Friday 07 August 2020 04:49 PM IST : By ഡോ. പാർവതി കൃഷ്ണ വി

പത്തിലക്കറിയും പാനീയങ്ങളും : കർക്കടകത്തിലെ ആഹാരം എങ്ങനെ വേണം?

karkkidakakanji8907

ആരോഗ്യകരമായ ജീവിതചര്യകളോടെ കഴിയേണ്ട മാസമാണ് കർക്കടക മാസം. കർക്കടക ചികിത്സ കൂടാതെ ഭക്ഷണ ക്രമത്തിലും പ്രത്യേക ചിട്ട വേണം.  കർക്കടക മാസത്തിൽ ദശപുഷ്‌പങ്ങളുടെയും പത്തിലകളുടെയും പ്രയോഗം മുഖ്യമാണ്. ഇവ നമ്മുടെ ആഹാരത്തിന്റെ കൂട്ടുകറികളിലോ കർക്കടക്കഞ്ഞിക്കൂട്ടിലോ ചേർത്ത് ഉപയോഗിക്കാവുന്നതാണ്. മുക്കുറ്റി, തിരുതാളി, കറുക, വിഷ്ണുക്രാന്തി, നിലപ്പന, വള്ളിയുഴിഞ്ഞ , ചെറുവുള, മുയൽച്ചെവിയൻ, പൂവാങ്കുറുന്നില, കയ്യോന്നി - ഇവയാണ് ദശപുഷ്പങ്ങൾ . 

പത്തിലകൾ ..

താള്, തകര, തഴുതാമ, ചേമ്പില, പയറില, ചേനയില , കുമ്പളം, മത്തൻ, ചൊറിയണം, മുള്ളൻചീര, കയ്യോന്നി , കൂവളത്തില, വട്ടത്തകര, കടുമുടുങ്ങ, എന്നിവ പത്തിലകളിൽപ്പെടുന്നവയാണ്. ഇവ തോരനാക്കിയോ മെഴുക്കുപുരട്ടിയാക്കിയോ കറിയായിട്ടോ ഉപയോഗിക്കാവുന്നതാണ്. സുഗമമായ മലശോധനയ്ക്കും ഹൈപ്പർ കൊളസ്ട്രീമിയ തുടങ്ങിയ അവസ്ഥകളിലും ഇവ ഫല പ്രദമാണ്. ( ചൊറിയണത്തിന്റെ ഇല ചൂടുവെള്ളത്തിൽ കുറച്ചു സമയം ഇട്ട ശേഷം ഒന്നു വാട്ടിയെടുക്കുക. അതിനു ശേഷം കറിയുണ്ടാക്കാൻ ഉപയോഗിക്കാം. 

മുരിങ്ങയില ഒഴിവാക്കാം

കർക്കടക മാസത്തിൽ മുരിങ്ങയിലയുടെ ഉപയോഗം ഒഴിവാക്കാൻ പണ്ടു മുതൽക്കേ നിർദേശിക്കാറുണ്ട്. സയനൈഡ് തുടങ്ങിയ ഘടകങ്ങളുടെ അളവ് മഴക്കാലത്ത് കൂടുതലായി മുരിങ്ങയിൽ കാണുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണിത്. എന്നാൽ മുരിങ്ങയില വെള്ളത്തിൽ കുറച്ചു നേരം മുക്കിവയ്ക്കുകയോ ചൂടുവെള്ളം ഒഴിച്ചു തിളപ്പിയ്ക്കുകയോ ചെയ്താൽ ഈ ഘടകങ്ങളുടെ അളവ് താരതമ്യേന കുറയാറുണ്ട്.  

കർക്കടകത്തിൽ പാനീയങ്ങൾ

നന്നായി തിളപിച്ച വെള്ളം മാത്രമെ കുടിക്കാവൂ. ഓരോ രോഗാവസ്ഥ ഉള്ളവർ  വെള്ളത്തിൽ ചില ഔഷധങ്ങൾ ഇട്ട് തിളപ്പിച്ചാൽ വളരെ ഗുണം ലഭിക്കും.

 * വയറെരിച്ചിൽ, വയറ്റിൽ ഉരുണ്ടു കയറ്റം, നെഞ്ചെരിച്ചിൽ, കലശലായ ഏമ്പക്കം എന്നിവ ഉള്ളവർ ഉലുവ, കരിംജീരകം, ആശാളി, അയമോദകം എന്നിവ വറുത്ത് വെള്ളം തിളപ്പിക്കുക. 

 * വയറെരിച്ചിൽ പുളിച്ചു തികട്ടൽ, ഗർഡ്, പെപ്പറ്റിക് അൾസർ എന്നിവ ഉണ്ടെങ്കിൽ മല്ലി വറുത്ത് വെള്ളം തിളപ്പിയ്ക്കുക. 

 * അലർജിക്ക് റൈനൈറ്റിസ് ഉള്ളവർക്ക് തുളസിയില ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കാം. 

തയാറാക്കിയത്

ഡോ. പാർവതി കൃഷ്ണാ വി.

കൺസൽറ്റന്റ് ഫിസിഷ്യൻ

അംബാ ആയുർവേദ ഹോസ്പിറ്റൽ, ചങ്ങനാശേരി