പതിവില്ലാതെ രാവിലെ ‘കുളിപ്പിച്ച് കുട്ടപ്പനാക്കി’ എടുത്തപ്പോൾ ആ മുഖത്ത് ആകെപാടെയൊരു സംശയം. നെറ്റിയിൽ ചാർത്തിയ സ്ഥലവിവരങ്ങളടങ്ങിയ ബോർഡ് ഒളികണ്ണിട്ടൊന്ന് നോക്കിവച്ചു. തന്റെ തൊട്ടടുത്ത് ക്യാമറ തൂക്കി നിൽക്കുന്ന ഫൊട്ടോഗ്രഫറെ കണ്ടതും ഇന്നത്തെ ‘സ്പെഷൽ കുളിപ്പിക്കലി’ന്റെ കാരണം ആനവണ്ടിയ്ക്ക് മനസ്സിലായി. അതുകൊണ്ടാകണം തൃശൂർകാരൻ ഡ്രൈവർ ബെന്നറ്റ് ചേട്ടൻ ക്ലച്ച് ചവിട്ടി താക്കോൽ തിരിച്ചതും ആനവണ്ടി മൊത്തത്തിൽ കുലുങ്ങിയങ്ങ് ചിരിച്ചത്. ചാലക്കുടി – മലക്കപ്പാറ കെഎസ്ആർടിസി ബസ് അഥവാ നമ്മുടെ ആനവണ്ടിയിൽ യാത്രക്കാരെല്ലാം കയറിയിരിക്കുന്നു.
സമയം രാവിലെ കൃത്യം 7.50. കണ്ടക്ടർ അനിലിന്റെ വിസിലടിശബ്ദം കേട്ടതും ഡ്രൈവർ ബെന്നറ്റ് ചേട്ടൻ ബസിനോട് അനുവാദം ചോദിച്ചു, ന്നാ പിന്നെ പോകല്ലേ ഗഡീ... ഹോൺ മുഴക്കി സമ്മതം അറിയിച്ച് യാത്ര തുടങ്ങി, ചാലക്കുടി കെഎസ്ആർടിസി സ്റ്റാന്റ് എന്ന ആനത്താവളത്തിൽ നിന്ന് മലക്കപ്പാറയിലേക്ക്. എണ്ണപ്പനത്തോട്ടങ്ങളും വെള്ളച്ചാട്ടവും കാടും പുൽമേടും തേയിലത്തോട്ടങ്ങളും കടന്ന് പോകുന്ന മനോഹരമായ 90 കിലോമീറ്റർ. കേരളത്തിലെ സുന്ദരമായ റോഡ് ട്രിപ്പുകളിൽ ഒന്ന്, ചാലക്കുടി – മലക്കപ്പാറ യാത്ര. ആളും ബഹളവും കാഴ്ചകളും ഓർമകളും ഒരേ താളത്തിൽ ഒഴുകുന്ന അനുഭവം കിട്ടാൻ മലയാളികൾക്ക് യമണ്ടൻ കാറോ എസിയുടെ തണുപ്പോ കട്ടയ്ക്ക് പാട്ടോ ഒന്നും വേണ്ട. ആരും ശല്യപ്പെടുത്താത്ത, കെഎസ്ആർടിസി ബസ്സിന്റെ വിൻഡോ സൈഡ് സീറ്റ് മാത്രം മതി.
നാട് കടന്ന് കാട്ടിലേക്ക്...
ചാലക്കുടി– മലക്കപ്പാറ റൂട്ടിലോടുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറിന് ആനവണ്ടി എന്ന വിശേഷണം ശരിക്കും യോജിക്കും. കാടുകുലുക്കി ഓടുന്ന കൊമ്പനല്ലെങ്കിലും കാട് കടന്ന് പോകാൻ കൊമ്പനെ തോൽപ്പിക്കുന്ന ചങ്കൂറ്റം ആനവണ്ടിക്കും ഡ്രൈവർക്കും വേണം. ചാലക്കുടി സ്റ്റാന്റിൽ നിന്ന് ഇറങ്ങുന്ന ബസ് പ്രൈവറ്റ് സ്റ്റാൻഡിലേക്കാണ് ആദ്യം പോകുന്നത്. അവിടം കയറി ഇറങ്ങുമ്പോഴേക്കും ബസിൽ ആളുകളുടെ തിരക്കാകും. മലക്കപ്പാറയ്ക്കുള്ള വിനോദസഞ്ചാരികൾ മാത്രമല്ല, പോകുന്ന വഴിയിൽ പലയിടത്തായുള്ള പ്രദേശവാസികളും കെഎസ്ഇബിയിലെ ഉദ്യോഗസ്ഥരും ബസിലുണ്ട്. പതിവുയാത്രക്കാർ പരസ്പരം വിശേഷങ്ങളിൽ മുഴുകുമ്പോൾ വിനോദസഞ്ചാരികൾ മൗനം നിറച്ച് അടുത്ത കാഴ്ചകൾക്കായി കാത്തിരിക്കുന്നു.
ടൗൺ പിന്നിട്ടുള്ള ആദ്യ കാഴ്ച കേന്ദ്രം തുമ്പൂർമുഴി ശലഭോദ്യാനമാണ്. ജനൽ വഴി ഒന്ന് കണ്ണോടിയ്ക്കാനുള്ള സമയം അത്രമാത്രം അനുവദിച്ച് ബസ് ഉദ്യാനം പിന്നിട്ടു. കുറച്ചു ദൂരം കഴിഞ്ഞതേയുള്ളൂ, റോഡിന് ഇരുഭാഗത്തും പ്ലാന്റേഷൻ കോർപറേഷന്റെ എണ്ണപ്പനത്തോട്ടങ്ങൾ. കടുംപച്ച ഇലകള്‍ വിരിച്ച് വെയിലിനെ ഭൂമിയിൽ തൊടാൻ സമ്മതിക്കാതെ പോലെ നിൽക്കുന്ന പനയുടെ കൂട്ടം. അടുത്ത േസ്റ്റാപ്പ് അതിരപ്പിള്ളി വെള്ളച്ചാട്ടമാണ്. അതിരപ്പിള്ളിയിലേക്കുള്ള യാത്രയിൽ തന്നെ കുത്തിയൊഴുകുന്ന ചാലിയാർ പുഴ കാണാം. അതിരപ്പിള്ളി കവാടം കടന്നപ്പോൾ സമയം ഒമ്പതു മണി. യാത്രക്കാർക്ക് വെള്ളച്ചാട്ടം വ്യക്തമായി കാണാൻ വ്യൂ പോയന്റിന് ഓരം ചേർന്ന് ബെന്നറ്റ് ചേട്ടൻ ബസ്സൊന്ന് സ്ലോ ആക്കികൊടുത്തു. ജനലുകൾ വഴി കുറേ തലകൾ പുറത്തേക്ക് നീണ്ടു, മഴ തൊട്ടുതലോടി പോയതിനാൽ വെള്ളച്ചാട്ടം അതിന്റെ ചേലിൽ തന്നെ താഴേക്ക് പതിയ്ക്കുന്നു.
മരങ്ങളിൽ ചാടി കളിക്കുന്ന മലയണ്ണാൻ പെട്ടെന്നൊരു ദർശനം തന്ന് ഓടി മറഞ്ഞു. വാ...പോകാം, കാട് കുറേ കയറാനുള്ളതാ എന്ന മട്ടിൽ ആനവണ്ടിയൊന്ന് ദേഷ്യത്തോടെ മുരണ്ടു. വെള്ളച്ചാട്ടത്തിന്റെ മാസ്മരികസൗന്ദര്യത്തിൽ വീണുപോയ സഞ്ചാരികളിൽ കുറേപേർ അതിരപ്പിള്ളിയിൽ ഇറങ്ങി. ബസിലെ വലിയ തിരക്കിന് ആശ്വാസമായി. യാത്രക്കാർക്ക് വെള്ളച്ചാട്ടം കാണിച്ചുകൊടുത്ത സന്തോഷത്തിൽ ആനവണ്ടിയും ഒന്നു ചാർജായി, സ്പീഡ് കൂടി. വഴിയോരത്തെ കടകളെല്ലാം തുറക്കുന്നേയുള്ളൂ. ‘ഇടയ്ക്കിടെ യാത്രക്കാർക്ക് കാഴ്ചകാണാൻ ബസ് സ്ലോ ആക്കി കൊടുത്തുന്ന സമയത്തെ തോൽപ്പിച്ച് വേണം മലക്കപ്പാറയിലെത്താനുള്ള സമയം ക്രമീകരിക്കാൻ. അതിനിടെ ലഘുഭക്ഷണം എന്തേലും കഴിക്കാനുള്ള േസ്റ്റാപ്പിലും അഞ്ചുമിനിട്ട് നിർത്തുന്നുണ്ട്. ഡ്രൈവർ ബെന്നറ്റ് പറഞ്ഞു.
ബസ് ചാർപ്പ വെള്ളച്ചാട്ടം കടന്നുവരുന്ന ചിത്രം പകർത്താൻ ഫൊട്ടോഗ്രഫർ ബസിനു മുന്നേ ഇറങ്ങിയോടി. ചെറിയൊരു ടൈമിങ് വ്യത്യാസത്തിൽ ചിത്രം കിട്ടാതെ പോയി. സാരമില്ല, തിരിച്ചുവരുമ്പോൾ നമുക്ക് റെഡിയാക്കാം, കണ്ടക്ടർ അനിൽ വാക്കുകൊടുത്തു.ചാർപ്പ വെള്ളച്ചാട്ടത്തിന് കുറുകെയുള്ള പാലം കടന്ന് വാഴച്ചാലിന്റെ വഴിയെ ബസ് കുതിച്ചു. മഞ്ഞയും ചുവപ്പും നിറമുള്ള ആനവണ്ടി പച്ചപ്പിനിടയിൽ കൂടി പോകുന്നത് കാണാൻ തന്നെ എന്തൊരഴകാണ്. ചാലക്കുടിപ്പുഴയ്ക്ക് ചുറ്റുമുള്ള കാട് കേരളത്തിൽ അവശേഷിക്കുന്ന ഏക പുഴയോരക്കാടാണ്. അതിനാൽ തന്നെ പ്ലാസ്റ്റിക്, മദ്യം, മനുഷ്യന്റെ ഇടപെടൽ എന്നിവയ്ക്കെല്ലാം കൃത്യമായ നിയന്ത്രണങ്ങളുണ്ട്. കർശനമായ പരിശോധനയ്ക്ക് ശേഷം മാത്രമേ സ്വകാര്യവാഹനങ്ങളെ ചെക്ക്പോസ്റ്റ് കടത്തിവിടാറുള്ളൂ.
കാടു കയറാനൊരുങ്ങി ആനവണ്ടി
ഇനി പറഞ്ഞുവരുന്നത് യഥാർഥ ആനകളുടെ കാര്യമാണ്. പറമ്പിക്കുളം മേഖലയിൽ നിന്ന് പൂയ്യംകുട്ടി വനത്തിലേക്കുള്ള ആനകളുടെ പ്രധാനസഞ്ചാരമാർഗമാണ് വാഴച്ചാൽ മുതൽ വാച്ചുമരം വരെയുള്ള പ്രദേശം. അതുകൊണ്ടുതന്നെ ഈ വഴിയിൽ പലയിടത്തായി ആനത്താരകളുണ്ട്. കാടിനുള്ളിലൂടെ വാഹനങ്ങൾ സ്പീഡ് നിയന്ത്രിച്ച് വേണം പോകാൻ. ആനയുൾപ്പെടെയുള്ള മൃഗങ്ങൾ റോഡ് മുറിച്ച് കടക്കാൻ സാധ്യതയുള്ളതിനാൽ ഏതുനിമിഷവും ജാഗരൂകരായിരിക്കണമെന്ന് ചുരുക്കം. ഇങ്ങനെയുള്ള നിരവധി നിർദ്ദേശങ്ങൾ പാലിച്ചെങ്കിൽ മാത്രമേ വാഴച്ചാൽ ചെക്ക്പോസ്റ്റ് കടന്ന് മുന്നോട്ടു പോകാൻ വനംവകുപ്പിന്റെ അനുവാദം ലഭിക്കൂ. പതിവു സന്ദർശകനായതിനാൽ നമ്മുടെ ആനവണ്ടിയെ ചെക്ക്പോസ്റ്റ് തടഞ്ഞില്ല.
വാഴച്ചാൽ കടന്ന് ബസ് കാടിനുള്ളിലേക്ക് കടന്നു. പേരറിയാത്ത എന്തൊക്കെയോ പക്ഷികളുടെ, ജീവികളുടെ ശബ്ദങ്ങളിൽ ബസിന്റെ ഇരമ്പൽ മുങ്ങിപ്പോയി. കാടിനെ തഴുകി വരുന്ന ഇളംകാറ്റ് മനസ്സും ശരീരവും തണുപ്പിച്ചു. ഏതു സമയവും ആനവണ്ടിയ്ക്ക് കുറുകെ ആനവരാൻ സാധ്യതയുണ്ടെന്ന ഡ്രൈവർ ചേട്ടന്റെ പ്രവചനം കഴിഞ്ഞതും മരങ്ങളിൽ നിന്ന് മരങ്ങളിലേക്ക് ഊഞ്ഞാലാടുന്ന കുരങ്ങന്മാരുടെ കൂട്ടം കാടിളക്കി മനസ്സിൽ ഭീതി നിറച്ചു. പെരിങ്ങൽകുത്ത് ഡാമിന്റെ അടുത്തുള്ള േസ്റ്റാപ്പിൽ ബസ് നിർത്തി. ഒരു സ്ട്രോങ് ചായ കുടിച്ചിട്ടാകാം മുന്നോട്ടുള്ള യാത്ര കണ്ടക്ടർ അനിൽ പറഞ്ഞു. മൂന്നോ നാലോ ചെറിയകടകളുള്ള ജംഗ്ഷൻ. ഇവിടം വിട്ടാൽ പിന്നെ വല്ലതും കഴിക്കണമെങ്കിൽ മലക്കപ്പാറയെത്തണം. അത്രനേരം കാഴ്ചകളിൽ മുങ്ങി ഏതൊക്കെയോ ഓർമകളിലായിരുന്ന യാത്രക്കാർ ചായകുടിക്കാനായി ബസ് ഇറങ്ങി. കാട് വിട്ട് വന്നൊരു മ്ലാവ് അന്നേരം യാത്രക്കാരോട് കൂട്ടുകൂടാനെത്തി. കൂടെ നിന്ന് സെൽഫി എടുത്തും അതിനെ തൊട്ട് തലോടിയും എല്ലാവരും കൂടി ആഘോഷമാക്കി.
ചെറിയൊരു ഇടവേളയ്ക്ക് ശേഷം യാത്ര വീണ്ടും തുടർന്നു. ഇത്രദൂരം മുളങ്കാടുകളും കുറ്റിച്ചെടികളും നിറഞ്ഞ കാടായിരുന്നു കാഴ്ചയിലെങ്കിൽ ഇനിയത് വൻമരങ്ങളും കാട്ടുവള്ളികളും തീർക്കുന്ന കൊടുങ്കാടാകാൻ പോകുകയാണെന്ന് സ്ഥിരം യാത്രക്കാരിലൊരാൾ സൂചിപ്പിച്ചു. ശ്രദ്ധയോടെ നിന്നാൽ കാട് പല അദ്ഭുതങ്ങളും കാണിച്ച് തരുമെന്ന് അയാൾ ഓർമപ്പെടുത്തി. ചാലക്കുടിപ്പുഴയിൽ മറ്റെങ്ങും കിട്ടാത്തത്ര മത്സ്യവിഭവങ്ങളുണ്ട്. അത് വലയിട്ട് പിടിച്ച് തൊട്ടടുത്തുള്ള വനശ്രീ യൂണിറ്റിൽ വിറ്റ് മഴക്കാലത്ത് ഉപജീവനം നടത്തുന്ന കാടിന്റെ മക്കൾ, അതിലൊരാളാണ് ചാമി. ഒരാൾക്ക് ഒറ്റയ്ക്ക് എടുത്തുപൊക്കാൻ കഴിയാത്തത്ര വലിപ്പമുള്ള പുഴമീനാണ് ചാമി വനശ്രീയിൽ വിറ്റത്. വനശ്രീ എന്ന ഫോറസ്റ്റ് ഡിപാർട്മെന്റിന്റെ സംരംഭത്തിൽ നിന്നും കാടിന് പുറത്തുള്ള നാട്ടുകാർ ചെക്ക്പോസ്റ്റിൽ നിന്ന് പ്രത്യേക ടോക്കൻ എടുത്ത് വന്ന് പുഴമീൻ മേടിക്കും. പത്തും പതിനഞ്ചും കിലോമീനാണ് ഓരോരുത്തരും മേടിച്ച് പോകുന്നത്.
ദേ, ഒരു കാട്ടാന
കാടിന്റെ ഇരുട്ട് കൂടി കൂടി വന്നു. പലതരം ശബ്ദങ്ങൾ ചെവിയിലും കാട്ടാനപ്പിണ്ടത്തിന്റെയും ആനയുടെയും ചൂര് മൂക്കിലും തങ്ങിനിൽക്കുന്നുണ്ട്. പല തട്ടുകളായി വളഞ്ഞുപുളഞ്ഞിരിക്കുന്ന റോഡ്. മഹാപ്രളയത്തിന്റെ ഭാഗമായുണ്ടായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും കാർന്നെടുത്ത മലയുടെ ഭാഗങ്ങൾ അവശേഷിപ്പെന്നോണം ചിലയിടത്ത് കാണാം. പലതും പുതുക്കി പണിത് വരുന്നേയുള്ളൂ.
മുന്നോട്ട് പോകും തോറും റോഡിന് വീതി കുറഞ്ഞുവരുന്ന പോലെ. ചുറ്റും കണ്ണോടിച്ച് ശ്രദ്ധയോടെ പോയിക്കൊണ്ടിരുന്ന ആനവണ്ടി പെട്ടെന്ന് നിർത്തി. മുന്നിൽ മരം വീണു കിടക്കുന്നുണ്ട്. വഴി തടസ്സമെങ്കിലും ബെന്നറ്റ് ചേട്ടന്റെ സാഹസിക ഡ്രൈവിങ്ങിൽ അപ്പുറം കടന്നു. ‘മരം വീഴൽ ഈ കാട്ടുപാതയിൽ സ്വാഭാവിക കാഴ്ചയാണ്. ചെറിയ മരങ്ങളാണെങ്കിൽ ഇതുപോലെ ഭാഗ്യം കൊണ്ട് രക്ഷപ്പെടും. വലിയ മരം വല്ലതും വീണാൽ അന്നത്തെ ദിവസം പോയികിട്ടും, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വന്ന് മുറിച്ച് മാറ്റിയാലേ യാത്ര തുടരാനൊക്കൂ. ൈവകിട്ടുള്ള ട്രിപ്പെങ്ങാനും ആണെങ്കിൽ കാട്ടിൽ അകപ്പെട്ട് പോകും. ഇത്രയും ദുർഘടമായ പാതയിലും ഓടിക്കാൻ ഇതുപോലെ പഴയ ഏതെങ്കിലും വണ്ടിയേ ഞങ്ങൾക്ക് തരൂ. വഴിയിൽ വച്ച് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാല്‍ മെക്കാനിക് ചാലക്കുടിയിൽ നിന്ന് കാടിനുള്ളിൽ എത്തുന്ന വരെ കാത്തിരിക്കണം. ഫോണിന് റെയ്ഞ്ച് കിട്ടാനില്ലാത്തതിനാൽ ആ വിളിയും ഒരു ഭാഗ്യ പരീക്ഷണം തന്നെ.’ ബെന്നറ്റ് പറയുന്നു.
പൊകലപ്പാറയും വാച്ചുമരവും ആനക്കയവും അവിടുത്തെ കോളനിയും പിന്നിട്ടിരിക്കുന്നു. ആനകൾ വെള്ളം കുടിക്കാനെത്തുന്ന ചെറിയൊരു തടാകം കാടിനോരം ചേർന്ന ഒരു പുൽപ്രദേശത്തായി കാണാം. ഇവിടമാണ് ആനക്കയം. ആനക്കയത്തോട് ചേർന്ന് ആദിവാസികളുടെ താമസം ഉണ്ടായിരുന്നു. പ്രളയത്തിന് ശേഷം പലരും സ്ഥലമൊഴിഞ്ഞ് പോയി. ഷോളയാർ പവർഹൗസും അമ്പലപ്പാറയും പിന്നിട്ട് ബസ് മുന്നോട്ട് നീങ്ങുകയാണ്. യാത്രക്കാരെല്ലാം കാട് എന്ന വികാരത്തെ പൂർണമായും മനസ്സിലേക്ക് ആവാഹിക്കുകയാണെന്ന് തോന്നുന്നു, ബസിനുള്ളിൽ പൂർണ നിശബ്ദത. അമ്പലപ്പാറ കഴിഞ്ഞാൽ പിന്നെ ഷോളയാർ ഡാമിന്റെ പുൽമേട് നിറഞ്ഞ വൃഷ്ടി പ്രദേശമാണ്. പലഭാഗത്തായി ചിതറി കിടക്കുന്ന ഒറ്റപ്പെട്ട മരങ്ങൾ. ദേ...ആന. ദൂരെയുള്ള മലയുടെ നേരെ കൈചൂണ്ടി ബസിനുള്ളിലിരുന്ന് ആരോ വിളിച്ച് പറഞ്ഞു. ആനവണ്ടി സഡൻബ്രേക്കിട്ടു. ഒരൊറ്റ നിമിഷം ഭയം മനസ്സിനെ കീഴടക്കിയിരിക്കുന്നു, പെട്ടെന്ന് തന്നെ ബസ്സിനുള്ളിൽ നിന്ന് വലിയൊരു പൊട്ടിച്ചിരിയുയർന്നു. പുൽമേടിന് സമീപത്തായുള്ള വലിയൊരു കറുത്തപ്പാറയെ ആനയെന്ന് തെറ്റിദ്ധരിച്ച് പോയതാണ് പാവം യാത്രക്കാരൻ. ആനവണ്ടി പിന്നെയും ഓടിത്തുടങ്ങി. പലതവണയായി ഒളിഞ്ഞും തെളിഞ്ഞും മലയണ്ണാൻ ദർശനം തരുന്നുണ്ട്.
കാട്, മഴ, ആനവണ്ടി
പെരുമ്പാറ കഴിഞ്ഞതു മുതൽ കാട് പിന്നെയും അതിന്റെ പഴയരൂപത്തിലേക്ക് മാറി. പുൽമേടുകൾ കാടിന്റെ ഇരുട്ടിന് വഴിമാറി. ഏതോ പക്ഷിയുടെ നിരന്തരമായുള്ള പേടിപ്പെടുത്തുന്ന ശബ്ദം. ആ ശബ്ദം നിലച്ചതും കാടിനുള്ളിൽ ആർത്തുപെയ്യുന്ന മഴ. സ്വപ്നലോകത്തായിരുന്ന ജനലരികിലെ യാത്രക്കാരെല്ലാം പെട്ടെന്ന് ബസിന്റെ വിൻഡോ ഷട്ടറുകൾ വലിച്ചടച്ചു. മുന്നോട്ടുള്ള കാഴ്ച തേടി ബെന്നറ്റ് ചേട്ടൻ മഞ്ഞവെളിച്ചം തെളിച്ചു. മഴ ബസിനു മേൽ താളം പിടിക്കുകയാണ്. റോപ്പാമട്ടം കഴിയും വരെ മഴ പെയ്തു. അതിനിടെ പിന്നെയും ഒരു ചെക്പോസ്റ്റ് കവാടം ആനവണ്ടിയ്ക്ക് മുന്നിൽ തുറക്കപ്പെട്ടിരുന്നു. തേയിലത്തോട്ടങ്ങളാണ് ചുറ്റും. മലക്കപ്പാറ എത്തിയിരിക്കുന്നു. നേരത്തെ പെയ്ത മഴയുടെ അടയാളങ്ങളെ പോലും മായ്ച്ച് കളയുന്ന വെയിൽ. കേരളം ഇവിടെ അവസാനിക്കുകയാണ്. മുന്നിലുള്ള ചെക്ക് പോസ്റ്റ് കടന്നാൽ തമിഴ്നാടാണ്.
വാൽപ്പാറിലേക്കും പൊള്ളാച്ചിയിലേക്കും ഊട്ടിയിലേക്കുമുള്ള കിലോമീറ്ററുകൾ രേഖപ്പെടുത്തിയ ബോർഡ് കാണാം. യാത്രക്കാരെ ഇറക്കിയ ശേഷം ബെന്നറ്റ് ചേട്ടൻ ‘ആനവണ്ടിയെ തളച്ച്’ ഒരു ചായ കുടിക്കാനായി ഇറങ്ങി. സമയം 12 കഴിഞ്ഞിരിക്കുന്നു. 12.20 നാണ് മടക്കം. താൽപര്യമുള്ളവർക്ക് ഇതിൽ തന്നെ മടങ്ങാം. അല്ലാത്തവർക്ക് കാഴ്ചകളൊക്കെ കണ്ട് വൈകിട്ട് അഞ്ചിനുള്ള ‘വെള്ള ആനവണ്ടി’യിൽ പോകാം. കൃഷ്ണേട്ടന്റെ കടയിൽ ഉച്ചയൂണിന്റെ തിരക്ക് തുടങ്ങി. ഊണ് കഴിഞ്ഞ് ഒരു ചെറിയ കറക്കത്തിനു ശേഷം അതേ വണ്ടിയിൽ മടക്കം. ഇത്തവണ ഫൊട്ടോഗ്രഫർ ടൈമിങ് തെറ്റിക്കാതെ ചാർപ്പ വെള്ളച്ചാട്ടത്തിനു കുറുകെയുള്ള പാലം കടന്നു പോകുന്ന ‘ആനവണ്ടി’യെ കൃത്യമായി ക്യാമറയിൽ പകർത്തി. അതിരപ്പിള്ളി വ്യൂ പോയന്റിൽ ഞങ്ങളെ ഇറക്കിവിട്ട ശേഷം ഹോണടിച്ചൊന്ന് കുലുങ്ങിച്ചിരിച്ച് ആനവണ്ടി ചാലക്കുടി ലക്ഷ്യമാക്കി യാത്ര തുടർന്നു.