ലോക്ക് ഡൗൺ കാലത്തെ വെറുതെ ഇരിപ്പ് പലരിലും ദഹന പ്രശ്നങ്ങൾക്കും മലബന്ധത്തിനും ഇടയാക്കുന്നുണ്ട്. ഇതിന്റെ പ്രധാന കാരണം നമ്മുടെ ദിനചര്യയിൽ വന്ന മാറ്റമാണ്. പഴയതുപോലെ ഉള്ള ശാരീരിക പ്രവർത്തനങ്ങൾ ഇല്ല. ഓഫീസിൽ പോക്ക് കുറഞ്ഞതോടുകൂടി ഇരുപ്പിന്റെ ദൈർഘ്യം വർധിച്ചു. കൃത്യമായി വെള്ളം കുടിക്കുന്നില്ല...ഇതൊക്കെ ദഹനപ്രശ്നങ്ങൾക്കും മലബന്ധത്തിനും കാരണമാകുന്നു. ഇതിന് പക്ഷേ ആയുർവേദത്തിൽ കൃത്യമായ പരിഹാരങ്ങളുണ്ട് എന്തൊക്കെയെന്നു നോക്കാം.
ലോക്ക് ഡൗണ് കാലം എന്ന് പറയുന്നത് പാചക പരീക്ഷണങ്ങളുടെ കാലമാണ്. ചക്കക്കുരു ഷേക്കും ബക്കറ്റ് ചിക്കനും ചക്ക ചില്ലിയും ഒക്കെ ഉണ്ടാക്കി ആസ്വദിച്ച് കഴിക്കുന്ന പലർക്കും ദഹനപ്രശ്നങ്ങളും മലബന്ധവും മാറാതെ നിൽക്കുന്നുണ്ട്. ഇതിനൊരു പ്രധാന കാരണം വിരുദ്ധാഹാരങ്ങൾ കൂട്ടിക്കലർത്തുന്നതാണ്. ആയുർവേദ ശാസ്ത്ര പ്രകാരം പഴങ്ങളും പാലും, മോരും പഴങ്ങളും, മീനും. മോരും ഒക്കെ വിരുദ്ധ ഭക്ഷണമാണ്. ഇവ ചേർത്ത് കഴിക്കുന്നത് ദഹന പ്രശ്നങ്ങളുണ്ടാക്കും. ചക്കയും പാലും വിരുദ്ധമാണ്. പാചക പരീക്ഷണങ്ങൾക്കു മുതിരുമ്പോൾ ഇക്കാര്യം മനസ്സിൽ വയ്ക്കണം. ചക്കക്കുരു ഷെയ്ക്ക് ഒക്കെ ഒരു ശീലമാക്കാതെ ഇരിക്കുന്നതാണ് നല്ലത്.
രണ്ടാമത്തെ പ്രധാന പ്രശ്നം വെള്ളംകുടി കുറയുന്നതാണ്. വീട്ടിലിരിപ്പു തുടങ്ങിയതോടുകൂടി വെള്ളം കുടിയിൽ കാര്യമായ കുറവ് വന്നിട്ടുണ്ടാവും. ദിവസവും 10 12 ഗ്ലാസ് വെള്ളമെങ്കിലും ഈ വേനലിൽ ശരീരത്തിന് ആവശ്യമാണ്. അത് ഒരുമിച്ച അല്ല കുടിക്കേണ്ടത്. രണ്ടു മണിക്കൂർ കൂടുമ്പോൾ ഒരു ഗ്ലാസ് വെള്ളം കുടിക്കാം. അതുപോലെ ഭക്ഷണത്തിന് ഒരു മണിക്കൂർ മുൻപ് വെള്ളം കുടിക്കുക. ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുന്നതും ഭക്ഷണം കഴിക്കുമ്പോൾ വെള്ളം കുടിക്കുന്നതും ഒഴിവാക്കണം.
മൂന്നാമത്തെ കാര്യം പാചക രീതികളാണ്. വറുത്തതും പൊരിച്ചതും ധാരാളം കഴിക്കുന്ന സമയമാണ്. ടിവി കാഴ്ചയ്ക്കിടയിലും വീട്ടിൽ ഇരുന്നു ജോലി ചെയ്യുന്നതിന്റെ ഇടവേളകളിലും കൊറിക്കലുകൾ പതിവായിട്ടുണ്ട്. ഇത് കുറയ്ക്കുന്നതാണ് നല്ലത്. കാരണം എണ്ണയിൽ വറുത്ത ഭക്ഷണം എപ്പോഴും ദഹന പ്രശ്നങ്ങൾ ഉണ്ടാകും. ഭക്ഷണകാര്യത്തിൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
. വയറുനിറച്ച് ഭക്ഷണം കഴിക്കേണ്ട. വയറിൽ ഒരിത്തിരി സ്ഥലം ഇടുന്നത് ദഹനം സുഗമമാക്കും.
∙ പച്ചക്കറികൾ പഴങ്ങൾ ഇലക്കറികൾ എന്നിവ ധാരാളം കഴിക്കാം.
∙ നോൺവെജ് കഴിക്കുന്നവർ അത് മിതമായി കഴിക്കാൻ ശ്രദ്ധിക്കണം. മാംസം കഴിച്ചാൽ തന്നെ അത് വറുത്തു പൊരിച്ചു കഴിക്കുന്നതിലും നല്ലത് നന്നായി വെള്ളം ചേർത്ത് വേവിച്ച് അതിൽ ഇത്തിരി ചുവന്നുള്ളിയും ജീരകവും വറുത്തിട്ടു സൂപ് പോലെ കഴിക്കുന്നതാണ്.
. സസ്യാഹാരികൾ ക്യാരറ്റ് ബീൻസ്, ബീറ്റ്‌റൂട്ട് പോലുള്ള പച്ചക്കറികൾ കൊണ്ട് സൂപ്പ് ഉണ്ടാക്കി കഴിക്കുക.
കാപ്പിയും ചായയും അധികമാകരുത്. ഉറക്കം വരുമ്പോഴോ ക്ഷീണം തോന്നുമ്പോഴോ കാപ്പിയും ചായയും കുടിക്കുന്നത് ഒഴിവാക്കണം. കാപ്പിക്കും ചായയ്ക്കും പകരം ഒരു നേരം പച്ചക്കറി സൂപ്പുകൾ കഴിക്കാം.
. പഴവർഗ്ഗങ്ങൾ ധാരാളമായി കഴിക്കണം. പ്രത്യേകിച്ച് സീസണിൽ ആയിട്ട് ലഭിക്കുന്ന പഴവർഗങ്ങൾ.
ചക്കയും ചക്കപ്പഴവും സുലഭമായ സീസൺ ആണ്. ചക്ക വേവിച്ചു കഴിക്കുന്നതിൽ കുഴപ്പമില്ല. ദഹനത്തിന് തടസ്സം വരില്ല. പക്ഷേ, ചക്കപ്പഴം അധികം കഴിക്കേണ്ട. അത് ഉദര പ്രശ്നങ്ങൾക്കിടയാക്കും.
. വെള്ളം കുടിക്കുമ്പോൾ കാലാവസ്ഥ അനുസരിച്ചുള്ള ഘടകങ്ങൾ ചേർത്ത് കുടിക്കുന്നതു കൂടുതൽ നല്ലതാണ്. ചൂടുകാലത്ത് കൊത്തമല്ലി, ചുക്ക് ഇവ ചതച്ചിട്ടു വെള്ളം തിളപ്പിച്ച് കുടിക്കാം.
∙ ഭക്ഷണം എപ്പോഴും ഇളം ചൂടോടെ കഴിയ്ക്കാൻ ശ്രദ്ധിക്കണം. തണുപ്പിച്ച് കഴിച്ചാൽ ദഹനക്കേടുണ്ടാകും. ചൂടുകാലം ആയതുകൊണ്ട് പലരും തണുത്ത ഭക്ഷണം കഴിക്കുന്നത് ആശ്വാസമായി കാണാറുണ്ട്. പക്ഷേ അത് ദഹന പ്രശ്നങ്ങൾ സൃഷ്ടിക്കും. അതുപോലെതന്നെ തലേന്നത്തെ ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കണം. അത് മലബന്ധത്തിന് വരെ കാരണമാകാം.
∙ ചക്കക്കുരു പോഷക മൂല്യമേറിയതാണ്. പക്ഷേ അധികം കഴിക്കുന്നത് വയറിനു പ്രശ്നങ്ങൾക്കിടയാക്കും. ഇത്തിരി ചുവന്നുള്ളിയും ജീരകവും ചുക്കും ഒന്നിച്ച് പൊടിച്ച് ചേർത്ത് തോരൻ വെച്ചോ മറ്റോ വല്ലപ്പോഴും കഴിക്കുന്നതിൽ കുഴപ്പമില്ല. പക്ഷേ പാൽ ചേർത്തു ഷേക്ക് ആക്കി കഴിക്കുന്നത് ദഹനം തടസ്സപ്പെടാൻ ഇടയാക്കും. ആയുർവേദ ശാസ്ത്ര പ്രകാരം പാലും ചക്കയും വിരുദ്ധാഹാരമാണ്.
. മലബന്ധം ഉള്ളവർ പച്ചരി, വെള്ളരി പോലുള്ള ഒഴിവാക്കി ചമ്പാവരി, പാലക്കാട് മട്ട പോലുള്ള തവിടുള്ള അരി കഴിക്കുക.
. ധാരാളം പച്ചക്കറികൾ പ്രത്യേകിച്ച് കുമ്പളങ്ങ, വെള്ളരിക്ക, പടവലങ്ങ, മുരിങ്ങക്കായ, പച്ചപ്പയർ എന്നിവയൊക്കെ ധാരാളം കഴിക്കുക.
. മാമ്പഴം പപ്പായ പോലുള്ള പഴങ്ങൾ സീസൺ ആയി ലഭിക്കുന്നതാണ്. ഇത് മലബന്ധം അകറ്റാൻ …
വിവരങ്ങൾക്ക് കടപ്പാട്
∙ഡോ. സി വി അച്ചുണ്ണി വാര്യർ, റിട്ട. കൺസൽറ്റന്റ് ഫി,ിഷൻ, കോട്ടയ്ക്കൽ ആര്യവൈദ്യശാല