ആഹാരം കഴിക്കുമ്പോൾ അത് ശ്വാസകോശത്തിനു ഗുണം ചെയ്യുന്നതു കൂടിയാണോയെന്ന് നാം ചിന്തിക്കാറേയില്ല. എങ്കിൽ ഇനി ശ്രദ്ധിച്ചോളൂ. ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ആഹാരവും ഒരു പ്രധാന ഘടകമാണ്. െഎസ്ക്രീം പോലെ തണുത്ത ആഹാരം കഴിക്കുക, തണുത്ത വെള്ളം കുടിക്കുക എന്നതൊക്കെ ശ്വാസകോശത്തിന് അത്ര നല്ലതല്ല എന്നു പൊതുവെ പലരും പറയുന്ന കാര്യങ്ങളാണ്. എന്നാൽ ഇതെല്ലാം എല്ലാവരിലും ഒരേ പോലെ ശ്വാസകോശാരോഗ്യത്തെ ബാധിക്കാറില്ല. ചിലരിൽ പ്രശ്നമുണ്ടാകാം. മറ്റു ചിലരിൽ പ്രശ്നമുണ്ടായെന്നും വരില്ല. ഇതൊക്കെ മിത്തുകളാണ്.
യഥാർഥത്തിൽ ശ്വാസകോശപ്രശ്നങ്ങളുള്ളവരും സാധ്യതയുള്ളവരും അതു വരാതിരിക്കാനായി കരുതലെടുക്കുന്നവരുമെല്ലാം ശ്രദ്ധിക്കേണ്ടത് ആഹാരക്രമത്തിലാണ്.
ആരോഗ്യ കൊഴുപ്പ് കൂടുതൽ വേണം
കൊഴുപ്പ് കൂടുതലടങ്ങിയതും കാർബോഹൈഡ്രേറ്റ് കുറഞ്ഞതുമായ ആഹാരമാണ് ഇവർക്കു നൽകേണ്ടത്. ആരോഗ്യകരമായ കൊഴുപ്പാണ് ഉദ്ദേശിക്കുന്നത്. ഹെൽതി ഫാറ്റ്സ് എന്നു പ്രത്യേകം പറയുന്നത് കൂടുതൽ മുൻകരുതലെടുക്കാനാണ്. കൊളസ്ട്രോൾ കൂടാതിരിക്കാൻ ശ്രദ്ധിക്കണം. ഏക – ബഹു അപൂരിത കൊഴുപ്പുകളാണ് കൂടുതലായി ഉപയോഗിക്കേണ്ടത്. അത് സാഫ് ഫ്ളവർ ഒായിൽ, കനോല ഒായിൽ, കോൺ ഒായിൽ ഇതിലെല്ലാം കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത്തരം എണ്ണകൾ യോജിപ്പിച്ച് ഉപയോഗിക്കുന്നതും ഗുണം ചെയ്യും. ട്രാൻസ് ഫാറ്റുകളും പൂരിത കൊഴുപ്പുകളും ഒഴിവാക്കണം.
നട്സ്, സീഡ്സ്, തേങ്ങ, ഒലിവെണ്ണ, നെയ്യുള്ള മൽസ്യം, ചീസ് ഇവയെല്ലാം കഴിക്കാം. നട്സിൽ കശുവണ്ടി, നിലക്കടല, പീനട്ട്സ്, ആൽമണ്ട്, വാൾ നട്സ്, അങ്ങനെ എല്ലാം ഉൾപ്പെടുത്താം. നെയ് മീനല്ല, നെയ്യ് ഉള്ള മൽസ്യങ്ങളാണ് ഉദ്ദേശിക്കുന്നത്. അതായത് ചില സമയങ്ങളിൽ മൽസ്യങ്ങളിൽ കൊഴുപ്പ് ഉണ്ടാകുമല്ലോ. ചില സമയങ്ങളിൽ ഉണ്ടാകാറില്ല.
തവിടോടു കൂടിയ ധാന്യങ്ങൾ പോലെ കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകളാണ് ഉൾപ്പെടുത്തേണ്ടത്. സിംപിൾ കാർബോഹൈഡ്രേറ്റ് ആയ പഞ്ചസാര ഒഴിവാക്കണം. റിഫൈൻഡ് ഉൽപന്നങ്ങളായ മൈദ, പച്ചരി ഇവയും ഒഴിവാക്കാം.
നാരുകൾ ഉയർന്ന തോതിൽ ഇവർക്കു ലഭിക്കണം. അതിനു തവിടോടു കൂടിയ ധാന്യങ്ങൾ ഉപയോഗിക്കണം. ഒാട്സ്, ബാർലി, കിനുവ, തവിടോടുകൂടിയ മട്ട അരി ഇതെല്ലാം ഉപയോഗിക്കാം.
പച്ചക്കറികളിലും പഴങ്ങളിലും വൈറ്റമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ആന്റി ഒാക്സിഡന്റുകളും സമൃദ്ധമായുണ്ട്. ഇത് ശ്വാസകോശത്തിന്റെ ആരോഗ്യത്തിനു ഗുണകരമാണ്. നാരുകൾ അടങ്ങിയ ആഹാരം ഇവർ കൂടുതൽ കഴിക്കണം. 20–30 ഗ്രാം വരെ നാരുകൾ അടങ്ങിയ ആഹാരം കഴിക്കണം. നാരുകൾ പഴങ്ങൾ, പച്ചക്കറികൾ, നട്സ് ഇവയിൽ നിന്നെല്ലാം ലഭിക്കും.
പൊട്ടാസ്യം ആവശ്യമാണ്
പച്ചക്കറിക്കളിൽ ബീൻസ്, പയറു പരിപ്പു വർഗങ്ങൾ ഇതെല്ലാം ഉപയോഗിക്കാം. ഫ്രഷ് ഫ്രൂട്ട്സും ധാതുക്കളും ധാരാളം കഴിക്കണം. പീസ്, ഉരുളക്കിഴങ്ങ്, ചോളം ഇതെല്ലാം ഒഴിവാക്കണം. പൊട്ടാസ്യം കൂടുതലടങ്ങിയ ആഹാരം പ്രധാനമാണ്. പൊട്ടാസ്യം ശ്വാസകോശാരോഗ്യത്തിനു മികച്ചതാണ്. പൊട്ടാസ്യം കുറയുമ്പോൾ ശ്വസനസംബന്ധമായ പ്രശ്നങ്ങൾ വരാം. നേന്ത്രപ്പഴം, മുസംബി, ഒാറഞ്ച്, അവക്കാഡോ, കരിക്കിൻ വെള്ളം, ഇരുണ്ട പച്ചിലക്കറികൾ, ഇവയിൽ പൊട്ടാസ്യം സമൃദ്ധമായുണ്ട്.
ചിലരിൽ പാലും പാലുൽപ്പന്നങ്ങളും ബുദ്ധിമുട്ടുണ്ടാക്കാം.ബുദ്ധിമുട്ടില്ലാത്തവർക്കു പാൽ കുടിക്കാം.
പ്രോട്ടീൻ പ്രധാനമാണ്
പ്രോട്ടീനും ആവശ്യമാണ്. ദിവസം രണ്ടു നേരമെങ്കിലും പ്രോട്ടീൻ അടങ്ങിയ ആഹാരം കഴിക്കണം. റെസ്പിറേറ്ററി കോശങ്ങളെ കരുത്തുറ്റതാക്കാൻ പ്രോട്ടീൻ സഹായിക്കും. മുട്ട, മാംസം, മൽസ്യം, പരിപ്പു പയറു വർഗങ്ങൾ , കോഴിയിറച്ചി ഇവയിൽ നിന്നെല്ലാം പ്രോട്ടീൻ ലഭിക്കും.
ഉപ്പ് അധികം വേണ്ട, വെള്ളം കുടിക്കാം
ഉപ്പ് ആഹാരത്തിൽ അധികമായി ചേർക്കരുത്. ഉപ്പ് കൂടുമ്പോൾ ശരീരത്തിൽ വെള്ളം നില നിൽക്കും ( വാട്ടർ റിട്ടെൻഷൻ). അത് ശ്വസന ബുദ്ധിമുട്ടുകളിലേക്കു നയിക്കാം. വറുത്ത ആഹാരങ്ങൾ ഒഴിവാക്കാം. അത് ഗ്യാസ്, ദഹനക്കേട് എന്നിവയിലേക്കു ന യിക്കാം. അധികമായി സ്പൈസി ആയ ആ ഹാരവും ഒഴിവാക്കാം.
വെള്ളം ധാരാളം കുടിക്കുന്നതു നല്ലതാണ്. ശരീരം ഹൈഡ്രേറ്റു ചെയ്യുന്നു. മ്യൂക്കസ് നേർത്തതാക്കാനും പുറത്തേക്കു കളയാനും ഇതു സഹായിക്കും. ദിവസം 8–10 ഗ്ലാസ് വെള്ളം കുടിക്കാം. എന്നാൽ ഒറ്റയടിക്ക് ഇത്രയും വെള്ളം കുടിക്കരുത്. ഒരു ദിവസം മുഴുവനുമെടുത്ത് സാവധാനം വേണം കുടിക്കാൻ.
സമയം ക്രമീകരിച്ച് , 4–6 തവണയായി ഹോൾ മീൽ കഴിക്കാം. ചവച്ചരച്ച് ആസ്വദിച്ചു കഴിക്കണം. എഴുന്നേറ്റിരുന്നു കഴിക്കണം. കിടന്ന് ആഹാരം കഴിക്കരുത്.
വിവരങ്ങൾക്കു കടപ്പാട്
ഡോ. മുംതാസ് ഖാലിദ് ഇസ്മയിൽ
കൺസൽറ്റന്റ് ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ്,
റെയിൻബോ പോളി ക്ലിനിക്, പടമുകൾ, കൊച്ചി