ആരോഗ്യ വകുപ്പ് മേധാവി ജെ.ആന്റണി പറഞ്ഞത് യുഎസിലെ മരണങ്ങളിൽ 50 ശതമാനവും സലൂണുകളിൽ നിന്നാണ് സംഭവിച്ചതെന്നും കൊറോണ പൂർണ്ണമായും അവസാനിക്കുന്നതുവരെ ഒരു സലൂണിൽ പോയി ഒരു ഹെയർകട്ട് നേടുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും ഞങ്ങൾക്ക് കഴിയില്ല എന്നുമായിരുന്നു വാട്സ് ആപ്പ്സന്ദേശം.

ഇതിന്റെ യാഥാർഥ്യമെന്താണ് എന്നു നോക്കാം.

‘‘മുകളിൽ സൂചിപ്പിച്ച കണക്ക് എത്ര കണ്ട് ശരിയാണ് എന്ന് അറിയില്ല. പക്ഷേ, തീർച്ചയായും കോവിഡിന്റെ പശ്ചാത്തലത്തിൽ ബാർബർ ഷോപ്പുകളിലെ ശുചിത്വത്തിന്റെ കാര്യം വളരെ പ്രധാനമാണ്.’’ ആലപ്പുഴ മെഡി.കോളജിലെ മെഡിസിൻ വിഭാഗം പ്രഫസർ ഡോ. പത്മകുമാർ തന്റെ ആശങ്ക മറച്ചുവയ്ക്കുന്നില്ല.

‘‘ ബാർബർ ഷോപ്പുകളെ സർക്കാർ അവശ്യസർവീസായി പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, അങ്ങനെ ആയിരിക്കുമ്പോൾ തന്നെ കർശനമായ നിയന്ത്രണങ്ങൾ കൂടി ഏർപ്പെടുത്തേണ്ടതുണ്ട്. ഇല്ലെങ്കിൽ വലിയതോതിലുള്ള രോഗവ്യാപനത്തിന് സാധ്യത തള്ളിക്കളയാനാവില്ല. ഒന്നാമത്തെ കാര്യം ,ബാർബർ ഷോപ്പുകളിൽ എത്ര കണ്ട് ശുചിത്വം പാലിക്കാനാകുമെന്നത് സംശയാസ്പദമാണ്. പ്രത്യേകിച്ച് ബാർബറിന്റെ ടവൽ, റേസർ , ബ്രഷ്, കസേര തുടങ്ങിയവ ഒന്നിലധികം ആളുകൾ ഉപയോഗിക്കുന്നു സാഹചര്യത്തിൽ. രണ്ടാമത് കേരളത്തിലെ ചിലബാർബർഷോപ്പുകളെങ്കിലും ഏസിയാണ്. ഈ രണ്ടു ഘടകങ്ങളും കോവിഡ് വ്യാപനത്തിന്റെ കാര്യത്തിൽ അപകടകരമായ സ്വാധീനമുള്ള രണ്ടു ഘടകങ്ങളാണ്. ’’ അദ്ദേഹം പറയുന്നു.

ബാർബർ ഷോപ്പുകളിലെ ശുചിത്വ ഭീഷണിയെ നേരിടാനായി തെക്കു പടിഞ്ഞാറൻ ചൈനയിലെ സിഹുവാൻ പ്രോവിൻസിലെ ഒരു സലൂണിൽ ഏർപ്പെടുത്തിയ ‘ലോങ്ഡിസ്റ്റൻസ് ഹെയർകട്ട് ’ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. നീണ്ട വടിയുടെ അഗ്രത്ത് സ്ൈറ്റലിങ് ഉപകരണങ്ങൾ ഘടിപ്പിച്ച് ഉപയോഗിക്കുന്നതായി ചിത്രത്തിൽ കാണാം. ഹീബോങ് എന്നയാളാണ് തന്റെ സഹപ്രവർത്തകരുടേത് എന്നു പറഞ്ഞ് ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ‘‘ ചൈനയിൽ ലോക്ഡൗൺ കഴിഞ്ഞെങ്കിലും സുരക്ഷിതരായിരിക്കാൻ അൽപം അകലം പാലിക്കുക തന്നെ വേണം’’എന്ന് അദ്ദേഹം പോസ്റ്റിൽ കുറിച്ചു.

barber3 ചൈനയിലെ ലോങ് ഡിസ്റ്റൻസ് ഹെയർകട്ട്

കേരളത്തിലെ കാര്യമെടുത്താൽ നിലവിൽ ബാർബർ ഷോപ്പുകളിൽ മുടിവെട്ടൽ മാത്രമേ പാടുള്ളു എന്നു ഗവൺമെന്റ് നിർദേശമുണ്ട്. ചൈനയിലെ ലോങ്ഡിസ്റ്റൻസ് ഹെയർകട്ട് പോലുള്ള കടന്ന കൈപ്രയോഗങ്ങൾ വേണ്ടെങ്കിലും ചില പ്രധാന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

∙ ശുചിത്വത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ല. ബാർബർ നിർബന്ധമായും മാസ്ക്ധരിക്കണം.

∙ ഒരുകസ്റ്റമറിന് ഉപയോഗിച്ച ഗ്ലൗസ് അടുത്തയാളുടെ മുടിവെട്ടുമ്പോൾ ഇടാൻ പാടില്ല.ഒാരോ പ്രാവശ്യവും ഗ്ലൗസ് ഊരിയ ശേഷംകൈ സാനിറ്റൈസർ കൊണ്ടു വൃത്തിയാക്കണം.

∙ ഒറ്റപ്രാവശ്യം ഉപയോഗിക്കുന്ന ഡിസ്പോസിബിൾ ബ്ലേഡുകൾ ആണ് നല്ലത്. കത്രികയും കത്തിയും മറ്റ് ഉപകരണങ്ങളുംതിളച്ചവെള്ളത്തിലോ 70 ശതമാനം വീര്യമുള്ള ആൽക്കഹോൾ ലായനിയിലോ മുക്കി അണുവിമുക്തമാക്കണം.

∙ ഷോപ്പിലെ കസേരകൾ, പ്രതലങ്ങൾ, കണ്ണാടി എന്നിവ ഇടയ്ക്കിടെ സാനിറ്റൈസർ കൊണ്ട്തുടയ്ക്കണം.

ഒരാൾക്ക് ഒരു ടവൽ എന്നതാണ് നല്ലത്. ഒരാൾക്ക് ഉപയോഗിച്ച ടവലും തോർത്തും മറ്റൊരാൾക്ക് ഉപയോഗിക്കരുത്.

∙ ഒരു വർഷത്തേക്കെങ്കിലും ഏസി ഷോറൂമുകളുടെ കാര്യത്തിൽ നാം ഇത്തിരി ജാഗ്രത കാണിക്കണം. ബാർബർ ഷോപ്പുകളിൽ പ്രത്യേകിച്ചും ഏസി ഒാഫാക്കി ജനാലകളും വാതിലുകളും തുറന്നിട്ട് വായുസഞ്ചാരം ഉറപ്പുവരുത്തണം

∙ ഷോപ്പിൽ ഒരേസമയം രണ്ടോ മൂന്നോ പേരിൽ കൂടുതൽ ആളെ ഇരുത്തരുത്.

∙ ബാർബർഷോപ്പിലെ സ്റ്റാഫുകളിൽ പനി, ജലദോഷം എന്നിവയുള്ളവർ കർശനമായും മാറി നിൽക്കണം.

∙ബാർബർഷോപ്പിൽ വരുന്നവരുടെ പേരും നമ്പറുമുൾപ്പെടെയുള്ള  വിശദാംശങ്ങൾ  എഴുതി സൂക്ഷിക്കണം.

∙ ജലദോഷം പോലെ അസുഖമുള്ളവർ ബാർബർ ഷോപ്പുകളിൽ പോകാതിരിക്കുക.

∙കുട്ടികളും 60 വയസ്സിനു മുകളിൽ പ്രായമുള്ളവരും ബാർബർ ഷോപ്പുകളിൽ പോകാതെ ഇരിക്കുന്നതാണ് ഉത്തമം.

.നിശ്ചിത കാലയളവിൽ ബാർബർഷോപ്പ് സ്റ്റാഫിനെ പരിശോധനയ്ക് വിധേയരാക്കുകയും രോഗബാധ ഇല്ലെന്ന് ഉറപ്പു വരുത്തുകയും വേണം.

Tags:
  • Manorama Arogyam
  • Health Tips