Saturday 03 October 2020 04:53 PM IST

അലർജിക്കും സൂര്യാതപത്തിനും വൈറൽ രോഗങ്ങൾക്കും ഔഷധം: വീട്ടുമുറ്റത്തെ റോസാപ്പൂവിന്റെ ഔഷധഗുണങ്ങൾ അറിയാം

Asha Thomas

Senior Sub Editor, Manorama Arogyam

rose34

മനസ്സാകെ അസ്വസ്ഥമായിരിക്കുമ്പോൾ ഒന്നു നടക്കാനിറങ്ങുന്നതായി സങ്കൽപിക്കുക. നടന്ന് നിറയെ റോസാപ്പൂക്കളുള്ള തോട്ടത്തിൽ എത്തുന്നതായും വിചാരിക്കുക. റോസാപ്പൂക്കളെ കൺനിറയെ കണ്ട് അതിന്റെ ഗന്ധമാസ്വദിച്ച് തിരികെ നടക്കുമ്പോഴേക്കും നിങ്ങൾ അദ്ഭുതകരമായവിധം സ്വസ്ഥനായിട്ടുണ്ടാവും. മനസ്സിൽ ഉല്ലാസം നിറയും. ഇതു വെറുതേ പറയുന്നതല്ല, ശാസ്ത്രം പറയുന്നതാണ്. റോസാപ്പൂവിന് നമ്മുടെ നാഡികളെ ഉത്തേജിപ്പിക്കാനും ശാന്തതയിലെത്തിക്കാനുമുള്ള കഴിവുണ്ട്.

റോസിൽ നിന്നെടുക്കുന്ന അത്തർ പ്രധാന ഔഷധമാണ്. ഇത് നമ്മുടെ പ്രതിരോധ വ്യവസ്ഥയേയും നാഡീവ്യവസ്ഥയേയും ഉത്തേജിപ്പിക്കുകയും ശാന്തമാക്കുകയും ചെയ്യുന്നു. എൻഡോക്രൈൻ ഗ്രന്ഥികളുടെ പ്രവർത്തനത്തെ മെച്ചെപ്പടുത്തുന്നു. ഇത് ദഹനപാതയിലെ ശ്ലേഷ്മസ്തരത്തെ സുഖമാക്കുകയും ആമാശയത്തിലെയും ചെറുകുടലിലെയും പുളിപ്പിക്കൽ പ്രക്രിയയിലെ അപാകതകളെ മാറ്റുകയും ചെയ്യുന്നു.

വിറ്റമിൻ സി, ബി ഗ്രൂപ്പ് വിറ്റമിനുകൾ, വിറ്റമിൻ കെ, കരോട്ടിൻ എന്നിവയെല്ലാം റോസാപ്പൂവിതളിൽ അടങ്ങിയിരിക്കുന്നു. ഇതിലെ ധാതുക്കളേക്കുറിച്ച് പറയുകയാണെങ്കിൽ പീരിയോഡിക് ടേബിളിലെ ഏതാണ്ടെല്ലാം തന്നെ റോസാപ്പൂവിലുണ്ടെന്നു പറയാം. കാത്സ്യം, പൊട്ടാസ്യം, കോപ്പർ, അയഡിൻ എന്നിങ്ങനെ പ്രധാന മൂലകങ്ങൾ തുടങ്ങി സൂക്ഷ്മപോഷകങ്ങൾ വരെ ഇതിലടങ്ങിയിരിക്കുന്നു.

റോസാദലങ്ങൾക്ക് ആന്റി വൈറൽ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. മുറിവുകളും പൊള്ളലുകളും ഭേദമാക്കാൻ റോസാദളങ്ങൾ അരച്ചുപുരട്ടിയാൽ മതി. അലർജിക്കും ഗുണകരമാണ് ഇത്. തലവേദനയും ശരീരത്തിന് സുഖമില്ലായ്മയും തളർച്ചയും ഉള്ളവരെ റോസാപ്പൂവിട്ട വെള്ളമോ റോസ് അത്തറോ ആവികൊള്ളിക്കുന്ന രീതി പണ്ടുണ്ടായിരുന്നത്രെ. നാഡീക്ഷയവും വിഷാദവുമൊക്കെയുള്ളവർക്കും ഈ ചികിത്സ നൽകിയിരുന്നു. ശുദ്ധമായ റോസ് വാട്ടർ ആന്റി ഒാക്സിഡന്റ് ഗുണമുള്ളതാണ്.

ഒരു പാത്രത്തിൽ ചൂടുള്ള വെള്ളം എടുത്ത് അതിൽ റോസാദലങ്ങൾ ഇട്ടുവച്ച് മുറിയിൽ വയ്ക്കുന്നത് ജലദോഷവും ഫ്ളൂവുമൊക്കെയുള്ളപ്പോൾ ഗുണകരമാണെന്നു കണ്ടിട്ടുണ്ട്.

അത്തറും സിറപ്പും

∙ റോസാപ്പൂവിൽ നിന്നും അത്തർ ഉണ്ടാക്കാൻ അതിരാവിലെ ഉണർന്ന് വേണം റോസാദലങ്ങൾ ശേഖരിക്കാൻ. അന്തരീക്ഷം ഈർപ്പം നിറഞ്ഞിരിക്കുന്ന അവസ്ഥയിൽ പ്രഭാതത്തിലെ മഞ്ഞുതുള്ളിയിൽ പൊതിഞ്ഞിരിക്കുന്ന ദലങ്ങൾ ശ്രദ്ധയോടെ ശേഖരിക്കണം. ശേഷം കഴുകാതെ ഉടൻ തന്നെ ഉണക്കാനോ സംസ്കരിക്കാനോ മാറ്റണം.

∙ കടുത്ത വേനലിലെ സൂര്യാതപത്തിൽ നിന്നു രക്ഷപെടാൻ റോസാപ്പൂ സിറപ്പു കഴിക്കുന്ന രീതി വടക്കേ ഇന്ത്യക്കാരുടെ ഇടയിലുണ്ട്. റോസാപ്പൂവും മധുരവും മാത്രം ചേർന്ന് ശുദ്ധമായ ഈ സിറപ്പ് ഒരു സ്പൂൺ വെള്ളത്തിൽ കലർത്തി കഴിച്ചാൽ ശരീരം തണുക്കുമെന്നാണ് പറയുന്നത്.

∙ റോസാപ്പൂ ചായ– ഒരു ഗ്ലാസ്സ് തിളച്ചവെള്ളത്തിൽ ഒരു സ്പൂൺ ഉണങ്ങിയ റോസാദലങ്ങൾ ഇട്ട് തേനും ചേർത്താൽ ചായ റെഡി. ബ്രോങ്കൈറ്റിസ്, ഫാരിൻജൈറ്റിസ്, ജലദോഷം എന്നിവയ്ക്കെല്ലാം ഇത് ആശ്വാസം നൽകും.

റോസാപ്പൂവും സൗന്ദര്യവും

ഇങ്ങനെയൊക്കെ ധാരാളം ഔഷധഗുണങ്ങളുണ്ടെങ്കിലും റോസാപ്പൂവിനേക്കുറിച്ച് നമ്മൾ അധികവും കേട്ടിട്ടുള്ളത് സൗന്ദര്യസംരക്ഷണവുമായി ബന്ധപ്പെട്ടാണ്. എന്നാൽ വീട്ടുമുറ്റത്തെ പിച്ചകപ്പൂ പോലെ നാടൻ സൗന്ദര്യമല്ല റോസിന്റേത്. പൂക്കളിലെ ബോളിവുഡ് താരമാണ് റോസെന്നു പറയാം. റോസാപ്പൂ പോലെ തുടുത്തു ചുവന്ന നിറമെന്നും റോസാപ്പൂ കവിളുകളെന്നും റോസാപ്പൂവിന്റെ ഗന്ധമെന്നുമുള്ള വിശേഷണങ്ങളൊക്കെ നാടൻ സുന്ദരിമാർക്കല്ല കുലീനമായ നാഗരികസൗന്ദര്യത്തിനാണ് ചേരുക.

ഈജിപ്ത് പോലുള്ള രാജ്യങ്ങളിൽ ചർമസൗന്ദര്യം വർധിപ്പിക്കാനും ചർമരോഗങ്ങൾ ഭേദമാക്കാനുമായി റോസാപ്പൂ ഉപയോഗിച്ചിരുന്നതായി ചരിത്രം പറയുന്നു. റോസാപ്പൂവിൽ നിന്നെടുക്കുന്ന റോസ് വാട്ടർ നമുക്കൊക്കെ സുപരിചിതമായ സൗന്ദര്യസംരക്ഷണ ഉപാധിയാണല്ലോ.

പ്രായം വർധിക്കുന്നതിനൊപ്പം ചർമ്മത്തിന്റെ തിളക്കം നഷ്ടപ്പെടുന്നതിന് ഒന്നാന്തരം ഔഷധമാണ് റോസ്. റോസാപ്പൂവിതളുകളിട്ടു വച്ച വെള്ളത്തിൽ പതിവായി കുളിച്ചാൽ യുവത്വം നിലനിൽക്കും. ശരീരത്തിന് അയവു നൽകാനും ചർമത്തെ ശുദ്ധിയാക്കാനും നാഡീക്ഷീണം അകറ്റാനും ഈ കുളി സഹായിക്കും.

Facts Checked and Verified by

ഡോ. അനിതാമോഹൻ

പോഷകാരോഗ്യ വിദഗ്ധ

തിരുവനന്തപുരം

Tags:
  • Manorama Arogyam
  • Diet Tips