പൂജയൊരുക്കുന്നിടത്ത് വാഴപ്പഴത്തിനെന്തു കാര്യമെന്ന് അന്വേഷിച്ചു ബ്രിട്ടനിലെ ഒരു സംഘം ഗവേഷകർ. കാതു കുത്തു നടക്കുന്നിടത്തും കതിർമണ്ഡപത്തിലും വാഴപ്പഴം കണിവയ്ക്കുന്നതിനു പിന്നിലെ ഐതിഹ്യമാണ് പാശ്ചാത്യർ തിരക്കിയത്. ബ്രിട്ടനിലെ മണ്ണിൽ ഫലഭൂയിഷ്ടമായി വിളയുന്ന ഒരു ഇനം പഴമാണു കാവന്റിഷി. മറ്റെല്ലാ ഫലങ്ങളെയും പോലെ അവർ കാവന്റിഷി വാഴയുടെ പഴവും കഴിക്കുന്നു. വാഴപ്പഴം ആരാധനാ പാത്രമാകുന്നത് എങ്ങനെയെന്ന് അവർ കാവന്റിഷിയെ മുൻനിർത്തി ചോദ്യമുയർത്തി.
ഹൈദരാബാദിൽ നിന്നു തമിഴ്നാട്ടിലെ നാഗർകോവിലിലേക്കു വിവാഹം കഴിഞ്ഞെത്തിയ യുവതി വാഴപ്പഴത്തെ കുറിച്ച് ഇംഗ്ലണ്ടിലുള്ളരുടെ സംശയം തീർക്കാനായി മറുപടി തയാറാക്കി. ‘‘ദക്ഷിണേന്ത്യയിലെ കൃഷിയിടങ്ങളിൽ പന്ത്രണ്ടിലേറെ ഇനം വാഴപ്പഴം വിളയുന്നുണ്ട്. പൂവൻ, ഞാലി, പാളയം തോടൻ, കദളി, നേന്ത്രൻ, മൊന്തൻ, കർപൂരവള്ളി, രസ്താലി, റോബസ്റ്റ എന്നിവ അവയിൽ ചിലതു മാത്രം. നൂറ്റാണ്ടുകളായി സൗത്ത് ഇന്ത്യക്കാരുടെ കൃഷിയാണു വാഴ. വാഴപ്പഴം, വാഴക്കൂമ്പ്, ഉണ്ണിപ്പിണ്ടി, എന്നിവ പോഷകസമൃദ്ധമാണ്. ഉണക്കിയ കായ ഉപയോഗിച്ചാണു തെക്കേ ഇന്ത്യയിലുള്ളവർ കുഞ്ഞുങ്ങൾക്കു കുറുക്ക് തയാറാക്കുന്നത്. വാഴയില ഭക്ഷണം വിളമ്പാൻ ഉപയോഗിക്കുന്നു. ഇലയും തണ്ടും പൂവും കായയും ഭക്ഷ്യയോഗ്യമായ വാഴയെ ആരാധിക്കുന്നതിലെന്താണു തെറ്റ് ? ’’ ലേഖനത്തിലൂടെ യുവതി മറുചോദ്യം ഉയർത്തി.
സമൂഹമാധ്യമങ്ങളിൽ വാഴപ്പഴം താരമായപ്പോൾ പഴത്തിന്റെ ‘വഴക്കം’ പെരുമപ്പെടുത്താനുള്ള ചുമതല തമിഴ്നാട്ടിലെ ചെറുപ്പക്കാർ ഏറ്റെടുത്തു. അലക്സാണ്ടർ ചക്രവർത്തി ഇന്ത്യയിൽ നിന്നു ‘അടിച്ചു മാറ്റി’ കൊണ്ടു പോയതാണു ബ്രിട്ടനിലെ വാഴപ്പഴമെന്ന് അവർ വ്യാഖ്യാനിച്ചു. ‘പടയോട്ടം നടത്തിയ അലക്സാണ്ടർ ചക്രവർത്തിക്ക് ഇന്ത്യയിൽ നിന്നു കഴിച്ച കദളിപ്പഴം ഇഷ്ടമായി. മടക്കയാത്രയിൽ ‘വാഴക്കന്നു’മായാണ് (വാഴ വിത്ത്) അദ്ദേഹം ഇവിടം വിട്ടത്. ഗൾഫ്, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ വിളയുന്നത് ഇന്ത്യയിൽ നിന്ന് അന്നു കൊണ്ടു പോയ വാഴയുടെ വിത്താണ്. 1835ൽ ബ്രിട്ടനിലെ ചാറ്റ്സ്‌വർത്ത് എേസ്റ്ററ്റിലെ ഉദ്യാനപാലകൻ ജോസഫ് പാക്സ്റ്റൺ പ്രഭുവിന്റെ തോട്ടത്തിൽ വാഴ നട്ടു. തന്റെ യജമാനനായ വില്യം കാവന്റിഷിനെ സന്തോഷിപ്പിക്കാനായി ‘കാവന്റിഷ് ’ എന്നു പഴത്തിനു പേരിട്ടു. മഞ്ഞ തോലുള്ള കാവന്റിഷിന്റെ ഉറവിടം ദക്ഷിണന്ത്യയാണ്.’ ഓൺലൈനിൽ വാഴയുടെ അവകാശവാദം ശക്തമായി.
ഇത്രത്തോളം എത്തിയതോടെ ചെന്നൈയിലെ ന്യൂട്രീഷ്യന്മാർ വാഴപ്പഴത്തിന്റെ പോഷക ഗുണങ്ങൾ വിശദമാക്കി. ‘ആയിരക്കണക്കിന് വർഷങ്ങളായി ആയുർവേദ മരുന്നുകളിലെ പ്രധാന ചേരുവയാണ് വാഴപ്പഴം. പൊട്ടാസ്യം, കാൽസ്യം, വൈറ്റമിൻ ബി 6,സി, കാർബോ ഹൈഡ്രേറ്റ്സ്, നാരുകൾ എന്നിവ അടങ്ങിയിരിക്കുന്നു. വാഴയില, വാഴപ്പൂവ്, വാഴപ്പിണ്ടി, വാഴക്കൂമ്പ്, വാഴപ്പോള എന്നിവ മരുന്നുകളിൽ ചേരുവയാണ്.’ ന്യൂട്രീഷ്യന്മാർ വിശദമാക്കി.
ചർച്ച ചൂടുപിടിച്ചതോടെ സൗത്ത് ഇന്ത്യയിലെ ഗവേഷകർ വാഴയുടെ ഔഷധ ഗുണങ്ങൾ വിശദീകരിച്ചു. ‘കുഷ്ഠരോഗം, അപസ്മാരം, പ്രാണികളുടെ കടിയേറ്റുണ്ടാകുന്ന അലർജി എന്നിവയ്ക്കുള്ള മരുന്നാണ് വാഴയുടെ നീര്. ഉത്കണ്ഠ, ഉറക്കക്കുറവ്, മാനസിക സംഘർഷം എന്നിവയ്ക്കുള്ള ചികിത്സയ്ക്ക് വാഴയുടെ വിവിധ ഭാഗങ്ങൾ ഉപയോഗിച്ചുള്ള കുഴമ്പ് ഉപയോഗിച്ചാണു ഔഷധം തയാറാക്കുന്നത്.’ ഗവേഷകർ ചൂണ്ടിക്കാട്ടി.
പഴത്തിനു ചരിത്രവും ശാസ്ത്രവും പിന്തുണ നൽകിയതോടെ ജീവിതവും ഐതിഹ്യവും കൂട്ടിക്കുഴച്ചുള്ള വിശദീകരണങ്ങളും പുറത്തുവന്നു. കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന ഗ്രാമങ്ങളിൽ പ്രധാന വിളയാണു വാഴ. മണ്ണിനെ പൂജിക്കുന്നവർ വിളയേയും ആരാധിച്ചു. വിശേഷ ദിവസങ്ങളിൽ കാർഷിക വിള ‘കണി’ വയ്ക്കുന്നത് ഭാരതത്തിലെ ആചാരമാണ്. മാങ്ങ, ചക്ക, പഴം എന്നിവയെ ‘മുക്കനി’കളെന്നു (മൂന്നു ഫലങ്ങൾ) തമിഴ്നാട്ടുകാർ വിശ്വസിക്കുന്നു. തമിഴ്നാട്ടിലെ മുരുകൻ ക്ഷേത്രമായ ‘പഴനി’യുടെ പെരുമയും പഴവുമായി ബന്ധപ്പെട്ടതാണ്. ജ്ഞാനത്തിന്റെ ‘പഴം’ ‘നീ’ എന്നു മുരുകനെ പുകഴ്ത്തിയതാണത്രേ പഴനിയായായി മാറിയത്.