Tuesday 08 September 2020 12:38 PM IST

നിറംമാറ്റം ശ്രദ്ധിക്കണം, നെയിൽ പോളിഷ് ഇടയ്‌ക്കൊന്നു മാറ്റാം: നഖത്തിന്റെ ആരോഗ്യത്തിന് 15 ടിപ്‌സ്

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

nailart45

കൈകാൽ വിരലുകൾ എത്ര ഭംഗിയുള്ളതായാലും നഖങ്ങൾ പൊട്ടിയതും നിറം മങ്ങിയതുമൊക്കെയാണെങ്കിൽ ആത്മവിശ്വാസം അവിടെത്തന്നെ നഷ്ടമാകുകയാണ്. പലരും പാടേ അവഗണിക്കുന്ന ഒന്നാണ് നഖങ്ങളുടെ ആരോഗ്യം. എന്നാൽ നഖങ്ങളുടെ പരിചരണത്തിൽ അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ട കുറേ കാര്യങ്ങളുണ്ട്. അവ അറിയാം.

1. പിങ്ക് കലർന്ന വെളുത്ത നിറമാണോ?

ആരോഗ്യമുള്ള നഖങ്ങളുടെ നിറമെന്താണ്? പിങ്കു കലർന്ന വെളുപ്പുനിറമാണ്. ഇനി കൈകാൽ നഖങ്ങളിലേക്കു നോക്കൂ, നഖങ്ങൾക്ക് നിറം മാറ്റമുണ്ടെങ്കിൽ കരുതലെടുക്കണം എന്നർഥം.

2. നഖം നീട്ടേണ്ട

നഖം നീട്ടി വളർത്തുന്നത് അത്ര നല്ല രീതിയല്ല. നഖത്തിന്റെ അഗ്രഭാഗം ഒടിഞ്ഞും പൊട്ടിയും പോകാനിടയാകും. മാത്രമല്ല, നഖത്തിനടിയിൽ ചെളി അടിഞ്ഞിരിക്കാം. അത് ഉള്ളിലെത്തിയാൽ ആരോഗ്യകരവുമല്ല. നഖം പറ്റെ വെട്ടണമെന്നല്ല ഉദ്ദേശിക്കുന്നത്. ഒരൽപം നീട്ടി നിർത്താം.

3. കുളി കഴിഞ്ഞ് നഖം വെട്ടാം

കുളി കഴിഞ്ഞ് നഖങ്ങൾ മുറിക്കുന്നതാണു നല്ലത്. നഖങ്ങൾ ജലം ആഗിരണം ചെയ്യുന്നതിനാൽ കൂടുതൽ പരിക്കുകൾ കൂടാതെ സുഗമമായി നല്ല ഫിനിഷോടെ മുറിക്കാം. അതല്ലെങ്കിൽ ഉപ്പു ചേർത്ത ഇളം ചൂടുവെള്ളത്തിൽ കൈയും കാലും അൽപസമയം മുക്കിവച്ചതിനു ശേഷം നഖം മുറിക്കാം. നഖങ്ങൾ ഉണങ്ങിയിരിക്കുമ്പോൾ കഴിവതും മുറിക്കാതിരിക്കുന്നതാണു നല്ലത്.

4. സ്വന്തമായി ഒരു നെയിൽ കട്ടർ

ഒരു വീട്ടിൽ എല്ലാവർക്കും കൂടി ഒരു നെയിൽ കട്ടർ എന്ന രീതി ആരോഗ്യകരമല്ല. ഒാരോരുത്തരും വ്യക്തിപരമായി നെയിൽ കട്ടർ ഉപയോഗിക്കുക. അതാണ് ആരോഗ്യകരം. കൈകൾക്കും കാലുകൾക്കും പ്രത്യേകമായി നെയിൽ കട്ടർ ഇന്നു വിപണിയിൽ ഉണ്ട്. കാൽ നഖങ്ങൾക്കായി വലിയ നെയിൽകട്ടറും കൈ നഖങ്ങൾക്കായി താരതമ്യേന ചെറിയ കട്ടറും. രണ്ടു വർഷത്തോളമാകുമ്പോൾ പുതിയ നെയിൽ കട്ടർ വാങ്ങുന്നതാണ് ഉചിതം. കത്തിയും ബ്ലേഡും കൊണ്ട് ഒരു കാരണവശാലും നഖം മുറിക്കരുത്.

5. ചതുരാക‍ൃതിയിൽ നഖം മുറിക്കാം

പലരും ‘യു’ ആകൃതിയിലാണ് നഖങ്ങൾ മുറിക്കുന്നത്. ‘യു’ ആകൃതിയിൽ മുറിക്കുമ്പോൾ നഖം അകത്തേക്കു വളഞ്ഞ് ദശയിലേക്ക് വളർന്ന് കുഴിനഖം വരുന്നതിനുള്ള സാധ്യതയുണ്ട്. നഖം മുറിക്കുമ്പോൾ ചതുരാകൃതിയിൽ മുറിക്കുന്നതാണ് നല്ലത്. നഖത്തിനു ചുറ്റു ഭാഗത്തുള്ള ചെളി നീക്കുന്നതിനായി പിൻ, ഈർക്കിലി ഇവ ഉപയോഗിക്കുന്നതും നല്ല രീതിയല്ല. ഇങ്ങനെ ചെയ്യുമ്പോൾ നഖത്തിനു ചുറ്റുമുള്ള ക്യൂട്ടിക്കിളിനു ദോഷം വരാം. അങ്ങനെ വരുമ്പോൾ നഖത്തിന്റെ വശങ്ങൾ വീർത്തു വരാം. വേദനയും അനുഭവപ്പെടും.

6. നെയ‌്ൽ പോളിഷ് ഇടയ്ക്കൊന്നു മാറ്റാം

ഒരുമാസം നെയ്ൽ പോളിഷ് ഇട്ടെന്നു കരുതുക, അടുത്ത ഒരു മാസത്തേയ്ക്ക് നെയ്ൽ പോളിഷ് ഇടേണ്ട. നഖങ്ങളെ സ്വതന്ത്രമായി വിടാം. കാറ്റും വെളിച്ചവുമൊക്കെ കിട്ടാനാണിത്. തുടരെ നെയ്ൽ പോളിഷ് ഇട്ടാൽ നഖങ്ങളുടെ നിറം മാറി ഫംഗൽ അണുബാധയും വരാം.

7. ഉപയോഗിക്കാം ബ്രാൻഡഡ് നെയ്ൽ പോളിഷ്

വില കുറഞ്ഞ നെയ്ൽ പോളിഷ് ഒരു കാരണവശാലും ഉപയോഗിക്കരുത്. അൽപം വില കൂടിയാലും എപ്പോഴും നഖങ്ങൾക്കു സുരക്ഷിതം ബ്രാൻഡഡ് നെയ്ൽ പോളിഷുകളാണ്. നെയ്ൽ പോളിഷ് ഫ്രിഡ്‍ജിൽ സൂക്ഷിക്കാം ( ഫ്രീസറിൽ വയ്ക്കരുത്). കട്ട പിടിക്കില്ല. അങ്ങനെയായാൽ ഒരു വർഷത്തോളം ഉപയോഗിക്കാം.

8. വേണം ബെയ്സ് – ടോപ് കോട്ടുകൾ

നെയ്ൽ പോളിഷ് ഉപയോഗിക്കുമ്പോൾ അതിനൊപ്പം നിർബന്ധമായും ബെയ്സ് കോട്ടും ടോപ്കോട്ടും ഉപയോഗിക്കണം. ഇത് നഖങ്ങൾക്കു പ്രൊട്ടക്ഷൻ നൽകും. നെയ്ൽ പോളിഷ് ഇടുന്നതിനു മുൻപായി നഖങ്ങളിൽ പുരട്ടുന്നവയാണ് ബെയ്സ് കോട്ട്. നെയ്‌ൽ പോളിഷ് ഇട്ട ശേഷം അതിനു മുകളിൽ പുരട്ടുന്നവയാണ് ടോപ് കോട്ട്. ടോപ് കോട്ട് ഇട്ടാൽ നെയ‌‌്ൽ പോളിഷ് പൊളിഞ്ഞു പോവുകയുമില്ല. ബെയ്സ് കോട്ടും ടോപ് കോട്ടും ഒന്നിച്ചുള്ളവയും ലഭിക്കും. എന്നാൽ അവ പ്രത്യേകമായി ഉപയോഗിക്കുന്നതാണ് നല്ലത്.

9. എന്നും ഷൂസ് ഇടല്ലേ

പതിവായി ഷൂസ് ധരിക്കുന്ന സ്ത്രീകൾ ഇടയ്ക്ക് സാധാരണ ചെരിപ്പുകളും ഉപയോഗിക്കണം. ഷൂസ് പതിവായി ധരിച്ചാൽ ഇറുകിയ ഷൂസിനുള്ളിൽ നഖങ്ങൾ അമർന്നിരിക്കും. ആവശ്യമായ രക്തചംക്രമണം നടക്കാതെ വരും. ഫംഗസ് ബാധയും കൂടാനിടയുണ്ട്. ഒരു ദിവസം ഷൂസിട്ടാൽ പിറ്റേദിവസം വിരലുകൾ കാറ്റുകൊള്ളുന്ന വിധമുള്ള ചെരിപ്പിടാം. സോക്സ് കോട്ടൻ തന്നെയാണ് ആരോഗ്യകരം.

10. ഡിറ്റർജന്റുകൾ പതിവായി ഉപയോഗിക്കുമ്പോൾ

ഡിറ്റർജന്റുകളുടെയും വാഷിങ് സോപ്പിന്റെയും പതിവായ ഉപയോഗം നഖങ്ങളുടെ ഭംഗി കെടുത്തിക്കളയാം. ഗുണനിലവാരമുള്ള ഡിറ്റർജന്റുകളും വാഷിങ് സോപ്പും തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഏറെ പാത്രങ്ങൾ കഴുകാനുള്ളപ്പോൾ ഗ്ലൗസ് ഉപയോഗിക്കുന്നതു നല്ലതാണ്. തുണി കൂടുതൽ കഴുകാനുള്ളപ്പോൾ വാഷിങ് മെഷീനിൽ തന്നെ കഴുകിയെടുക്കാം.

11. നഖം കടിക്കരുതേ

നഖം കടിക്കുന്ന ശീലം ചിലർക്കെങ്കിലുമുണ്ട്. അത് അനാരോഗ്യകരമാണ്. നഖത്തിന്റെ ഭംഗിയേയും ആരോഗ്യത്തെയും അതു ബാധിക്കും. നഖത്തിനു ചുറ്റുമുള്ള ചർമത്തിനു ദോഷം വരുത്തും. അണുബാധാ സാധ്യതയുമുണ്ട്. വിരലുകളിൽ നിന്ന് അണുക്കൾ വായിലേക്കെത്തുകയാണ് എന്നതാണ് ഏറെ ശ്രദ്ധിക്കേണ്ട കാര്യം.

12. ക്രീമുകൾ പുരട്ടാം

കൈകളിലും കാലുകളിലും നഖങ്ങൾ ഉൾപ്പെടെ ഒരു ബ്രാൻഡഡ്
ഹാൻഡ് – ഫൂട് ക്രീം പുരട്ടി മസാജ് ചെയ്യുന്നതു നല്ലതാണ്. കുളിച്ചതിനു ശേഷം മസാജ് ചെയ്യാം. കൈകൾക്കും കാലുകൾക്കും മൃദുത്വവും തിളക്കവും ലഭിക്കും.

13. ഫംഗസ് ബാധയ്ക്ക് മരുന്നുകൾ ഉണ്ട്

നഖങ്ങളിൽ ഫംഗസ് ബാധ ഉണ്ടായാൽ ഗുളിക ഉള്ളിൽ കഴിക്കണം. ഫംഗസ് ബാധിച്ച കാൽനഖം സുഖപ്പെടാൻ ഒരു വർഷത്തോളമെടുക്കും. കൈനഖങ്ങൾ സുഖമാകുന്നതിന് അഞ്ചു മാസത്തോളം വേണ്ടി വരും. നഖങ്ങളുടെ മറ്റു ചെറിയ പ്രശ്നങ്ങളൊക്കെ നാം ശ്രദ്ധിച്ചാൽ ശരിയാകുന്നതേ ഉള്ളൂ. നഖം നീട്ടി വളർത്തുന്നവർ, പ്രമേഹം ഉള്ളവർ ഇവരൊക്കെ നഖങ്ങളിൽ ഫംഗസ് ബാധ വരാൻ സാധ്യതയുള്ളവരാണ്. നഖം വൃത്തിയായി സൂക്ഷിക്കുക എന്നത് ഏറെ പ്രധാനമാണ്. കിടക്കും മുൻപ് ഇളം ചൂടു വെള്ളത്തിൽ കൈകാൽ നഖങ്ങൾ കഴുകുന്നതു നല്ലതാണ്. പ്രായം മുൻപോട്ടു പോകുന്തോറും നഖങ്ങളിൽ ഫംഗസ് ബാധ കൂടുതലാകാം. നഖങ്ങളിൽ ഫംഗസ് ബാധ കാണുന്ന സാഹചര്യത്തിൽ തീർച്ചയായും ഡോക്ടറുടെ സഹായം തേടണം.

14. നെയ്ൽ പോളിഷ് റിമൂവർ തുടരെ ഉപയോഗിക്കേണ്ട

നെയ്ൽ പോളിഷ് റിമൂവറുകൾ ബ്രാൻഡഡ് ആയവയും ഗുണനിലവാരമുള്ളവയും ആണെന്ന് ഉറപ്പു വരുത്തണം. അസറ്റോൺ എന്ന രാസപദാർഥം ഇതിലടങ്ങിയിട്ടുണ്ട്. തുടരെ ഉപയോഗിക്കുന്നത് അഭികാമ്യമല്ല. ആഴ്ചയിലൊരിക്കലോ മാസത്തിലൊരിക്കലോ ആയി ഇതിന്റെ ഉപയോഗം പരിമിതപ്പെടുത്തണം. നെയ്ൽ പോളിഷ് നഖങ്ങളിൽ നിന്നു ബ്ലേഡും കത്തിയുമൊക്കെ കൊണ്ട് ചുരണ്ടിക്കളയുന്നവരുണ്ട്. അങ്ങനെ ചെയ്യരുത്. നഖങ്ങളുടെ ഭംഗിയും ആരോഗ്യവും നഷ്ടപ്പെടും. തിളക്കം മാറി പരുപരുത്തതാകും.

15. പെഡിക്യൂറും മാനിക്യൂറും

ഇടയ്ക്ക് ബ്യൂട്ടി പാർലറിൽ പോയി കൈകാൽ നഖങ്ങളിലെ ക്യൂട്ടിക്കിൾ ഒന്നു കളയുന്നതു നല്ലതാണ്. മാസത്തിലൊരിക്കൽ അല്ലെങ്കിൽ രണ്ടു മാസത്തിലൊരിക്കൽ ബ്യൂട്ടിപാർലറിൽ പോയി പെഡിക്യൂറും മാനിക്യൂറും ചെയ്യാം. കൈകളെക്കാൾ കൂടുതൽ സമ്മർദമേൽക്കുന്നതും അഴുക്കു പുരളുന്നതും കാലുകളിലാണല്ലോ. അതിനാൽ വീട്ടിൽ ഇടയ്ക്ക് പെഡിക്യൂർ ചെയ്യുന്നതും നല്ലതാണ്.

നമുക്ക് എളുപ്പത്തിൽ ചെയ്യാനാകുന്നത് ഒരു ബേസിനിൽ കാലുകൾ മുക്കി വയ്ക്കാനാകുന്നത്ര ചൂടുള്ള വെള്ളമെടുക്കുക. അതിൽ അൽപം ഷാംപൂവും അരോമാ ഒായിലും നാരങ്ങാനീരുമൊക്കെ യോജിപ്പിക്കുക. ചെറിയ ബ്രഷ് കൊണ്ടു കാലുകൾ തേച്ചു കഴുകാം. പ്യൂമിസ് സ്‌റ്റോൺ കൊണ്ട് ഉരയ്ക്കാം. പിന്നീട് നഖം വെട്ടാം. ഫൂട് ക്രീം പുരട്ടി മസാജ് ചെയ്യാം.

ഇതേപോലെ ഇളം ചൂടുവെള്ളത്തിൽ അൽപം നാരങ്ങാ നീരും മൈൽഡ് സോപ്പും തേനുമൊക്കെ ചേർത്ത് അതിൽ അൽപനേരം വിരലുകൾ മുക്കി വച്ച് ഒരു സോഫ്റ്റ് ബ്രഷ് കൊണ്ടു കഴുകാം. നഖങ്ങൾ വെട്ടാം. പിന്നെ ഹാൻഡ് ക്രീം പുരട്ടി മൃദുവായി മസാജ് ചെയ്യാം. പെഡിക്യൂറും മാനിക്യൂറും ചെയ്യുന്നതിനു മുൻപായി നെയിൽ പോളിഷ് നീക്കുക.

സൗന്ദര്യ പരിചരണത്തിൽ നഖങ്ങളുടെ പരിചരണം കൂടി ഉൾപ്പെടുത്താം എന്നൊരു തീരുമാനം എടുക്കാൻ വൈകില്ലല്ലോ അല്ലേ?

വിവരങ്ങൾക്കു കടപ്പാട്

ഡോ. കുക്കു മത്തായി

കൺസൽറ്റന്റ് ഡെർമറ്റോളജിസ്‌റ്റ്

നെടുംചാലിൽ ട്രസ്‌റ്റ് ഹോസ്പിറ്റൽ, മൂവാറ്റുപുഴ

Tags:
  • Manorama Arogyam
  • Health Tips