Monday 12 March 2018 10:40 AM IST

പ്രാതലിന് പഴങ്ങള്‍, ചോറും മധുരവും നിര്‍ത്തി; കടവന്ത്രക്കാരി അശ്വതി ആറു മാസം കൊണ്ട് കുറച്ചത് മുപ്പതു കിലോ

Asha Thomas

Senior Sub Editor, Manorama Arogyam

better_health

എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് ദാസാ എന്നു പറയുമ്പോലെയാണ് കടവന്ത്രക്കാരി അശ്വതിയുടെ അനുഭവം.  അശ്വതി വണ്ണം കുറച്ചു കാണണമെന്ന് ഏറ്റവും ആഗ്രഹിച്ചത് അച്ഛൻ സുബ്രഹ്മണ്യനായിരുന്നു. ഒടുവിൽ വൃക്കരോഗം ബാധിച്ച്  അച്ഛൻ പെട്ടെന്നു മരണമടഞ്ഞപ്പോൾ, അശ്വതി വീണ്ടും അച്ഛന്റെ ആ സ്വപ്നം ഒാർത്തു. ഇത്തവണ പക്ഷേ, സ്വയംപരീക്ഷണങ്ങൾക്ക് മുതിർന്നില്ല. അച്ഛൻ പണ്ട് ചൂണ്ടിക്കാണിച്ചു തന്ന, എറണാകുളത്ത് തന്നെയുള്ള ജിമ്മിൽ ചേർന്നു. ആറുമാസത്തെ കഠിനപരിശീലനം. മുപ്പതു കിലോ കുറഞ്ഞു. കഠിനപരിശ്രമത്തിന്റെ ആ ദിവസങ്ങളേക്കുറിച്ച് അശ്വതി സംസാരിക്കുന്നു.

‘‘ചെറുപ്പം മുതലേ  വണ്ണമുണ്ടായിരുന്നു. അഞ്ചടി അഞ്ചിഞ്ചാണ് ഉയരമെങ്കിലും ഭാരം 94കിലോയായിരുന്നു. ഒപ്പം പോളിസിസ്റ്റിക് ഒവേറിയൻ രോഗത്തിന്റെതായ പ്രശ്നങ്ങളും. മുഖത്തും കഴുത്തിലും കറുപ്പ് നിറം, കവിളുകൾ തടിച്ച് തൂങ്ങിക്കിടന്നു. ഒരടി വയ്ക്കുമ്പോഴേ കിതപ്പ്...ഈ വണ്ണം കുറച്ചില്ലെങ്കിൽ പ്രശ്നമാകുമെന്ന് അശ്വതിക്കു തന്നെ മനസ്സിലാകുന്നുണ്ടായിരുന്നു. പിസിഒഡിക്ക് ആശുപത്രിയിലൊക്കെ പോയി മരുന്നു വാങ്ങിയെങ്കിലും പ്രശ്നങ്ങൾ കൂടിയതല്ലാതെ ഫലമൊന്നുമുണ്ടായില്ല. വണ്ണം കുറച്ചാൽ കുറേ വ്യത്യാസം വന്നേക്കുമെന്നു പലരും പറഞ്ഞു. പട്ടിണി കിടന്നും തലേന്നു നാരങ്ങാ ഇട്ടുവച്ച വെള്ളം കുടിച്ചും വെറുംവയറ്റിൽ തേൻ കഴിച്ചും വർഷങ്ങളായി സ്വന്തമായി പല പരീക്ഷണങ്ങൾ നടത്തിയിട്ടും പക്ഷേ, വണ്ണം കുറഞ്ഞില്ല.

ജിമ്മിൽ ചേരുന്നു


പെട്ടെന്നായിരുന്നു അച്ഛന്റെ മരണം. ആശുപത്രിയിൽ ആകുന്നതിന്റെ തലേന്നുവരെ അച്ഛൻ ഒാഫിസിൽ പോകുമായിരുന്നു. ആരോഗ്യകാര്യത്തിലൊക്കെ ശ്രദ്ധയുള്ള ആളായിരുന്നു. വർഷങ്ങളോളം കടവന്ത്രയിലെ വീട്ടിൽ നിന്ന് ഒാഫിസിലേക്ക് നടന്നായിരുന്നു പോയിരുന്നത്. ഇടയ്ക്കിടെ മുട്ടുവേദനയ്ക്ക് വേദനാസംഹാരി ഗുളികകൾ കഴിക്കുമായിരുന്നു. അതാണ് വൃക്കയ്ക്ക് പ്രശ്നമായത്.


അച്ഛൻ പോയതോടെ പകരം ജോലിക്കു കയറി.  അതിനുമുമ്പുള്ള ഇടവേളയിൽ എന്തു ചെയ്യുമെന്ന് ആലോചിച്ചപ്പോഴാണ് വണ്ണം കുറയ്ക്കുന്ന കാര്യം മനസ്സിലേക്ക് വന്നത്.  അച്ഛൻ കൂടെയുണ്ടായിരുന്നപ്പോഴെല്ലാം വണ്ണം കുറയ്ക്കുന്നതിനേക്കുറിച്ചു പറയുമായിരുന്നു. അതിനായി ജിമ്മിൽ പോകാൻ നിർബന്ധിക്കും. പുറത്തുപോയി വരുമ്പോൾ പഴങ്ങൾ വാങ്ങിവരും ഡയറ്റ് ചെയ്യുമ്പോൾ കഴിക്കാൻ.  


അങ്ങനെ കൊച്ചിയിൽ തന്നെയുള്ള ബി ഫിറ്റ് ജിമ്മിൽ ചേർന്നു. ദിവസവും ഒന്നര രണ്ടു മണിക്കൂറോളം വ്യായാമം ചെയ്യുമായിരുന്നു. രാവിലെ ഒമ്പതു മുതൽ 11 വരെയുള്ള സമയത്താണ് ജിമ്മിൽ പോയിരുന്നത്.  ആദ്യമൊക്കെ കാർഡിയോ വ്യായാമങ്ങൾ മാത്രമാണ് ചെയ്തിരുന്നത്. എലിപ്റ്റിക്കൽ, ട്രെഡ്മിൽ എന്നിങ്ങനെ. പതിയെ ഭാരമെടുത്തുള്ള വ്യായാമങ്ങളും തുടങ്ങി. ഒാരോ ദിവസത്തെ വ്യായാമവും ട്രെയിനർ ചിട്ടപ്പെടുത്തി തരുമായിരുന്നു. വ്യായാമം തുടങ്ങി കുറച്ചായപ്പോഴേക്കും  ഭാരം കുറഞ്ഞുതുടങ്ങി. അടുത്തതായി ഡയറ്റ് ക്രമീകരിച്ചു.  ചോറും മധുരവും പൂർണമായും ഒഴിവാക്കി. എണ്ണ കുറച്ചു. വ്യായാമമല്ലാതെ മറ്റു ശാരീരിക അധ്വാനം ഇല്ലാത്തതിനാൽ കാലറി നന്നേ കുറഞ്ഞ ഡയറ്റാണ് സ്വീകരിച്ചത്.

കാലറി കുറഞ്ഞ ഡയറ്റ്


പ്രാതലിന് പഴങ്ങൾ മാത്രമാക്കി. രാവിലെ എട്ടു മണിയോടെ ഒാറഞ്ചോ ആപ്പിളോ റോബസ്റ്റ പഴമോ കഴിക്കും. ഉച്ചയ്ക്ക് ഒരു ചപ്പാത്തി, നാലഞ്ച് മുട്ടയുടെ വെള്ള. അത് പന്ത്രണ്ടരയോടെ കഴിക്കും.  വൈകുന്നേരം ബ്ലാക്ക് കോഫി മധുരം കുറച്ച്, കൂടെ മധുരം കുറഞ്ഞ ബിസ്കറ്റ് ഒന്നോ രണ്ടോ. രാത്രി എട്ടു മണിക്കു മുമ്പായി അത്താഴം കഴിക്കും. പഴങ്ങളോ വേവിച്ച പച്ചക്കറികളോ സാലഡോ മാത്രം.  ചില ദിവസങ്ങളിൽ ഉച്ചയ്ക്ക് മുട്ടവെള്ളയ്ക്കു പകരം ചെറുപയർ മുളപ്പിച്ചത് കഴിക്കുമായിരുന്നു.


ആദ്യത്തെ കുറേ ദിവസം നന്നേ കഷ്ടപ്പെട്ടു. നല്ല വിശപ്പ്, ക്ഷീണം...വണ്ണം കുറയ്ക്കാൻ ജിമ്മിൽ ചേർന്ന സമയത്ത് പലരും പറഞ്ഞിരുന്നു– ഇതൊന്നും കുറയില്ല, ഇങ്ങനെ തന്നെ നിൽക്കുകയേ ഉള്ളൂവെന്ന്. ആ വാക്കുകൾ വല്ലാത്തൊരു വാശി നിറച്ചിരുന്നു ഉള്ളിൽ. അതുകൊണ്ട് പണിപ്പെട്ടു പിടിച്ചുനിന്നു. പ്രാതലിനും ഉച്ചഭക്ഷണത്തിനും ഇടയ്ക്കുള്ള നേരത്ത് വിശപ്പ് സഹിക്കാൻ വയ്യാതെ വരുമ്പോൾ പഴങ്ങൾ കഴിച്ചു. ധാരാളം വെള്ളം കുടിച്ചു. പതിയെ ശരീരം ഈ ഡയറ്റുമായി പൊരുത്തപ്പെട്ടു. വ്യായാമവും ഡയറ്റും കൂടിയായപ്പോൾ ശരീരത്തിലെ കൊഴുപ്പുരുകിത്തുടങ്ങി. മുഖത്തെ തൂങ്ങലും കറുത്തപാടുകളും അപ്രത്യക്ഷമായി. പിസിഒഡിയുടേതായ മറ്റു ശാരീരികപ്രയാസങ്ങളും മാറി.


ആറു മാസം കഴിഞ്ഞതോടെ 64 കിലോയായി ശരീരഭാരം. ഇപ്പോൾ പ്രാതലിന് ഒരു ചപ്പാത്തി കൂടി കഴിക്കുമെന്നതൊഴിച്ചാൽ ഡയറ്റിനു വലിയ മാറ്റമില്ല. വ്യായാമവും തുടരുന്നു. ഇതൊന്നും കാണാൻ അച്ഛനില്ല എന്ന സങ്കടമേയുള്ളു, ബാക്കി എല്ലാ രീതിയിലും സന്തോഷവതിയാണ്’’– അശ്വതി പറയുന്നു.


മുപ്പതു കിലോ ഉരുകിപ്പോയപ്പോൾ പുറംകാഴ്ചയിൽ തന്നെ വലിയ വ്യത്യാസം വന്നു. കസിൻസും സുഹൃത്തുക്കളും ഉൾപ്പെടെ പലരും വഴിയിൽ വച്ച് കണ്ടാൽ മിണ്ടാതായി. കാരണം ലളിതം–  അശ്വതിയെ അവർ തിരിച്ചറിഞ്ഞില്ല.  സ്വന്തം ചേച്ചിയുടെ പ്രതിശ്രുത വരന്റെ വീട്ടുകാർ പോലും വണ്ണം കുറഞ്ഞ് കണ്ടപ്പോൾ ഇതു തന്നെയാണോ അശ്വതിയെന്ന് ചോദിച്ചു.  കുറച്ചുകൂടി നേരത്തേ വണ്ണം കുറയ്ക്കാൻ തോന്നിയില്ലല്ലോ എന്നാണ് ഇപ്പോൾ മനസ്സിലെന്ന് പറയുമ്പോൾ അശ്വതിയുടെ മുഖത്ത് ആത്മവിശ്വാസത്തിന്റെ  തിളക്കം.

ഒഴിവാക്കിയത്


∙ ചോറും മധുരവും പൂർണമായി ഒഴിവാക്കി ∙  എണ്ണ കുറച്ചു
∙ പാലും പാലുൽപന്നങ്ങളും
 തൊട്ടതേയില്ല

കഴിച്ചത്


∙ പ്രോട്ടീൻ ലഭിക്കാൻ
ദിവസവും മുട്ടവെള്ള കഴിച്ചു
∙ പഴങ്ങളും പച്ചക്കറികളും
കൂടുതൽ കഴിച്ചു
∙ ധാരാളം വെള്ളം കുടിച്ചു