ഓഫിസിലെ എറ്റവും മാന്യനാണ് അശോകൻ സർ. എല്ലാവരോടും നന്നായി പെരുമാറുന്ന, ഒരു പരാതിയും കേൾപ്പിക്കാത്ത ആരോഗ്യവാനായ മധ്യവയസ്കൻ. അദ്ദേഹം ഒരു ദിവസം ഓഫിസിൽ കുഴഞ്ഞു വീണു. സഹപ്രവർത്തകർ പെട്ടെന്ന് ആശുപത്രിയിലെത്തിച്ചു. ഹൃദയാഘാതമായിരുന്നു. ഏറെ നാളായി കടുത്ത പ്രമേഹവും ബിപിയും ഉണ്ടെന്നു പരിശോധനകളിൽ കണ്ടെത്തി. എന്നാൽ അദ്ദേഹത്തിന് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉള്ളതായി അടുത്ത സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ പോലും അറിയില്ലായിരുന്നു.ഇടയ്ക്ക് ചെറിയ ബിപി ഉണ്ടെന്നു സൂചിപ്പിച്ചതു മാത്രമേ ഭാര്യയ്ക്കും ഒാർമയുള്ളൂ.
എന്നാൽ 10 വർഷം മുൻപ് പ്രമേഹം കണ്ടെത്തിയ കാര്യവും ദീർഘകാലമായി ബിപി ഉണ്ടായിരുന്ന വിവരവും അശോകൻസാറിനു ഡോക്ടറോടു വെളിപ്പെടുത്തേണ്ടിവന്നു. ‘‘ഇതിനൊക്കെ നേരത്തേതന്നെ ചികിത്സ തുടങ്ങേണ്ടതായിരുന്നില്ലേ...? എങ്കിൽ ഈ അവസ്ഥ വരുമായിരുന്നില്ലല്ലോ...?’’ എന്നു ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ ഉത്തരം ഞെട്ടിക്കുന്നതായിരുന്നു.
‘‘ ഡോക്ടർ, പ്രമേഹത്തിനും ബിപിക്കുമൊക്കെ മരുന്നു കഴിച്ചു തുടങ്ങിയാൽ ജീവിതകാലം മുഴുവൻ കഴിക്കണം. പിന്നെ ഏതു വീട്ടിൽ പോയാലും ചായയ്ക്കു മധുരം വേണ്ട, ഭക്ഷണത്തിൽ ഉപ്പ് കുറച്ചു മതി എന്നൊക്കെ പറയണം. എന്തൊരു നാണക്കേടാണ്... അതാ ആരോടും ഒന്നും പറയാതിരുന്നത്.’’
ആണഭിമാനം വിനയാകാം
‘തനിക്ക് രോഗമുണ്ട് എന്നറിഞ്ഞാൽ മറ്റുള്ളവർ എന്തു വിചാരിക്കും’ എന്ന ചിന്തയിൽ നിന്ന് ഉരുത്തിരിയുന്ന ദുരഭിമാനം പുരുഷൻമാരിൽ വളരെ കൂടുതലാണ്. തന്റെ രോഗപ്രശ്നം സുഹൃത്തുക്കളിൽ നിന്നോ ചിലപ്പോൾ അടുത്ത ബന്ധുക്കളിൽ നിന്നോ മറച്ചുവയ്ക്കാൻ അവരെ പ്രേരിപ്പിക്കുന്നത് ഈ ദുരഭിമാനമാണ്. എന്നാൽ ചിലപ്പോൾ അതിനുകൊടുക്കേണ്ടിവരുന്നത് ജീവനോളം വിലയാണ്.
ഞാനിപ്പോഴും ആരോഗ്യവാനാണെന്നു പ്രകടിപ്പിക്കുന്നതിലൂെട ‘സെൽഫ് ഇമേജ്’ മികച്ചതായി നിലനിൽക്കുമെന്നുള്ള വിശ്വാസമാണ് പലരെയും ഇത്തരത്തിലുള്ള മറച്ചുവയ്ക്കലിനു പ്രേരിപ്പിക്കുന്നത്. മറ്റു ചിലരാകട്ടെ സുഹൃത്തുക്കളും മറ്റും കളിയാക്കുമോ എന്നു ഭയന്നും.

ജീവിതശൈലീരോഗങ്ങൾ
പ്രമേഹം ഉൾപ്പെടെയുള്ള ജീവിതശൈലീ രോഗങ്ങളിൽ ചുറ്റുപാടുള്ളവർക്കും ബന്ധുക്കൾക്കും നമ്മളെ പലവിധത്തിൽ സഹായിക്കാനാകും. ക്ഷീണം കാണിക്കുന്ന അവസ്ഥ, ഒരു ദിവസം ഉറക്കമെഴുന്നേൽക്കാൻ അസാധാരണമാം വിധം വൈകുന്ന അവസ്ഥ, പ്രതികരിക്കാത്ത അവസ്ഥ തുടങ്ങിയവ കണ്ടാൽ അത് പഞ്ചസാര കുറഞ്ഞുപോയതുകൊണ്ടാണോ എന്നു മറ്റുള്ളവർ ചിന്തിക്കണമെങ്കിൽ അയാൾ പ്രമേഹ രോഗിയാണ് എന്നു മറ്റുള്ളവർ അറിഞ്ഞിരിക്കണം. ഷുഗർ കുറഞ്ഞുപോകുന്ന ഹൈപ്പോഗ്ലൈസീമിയയിൽ രോഗിയെ രക്ഷിച്ച് ആശുപത്രിയിലെത്തിക്കാൻ അൽപം മധുരം നൽകുന്നതിലൂെട സാധിക്കും.
സൽക്കാരപ്രിയരാണ് കേരളീയർ. കൊഴുപ്പും മധുരവും ഉപ്പും ചേർന്ന സമൃദ്ധമായ ഭക്ഷണവും മദ്യവുമൊക്കെയാണ് നമ്മുടെ ആഘോഷങ്ങളുടെ മുഖ്യ ഇനം. ആ ഘട്ടങ്ങളിലൊക്കെ തന്റെ ഹൃദ്രോഗാവസ്ഥയോ പ്രമേഹാവസ്ഥയോ ബിപി കൂടുതലാണെന്നോ, മരുന്നു കഴിക്കുകയാണെന്നോ ഒക്കെ തുറന്നു പറഞ്ഞാൽ രക്ഷപ്പെടാനാകും.
വെളിപ്പെടുത്തലിന്റെ ഗുണങ്ങൾ
രോഗാവസ്ഥ വെളിപ്പെടുത്താൻ മടിക്കുന്നവരിൽ കൂടുതൽ സംഭവിക്കുന്ന കാര്യമാണ് മരുന്നുകൾ മുടങ്ങിപ്പോവുന്നത്. തുടർച്ചയായി കൃത്യമായ അളവിൽ കഴിക്കേണ്ടവയാണ് ജീവിതശൈലീരോഗചികിത്സയിലെ പ്രധാനമരുന്നുകളെല്ലാം.
‘മരുന്നു കഴിക്കുന്നത് മറ്റുള്ളവർ കണ്ടാൽ രോഗിയെന്നു കരുതും. അതു മോശമാണ്.’ ആ ചിന്തയോടെ മരുന്നു സമയത്തു കഴിക്കാത്തവരുണ്ട്. പ്രകടമായ ലക്ഷണങ്ങൾ പലപ്പോഴും ഈ രോഗാവസ്ഥകളിൽ ഇല്ലാത്തതിനാൽ മരുന്നു കഴിക്കുന്നതു മറന്നു പോകാം. എന്നാൽ തന്റെ രോഗാവസ്ഥ, വീട്ടിലും ഓഫിസിലുമൊക്കെ മിക്കവർക്കും അറിയാമെങ്കിൽ രോഗി മറന്നു പോയാലും മരുന്നു കഴിക്കുന്ന കാര്യം അവർ ഒാർമിപ്പിച്ചു എന്നു വരും.
സമയാസമയം തുടർചികിത്സ ഉറപ്പാക്കുന്നതിനും പരിശോധനകൾ ഒാർമിക്കാനുമൊക്കെ രോഗാവസ്ഥ പ്രിയപ്പെട്ടവരോടെങ്കിലും തുറന്നു പറയുന്നതു സഹായിക്കും.
രോഗം വരുന്നത് അഭിമാനപ്രശ്നമല്ല, എന്നാൽ രോഗം വന്നിട്ട് , അതിനെ അവഗണിക്കുകയും രോഗം കൃത്യമായി നിയന്ത്രിക്കാൻ കഴിയാതെ വരുകയും ചെയ്താൽ, അത് അയാളുടെ ‘‘കയ്യിലിരിപ്പ്’’ കൊണ്ടാണെന്നേ സമൂഹം പറയൂ. അതിനാൽ ആണഭിമാനം പ്രകടിപ്പിക്കേണ്ടത് രോഗം മറച്ചുവച്ചല്ല, രോഗം കൃത്യമായി ചികിത്സിച്ചും നിയന്ത്രിച്ചുമാണ്.
വിവരങ്ങൾക്ക് കടപ്പാട്;
ഡോ. എൻ. സുൾഫി
കൺസൽറ്റന്റ് ഇഎൻടി സർജൻ, സ്റ്റേറ്റ് സെക്രട്ടറി ഇന്ത്യൻ മെഡിക്കൽ
അസോസിയേഷൻ
drsulphiyen@yahoo.co.in