കോവിഡ് പ്രതിരോധത്തിന്റെ മുൻനിരയിൽ തന്നെയുണ്ട് മാസ്കുകൾ. രോഗബാധിതരിൽ നിന്നുള്ള വൈറസ് സ്രവകണങ്ങൾ മറ്റുള്ളവരിലേക്ക് പകരുന്നതു തടയാൻ മാസ്കുകൾ വലിയളവിൽ സഹായകരമാണ്. വാക്സീൻ എടുത്താലും മാസ്ക് ധരിക്കുന്നതു നിർത്തരുത് എന്ന് ലോകാരോഗ്യ സംഘടനയും അമേരിക്കയിലെ സിഡിസി ഉൾപ്പെടെയുള്ള വിദഗ്ധ സമിതികളും പറയുന്നു. അതുകൊണ്ട് അടുത്തകാലത്തെങ്ങും മാസ്ക് ഇല്ലാത്ത അവസ്ഥയുണ്ടാകില്ല. പക്ഷേ, മാസ്ക് ഉപയോഗത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പ്രതിരോധം പാളിപ്പോകാം. ഇതാ ഒഴിവാക്കേണ്ട 7 മാസ്ക് ശീലങ്ങൾ
∙ ഡിസ്പോസിബിൾ മാസ്കുകൾ വീണ്ടും ഉപയോഗിക്കുക
സർജിക്കൽ മാസ്ക് പോലുള്ളവ ഒറ്റത്തവണ ഉപയോഗത്തിനായുള്ള ഡിസ്പോസിബിൾ മാസ്കുകളാണ്. പക്ഷേ, ആളുകൾ ഇവ വീണ്ടും വീണ്ടും ഉപയോഗിച്ചു കാണുന്നു. ഇതുകൊണ്ട് മാസ്കിന്റേതായ ഫലം ലഭിക്കുന്നില്ല. ഒറ്റത്തവണ ഉപയോഗത്തിനുള്ള മാസ്ക് ഒരു തവണ ഉപയോഗിച്ചു കഴിഞ്ഞാൽ സുരക്ഷിതമായി എവിടെയെങ്കിലും കളയുകയാണ് വേണ്ടത്. കഴുകി വീണ്ടും ഉപയോഗിക്കരുത്. കഴുകുമ്പോൾ അതിന്റെ അരിക്കൽശേഷിക്ക് തകരാർ വരാം. ഇപ്പോൾ എൻ 95 മാസ്കുകൾ ആളുകൾ ഒന്നിലധികം തവണ ഉപയോഗിക്കുന്നുണ്ട്. പക്ഷേ, ആശുപത്രികളിൽ കൊണ്ടുപോവുകയോ തുമ്മലോ ചുമയോ വഴി മലിനമാവുകയോ ചെയ്താൽ ആ എൻ95 മാസ്ക് വീണ്ടും ഉപയോഗിക്കരുത്.
∙ പുതിയ മാസ്ക് കഴുകാതെ ധരിക്കുന്നത്
വഴിയോരങ്ങളിലൊക്കെ തുണി മാസ്കുകൾ വെറുതെ തൂക്കിയിട്ടു വിൽക്കുന്നതു കാണാറുണ്ട്. ഇത്തരം മാസ്കുകൾ വാങ്ങുന്നവർ ഉടനെ തന്നെ അതു മുഖത്തണിയരുത്. ഒരുതവണ കഴുകി വെയിലത്തുണക്കിയ ശേഷം മാത്രം ഉപയോഗിക്കുക. പായ്ക്ക് ചെയ്തുവരുന്ന ബ്രാൻഡഡ് മാസ്കുകളാണെങ്കിലും തുണി മാസ്ക് ഒരുതവണ കഴുകി ഉണക്കിയശേഷം ഉപയോഗിക്കുന്നതാകും സുരക്ഷിതം.
അതേപോലെ മെഡിക്കൽ സ്റ്റോറുകളിൽ വലിയ പാക്കറ്റിലാകും സർജിക്കൽ മാസ്ക് സൂക്ഷിച്ചിരിക്കുക. വെറും കൈ കൊണ്ട് അതിൽ നിന്ന് ആവശ്യമുള്ള എണ്ണം എടുത്തുനൽകുകയാണ് പതിവ്. ഇത് സുരക്ഷിതമല്ല. ഒന്നുകിൽ മാസ്കിന്റെ വള്ളിയിൽ പിടിച്ചു തരാൻ പറയാം. അല്ലെങ്കിൽ പായ്ക്കറ്റ് പൊട്ടിക്കാതെ വാങ്ങാം.
∙ മുഷിഞ്ഞ മാസ്ക് ധരിക്കുന്നത്
എവിടേക്കെങ്കിലും പോകാൻ നേരം വൃത്തിയുള്ള മാസ്ക് കിട്ടിയില്ലെങ്കിൽ ഉപയോഗിച്ചു മുഷിഞ്ഞ മാസ്ക് തന്നെ ധരിക്കുന്നതു നല്ല ശീലമല്ല. ഉപയോഗിച്ച മാസ്ക് ബാക്ടീരിയകളുടെയും വൈറസിന്റെയുമൊക്കെ താവളവമാണ്. അതു ധരിക്കുന്നതും ധരിക്കാത്തതും ഒരേഫലമേ തരൂ. തുണി മാസ്കുകൾ പ്രത്യേകിച്ചും ഒാരോ തവണ ഉപയോഗത്തിനു ശേഷവും ചെറുചൂടുവെള്ളത്തിലോ ബ്ലീച്ചിങ് സൊല്യൂഷനിലോ കഴുകുന്നത് വളരെ നല്ലത്. ഒരാൾ ഉപയോഗിച്ച മാസ്ക് മറ്റൊരാൾ ഉപയോഗിക്കരുത്.
∙ മാസ്ക് അലക്ഷ്യമായി ഊരി എവിടെയെങ്കിലും വയ്ക്കുന്നത്.
പ്രത്യേകിച്ച് ഭക്ഷണം കഴിക്കും മുൻപും വണ്ടി ഒാടിക്കും മുൻപുമൊക്കെ വളരെ അലക്ഷ്യമായും അശ്രദ്ധമായും നാം മാസ്ക് ഊരിവയ്ക്കും. അതുതന്നെ വീണ്ടും ധരിക്കും. പ്രതലങ്ങളിലൂടെ കൊറോണ വൈറസ് പകരുമെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. അതുകൊണ്ട് കഴിയുന്നതും മാസ്ക് ഊരി എവിടെയെങ്കിലും തൂക്കിയിടുന്നതാകും സുരക്ഷിതം. പ്രതലങ്ങളിലാണ് വയ്ക്കുന്നതെങ്കിൽ മുഖത്തോടു ചേരുന്ന ഭാഗം മുകളിൽ വരുംപോലെ വയ്ക്കുക.
∙ മാസ്ക് ഊരി സംസാരിക്കുന്നത്
മാസ്ക് മൂക്കിനു തൊട്ടുതാഴെയായി ധരിക്കുന്നതും സംസാരിക്കുമ്പോൾ മാസ്ക് മാറ്റുന്നതും തെറ്റാണ്. ആദ്യമൊക്കെ മാസ്ക് ധരിച്ചു സംസാരിക്കുമ്പോൾ വ്യക്തമല്ലാതെ തോന്നാം. അൽപം ഉറക്കെ സംസാരിച്ചാൽ അതു മാറും. ഒരു കാരണവശാലും സംസാരിക്കുമ്പോൾ മാസ്ക് മാറ്റരുത്. പ്രത്യേകിച്ച് സാമൂഹിക അകലം പാലിക്കാനാകാത്ത സാഹചര്യത്തിൽ. വായും മൂക്കും താടിയും പൂർണമായി മൂടുന്ന മാസ്കാണ് ഉത്തമം. മാസ്ക് മൂക്കിനു താഴെ ധരിച്ചാൽ ശ്വസനവായുവിലൂടെ വൈറസ് പുറത്തെത്താം.
∙ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മാസ്ക് മാറ്റുന്നത്
മാസ്ക് നനയുമെന്നു പേടിച്ചു പലരും ഇങ്ങനെ ചെയ്യാറുണ്ട്. പൊതുസ്ഥലങ്ങളിലാണെങ്കിൽ ഇതേറെ അപകടമാണ്. ഒരുകാരണവശാലും മാസ്ക് മാറ്റാതിരിക്കുക. ശേഷം എത്രയും പെട്ടെന്ന് ആ മാസക് മാറ്റി പുതിയതു ധരിക്കുക. ബാത് റൂമിൽ പോകാൻ സൗകര്യമുള്ളപ്പോഴാണെങ്കിൽ അവിടെ പോയി കൈ കൊണ്ടുമൂടി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്തശേഷം കൈകളും മുഖവും കഴുകി വൃത്തിയാക്കി തുടച്ചശേഷം മാസ്ക് ധരിക്കാം.
∙ അയഞ്ഞ മാസ്ക് വേണ്ട
അയവുള്ള മാസ്കുകൾ ധരിക്കാതിരിക്കുക. കറക്ട് ഫിറ്റിങ് ആണ് സുരക്ഷിതം. ഇനി വലിയ മാസ്കാണെങ്കിൽ മാസ്കിന്റെ വള്ളിയുടെ അറ്റത്ത് ഒരു ചെറിയ കെട്ടിട്ട് മുറുക്കം വരുത്തി ധരിക്കാം. കീറിയതോ പിഞ്ഞിയതോ ആയ മാസ്കുകൾ ധരിക്കരുത്. അവ വേണ്ടത്ര പ്രതിരോധം നൽകില്ല.