Saturday 15 December 2018 04:21 PM IST

‘ഇതു വിഗ്ഗ് ആണോ എന്ന് ഇനിയാരും ചോദിക്കില്ല’; മുടി നടാം, വളർത്താം ഹെയർ ട്രാൻസ് പ്ലാന്റിങ്ങിലൂടെ

Santhosh Sisupal

Senior Sub Editor

plant

കൊച്ചിയിലെ ഒരു പലഹാരക്കടയിൽ ഏത്തയ്ക്കാ ചിപ്സ് വറക്കുന്ന ജീവനക്കാരനാണ് ബംഗാൾ സ്വദേശിയായ ദേവേശ്. കേരളത്തിൽ വന്നിട്ട് അഞ്ച് വർഷം കഴിഞ്ഞു. പ്രായം 28 ആകും മുൻപേ ദേവേശിന് നല്ല കഷണ്ടിയായി. അയാളുടെ ഏറ്റവും വലിയ സങ്കടവും അതുതന്നെയായിരുന്നു. അതു പരിഹരിക്കാനായി മരുന്നു മുതൽ വിഗ്ഗുവരെയുള്ള ഓരോ മാർഗ്ഗങ്ങളും പരീക്ഷിച്ചു. ഏറ്റവുമൊടുവിൽ ഏതാണ്ട് രണ്ടു ലക്ഷം രൂപയോളം ചെലവ് ചെയ്ത് ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്തതോടെയാണ് ദേവേശിന് സമാധാനമായത്. ഇതു വിഗ്ഗ് ആണോ ഹെയർ ഫിക്സിങ് ആണോ എന്നൊന്നും ആരും ചോദിക്കുന്നില്ല. നിനക്കെങ്ങനെയാ മുടി കിളിർത്തത് എന്നാണ് നേരത്തേ അറിയുന്നവരുടെ സംശയം. ഇതുവരെ ഉണ്ടാക്കിവച്ച സമ്പാദ്യത്തിന്റെ നല്ലപങ്കും ചെലവഴിക്കേണ്ടി വന്നെങ്കിലും ഇനി കല്യാണം കഴിക്കാമല്ലോ എന്ന ആശ്വാസമാണ് ദേവേശിന്.

വെറുമൊരു സൗന്ദര്യപ്രശ്നം മാത്രമല്ല. പലരുടെയും ആത്മവിശ്വാസം കെടുത്തുന്ന വലിയൊരു പ്രതിസന്ധിയാണ് കഷണ്ടി. അത് മറികടക്കാനുള്ള അന്വേഷണങ്ങൾക്കു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഏതാണ്ട് എല്ലാ ചികിത്സാശാഖയിലും മുടികൊഴിച്ചിലിനും കഷണ്ടിക്കും ഉള്ള മരുന്നുകളുണ്ട്. പക്ഷേ, ഇതൊക്കെ ഭാഗികമായോ ദീർഘകാല ഉപയോഗം കൊണ്ടോ മാത്രം ഗുണം കിട്ടുന്നതാണ്.

സ്ഥിരം പരിഹാരമാണോ?

ഈ സമയത്താണ് നൊടിയിടയിൽ കഷണ്ടി മറയ്ക്കാൻ സഹായിക്കുന്ന വിഗ്ഗുകളുടെയും ഹെയർ ഫിക്സിങ്ങുകളുടെയും രംഗപ്രവേശം. കുറച്ചു വർഷങ്ങൾക്കുള്ളിൽ കൂണുപോലെ കേരളത്തിലുടനീളം ഹെയർ ഫിക്സിങ് സെന്ററുകൾ ഉയർന്നു. എന്നാൽ ഉപയോഗിക്കുന്നതിലെ അസൗകര്യവും സ്വാഭാവികതയിലെ വ്യത്യാസവും കാരണം അവയോടുള്ള താൽപര്യവും ക്രമേണ കുറയുകയാണ്. ആ സ്ഥാനത്തേക്കു കടന്നുവന്നിരിക്കുന്ന പുതിയ ട്രെൻഡാണ് ഹെയർ ട്രാൻസ്പ്ലാന്റുകൾ എന്ന സ്ഥിരം പരിഹാരം.

സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ള സെലിബ്രിറ്റികൾ ഹെയർ ട്രാൻസ്പ്ലാന്റു നടത്തി കഷണ്ടി മാറ്റുന്ന അദ്ഭുതം കണ്ടാണ് ഇതിനു പ്രചാരമേറിയത്. ശസ്ത്രക്രിയ വേണ്ടിവരുമെന്നതും ഒന്നു മുതൽ നാലുലക്ഷം വരെ ചെലവ് വരാം എന്നുള്ളതുമാണ് ഇപ്പോഴും ഈ മാർഗത്തിനു വ്യാപകപ്രചാരം ലഭിക്കാത്തതിനു കാരണം.

plant-5

ഹെയർ ട്രാൻസ്പ്ലാന്റിങ്

നല്ല കഷണ്ടിയു ള്ളവർക്കു പോലും തലയുടെ പിന്നിൽ ധാരാളം മുടി ഉണ്ടാകും. ഈ ഭാഗത്തുനിന്നു മുടി വേർപെടുത്തിയെടുത്ത് കഷണ്ടിയുള്ള ഭാഗത്ത് നട്ടുവളർത്തുന്ന പ്രക്രിയയാണ് ഹെയർ ട്രാൻസ്പ്ലാന്റിങ്. ഇതൊരു പുതിയ കണ്ടെത്തൽ ഒന്നുമല്ല ഏതാണ്ട് അരനൂറ്റാണ്ടോളമായി പ്രചാരത്തിലുണ്ട് ഈ പ്രക്രിയ. എന്നാൽ ഇതു കൂടുതൽ ലളിതവും കൂടുതൽ മികച്ച ഫലം നൽകുന്നതും ആയി മാറിയത് അടുത്തകാലത്താണ്.

ട്രാൻസ്പ്ലാന്റ് ആർക്ക് ?

മുടികൊഴിച്ചിലോ കഷണ്ടിയോ ഉള്ളവർക്കെല്ലാം യോജിച്ച മാർഗമാണ് ഹെയർ ട്രാൻസ്പ്ലാന്റ് എന്നു പറയാനാകില്ലെന്ന് കൊച്ചി ഡി എച്ച് ഐ ഹെയർട്രാൻസ്പ്ലാന്റിങ് സെന്ററിലെ കൺസൽറ്റന്റായ ഡോ.റജി നിക്കോളാസ് പറയുന്നു. കഷണ്ടിയുടെ അളവും തോതും പ്രത്യേകതയും ഒക്കെ അനുസരിച്ച് വിവിധ ചികിത്സാ മാർഗങ്ങൾ ലഭ്യമാണ്. മരുന്നുചികിത്സ മുതൽ പിആർപി വരെയുള്ള പലതരം ചികിത്സകൾ കഷണ്ടിക്ക് ഉണ്ട്. അവയൊന്നും പ്രയോജനപ്പെടാതെ വരുന്ന അവസ്ഥയിൽ ഹെയർ ട്രാൻസ്പ്ലാന്റ് മാത്രമായിരിക്കും ഫലപ്രദമായ മാർഗം.

plant-4

മുടികൊഴിഞ്ഞു കഷണ്ടി രൂപപ്പെട്ട ഭാഗത്ത് ഫോളിക്കിളുകൾ എല്ലാം പൂർണമായും ഇല്ലാതായി കഴിഞ്ഞാൽ പിന്നെ അവിടെ മറ്റെന്തു ചികിത്സ കൊണ്ടും പ്രയോജനം ലഭിക്കില്ല. അവിടേക്ക് ഹെയർ ഫോളിക്കിളുകൾ ട്രാൻസ്പ്ലാന്റ് ചെയ്യുക മാത്രമാണ് പരിഹാരമാർഗം. എന്നാൽ തലയുടെ പിൻഭാഗമായ ഡോണർ ഏരിയയിൽ വേണ്ടത്ര മുടിയില്ലെങ്കിൽ ട്രാൻസ്പ്ലാന്റ് വിജയകരമാവില്ല– ഡോ.റജി നിക്കോളാസ് പറയുന്നു

ട്രാൻസ്പ്ലാന്റ് മാർഗങ്ങൾ

ഫോളിക്കുലാർ യൂണിറ്റ് ട്രാൻസ്പ്ലാന്റേഷൻ (FUT) ആയിരുന്നു ആദ്യകാല രീതി. പൊതുവെ പ്ലാസ്റ്റിക് സർജൻമാർ ആയിരുന്നു ഇത് ചെയ്തുവന്നത്. തലയുടെ പിന്നിൽ നിന്നും നീളമുള്ള സ്ട്രിപ്പുകൾ (നാട പോലെ) ആയി ശിരോചർമം എടുത്ത് അതിലുള്ള ഹെയർ ഫോളിക്കിൾ വേർതിരിച്ച് ട്രാൻസ്പ്ലാന്റ് ചെയ്യുന്ന രീതിയായിരുന്നു ഇത്. ഈ പ്രക്രിയയുടെ പുതിയ രൂപമാണ് എഫ് യു ഇ(FUE) എന്നറിയപ്പെടുന്ന ഫോളിക്കുലാർ യൂണിറ്റ് എക്സ്ട്രാക്ഷൻ. ഈ രീതിയിലെ പ്രധാനമാറ്റം ഹെയർ ഫോളിക്കിളുകൾ തലയുടെ പിന്നിൽ നിന്നു ശേഖരിക്കുന്ന രീതിയിലാണ്. ഡോണർ ഏരിയായിൽ നിന്നു സ്ട്രിപ്പ് ആയി ചർമം എടുക്കുന്നതിനു പകരം ഫോളിക്കിളുകൾ ആയി തന്നെ അവയെ വേർതിരിച്ചെടുക്കുന്ന രീതിയാണിത്.

പഴയ എഫ് യു ടി യെക്കാളും പല മേന്മകളും ഇതിനുണ്ട്. FUT യിൽ തലയുടെ പിന്നിൽ പലഭാഗത്തായി നീളത്തിലുള്ള മുറിവടയാളങ്ങൾ ഉണ്ടാകുന്നതിനാൽ ഇത് മുടി വളർത്തി മറയ്ക്കേണ്ടി വരുന്ന അവസ്ഥയുണ്ട്. ഈ അടയാളം മാറില്ല. എന്നാൽ FUE മാർഗ്ഗത്തിൽ വളരെ സൂക്‌ഷ്മതയോടെ നിശ്ചിത എണ്ണം മുടികളുടെ ഇടവിട്ടാണ് ഓരോ ഫോളിക്കിളുകൾ ആയി അടർത്തിയെടുക്കുന്നത്. അതിനാൽ വളരെ വിജയകരമായി ചെയ്യുകയാണെങ്കിൽ യാതൊരു അടയാളവും ശേഷിക്കില്ല.

plant-2

പല ഘട്ടങ്ങളായി

പല ഘട്ടങ്ങളിലായാണ് ട്രാൻസ്പ്ലാന്റ് നടത്തുക. മുടിയുടെ എണ്ണവും രോഗിയുടെ ആരോഗ്യവുമൊക്കെ അനുയോജ്യമാണോ എന്ന് വിലയിരുത്തുകയാണ് ഇതിലെ ആദ്യഘട്ടം. തലയിൽ ശരാശരി ഒരു ലക്ഷം ഹെയർ ഫോളിക്കിൾസ് ഉള്ളതായാണ് കണക്ക്. കഷണ്ടി ആയിക്കഴിഞ്ഞാൽ പിൻഭാഗത്തു മാത്രമായിരിക്കും കാര്യമായി മുടിയുണ്ടാവുക. ഇതു സാധാരണ നിലയിൽ കൊഴിഞ്ഞു പോകാത്ത സ്ഥിരം മുടികളാണ്. അവയാണ് വച്ചുപിടിപ്പിക്കാനായി ഉപയോഗിക്കുന്നതെന്നതിനാൽ വിജയകരമായി ചെയ്താൽ കൊഴിഞ്ഞുപോകാനുള്ള സാധ്യത കുറവാണ്.

സാധാരണ നിലയിൽ തലയുടെ പിന്നിൽ മാത്രമായി ഏതാണ്ട് മുപ്പതിനായിരത്തോളം മുടികൾ ഉണ്ടാകും. അതിന്റെ 35 ശതമാനം വരെ ആദ്യഘട്ടത്തിൽ തന്നെ ട്രാൻസ്പ്ലാന്റ് ചെയ്യാനായി എക്സ്ട്രാക്ട് ചെയ്യാം. പിന്നെയും ആവശ്യമെങ്കിൽ അടുത്ത സിറ്റിങ്ങിൽ 25 ശതമാനം കൂടി നീക്കം ചെയ്താലും അഭംഗി ഉണ്ടാകില്ല. –ഡോ.റജി നിക്കോളാസ് പറയുന്നു.

തലയുടെ പിന്നിലുള്ള ഡോണർ ഏരിയായിൽ ഓരോ അഞ്ചു മുടികൾ ഇടവിട്ടാണ് സാധാരണനിലയിൽ എക്സ്ട്രാക്ട് ചെയ്യുന്നത്. ഒരു ചെറിയ ശസ്ത്രക്രിയ പ്രൊസീജിയർ തന്നെയാണ് ഇവിടെ നടക്കുന്നത്.

plant-1

അനസ്തേഷ്യ വേണം

പലഘട്ടങ്ങളായാണ് മുടി വേർപെടുത്തിയെടുക്കലും വച്ചുപിടിപ്പിക്കലും നടത്തുക.

1. വേർപെടുത്താനുള്ള മുടി പറ്റെ മുറിച്ചു മാറ്റുന്നു.

2. വേദന അറിയാതിരിക്കാൻ ആ ഭാഗത്തു ലോക്കൽ അനസ്തേഷ്യ നൽകുകയാണ് രണ്ടാമത്തെ ഘട്ടം.

3. ഡോണർ ഏരിയ മരവിച്ചു കഴിഞ്ഞാൽ ആ ഭാഗത്ത് എടുക്കേണ്ട ഹെയർ ഫോളിക്കിൾ പഞ്ചു ചെയ്തശേഷം പ്രത്യേക ഉപകരണസഹായത്തോടെ അടർത്തിയെടുക്കുന്നു.

4. അടർത്തിയെടുക്കുന്ന ഫോളിക്കിൾ ക്രമമായി അടുക്കി വച്ച് മൈനസ് നാലു ഡിഗ്രി തണുപ്പിൽ സൂക്ഷിക്കും.

ഏതാണ്ട് ഒന്നു മുതൽ മൂന്നു മണിക്കൂറുകൾ വരെ ഫോളിക്കിളുകൾ ശേഖരിക്കാൻ വേണ്ടിവരാം. തുടർന്ന് അൽപം വിശ്രമം നൽകിയ ശേഷം ട്രാൻസ്പ്ലാന്റ് പ്രൊസീജിയർ ആരംഭിക്കും.

5. ട്രാൻസ്പ്ലാന്റിന്റെ ആദ്യഘട്ടമായി കഷണ്ടിയുടെ ഏതു ഭാഗം വരെ മുടികൾ വച്ചുപിടിപ്പിക്കണം എന്ന് നിശ്ചയിക്കാനുള്ള ഹെയർലൈൻ വരയ്ക്കൽ. മുടിയു

െട മുൻവശം വളരെ സ്വാഭാവികമായി തോന്നാൻ കലാപരമായി വേണം വരയ്ക്കാൻ.

6. തുടർന്ന് ട്രാൻസ്പ്ലാന്റ് ചെയ്യാൻ പോകുന്ന ഭാഗവും ലോക്കൽ അനസ്തേഷ്യ നൽകി മരവിപ്പിക്കുന്നു.

7. കഷണ്ടിയുള്ള ഭാഗത്തെ ശിരോചർമത്തിൽ ചെറിയ മുറിവുകളുണ്ടാക്കി അതിലേക്ക് ഫോളിക്കിൾ ഇറക്കി വയ്ക്കുന്നതാണ് അടുത്തഘട്ടം. എന്നാൽ പേന പോലുള്ള ഒരു ഉപകരണത്തിൽ ലോഡ് ചെയ്ത് മുടി ഇൻജക്ട് ചെയ്യുന്ന ഡി എച്ച് ഐ എന്ന രീതിയും നിലവിലുണ്ട്.

ട്രാൻസ്പ്ലാന്റ് ചെയ്യുന്ന ഡോക്ടറുടെ കഴിവും പരിചയും കലാപരമായ മികവുമാണ് മുടിയുടെ തുടർന്നുള്ള വളർച്ചയിലെ സ്വാഭാവികത നിശ്ചയിക്കുന്നത്. ആ വ്യക്തിയുടെ മുടി ചീകൽ ശൈലി അനുസരിച്ച് പ്രത്യേകം ചരിച്ചാണ് മുടി വയ്ക്കുന്നതെങ്കിൽ കൂടുതൽ സ്വാഭാവികമായി മാറും.

ട്രാൻസ്പ്ലാന്റ് ചെയ്യുന്ന മുടിയുടെ എണ്ണത്തിനനുസരിച്ച് ഏതാണ്ട് മൂന്നു മുതൽ നാല് മണിക്കൂറുകൾ വരെ സമയം വേണ്ടിവരാറുണ്ട്. ഫോളിക്കിളുകൾ വേർതിരിച്ചെടുത്തു കഴിഞ്ഞാൽ രണ്ടുമൂന്നു ദിവസം വരെ മൈനസ് നാലു ഡിഗ്രിയിൽ സൂക്ഷിക്കാൻ കഴിയുമെങ്കിലും 10 മണിക്കൂറിനകം അത് ട്രാൻസ്പ്ലാന്റ് ചെയ്യുന്നതാണ് മികച്ചഫലം ലഭിക്കാൻ ഉത്തമം.

ചെയ്തു കഴിഞ്ഞാൽ

ട്രാൻസ്പ്ലാന്റിങ്ങ് പൂർത്തിയായിക്കഴിഞ്ഞാൽ അന്നു തന്നെ വീട്ടിലേക്കു മടങ്ങാം. അണുബാധ ഉണ്ടാകാതിരിക്കാനായി മൂന്നു ദിവസം വരെ ആന്റിബയോട്ടിക് കഴിക്കാൻ നിർദേശിക്കും. നാലാം ദിവസം മുതൽ സാധാരണകാര്യങ്ങളെല്ലാം ചെയ്യാം. ജിമ്മിലെ വർക്കൗട്ടുകൾ 15 ദിവസം കഴിഞ്ഞുചെയ്യാം.

ഫലപ്രദമായ ചികിത്സാരീതിയാണെങ്കിലും ചെലവു കൂടുതലാണ്. എത്ര മുടി ട്രാൻസ്പ്ലാന്റ് ചെയ്യുന്നു എന്നതിെന ആശ്രയിച്ചാണ് ചെലവു വരുക. ഒരു മുടിക്ക് 80 രൂപ വരെ വരാം. 2000–3000 മുടി സാധാരണ ട്രാൻസ്പ്ലാന്റ് ചെയ്യേണ്ടിവരാറുണ്ട്.

കോട്ടയം മെഡിക്കൽ കോളജിലെ പ്ലാസ്റ്റിക് സർജറി വിഭാഗത്തിൽ ഈ ട്രാൻസ്പ്ലാന്റിങ് നടത്താറുണ്ട്.പക്ഷേ ഡോക്ടറുടെയും മറ്റു സഹായികളുടെയും ഒരു ദിവസത്തെ സേവനം മുഴുവൻ ഈയൊരു കോസ്മെറ്റിക് സർജറിക്കു വിനിയോഗിക്കേണ്ടി വരുന്നതു പ്രായോഗികമല്ലാത്തതിനാൽ മെഡിക്കൽ കോളജുകളിൽ ഈ ചികിത്സ പ്രോത്സാഹിപ്പിക്കുന്നില്ല.

പി ആർ പി ചികിത്സ

ഫലപ്രദമായ മറ്റൊരു കഷണ്ടി ചികിത്സയാണ് പ്ലേറ്റ്‌ലെറ്റ് റിച്ച് പ്ലാസ്മ എന്ന പിആർപി ചികിത്സ. ഏതൊരു ഡെർമറ്റോളജിസ്റ്റിനും ഒപി ചികിത്സയായി ഇതു ചെയ്യാനാവും. അവരവരുടെ രക്തമെടുത്ത് അതിലെ പ്ലേറ്റ്‌ലെറ്റ് റിച്ച് പ്ലാസ്മയെ വേർതിരിച്ചെടുത്താണ് ഈ ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. 15,000 രൂപയോളം പുറത്തു ചെലവു വരുന്ന ഈ ചികിത്സ പുനലൂർ താലൂക്ക് ആശുപത്രിൽ ആയിരം രൂപ ചെലവിൽ ഡോ. അഞ്ജു എസ്. നായരുടെ നേതൃത്വത്തിൽ ചെയ്തുവരുന്നുണ്ട്.

കോശങ്ങൾക്കു കൂടുതൽ പോഷണം എത്തിച്ച് അവയുെട പുനരുജ്ജീവനത്തിനായി ചെയ്തുവരുന്ന ചികിത്സയാണിത്. മറ്റു പല ചർമപ്രശ്നങ്ങളിലും പിആർപി ഫലപ്രദമാണ്. ഹെയർ ഫോളിക്കിളുകൾ കോശങ്ങളെ ഉത്തേജിപ്പിക്കുന്നതിലൂടെയാണ് മുടിവളർച്ചയെ പിആർപി ത്വരിതപ്പെടുത്തുന്നത്.

plant-3

പ്രായം പരിമിതി

ഏതാണ്ട് നാല്പതു വയസ്സുവരെപ്രായമുള്ളവരിലെ കഷണ്ടിക്കാണ് ഈ ചികിത്സ ഫലപ്രദമായി കാണുന്നതെന്ന് ഡോ. അഞ്ജു എസ്. നായർ പറയുന്നു. കഷണ്ടിയുെട തുടക്കത്തിൽ തന്നെ ചികിത്സ ആരംഭിച്ചാൽ മികച്ച ഫലം കാണും. മരുന്നു ചികിത്സകൾ കൊണ്ടു പ്രയോജനം ലഭിക്കാതെ വന്നാൽ മാത്രം പിആർപി ചികിത്സയിലേക്കു കടന്നാൽ മതിയെന്നും ഡോക്ടർ പറയുന്നു.

ചെയ്യുന്ന വിധം

ചികിത്സയ്ക്ക് വിധേയരാകുന്നവരുടെ ശരീരത്തിൽ നിന്നും ഏതാണ്ട് 20 മില്ലീലീറ്റർ രക്തം എടുക്കുന്നു. ഇത് സെൻട്രിഫ്യൂഗൽ രീതിയിലോരക്തബാങ്കിലെ സംവിധാനങ്ങളുടെ സഹായത്താലോ ഘടകങ്ങളായി വേർതിരിക്കുന്നു. അതിൽ നിന്നും പ്ലേറ്റ്‌ലെറ്റുകൾ ധാരാളമുള്ള പിആർപി വേർതിരിച്ച് എടുക്കുന്നു.

തുടർന്ന് രോഗിയുെട ശിരോ ചർമത്തിൽ ഡെർമറോളർ എന്ന ഒരു പ്രത്യേക ഉപകരണം കൊണ്ട് പോറലുകൾ ഉണ്ടാക്കും. ഈ വേദന അറിയാതിരിക്കാനായി മരവിപ്പിക്കാനുള്ള ക്രീം പുരട്ടിയിരിക്കും. തീരെ വേദന സഹിക്കാത്തവർക്ക് ലോക്കൽ അനസ്തേഷ്യ കുത്തിവയ്പും നൽകാം. മുടി നീളം കുറച്ചു വെട്ടുന്നത് ചികിത്സയ്ക്കു കൂടുതൽ സൗകര്യമേകും.

ഈ നേരിയ മുറിവുകളിലേക്ക് പ്ലേറ്റ്‌ലെറ്റ് റിച്ച പ്ലാസ്മ സ്പ്രേ ചെയ്യുകയോ ചെറിയ കുത്തിവയ്പുകളായി നൽകുകയോ ചെയ്യും. മൂന്നു ദിവസത്തേക്ക് ആന്റിബയോട്ടിക് ഉണ്ടാകും. ചെയ്യുന്ന അന്നു തല കഴുകാൻ പാടില്ല. അത്രേയുള്ളൂ നിബന്ധന.

ഏതാണ്ട് ഒരു വർഷം വരെ മൂന്നുമാസത്തിൽ ഒരിക്കൽ എന്ന നിലയിൽ ചികിത്സ ആവർത്തിക്കണം, അപ്പോഴേക്കും മികച്ച മുടിവളർച്ച കാണാനാകുമെന്നും ഡോ. അഞ്ജു എസ്. നായർ പറയുന്നു.

വിവരങ്ങൾക്ക് കടപ്പാട്;

1 ഡോ. റജി നിക്കോളാസ്

കൺസൽറ്റന്റ് ട്രൈക്കോളജിസ്റ്റ് ഡിഎച്ച് ഐ, കൊച്ചി mail@hairplantsindia.com

2. ഡോ. അഞ്ജു എസ്. നായർ

ഡെർമറ്റോളജിസ്റ്റ്, താലൂക്ക് ആശുപത്രി, പുനലൂർ. dranjusanand159@gmail.com