Tuesday 14 January 2020 12:59 PM IST : By സ്വന്തം ലേഖകൻ

കിടപ്പു രോഗികൾക്കും ഓർമ മറഞ്ഞു പോയവർക്കും കരുതൽ; മുതിർന്നവർക്കും ധരിക്കാം ഡയപ്പർ

diaper

ശിശുക്കളിലും പിച്ചവച്ചു നടക്കുന്ന പ്രായത്തിലുള്ള കുട്ടികളിലും ഉപയോഗിക്കുന്നതല്ലാതെ മുതിർന്നവരിൽ ചില പ്രത്യേക അവസ്ഥകളിൽ ഉപയോഗിക്കേണ്ടിവരുന്നതാണ് അഡൽട്ട് ഡയപറുകൾ അഥവാ നാപ്പി. ചലനശേഷി നഷ്ടപ്പെടുന്നവരിലും മലവും മൂത്രവും അടക്കിനിർത്താനുള്ള ശേഷി നഷ്ടപ്പെടുന്നവരിലും കഠിനമായ വയറിളക്കത്തിന്റെ ഘട്ടങ്ങളിലും ഡിമെൻഷ്യ പോലുള്ള ഒാർമക്കുറവുള്ളവരിലും ശരീരശുചിത്വത്തിന്റെ ഭാഗമായി ഡയപറുകൾ ധരിപ്പിക്കും. കുട്ടികളുടെ ഡയപറുകളുടെ രൂപത്തിലും ആർത്തവസമയത്തുപയോഗിക്കുന്ന സാനിറ്ററി നാപ്ക്കിന്റെ രൂപത്തിലും ചെറിയ പാഡ് പോലെയും അഡൽട്ട് ഡയപറുകൾ ലഭിക്കും ശരീരസ്രവങ്ങളും മലമൂത്രവിസർജ്യങ്ങളും വലിച്ചെടുക്കുന്ന അബ്സോർബെന്റ് പോളിമെറുകൾ കൊണ്ടാണ് ഡയപറുകൾ ഉണ്ടാക്കുന്നത്. സിന്തറ്റിക് വസ്തുക്കൾ, കെമിക്കൽ ഡൈ, ജെൽ എന്നിവ അടങ്ങിയിട്ടുണ്ട്.

∙ ശയ്യാവലംബികളായ രോഗികൾക്കും വീൽചെയറിൽ സഞ്ചരിക്കേണ്ടവർക്കും മലവും മൂത്രവും അടക്കിനിർത്താനുള്ള ശേഷി നഷ്ടപ്പെട്ടിട്ടില്ലെങ്കിൽ തന്നെയും ടോയ്‌ലറ്റിലേക്ക് വേണ്ടുന്ന സമയത്ത് എത്താൻ സാധിക്കാത്തതുകൊണ്ടു ഡയപറുകൾ ധരിക്കേണ്ടിവരാറുണ്ട്. ഡിമെൻഷ്യയിലെ ഒാർമക്കുറവ് രോഗിയെ ടോയ്‌ലറ്റിലേക്കാണ് പോകേണ്ടതെന്ന വിവേകം നഷ്ടപ്പെടുത്തുന്നു. അവർക്കും ഡയപറുകൾ ധരിപ്പിക്കുന്നതാണ് ശുചിത്വത്തിനും മറ്റുള്ളവരുടെ കാഴ്ചയിൽ അവരുെട അഭിമാനത്തിനും കോട്ടം വരാതെ നോക്കാനും നല്ലത്.

∙ മറ്റു ചില ആരോഗ്യപ്രശ്നങ്ങളുടെ ഭാഗമായി മലവും മൂത്രവും അടക്കിനിർത്താനുള്ള കഴിവു കുറയുന്നതായി കാണാറുണ്ട്. സ്ത്രീകളിലാണ് ഇത്തരം ഇൻകോണ്ടിനൻസ് (Incontinence) മധ്യവയസ്സ് മുതലേ കാണുന്നത്. ഗർഭാവസ്ഥ, പ്രസവം, ആർത്തവവിരാമം എന്നിവയെല്ലാം കാരണമാകാം.

∙ പ്രായാധിക്യമുള്ളവരിൽ മൂത്രസഞ്ചിയുടെയും അതിനു ചുറ്റുമുള്ള പെൽവിക് (Pelvic) പേശികളുടെയും ബലക്ഷയം മൂത്രം പിടിച്ചുനിർത്താനുള്ള കഴിവു നഷ്ടപ്പെടുത്തുന്നു. പ്രമേഹം, മൂത്രാശയത്തിലെ കാൻസർ, പക്ഷാഘാതം എന്നിവയിലും പേശികളുടെ ബലക്ഷയം മൂലമുള്ള ഇൻകോണ്ടിനൻസ് ഉണ്ടാകാം. ഇങ്ങനെ യൂറിനറി ഇൻകോണ്ടിനൻസ് ഉള്ളവർക്ക് മൂത്രമൊഴിക്കാൻ തോന്നുന്ന മാത്രയിൽ തന്നെ ടോയ്‌ലറ്റിൽ എത്തേണ്ടിവരും. തുമ്മുകയോ ചുമയ്ക്കുകയോ ചെയ്താലും ആകസ്മികമായി മൂത്രം ലീക്ക് ചെയ്യാം. ഇവർക്ക് അഡൽട്ട് ഡയപർ ഉപയോഗിക്കാം.

∙ വിവിധതരം ഡയപർ ലഭ്യമാണ്. തുള്ളികളായി ലീക്കു ചെയ്യുന്ന മൂത്രം വലിച്ചെടുക്കുന്ന പാഡ് രൂപത്തിലുള്ളത്, അടിവസ്ത്രത്തിന്റെ രൂപത്തിലുള്ളത്. വലിപ്പത്തിലും ആഗീരണശേഷിയിലും വ്യത്യാസമുള്ള ഡയപറുകളും ലഭിക്കും. ബെൽറ്റുള്ള തരവും വെൽക്രോ പോലെ ഒട്ടിക്കുന്ന സ്ട്രിപ്പുള്ളതും ലഭിക്കും.

diaper-1

കിടപ്പുരോഗികൾക്ക്

രോഗികളെ കിടത്തി ചികിത്സിക്കുന്ന കേന്ദ്രങ്ങളിലാണ് ഡയപറുകൾ ഏറെയും ഉപയോഗത്തിലുള്ളത്. ഏതാണ്ട് രണ്ടു മണിക്കൂറിടവിട്ട് ഡയപറുകൾ മാറ്റേണ്ട അവസ്ഥയിലുള്ള രോഗികളും കാണും. ചികിത്സയുടെ ഭാഗമായി നീന്തൽ ചെയ്യണമെങ്കിൽ അതിനു പ്രത്യേകമായി നിർമിക്കുന്ന സ്വിം ഡയപറുകൾ അഥവാ (Containment Swim Briefs) ഉണ്ട്. മലാശയത്തിന്റെ പേശികളുടെ ബലക്ഷയമുള്ള രോഗികൾക്കാണിത് വേണ്ടിവരിക. ഇലാസ്റ്റിക് പോലെ വലിച്ചിടുന്ന, ശരീരത്തിൽ ഇറുകിക്കിടക്കുന്ന തരത്തിലുള്ളവയാണിവ. കഴുകി വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാൻ സാധിക്കുന്നവയാണ് സ്വിം ഡയപറുകൾ.

ഗുണദോഷങ്ങൾ

∙ ഗുണങ്ങൾ: തുണി കൊണ്ടുള്ള ഡയപറുകളെപ്പോലെ കഴുകി ഉണക്കേണ്ട ആവശ്യമില്ല. ഉപയോഗശേഷം വേസ്റ്റ് ബിന്നിൽ കളയാം. ഡയപറുകൾ ഊരാനും ധരിക്കാനും എളുപ്പമാണ്. അലർജി ഉണ്ടാക്കാത്ത വസ്തുക്കളാൽ നിർമിച്ചിട്ടുള്ളതും ലഭ്യമാണ്–സെൻസിറ്റീവ് തൊലിയുള്ളവർക്കുവേണ്ടി.

∙ ദോഷങ്ങൾ: സിന്തറ്റിക് വസ്തുക്കളും രാസസംയുക്തങ്ങളും കൊണ്ടുണ്ടാക്കിയിട്ടുള്ളതുകൊണ്ടു സെൻസിറ്റീവായ തൊലിയുള്ളവരിൽ ഡയപർ റിയാക്‌ഷൻ ഉണ്ടാക്കും. തൊലിപ്പുറമേ

ചുവന്നു തടിച്ച റാഷുകൾ ഉണ്ടാക്കാം. തുണികൊണ്ടുള്ള ഡയപറാണെങ്കിൽ ഈർപ്പം വലിച്ചെടുക്കാനുള്ള കഴിവ് സിന്തറ്റിക് ഡയപറുകളെക്കാൾ കുറവാണെങ്കിലും തൊലിക്കു സുരക്ഷിതമാണ്. എന്നാൽ ഈർപ്പം തങ്ങിനിൽക്കുന്നതുകൊണ്ടുള്ള രോഗാണുബാധ ഉണ്ടായേക്കാം. ഉപയോഗശേഷം വലിച്ചെറിയുന്നത് മണ്ണിലാണെങ്കിൽ അതു മണ്ണിട്ടു മൂടണം. സിന്തറ്റിക് ഡയപറുകൾക്കു വില കൂടുതലാണ്. ഡയപറുകളുടെ

ഗുണങ്ങൾക്കനുസരിച്ചു വില വ്യത്യാസമുണ്ട്. ഈർപ്പം വലിച്ചെടുത്ത ഡയപറുകൾ ഏറെ നേരം ധരിക്കാതിരിക്കാൻ ശ്രദ്ധിക്കുക. അതുകൊണ്ടു ബാക്ടീരിയ മൂലമുള്ള അണുബാധയ്ക്ക് സാധ്യതയുണ്ടെന്നോർമിക്കുക.

dia-2

വിവരങ്ങൾക്ക് കടപ്പാട്;
 ഡോ. ബി സുമാദേവി
ഇഎൻടി സർജൻ, ഇഎസ്ഐ ഹോസ്പിറ്റൽ, എറണാകുളം

Tags:
  • Health Tips