കോവിഡ് വ്യാപനം തടയാൻ മാസ്ക് ധരിക്കുവാൻ പറയുമ്പോഴും പലരുടെയും മനസ്സിൽ ഉയരുന്ന ചോദ്യമാണ് ഈ മാസ്ക് ധരിക്കുന്നതുകൊണ്ട് ശരിക്കും എന്തെങ്കിലും പ്രയോജനമുണ്ടോ എന്ന്. ഇതാ ഡ്യൂക് യൂണിവേഴ്സിറ്റി ഗവേഷകർ നടത്തിയ ഒരു പഠനം മാസ്കുകളുടെ ഫലപ്രാപ്തി സംബന്ധിച്ച സംശയങ്ങൾക്ക് ഉത്തരമേകും.
ലളിതമായ ഒരു പരീക്ഷണമാണ് അവർ ഇതിനായി നടത്തിയത്. ലേസർ ബീമും മൊബൈൽഫോൺ കാമറയും കാർഡ്ബോഡ് ബോക്സും ലെൻസും ഉപയോഗിച്ചുള്ള ഈ പരീക്ഷണത്തിൽ ഒാരോരുത്തരും സംസാരിക്കുമ്പോൾ വായുവിലേക്കു തെറിക്കുന്ന സ്രവകണങ്ങളുടെ വ്യാപനവും ഒാരോ തരം മാസ്ക് ധരിക്കുമ്പോൾ എത്രമാത്രം സ്രവകണങ്ങൾ പുറത്തേക്കു വരുന്നെന്നും നിരീക്ഷിച്ചു. പരീക്ഷണത്തിനായി 14 വ്യത്യസ്ത തരം മാസ്കുകളാണ് ഉപയോഗിച്ചത്. ഒാരോതരം മാസ്കുകളും 10 തവണ വീതം പരിശോധിച്ചു.
ആരോഗ്യപ്രവർത്തകർ സാധാരണയായി ഉപയോഗിക്കുന്ന എൻ–95 മാസ്ക് ആണ് ഏറ്റവും ഫലപ്രദമായി കണ്ടത്. ഈ മാസ്ക് ഏതാണ്ടു പൂർണമായിത്തന്നെ സ്രവകണങ്ങളെ തടയുന്നുവെന്നു ഗവേഷകർ പറയുന്നു. രണ്ടാം സ്ഥാനത്ത് മൂന്നു പാളിയുള്ള സർജിക്കൽ മാസ്ക് ആണ്.
മൂന്നും നാലും സ്ഥാനത്ത് പോളിപ്രൊപ്പിലീൻ കോട്ടൺ മാസ്കും ഏപ്രൺ മാസ്കുകളുമാണ്. അതേസമയം കനംകുറഞ്ഞ തുണി കൊണ്ടുള്ള നെക്ക് ഗെയ്റ്റർ ധരിക്കുന്നത് മാസ്ക് ധരിക്കാത്തതിനു തുല്യമാണെന്നു ഗവേഷകർ പറയുന്നു. ശ്വസിക്കാൻ താരതമ്യേന എളുപ്പമായതിനാൽ ആളുകളുടെയിടയിൽ ഇതിനു വൻപ്രചാരമാണുള്ളത്. പക്ഷേ, സ്രവകണങ്ങളെ തടയുന്ന കാര്യത്തിൽ വൻപരാജയമാണെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ബൻഡാനകളും നെക്ക് ഫ്ലീസുകളുമൊക്കെ ഈ വിഭാഗത്തിൽ പെടുന്നു.
വാൽവോടുകൂടിയ എൻ95 മാസ്കുകളും സുരക്ഷിതമല്ല എന്നാണു ഗവേഷകരുടെ കണ്ടെത്തൽ.
എല്ലാവർക്കും എൻ95 മാസ്ക് ധരിക്കുക പ്രായോഗികമല്ല എന്നു വിഷമിക്കേണ്ട. കോട്ടൺ തുണി കൊണ്ടുള്ള സർജിക്കൽ മാസ്കുകളെ പോലെ ഫ്രലപ്രദമാണെന്നു ഗവേഷകർ പറയുന്നു. മൂന്നു പാളി മാസ്കുകളാണ് ഉത്തമം. എത്ര ഉറക്കെയാണു സംസാരിക്കുന്നതെന്നും എത്ര കൃത്യമായി ധരിച്ചിരിക്കുന്നു എന്നതും അനുസരിച്ച് ഫലപ്രാപ്തിയിൽ വ്യത്യാസങ്ങൾ വരാം. താടി പോലുള്ള ഘടകങ്ങൾ മാസ്ക് ശരിക്കും ഫിറ്റ് ആകാതിരിക്കാൻ ഇടയാക്കും.
ഏത് മാസ്ക് നല്ലത് ഏതു മോശം എന്നു പറയുന്നതിലും അധികമായി ഈ പഠനം കൊണ്ടാഗ്രഹിക്കുന്നത് മാസ്ക് ധരിക്കുന്നതുകൊണ്ട് പ്രയോജനമുണ്ട് എന്ന കാര്യം ചൂണ്ടിക്കാണിക്കാനാണെന്നും ഗവേഷകർ പറയുന്നു. സയൻസ് അഡ്‌വാൻസസ് എന്ന ജേണലിൽ പരീക്ഷണത്തിന്റെ വിശദവിവരങ്ങൾ ലഭ്യമാണ്.