Thursday 22 April 2021 03:18 PM IST

ടോപ് ഗിയറിൽ പറപറക്കും മിടുക്കികളേ, അറിയാം സുരക്ഷിത ഡ്രൈവിങ്ങിന് ഈ കാര്യങ്ങൾ...

Asha Thomas

Senior Sub Editor, Manorama Arogyam

drivingewqe

വണ്ടി നിരക്കിക്കൊണ്ടുപോകുന്നതു കണ്ടാലേ അറിഞ്ഞുകൂടേ പെണ്ണാണ് ഡ്രൈവർ എന്ന്. !!!’’

‘‘ഈ പെണ്ണുങ്ങൾ വണ്ടിയും കൊണ്ടിറങ്ങി റോഡ് ബ്ലോക്കാക്കിക്കൊള്ളും!!!’’

വണ്ടിയുമെടുത്തു നിരത്തിലിറങ്ങുന്ന സ്ത്രീകളിൽ ഈ കമന്റ് കേൾക്കാത്തവർ ചുരുക്കമാണ്. പക്ഷേ, ഇത്തരം പരിഹാസ കമന്റുകളിൽ മനസ്സ് പാളാതെ ടോപ് ഗിയറിൽ കുതിക്കുന്ന മിടുക്കികളാണ് കൂടുതൽ. പ്രത്യേകിച്ച് കോവിഡ് നിയന്ത്രണങ്ങൾ  ബസുകൾ അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങളെ ബാധിച്ചതോടെ പൊതുഗതാഗതത്തെ കൂടുതൽ ആശ്രയിച്ചിരുന്ന ജോലിക്കാരായ സ്ത്രീകൾ സ്വന്തം വാഹനം എന്ന ചിന്തയിലേക്ക് തിരിഞ്ഞുതുടങ്ങി. നാനോ കാർ തുടങ്ങി ഹൈ എൻഡ് എസ്‌യൂവി വരെ പെൺകരങ്ങളിൽ സുരക്ഷിതമായി നിരത്തിലിറങ്ങിത്തുടങ്ങി. അപ്പോഴും പക്ഷേ, ആളുകൾ പറയും, ‘ ആ വരവു കണ്ടാലറിഞ്ഞുകൂടേ... പെണ്ണാണ്’ എന്ന്...

എന്നാൽ, പ്രിയപ്പെട്ട സ്ത്രീകളെ,  ഇനി ഒരു രഹസ്യം പരസ്യമാക്കാം.  വണ്ടി നന്നായി ഒാടിക്കുന്ന കാര്യത്തിൽ പുരുഷന്മാരാണ് പിന്നിലെന്നാണ് പഠനങ്ങളൊക്കെ പറയുന്നത്.  ലണ്ടനിൽ നടത്തിയ പഠനത്തിൽ 79 ശതമാനം നിയമലംഘനങ്ങളും നടത്തിയത് പുരുഷന്മാരാണ് എന്നു കണ്ടു. പുരുഷന്മാരെ അപേക്ഷിച്ച്  വണ്ടിയോടിക്കാൻ പഠിക്കാൻ കൂടുതൽ സമയമെടുക്കും സ്ത്രീകൾക്ക്. എങ്കിലും വളരെ കുറച്ച്  ഗതാഗതനിയമലംഘനങ്ങളേ സ്ത്രീകൾ വരുത്തുന്നുള്ളു എന്നു പഠനം പറയുന്നു. ഇൻഷുറൻസും ടാക്സുമില്ലാതെ വണ്ടിയോടിക്കുക, മദ്യപിച്ചു വണ്ടിയോടിക്കുക എന്നിത്യാദി ഗതാഗത നിയമലംഘനങ്ങളുടെ കാര്യത്തിൽ പുരുഷന്മാർ തന്നെ മുന്നിൽ.

‘‘ വണ്ടിയോടിക്കലിൽ ലിംഗപരമായ വ്യത്യാസത്തെ കുറിച്ച് ആധികാരികമായി പറയാനുള്ള പഠനങ്ങളൊന്നും നമ്മുടെ നാട്ടിലില്ല. പക്ഷേ, എന്റെ അഭിപ്രായത്തിൽ അമിത വേഗത, അപകടകരമായ ഡ്രൈവിങ് , ട്രിപ്പിൾ റൈഡിംഗ്, രാത്രികാല യാത്രകൾ, ദീർഘദൂര യാത്രകൾ എന്നിവ സ്ത്രീകളുടെ വാഹന ഉപയോഗത്തിൽ പൊതുവേ കുറവാണ്.’’  കൊണ്ടോട്ടി  എസ്ആർടിഒ ദിലീപ്  കുമാർ കെ. ജി. പറയുന്നു.  ‘‘ സ്ത്രീകൾ മദ്യപിച്ചും ലഹരി ഉപയോഗിച്ചും  വാഹനം ഉപയോഗിക്കുന്നതും കുറവാണ്.  നിരത്തിൽ മത്സരയോട്ടത്തിനു ശ്രമിക്കാറുമില്ല. അതൊക്കെ കൊണ്ടു തന്നെ പുരുഷനേക്കാൾ സുരക്ഷിതമായി വാഹനം കൊണ്ടുനടക്കുന്നതു സ്ത്രീകൾ തന്നെയാണെന്നു പറയാം.’’

എന്നാൽ സ്ത്രീകൾ വണ്ടിയോടിക്കുമ്പോൾ സംഭവിക്കാവുന്ന ചില അപകടങ്ങളുമുണ്ട്.  

∙ വീട്ടിലെയും ജോലിസ്ഥലത്തേയും തിരക്കുകൾക്കിടയ്ക്കു നിന്നുള്ള സമയക്കുറവിന്റെയും ബദ്ധപ്പാടുകളുടെയും ഇടക്കുള്ള ഡ്രൈവിംഗിന്റെ അപകട സാദ്ധ്യത 
∙ ചെറിയ കുട്ടികളെയും കൊണ്ടുള്ള യാത്രകളിലെ അപകട സാദ്ധ്യതകൾ ∙ യന്ത്രസംബന്ധമായ കാര്യങ്ങളെക്കുറിച്ചുള്ള അറിവ് കുറവ് ∙  സാരി, ചുരിദാറിന്റെ ഷാൾ പോലുള്ള ലൂസായ വസ്ത്രങ്ങൾ ധരിച്ചു കൊണ്ട് വാഹനങ്ങൾ ഓടിക്കുമ്പോഴുള്ള അപകട സാദ്ധ്യതയും അസൗകര്യങ്ങളും ∙ ഡ്രൈവിങ്ങിലെ പരിചയക്കുറവ് മൂലമുണ്ടാകാവുന്ന പ്രശ്നങ്ങൾ ∙ ഡിഫൻസീവ് ഡ്രൈവിങ് രീതികളെക്കുറിച്ചും ലൈൻ ട്രാഫിക്കിനെ കുറിച്ചുമുള്ള അജ്ഞത ∙ ഡ്രൈവിങ്ങിലെ പരിചയക്കുറവ് കൊണ്ട് MSM ( മിറർ - സിഗ്നൽ - മാന്വർ ) തത്വങ്ങൾ പാലിക്കാൻ പറ്റാതെ U - ടേൺ എടുക്കുന്നതും വലത്തേക്ക് തിരിക്കുന്നതും പോലുള്ള കാര്യങ്ങൾ ചെയ്യുമ്പോഴുള്ള പ്രശ്നങ്ങൾ.∙ ഉയരക്കുറവും മറ്റ് ശാരീരികക്ഷമത കുറവുള്ളവരിലുമുള പ്രായോഗിക ബുദ്ധിമുട്ടുകൾ .

 നമ്മുടെ നാട്ടിൽ  ചെറുപ്രായത്തിൽ  പെൺകുട്ടികൾ വാഹനം ഒാടിക്കാൻ പഠിക്കുന്നതു സാധാരണ നടക്കാറില്ല.  വാഹനവും ഡ്രൈവിങ്ങും അത്രയൊന്നും താൽപര്യം ഇല്ലാത്തത് ഇതിന് ഒരു കാരണമാണ്.  അതുകൊണ്ടു തന്നെ  പുതുതായി വാഹനവുമായി നിരത്തിലിറങ്ങുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ദിലീപ് കുമാർ പറയുന്നു. അതിന് അദ്ദേഹം ചില ടിപ്സും നിർദേശിക്കുന്നുണ്ട്.  

∙ കൃത്യമായ പരിശീലനം നേടുകയും റോഡ് നിയമങ്ങൾ മനസ്സിലാക്കിയിരിക്കുകയും വേണം. റോഡ് നിയമങ്ങൾ അറിഞ്ഞാലേ നല്ല ഡ്രൈവർ ആകാൻ സാധിക്കൂ.

∙  സുരക്ഷിത യാത്രക്കും നിയന്ത്രണത്തിനും അനുയോജ്യമായതും ദൂരക്കാഴ്ച സാധ്യമാവുന്നതുമായ വാഹനങ്ങൾ തിരഞ്ഞെടുക്കുക.  പഴയ വാഹനങ്ങളാണെങ്കിൽ കൃത്യമായി പരിശോധിച്ചതിന് ശേഷം വാങ്ങുക.

∙  രേഖകൾ കൃത്യമായി പരിശോധിക്കുകയും സാധുത ഉറപ്പ് വരുത്തുകയും ചെയ്യുക.

∙ വാഹനം കൃത്യമായ ഇടവേളകളിൽ സർവ്വീസ് ചെയ്യുക.

∙  ടയർ തേയ്മാനം എപ്പോഴും പരിശോധിക്കുകയും അവശ്യമെങ്കിൽ ഉടൻ തന്നെ മാറ്റുകയും ചെയ്യുക. ഇക്കാര്യത്തിൽ ചിലപ്പോഴെങ്കിലും സ്ത്രീകൾക്ക് അജ്ഞത കൊണ്ട് അപകടം പറ്റാറുണ്ട്.  രണ്ട് ഇഞ്ച് ടയർ നിലത്ത് കൃത്യമായി ചേർന്നിരുന്നാലെ വാഹനം നിൽക്കൂ എന്ന് മനസ്സിലാക്കുക.

∙ ടൂവീലർ യാത്രയിൽ മണിക്കൂറിൽ 40 കി.മീറ്ററും കാർ യാത്രയിൽ പരമാവധി 60 കി.മീറ്ററുമായി വേഗത നിജപ്പെടുത്തുക

∙ കൃത്യമായി സീറ്റ് ബെൽറ്റ് ധരിക്കുക.  മുഖം പൂർണ്ണമായും മൂടുന്ന ഹെൽമെറ്റ് ധരിക്കുക.

∙  മുടി കെട്ടി വക്കുകയും ഷാൾ സാരി എന്നിവ കൃത്യമായി പിൻ ചെയ്ത് കാറ്റിൽ പറക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

∙ വണ്ടിയോടിക്കുമ്പോൾ ഫോ ണിൽ സംസാരിക്കുക, മെസേജ് അയയ്ക്കുക എന്നിവയൊന്നും ചെയ്യരുത്. ഒരു സെക്കൻഡ് നേരത്തെ അശ്രദ്ധയ്ക്ക് കൊടുക്കേണ്ട വില വലുതായിരിക്കും.

ആരോഗ്യപ്രശ്നങ്ങൾ അകറ്റാം

‘‘ഡ്രൈവ് ചെയ്യുന്ന സ്ത്രീകൾക്ക്  പ്രത്യേകമായി ആരോഗ്യപ്രശ്നങ്ങളുണ്ടാകാറില്ല.  പൊതുവേ ഡ്രൈവ് ചെയ്യുമ്പോഴുണ്ടാകുന്ന ശാരീരികപ്രയാസങ്ങൾ തന്നെയാണ് നേരിടേണ്ടിവരുക’’. തിരുവനന്തപുരം എസ് പി ഫോർട്ട് ഹോസ്പിറ്റലിലെ എല്ലുരോഗ വിദഗ്ധൻ ഡോ. ചെറിയാൻ തോമസ് പറയുന്നു. 

നടുവേദന, കഴുത്തിനു പിടുത്തം, കാലിലെ പേശികൾക്ക് വേദന എന്നിവയൊക്കെയാണ് സാധാരണയുണ്ടാവുക. സീറ്റ് ഉയരത്തിന് അനുസൃതമായി ക്രമീകരിച്ചുകഴിഞ്ഞാൽ ഒരുപരിധിവരെ വേദനകളൊക്കെ ഒഴിവാക്കാം. ദീർഘദൂരയാത്രകളിൽ ഇടയ്ക്കിടെ വെള്ളം കുടിക്കാനും കാൽ മടുക്കുമ്പോൾ പുറത്തിറങ്ങി കുറച്ചു നടക്കാനും ശ്രദ്ധിക്കുക. ഇതു കാൽവേദന കുറയ്ക്കും.

പതിവായി ഡ്രൈവ് ചെയ്യുന്നവർ, പ്രത്യേകിച്ച് മധ്യവയസ്കർ രാവിലെയും വൈകിട്ടും കഴുത്ത് സ്ട്രെച്ച് ചെയ്തുള്ള ലഘുവ്യായാമങ്ങൾ ശീലിക്കുക. ചെറിയൊരു തലയണ കാർ സീറ്റിൽ വയ്ക്കുന്നതു നടുവിനു സപ്പോർട്ടു നൽകും.  നല്ല ചില്ലിങ് എസിയിട്ടു ദീർഘനേരം ഡ്രൈവ് ചെയ്യുമ്പോൾ പേശികൾ ഉറച്ചു കട്ടിയാകാം. ഇതു തടയാൻ ഇടയ്ക്കിറങ്ങി ഒന്നു മൂരിനിവർന്നാൽ മതി.

Tags:
  • Manorama Arogyam
  • Health Tips